Saturday, June 1, 2013

സോണി.എം.ഭട്ടതിരിപ്പാട്: ഒരു തിരോധാനത്തിന്‍റെ കഥ

ഇത് ഒരു പഴയ കഥയാണ്. എങ്കിലും മലയാളി ഒരിക്കലും മറന്നു കാണില്ല; അങ്ങനെ പെട്ടന്നു മറക്കാന്‍ കഴിയുന്നതല്ലല്ലോ സംഭവിച്ചതോന്നും. പറഞ്ഞു വരുന്നത് ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്‍വെട്ടത്തു നിന്നും പൊടുന്നനെ അപ്രത്യക്ഷനായ ഒരു ചെറുപ്പക്കാരനെ കുറിച്ചാണ്. വെറും ഒരു ചെറുപ്പക്കാരന്‍ എന്നു പറഞ്ഞാല്‍ തീരില്ല; കേരള ജനത ഒരു കാലത്ത് നെഞ്ചിലേറ്റിയ, മലയാളിയുടെ സ്വീകരണമുറികളില്‍ വാര്‍ത്തകളിലൂടെ ഇടം നേടിയ; സ്വന്തം തൊഴില്‍ മേഖലയില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രമുഖ പത്രപ്രവര്‍ത്തകനും ന്യൂസ്‌ റീഡറുമായ സോണി.എം. ഭട്ടതിരിപ്പാടാണ് ആ ചെറുപ്പക്കാരന്‍. മലയാളിയുടെ മനസ്സില്‍ ഇന്നും ഒരു ചോദ്യചിന്ഹമായി നില്‍ക്കുന്ന സോണിയുടെ യഥാര്‍ത്ഥ ജീവിതവും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു.

മലയാള മനോരമ പത്രത്തിലും, പിന്നീട് മനോരമ ചാനല്‍ തുടങ്ങിയപ്പോള്‍ അതിലും, ഇന്ത്യാവിഷന്‍ ചാനലിലും ന്യൂസ്‌ റീഡറായി പ്രവര്‍ത്തിച്ച സോണി, 2008-ലെ ഒരു ഡിസംബര്‍ മാസത്തിലാണ് അപ്രത്യക്ഷനാകുന്നത്. ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ആ വര്‍ഷത്തെ ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട്‌ ചെയ്തു കഴിഞ്ഞു, ട്രെയിനിലുള്ള മടക്കയാത്രക്കിടയില്‍ കാസര്‍ഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. സോണി ഒരു ചെറിയ കുട്ടിയല്ല, ആരെങ്കിലും ട്രെയിനില്‍ വച്ചു തട്ടികൊണ്ടുപോകാന്‍; ജനമദ്ധ്യത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. ആദ്യം റയില്‍വേ പോലീസും, പിന്നീട് കണ്ണൂര്‍ ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ്, ഇന്നും ദുരൂഹതകള്‍ക്കുള്ളില്‍ തന്നെ അടഞ്ഞു കിടക്കുന്നു. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണിത്. പോലീസിനു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. "അന്വേഷിച്ചുകൊണ്ടിരിക്കുന്നു" എന്ന ഉത്തരമല്ലാതെ. ഓരോ ചാനലിനും പ്രത്യേകം പ്രത്യേകം രഹസ്യാന്വേഷണ വിഭാഗങ്ങളും ആധുനിക ഇന്‍വെസ്റ്റിഗേഷന്‍ തന്ത്രങ്ങളും ഉള്ള ഇക്കാലത്ത്, തങ്ങളുടെ കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിപ്പോയ ഒരു ചങ്ങാതിയുടെ തിരോധാനത്തെപറ്റി അന്വേഷിക്കാനും കണ്ടെത്താനും അവര്‍ക്കു സമയം തീരെയില്ല. പുളകം കൊള്ളിക്കുന്ന 'പീഡനകഥകളും' രാഷ്ട്രീയ പ്രമാണിമാരുടെ അടുക്കള തീണ്ടലും കഴിഞ്ഞ്, പത്രധര്‍മ്മത്തെ കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം !! അല്ലെങ്കിലും ഏതെങ്കിലും ബ്രാമണനു നീതി ലഭിച്ച ചരിത്രം കേരളതിനില്ല. ഉദാഹരണങ്ങള്‍ ഒരുപാടു !!. 

സോണിക്ക് തൊഴില്‍ മേഖലയിലോ പുറത്തോ ശത്രുക്കലാരെങ്കിലും ഉള്ളതായി അറിവില്ല; സൌഹൃതങ്ങള്‍ സൂക്ഷിക്കാനായിരുന്നു അവനു പ്രിയം. സോണിയെ എനിക്ക് നേരിട്ട് അറിയില്ലെങ്കിലും, എന്‍റെ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴി അവനെ അക്കാലത്ത് എനിക്ക് നന്നായി അറിയാം. കൂടാതെ എന്‍റെ അയല്‍നാട്ടുകാരനും കൂടിയാണ്. 'അപ്പു' എന്നാണ് നാട്ടില്‍ സോണി അറിയപ്പെട്ടിരുന്നത്. അവന്‍റെ ഉയര്‍ച്ചയെയും ജീവിതത്തെയും അസൂയയോടെയും ആരാധനയോടെയും നോക്കിക്കണ്ടിട്ടുണ്ട്. കൂത്തുപറമ്പിനടുത്തുള്ള നീര്‍വേലി എന്ന സ്ഥലത്താണ് സോണിയുടെ വീട്. ഇന്നവിടെ താളം തെറ്റിയ മനസ്സുമായി, എന്നെങ്കിലുമൊരിക്കല്‍ മകന്‍ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കഴിയുന്ന ഒരച്ഛനും അമ്മയുമുണ്ട്; ജീവിച്ചു കൊതിതീരും മുന്‍പേ നിലച്ചുപോയ കുടുംബജീവിതത്തിന്‍റെ നെല്ലിപ്പലകകള്‍ തിരയുന്ന സോണിയുടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഇതൊന്നും കാണാനും കേള്‍ക്കാനും നമുക്കാര്‍ക്കും ഇന്ന് സമയമില്ല; നമ്മുടെ പ്രിയോറിറ്റികള്‍ മറ്റുചിലതാണ്. തിരോധാനം എന്നുപറഞ്ഞാല്‍ അതിനു രണ്ട് അര്‍ത്ഥങ്ങളാണ്; ഒന്നുകില്‍ ഈ ഭൂമുഖത്തെവിടെയോ ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്, ആരുടേയും കണ്ണില്‍പ്പെടാതെ, അല്ലെങ്കില്‍ ഒരവശേഷിപ്പും ബാക്കിവെക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കണം. ഇതു രണ്ടായാലും സത്യം അജ്ഞാതമാണ്. 


ഒരു നാട്ടുകാരന്‍ എന്ന നിലയിലും, ഒരു സുഹൃത്തിന്‍റെ രൂപത്തില്‍, വിധൂരതയിലാണെങ്കിലും പണ്ടെന്നോ എന്‍റെ കൂടെയുണ്ടായിരുന്നു എന്ന നിലയിലും, ഞാന്‍ എന്‍റെ പ്രതിബദ്ധത ഇവിടെ കാണിക്കട്ടെ. ഇവിടെ എന്‍റെ സൌഹൃത ശ്രിംഖലയില്‍പ്പെട്ട നല്ലവരായ, നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വക്കീല്‍ സുഹൃത്തുക്കളോ, അല്ലെങ്കില്‍ പത്രധര്‍മ്മം മറന്നിട്ടില്ലാത്ത ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനോ, സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തികളോ, കാലത്തിന്‍റെ പൊരുത്തക്കേടുകളില്‍ മറഞ്ഞിരിക്കുന്ന സോണിയുടെ ഈ അദ്ധ്യായം വായിച്ച്, ഈ കേസിന്‍റെ അന്വേഷണത്തില്‍ ഒരു ചെറുവിരലനക്കം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അനിശ്ചിതത്വത്തില്‍ കഴിയുന്ന ഒരു കുടുംബത്തിനെങ്കിലും ഇത്തിരി ആശ്വാസം കൊടുക്കാന്‍ കഴിഞ്ഞേക്കും. 
ശുഭ പ്രതീക്ഷകളോടെ നിര്‍ത്തുന്നു.

(ഇതുമായി ബന്ധപ്പെട്ട പഴയ ഒരു വീഡിയോയുടെ ലിങ്ക് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. സമയമുള്ളവര്‍ കാണുക)


http://www.youtube.com/watch?v=Y3gzGL8dOak&feature=related

http://www.youtube.com/watch?v=jphyW1OyBxA

ഇന്ന് സോണിയെപറ്റി എഴുതുവാനുള്ള പ്രചോദനം രൂപ മാഡത്തിന്‍റെ പഴയ ഈ ബ്ലോഗെഴുത്താണ്.

7 comments:

  1. സോണി, എന്നെങ്കിലും ഒരിക്കല്‍ തിരിച്ചുവരുമായിരിക്കും, പഴയ പ്രഭാവം ഒട്ടും നഷ്ട്ടപ്പെടാതെ തന്നെ.. !!
    കാത്തിരിക്കാം..

    ReplyDelete
  2. സോണി, മാനസികമായി ഒരുപാടു പിരിമുറുക്കങ്ങള്‍ അനുഭവിച്ചിട്ടുള്ളതായി വീട്ടുകാര്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ അയാള്‍ സ്വന്തം വീട്വിട്ട് ഇറങ്ങിപ്പോകാനാണ് സാധ്യത.

    ReplyDelete
  3. entho chila kaaryangal angane aanu.. namukkoru ethum pidiyum kittilla... Eeswara vasham vishwam....

    ReplyDelete
    Replies
    1. എല്ലാത്തിനു പിനിലും എന്തെങ്കിലും ഒക്കെ കാരണം കാണും Mr.സന്തോഷ്‌.

      അജയന്‍.

      Delete
    2. സത്യം ഇപ്പോഴും എവിടെയോ മറഞ്ഞിരിക്കുന്നു സന്തോഷ്‌ ഭായി. സോണി, തിരിച്ചു വരട്ടെ, എന്നാശംസിക്കാം,

      Delete
  4. ഈ ബ്ലോഗിൽ ആദ്യം - ഉടൻ കൂടുതൽ വായനക്കായി തിരിച്ചു വരാം ..
    ഇപ്പൊ പെട്ടെന്ന് കണ്ട ഒന്ന് പറയട്ടെ ? ഭട്ടതിരിപ്പാടാണ് ശരി , ബട്ടതിരി അല്ല

    ReplyDelete
    Replies
    1. ആദ്യം തന്നെ സ്വാഗതം. അക്ഷരപ്പിശക് ശരിയാക്കിയിട്ടുണ്ട്.
      വീണ്ടും വരുമെന്ന പ്രതീക്ഷയോടെ..............

      Delete