Thursday, May 30, 2013

ഒരു സ്വതന്ത്ര (ലുലു) ചിന്ത:-

ഒരു ‘ദിനേശ് ബീഡി’ പോലും സ്വന്തമായി ഉണ്ടാക്കാന്‍ അറിയാത്ത ഞാന്‍ ലുലു ഗ്രൂപ്പിനെ കുറിച്ചും ‘പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച  ശ്രീ. യുസഫലിയെ കുറിച്ചും ചിന്തിക്കാനോ എഴുതാനോ അര്‍ഹനല്ല. എങ്കിലും  വെറുതേ ഒരു ‘പോത്തു ചിന്ത’

ലുലു ഗ്രൂപ്പിന് ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്സ്റ്റിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചില്ലറ (Retail) മേഖലയിലെ സംരഭങ്ങള്‍ ഉണ്ട്. പക്ഷെ അതൊന്നും പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടങ്ങളില്‍ അല്ല. ഇത്രയും വലിയ നിലയില്‍ അന്യരാജ്യങ്ങളില്‍ ബിസിനെസ്സ് സംരഭങ്ങള്‍ നടത്തുമ്പോള്‍, സ്വന്തം രാജ്യത്ത് എന്തുകൊണ്ട് ഇത് പരീക്ഷിക്കുന്നില്ല എന്ന് ചില അടുത്ത ബിസിനെസ്സ് സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആണ് ശ്രീ. യുസഫലിയും അക്കാര്യത്തെക്കുറിച്ച് ഗഹനമായ രീതിയില്‍  ചിന്തിച്ചുതുടങ്ങിയത്. അങ്ങനെ അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ Retail ശ്രിഖലയുടെ ഒരു ബ്രാഞ്ച് ഇന്ത്യയില്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി പ്രമുഖ മെട്രോ നഗരങ്ങളില്‍ സര്‍വ്വേ നടത്തി, അവസാനം കൊച്ചിയില്‍ സ്വന്തം കെട്ടിടത്തില്‍ ഹൈപ്പെര്‍ മാര്‍ക്കെറ്റും അതോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ്‌ വിസ്മയവും ഒരുക്കാന്‍ തീരുമാനികുകയും ചെയ്തു. തൃശൂര്‍ ആണ് സ്വന്തം ജില്ല എങ്കിലും അടുത്തുള്ള എറണാകുളം തിരഞ്ഞെടുക്കാനുള്ള കാരണം, ചെറിയ ഒരു  ബിസിനെസ്സ് ബുദ്ധി ആയിരിക്കാം എന്നു കരുതാം.

ഇന്ന് ലുലുവും ശ്രീ.യുസഫലിയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തികച്ചും വ്യക്തതയില്ലാത്ത ചില ആരോപണങ്ങളുടെ പേരിലാണ്. ഒരു കിണര്‍ കുഴിക്കാന്‍ പോലും പഞ്ചായത്തിന്റെ അനുമതി തേടേണ്ട കേരളത്തിലെ ഇന്നത്തെ ചുറ്റുപാടില്‍ ഇന്ത്യയിലെ തന്നെ മികച്ചത് എന്ന് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു വലിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കുമ്പോള്‍ നീതിരഹിതമായ എന്തെങ്കിലും തട്ടിപ്പുകള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടാവും എന്ന് വിശ്വസിക്കാന്‍ പ്രയാസമാവുന്നു. അതും ലുലുവിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ‘പ്രോജെക്റ്റ്‌’ എന്ന നിലയിലും കേരളത്തിലെ രാഷ്ട്രീയക്കാരെയും നിലവാര തകര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന  നാലാംകിട പത്രമാധ്യമ രംഗത്തെയും നന്നായി മനസ്സിലാകിയ ഒരാള്‍ എന്ന നിലയിലും ശ്രീ.യുസഫലിയും അംഗങ്ങളും ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകൊടുത്തുകാണും എന്നുവേണം കരുതാന്‍. അതിലേക്കു കൂടുതല്‍ കടക്കുന്നില്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ നീതിബോധമുള്ള ഏതെങ്കിലും ‘ഓഫീസ്സര്‍’ അതന്വേഷിക്കട്ടെ. ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് മറ്റുചിലതാണ്.

കേരളത്തില്‍ ശ്രീ.യുസഫലിയെ കൂടാതെ ഒരുപാട് പ്രമുഖ വ്യവസായ സംരംഭകര്‍ വേറയുമുണ്ട്. അവരെല്ലാം  കേരളത്തിലും പുറത്തും ഒരുപോലെ പ്രവര്‍ത്തങ്ങള്‍ നടത്തുന്നവരുമാണ്. ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി(വി.ഗാര്‍ഡ് & വണ്ടര്‍ലാ), ശ്രീ. സി.പി.കൃഷ്ണന്‍ നായര്‍(ലീല ഗ്രൂപ്പ്), ശ്രീ. എം.ജി. ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ്), ശ്രീ. ഗോകുലം ഗോപാലന്‍(ഗോകുലം ഗ്രൂപ്പ്), ശ്രീ. ജോയ് ആലുക്കാസ് & ജോസ് ആലുക്കാസ് (ആലുക്കാസ് ജ്വേല്ലെര്സ്), ശ്രീ. പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്പ്), ശ്രീ.രവി പിള്ള(N.S.H Corporation), ശ്രീ. സുനില്‍ ശിവാനന്ദ്( Acette Technologies) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇവരിലാരും ഇന്ന് ശ്രീ. യുസഫലി അഭിമുഖീകരിക്കുന്ന രീതിയിലുള്ള  സമാനമായ പ്രതിസന്ധികളെ നേരിട്ടതായോ അത്തരം പ്രശ്ങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുള്ളതായോ നേരെത്തെ അറിവില്ല. അതിനുള്ള ഒരു പ്രധാനകാരണം ഇവരൊക്കെ കമ്മ്യൂണിസ്റ്റ്‌ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ വിസ്വസിക്കുന്നവരോ അംഗത്വമുള്ളവരോ അല്ലെങ്കില്‍ തത്വത്തില്‍ പാര്‍ട്ടിയെ പൊതുവായി അംഗീകരിക്കുന്നവരോ ആണെന്നുള്ള വസ്തുത മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. ഇത് ഒരു പുതിയ കാര്യമല്ല; കേരളത്തില്‍ എന്നല്ല ഇന്ത്യയിലെവിടെയും ബിസിനെസ്സ് ചെയ്യാന്‍ രാഷ്ട്രീയ  പാര്‍ട്ടികളുടെ പിന്തുണ കൂടിയേതീരൂ. മാസാമാസങ്ങളില്‍ പാര്‍ട്ടികളിലേക്കുള്ള തുക കൃത്യമായി ഓഫീസ്സുകളില്‍ എത്തണം. അതാണ് നിയമം. ഒരു തരം ‘ഗുണ്ടാ പിരിവ്’ എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ ശ്രീ.യുസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരെ ഒരു പ്രമുഖകക്ഷിയിലെ  അംഗങ്ങള്‍ ആരോപണവുമായി വരുമ്പോള്‍ ഇവര്‍ക്കിടയിലെ ഇത്തരം സമവാക്യങ്ങളില്‍ എവിടെയോപെട്ടു കലങ്ങിമറിഞ്ഞു പൊട്ടിയൊലിക്കുന്ന വ്രണലാവകളാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. അതല്ലെങ്കില്‍ ശ്രീ.യുസഫലിയുടെ ഉയര്‍ച്ചയില്‍ അസൂയമൂത്ത ഏതോ എതിരാളികള്‍ ഇതിനടിയില്‍ തുരങ്കം വെയ്ക്കാന്‍ പാര്‍ട്ടിയെ ഉപയോഗിച്ചു എന്നും കരുതാം. എങ്ങനെയായാലും ഇവിടെ രണ്ടു ചേരിയിലും നഷ്ടങ്ങള്‍  വന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നത്‌കൊണ്ട് ഈ ആരോപണങ്ങള്‍ ലുലുവിനുണ്ടാക്കിയ നഷ്ടങ്ങള്‍ ഒരിക്കലും ചെറുതല്ല. അതേസമയം ഒരു ‘പബ്ലിസിറ്റി’ എന്നനിലയില്‍ ആണെങ്കില്‍ പോലും പാര്‍ട്ടിയും ഇതിനെ സമീപിച്ച രീതിയില്‍ പിഴവുകള്‍ പറ്റി എന്ന്‍ വൈകിയെങ്കിലും അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കണം. അണികള്‍ക്കിടയില്‍ പ്രതിച്ഛായ നഷ്ട്ടപ്പെട്ട്, തൊഴുത്തില്‍കുത്തും തമ്മിലടിയും കൊണ്ട് വീര്‍പ്പുമുട്ടുന്ന പാര്‍ട്ടിയുടെ കടയ്ക്കല്‍ ‘വളം’ വച്ചരീതിയില്‍ ആയിപോയി ഈ അനുബന്ധ സംഭവങ്ങള്‍. ബോധമുള്ളവര്‍ മനസ്സിലാക്കട്ടെ !!    

വ്യാവസായിക വളര്‍ച്ച ഒരു രാജ്യത്തിന്‍റെ വിവിധമേഖലകളെ എങ്ങനെ പിടിച്ചുനിര്‍ത്തുന്നുവെന്നും അത് ഒരു രാജ്യത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും ജീവിതരീതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കാന്‍ കേരളത്തിലെ വിദ്യാസമ്പന്നരെന്നു അഹങ്കരിക്കുന്ന ഒരു ജനത ഇനിയും വൈകിയാല്‍, നഷ്ടമാകുന്നത് വരാനിരിക്കുന്ന ഒരുപാട് സുവര്‍ണ്ണാവസരങ്ങളും, അടുത്ത തലമുറയിലേക്കുവരെ നീണ്ടുപോകാവുന്ന സാമ്പത്തിക ഭദ്രതകളുമാണ്. കാലഹരണപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റപ്പെടേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ ആശയങ്ങള്‍ ക്രോടീകരിച്ചുകൊണ്ട് മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു ജനത അനിവാര്യമായി രൂപപ്പെടെണ്ടിയിരിക്കുന്നു. ലുലു ഗ്രൂപ്പും പാര്‍ട്ടികളും സര്‍ക്കാരും  തമ്മിലുള്ള പ്രശ്നങ്ങള്‍ ഒരുപക്ഷേ നാളെ പരിഹരിക്കപ്പെട്ടേക്കാം. പക്ഷേ ഈ ഒരു പ്രശ്നം കേരളത്തിലെ അല്ലെങ്കില്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ള  വ്യവസായികള്‍ക്കിടയില്‍ ഉണ്ടാക്കിയ തിരിച്ചറിവ് എത്രകാലം കഴിഞ്ഞാലും മാറ്റാന്‍ കഴിയാതെ വന്നേക്കാം. ഇതിന്‍റെ പേരില്‍ ലുലു ‘ബോള്‍ഗാട്ടി’ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു എന്ന വാര്‍ത്ത‍ മാത്രമാണ് ഇന്ന് ഇതിനോട് ചേര്‍ത്തുവായിക്കാന്‍ പറ്റുന്നത്. നാളെ മറ്റു പ്രമുഖ വ്യവസായകരും കേരളത്തിലെ വരാനിരിക്കുന്ന അവരുടെ പ്രോജെക്റ്റുകളില്‍ നിന്നും പിന്മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

(Mukesh)   

(NB: ഈ പോസ്റ്റില്‍ രാഷ്ട്രീയ വിരുദ്ധതയില്ല. സംഭവങ്ങളുടെയും സന്ദര്‍ഭങ്ങലുടെയും ഒരവലോകനം മാത്രം)   

2 comments:

  1. deepasthambham mahaashcharyam.. namukkum "thattanam" panam.... athra thanne

    ReplyDelete
    Replies
    1. വളരെ ശരി, പക്ഷെ, ഈ വിഷയത്തില്‍ എല്ലാവരും കൂടി ഒരു സമവായത്തില്‍ എത്തിയല്ലോ, പിന്നീട്. കാരണം, ശ്രീ. യുസഫലിയെ പിണക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് താല്പര്യമില്ല.

      Delete