Friday, September 20, 2013

കറുത്തുപോകുമായിരുന്ന ഒരോണം !!

അങ്ങനെ ഈ വര്‍ഷത്തെ ഓണവും, ഓണക്കാലവും കഴിഞ്ഞു. നാട്ടില്‍ പതിവിനു വിപരീതമായി ഇത്തവണ ഓണപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കുറെ വര്‍ഷങ്ങളായി മുടങ്ങിപോയ ഓണാഘോഷ പരിപാടികളാണ് ഒരു കൂട്ടം സുമനസ്സുകളായ ചെറുപ്പക്കാരുടെ പ്രവര്‍ത്തന ഫലമായി എളിയരീതിയില്‍ ഇത്തവണ നടത്തപ്പെട്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആയിരുന്നു കൂടുതലും. എങ്കിലും ഏറെ ആകര്‍ഷണീയമായി തോന്നിയത് ഒരു ആദരിക്കല്‍ ചടങ്ങായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് നാടിന്‍റെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറാന്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍; KSRTC-യില്‍ ബസ്സ്‌ കണ്ടക്റ്റര്‍ ആയി ജോലിചെയ്യുന്ന പ്രേമചന്ദ്രനാണ് ഒരു ധീരകൃത്യത്തിലൂടെ നാട്ടുകാരുടെ പൊന്നോമനയായത്‌. ആ സംഭവം തന്നെയാണ് ഈ കുറിപ്പിന്നാധാരവും.

ഓണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ ബസ്സുകള്‍ നടത്തിയ പണിമുടക്ക് ദിവസം; KSRTC പണിമുടക്കില്‍ പങ്കെടുക്കാത്തത് കൊണ്ട് അന്ന് സര്‍വീസുകള്‍ തകൃതിയായി നടത്തി. അല്ലെങ്കിലും സമരദിവസങ്ങളില്‍ ആണ് സര്‍ക്കാര്‍ ബസ്സിനു എന്തെങ്കിലും ഒരു ഗുണം കിട്ടുക. യാത്രക്കാര്‍ക്കും അതൊരു വലിയ ആശ്വാസം തന്നെ. തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് യാത്ര തിരിച്ച KSRTC ബസ്സിന്‍റെ റേഡിയേറ്ററിന്‍റെ മുകള്‍ ഭാഗം ഒരു ഹെയര്‍ പിന്‍ വളവില്‍ വെച്ച് പൊട്ടിതെറിക്കുകയും, ചൂടുള്ള വെള്ളം ദേഹത്ത് തെറിച്ച ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയോ ഓഫ്‌ ചെയ്യുകയോ ചെയ്യാതെ, ബസ്സില്‍ നിന്നും ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയും ചെയ്തു. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പൊടുന്നനെ നിന്നുപോകുന്ന വാഹനം സ്വാഭാവികമായും പുറകോട്ടു ഉരുളാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാര്‍ക്ക് മനസിലാകുന്നതിനു മുന്‍പേ തന്നെ ബസ്സ് പുറകോട്ടു ഉരുളാന്‍ തുടങ്ങി. താഴെ നൂറ്റമ്പതോളം അടി താഴ്ചയുള്ള കൊക്കയാണ്. 


തലശ്ശേരിയില്‍ നിന്നും മാനന്തവാടിവരെയുള്ള റൂട്ടില്‍ അഞ്ചു ‘ഹെയര്‍ പിന്‍’ വളവുകളാനുള്ളത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലും ഒരു കീറാമുട്ടിതന്നെയാണ് ഈ വളവുകളും, ഈ വഴിയുള്ള ഡ്രൈവിങ്ങും. ഒരു ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങളില്‍ ചെന്നവസാനിക്കും എന്നതില്‍ സംശയമില്ല.- ഇങ്ങനെയുള്ള ഒരു വളവില്‍ വെച്ചാണ് ബസ്സിന് ഈ തകരാര്‍ സംഭവിക്കുന്നത്. പണിമുടക്കയതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കം പതിവില്‍ കൂടുതല്‍ ആളുകള്‍ ബസ്സില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം; ബസ്സില്‍ കൂട്ട നിലവിളി ഉയരാന്‍ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. ഡ്രൈവറുടെ സീറ്റില്‍ എത്താന്‍ കഴിഞ്ഞാലേ, എങ്ങനെയെങ്കിലും ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്താന്‍ പറ്റുകയുള്ളൂ. തിളയക്കുന്ന വെള്ളം, റേഡിയേറ്ററില്‍ നിന്നും അപ്പോഴും ചീറ്റുന്നുണ്ട്. യാത്രക്കാരനായ ഒരു പോലീസ്സുകാരന്‍, ഇതിനിടയില്‍ ബസ്സിന്‍റെ ബ്രേക്കില്‍ അമര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബസ്സ്‌ അപ്പോഴും പുറകിലോട്ടു നീങ്ങിക്കൊണ്ടിരിക്കയാണ്. 

KSRTC ബസ്സില്‍ സാധാരണ കണ്ടക്റ്റര്‍ പുറകിലാണുണ്ടാവുക. കണ്ടക്റ്ററും കിളയും ഒരാള്‍ തന്നെ ആണല്ലോ. ! സംഭവത്തിന്‍റെ ഗൌരവം മനസിലാക്കിയ പ്രേമചന്ദ്രന്‍ ആളുകളെ വകഞ്ഞു മാറ്റി മുന്നില്‍ വരികയും, ചീറി തെറിക്കുന്ന തിളച്ചവെള്ളത്തെ വകവെക്കാതെ, ഡ്രൈവറുടെ സീറ്റില്‍ കയറി, ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. അതോടെ പുറകോട്ടു നീങ്ങികൊണ്ടിര്ക്കുന്ന ബസ്സ്‌ നിശ്ചലമായി. ഇതെല്ലാം സംഭവിച്ചത് ഏതാനും സെക്കന്റുകള്‍ക്കുള്ളിലാണ് എന്നതാണ് ഏറെ വിചിത്രവും ആശ്ചര്യജനകവുമായ സംഗതി. ജീവന്‍ തിരിച്ചുകിട്ടിയ അന്‍പതിലതികം വരുന്ന യാത്രക്കാര്‍ അപ്പോഴും തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരപ്പോടെ നില്‍ക്കുകയായിരുന്നു. കൂട്ടനിലവിളികള്‍ കരച്ചിലില്‍ അവസാനിച്ചു. തങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്‍കിയ പ്രേമചന്ദ്രനോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ പലരും വിങ്ങിപ്പൊട്ടി.

അപകടഘട്ടങ്ങളില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് നഷ്ടപ്പെടും, ഇതും അത്തരം ഒരു സാഹചര്യത്തിനു ഉദാഹരണമാണ്. ഒരുപക്ഷെ ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചു വാഹനം നിര്‍ത്താം എന്ന തിരിച്ചറിവ് പ്രേമചന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ അവസ്ഥ എത്ര ഭീകരമായിരിക്കുമായിരുന്നു എന്ന് ആലോചിക്കാന്‍ പോലും പ്രയാസമാകുന്നു. കേരളം കണ്ട വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഇതും സ്ഥാനംപിടിക്കുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സംഭവിച്ച ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും കണ്ണൂര്‍ ജനത മുക്തമായി വരുന്നതേയുള്ളൂ; അന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞത്. വീണ്ടും ഒരു ദുരന്തത്തിനുകൂടി സാക്ഷികളാവാനുള്ള മനകരുത്തു അവര്‍ ആര്‍ജ്ജിച്ചുവരുന്നതേയുള്ളൂ !!  ചില ഘട്ടങ്ങളില്‍ ഏതോ ചില അദൃശ്യശക്തിയുടെ കരങ്ങള്‍ നമ്മളെ സഹായിക്കാന്‍ എത്തിച്ചേരും. സംശയിക്കേണ്ട; ഇതും ദൈവത്തിന്‍റെ അദൃശ്യ കരങ്ങള്‍ തന്നെ, ഇവിടെ ഈ ചെറുപ്പക്കാരന്‍ ആ ദൌത്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടു എന്നുമാത്രം.

തീര്‍ച്ചയായും പ്രേമചന്ദ്രന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു; ഒരു ധീരകൃത്യം തന്നെയാണ് അദേഹം കാഴ്ചവെച്ചത്. പക്ഷേ എന്‍റെ ചിന്തയില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം ദേഹത്ത് തെറിച്ചു വീണപ്പോള്‍, ബസ്സിലുള്ള ഏകദേശം അന്‍പതിലേറെ യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുത്തുകൊണ്ട്, സ്വന്തം ശരീരത്തില്‍ ഉണ്ടായേക്കാവുന്ന തികച്ചും നിസ്സാരമായ പൊള്ളലിനെ ഭയന്ന്‍, ബസ്സില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവറെ കുറിച്ചാണ്. ഇതാണോ ഒരു പൊതുവാഹണം കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ ധര്‍മ്മം? അല്ലെങ്കില്‍ ഇത്തരം ഡ്രൈവര്‍മാരുടെ കൈകളില്‍ എത്രത്തോളം സുരക്ഷിതമാണ് നമ്മുടെ പൊതുഗതാഗത സംവിധാനം; നമ്മുടെ ഓരോരുത്തരുടെയും ജീവന്‍; അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍. എന്ത് നടപടി ആണ് KSRTC ഈ ഡ്രൈവര്‍ക്കെതിരെ എടുത്തത് അല്ലെങ്കില്‍ എടുക്കാന്‍ പോകുന്നത് എന്നറിയില്ല. ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍; അല്ലെങ്കില്‍ ഒരു ‘വാര്‍ണിംഗ് ലെറ്റര്‍’ അത്രതന്നെ. അത് കഴിഞ്ഞു വീണ്ടും അയാള്‍ നിരപരാധികളായ ഒരുപാട് ജീവനുകള്‍വെച്ച് പന്താടന്‍ രംഗത്ത്‌ വരികതന്നെ ചെയ്യും. ഇത്തരം സ്വധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന, നിരുത്തരവാദികളായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആജീവനാന്തം നിര്‍ത്തലാക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ ഇതെല്ലാം എത്രത്തോളം നടപ്പില്‍ വരുത്താന്‍ കഴിയും എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അല്ലെങ്കിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അത്രവലിയ വില കല്‍പ്പിക്കുന്ന ആരെങ്കിലും ഭരണരംഗത്തോ നീതിനിര്‍വഹണ കേന്ദ്രങ്ങളിലോ ഉണ്ടെന്നു തോനുന്നില്ല. അങ്ങനെയെങ്കില്‍ ഇത്ര വലിയ ദുരന്തത്തില്‍ നിന്നും കുറെ ജീവനുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ സംഭവം, ഒരു ചെറിയ കോളം വാര്‍ത്തപോലും ആവാതെ ദിവസങ്ങള്‍ക്കുള്ളില്‍ പലരും മറക്കാന്‍ ശ്രമിക്കില്ലായിരുന്നു.  

‘ടൈറ്റാനിക്’ എന്ന സിനിമയിലെ രംഗങ്ങളാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്. മുങ്ങിതാഴുന്ന കപ്പലിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും, ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും, രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താതെ യാത്രികരെ സുരക്ഷിതരാക്കാന്‍ വേണ്ടി ഓടിനടന്ന്, അവസാനം ആ കപ്പലിനൊപ്പം മരണം വരിച്ച ആ കപ്പിത്താന്‍ പ്രേക്ഷക മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നു. അത്രയൊന്നും മഹാമനസ്ഥിതി കാണിച്ചില്ലെങ്കിലും, അതിന്‍റെ നൂറില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചൂട് വെള്ളം തെറിച്ചപ്പോള്‍ ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ആ ഡ്രൈവര്‍ക്ക് തോന്നുമായിരുന്നില്ല. ഒരു പൊതുവാഹനം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഉണ്ടായിരിക്കേണ്ട ‘മിനിമം’ സാമൂഹിക നീതിയെകുറിച്ചും, ഉത്തരവാദിത്വത്തെ കുറിച്ചും ബോധവാന്‍മാരായ എത്രപേര്‍ ഇന്ന് നമുക്കിടയിലുണ്ട്? ചുരുക്കം; അല്ലെങ്കില്‍ വളരെ ചുരുക്കം !! ഡ്രൈവര്‍മാരുടെ കെടുകാര്യസ്ഥത തന്നെയായിരുന്നു മുന്‍പേ നടന്ന ഒട്ടുമിക്ക അപകടങ്ങളിലും എടുത്തുകാണിക്കപ്പെട്ട വസ്തുത. എങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതെയോ, അല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും, ശ്രദ്ധിക്കാതെയോ പോയി. മറ്റുയാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങള്‍ നിരാശ്രയരായി വീണ്ടും ഇതേ സംവിധാനങ്ങളെ തന്നെ ശരണം പ്രാപിക്കുന്നു, !!

പ്രേമചന്ദ്രന്‍റെ ധീരകൃത്യത്തിന്‍റെ വാര്‍ത്ത KSRTC-യും പത്രങ്ങളും മുക്കിയെങ്കിലും, ഒരു നാടിന് അത് അത്ര നിസാരമായി കാണാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ അത്രമോശമല്ലാത്ത രീതിയില്‍ അദേഹത്തെ അനുമോദിച്ചു; ആദരിച്ചു; നാടിന്‍റെ നന്മകള്‍ പങ്കുവെച്ചു. ഇനി മുന്നോട്ടുള്ള പ്രേമചന്ദ്രന്‍റെ ഓരോ യാത്രകളിലും ഇതെങ്കിലും ഒരു പ്രചോദനമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം !!  
.....................................................................................................................................................
(ചിത്രങ്ങള്‍ തന്നു സഹായിച്ചത്: സൂരജ് തൊടീക്കളം).


67 comments:

 1. ഇങ്ങനെയുള്ള ചിലരെങ്കിലും ഉണ്ടെന്നുള്ളത് തന്നെ ഒരാശ്വാസമാണ് ... അല്ലെ മുകേഷ് ഭായ് .... :)

  ReplyDelete
  Replies
  1. അതെ; അവസരോചിതമായ ഇത്തരം തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും മുന്‍പും പല ദുരന്തങ്ങളെയും ദിശമാറ്റിവിട്ടിട്ടുള്ളതായി കേട്ടിട്ടുണ്ട്.
   നന്ദി രെജീഷ് ഭായ്.

   Delete
 2. മല്ലനും മാതേവനും...
  കണ്ടക്ടര്‍ പ്രേമചന്ദ്രനെ അനുമോദിച്ചത് ഉചിതമായി.
  സാരഥിയുടെ കടമനിര്‍വ്വഹിക്കാത്ത ഡ്രൈവര്‍!!!
  ആശംസകള്‍

  ReplyDelete
  Replies
  1. കൃത്യനിര്‍വ്വഹണത്തില്‍ ഇത്രയും വീഴ്ച വരുത്തിയ ആ ഡ്രൈവറുടെ മേല്‍ യാത്രക്കാരില്‍ ആരും തന്നെ കൈവെച്ചില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ പക്വത കാണിച്ചു. ഇനി നിയമങ്ങള്‍ എന്തുചെയ്യുന്നു എന്ന് മാത്രമേ അറിയാനുള്ളൂ.
   നന്ദി തങ്കപ്പന്‍ ചേട്ടാ..

   Delete
 3. ഇവിടെയും അനില്‍ എന്ന ആ പോലീസുകാരന്‍ അവഗണിക്കപ്പെട്ടു..ചുരത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ .ഇറക്കത്തിലേക്ക് ഉരുണ്ടു നിങ്ങുന്ന വാഹനം ഹാന്‍ഡ്‌ ബ്രേക്ക് ഇട്ടാല്‍ നിലക്കാന്‍ വിഷമമാണ്,,,,ബ്രേക്ക്‌ ചവിട്ടി വാഹനം വളരെ പതുക്കെയായാല്‍ മാത്രമേ ഹാന്‍ഡ്‌ ബ്രേക്കില്‍ വാഹനം നില്ക്കൂ...ഇവിടെ ബ്രേക്ക്‌ ചവിട്ടിയ പോലീസുകാരനും ആദരിക്കപ്പെടെണ്ടവന്‍ തന്നെയാണ്.. അയാളുടെ പേര് പോലും ആദ്യം വാര്‍ത്തയില്‍ വന്നില്ല....തലപ്പുഴ സ്റ്റേഷനിലെ അനിയേട്ടന് ഞാന്‍ ഒരു നന്ദിയുടെ പൂച്ചെണ്ട് സമര്‍പ്പിക്കുന്നു...

  ReplyDelete
  Replies
  1. അദേഹത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല; അതാണ്‌ ഒരു പോലീസുകാരന്‍ എന്ന് മാത്രം പറഞ്ഞത്. തീര്‍ച്ചയായും രണ്ടുപേരും പ്രശംസ അര്‍ഹിക്കുന്നു. ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു പ്രത്യേക നന്ദി. തുളസി.

   Delete
 4. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാകാതെ അവഗണിക്കപ്പെടുന്നതാണ് നമ്മുടെ നാടിന്റെ ശാപം

  ReplyDelete
  Replies
  1. നല്ല എരിവും പുളിയും ഉള്ള വാര്‍ത്തകളോടാണ് എല്ലാവര്‍ക്കും പ്രിയം; നന്മ അവശേഷിക്കുന്ന ഇത്തരം ചില മനുഷ്യസ്നേഹികളുടെ കഥ ശ്രദ്ധിക്കാപ്പെടാതെ പോകുന്നു.
   നന്ദി നിസാര്‍ ഭായ്.

   Delete
 5. നമ്മുടെ രാജ്യത്തെ ലൂസ് ആയ നിയമങ്ങള്‍ കാരണം ആ ഡ്രൈവര്‍ ഒന്നിനും ഉത്തരം പറയേണ്ടിവരുന്നില്ല.
  നിയമവാഴ്ച്ചയുള്ള ചില രാജ്യങ്ങളിലായിരുന്നെങ്കില്‍......!

  വിപദിധൈര്യം എന്നത് എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അടിയന്തിരഘട്ടങ്ങളെ നേരിടാനുള്ള പരിശീലനം ആര്‍ക്കും ലഭിക്കാറുമില്ല.

  ReplyDelete
  Replies
  1. ശരിയാണ് അജിത്തേട്ടാ; നിയമങ്ങള്‍ പലപ്പോഴും കണിശമായി നടപ്പാക്കപ്പെടുന്നില്ല, കണ്ണില്‍ പൊടിയിടാന്‍ ചില്ലറ കാട്ടികൂട്ടലുകള്‍ നടത്തിയതായി കാണിച്ച് പ്രതികള്‍ സ്വതന്ത്രരായി വിരാജിക്കുന്നു. അടിയന്തരഘട്ടങ്ങളെ നേരിടാനുള്ള പരിശീലനവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷെ ഇതൊക്കെ ആര് നടപ്പില്‍ വരുത്താന്‍. !!
   നന്ദി.

   Delete
 6. ഇങ്ങനെയുള്ള ചിലരെങ്കിലും ഉണ്ടെന്നുള്ളത് തന്നെ ഒരാശ്വാസമാണ് .

  ReplyDelete
  Replies
  1. അതെ; നന്മ ബാക്കിയുള്ള ചിലര്‍ ദൈവദൂതന്‍മാരുടെ വേഷം ധരിച്ച് എത്തപ്പെടുന്നു.
   നന്ദി.

   Delete
 7. പ്രേമചന്ദ്രനും അനിലിനും ആയുരാരോഗ്യ സൗഖ്യം ഈശ്വരന്‍ നല്‍കട്ടെ..
  തീര്‍ച്ചയായും ഇവിടെ പറഞ്ഞ പോലുള്ള ഡ്രൈവര്‍മാരുടെ സര്‍ക്കാര്‍ ജോലി അന്നത്തോടെ അവസ്സാനിപ്പിക്കേണ്ടതാണ്.. യാത്രക്കാരുടെ ജീവനുംസ്വത്തിനും വിലകല്‍പ്പിക്കാത്ത അയാള്‍ക്ക് ഇനിയും ജോലിയില്‍ തുടരാനുള്ള യോഗ്യത ഇല്ല തന്നെ..

  ReplyDelete
  Replies
  1. കടുത്ത കൃത്യവിലോപം തന്നെയാണ് ഇവിടെ ഡ്രൈവെര്‍ കാണിച്ചത് എന്നതില്‍ സംശയമില്ല. മാതൃകാപരമായ ശിക്ഷനല്‍കണം എന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം.

   നന്ദി; മനോജ്‌ ഭായ്.

   Delete
 8. Premachandranum,Anilinum nallathu maathram varatte !

  ReplyDelete
  Replies
  1. അതെ; അവരുടെ സല്‍പ്രവര്‍ത്തിക്കുള്ള അംഗീകാരം അവര്‍ക്ക് ലഭിക്കട്ടെ. !!
   നന്ദി; ഗിരിജേച്ചി. !!

   Delete
 9. എരിവും പുളിയുമുള്ള വാർത്തകൾക്ക് പിന്നാലെയാണ് എല്ലാ മാധ്യമങ്ങളും ഒഴുകുകയുള്ളു.
  സ്വന്തം ശരീരത്തെ മറന്ന് മറ്റുള്ളവർക്ക് വേണ്ടി ഇടപെടാനെത്തിയ പ്രേമചന്ദ്രന് അഭിനന്ദങ്ങൾ...

  ReplyDelete
  Replies
  1. ശരിയാണ്; അവര്‍ക്ക് നേട്ടമുള്ള കാര്യങ്ങള്‍ മാത്രമേ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂ...

   Delete
 10. "പക്ഷേ എന്‍റെ ചിന്തയില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം ദേഹത്ത് തെറിച്ചു വീണപ്പോള്‍, ബസ്സിലുള്ള ഏകദേശം അന്‍പതിലേറെ യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുത്തുകൊണ്ട്, സ്വന്തം ശരീരത്തില്‍ ഉണ്ടായേക്കാവുന്ന തികച്ചും നിസ്സാരമായ പൊള്ളലിനെ ഭയന്ന്‍, ബസ്സില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവറെ കുറിച്ചാണ്. ഇതാണോ ഒരു പൊതുവാഹണം കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ ധര്‍മ്മം?"
  "അപകടഘട്ടങ്ങളില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് നഷ്ടപ്പെടും, ഇതും അത്തരം ഒരു സാഹചര്യത്തിനു ഉദാഹരണമാണ്." ഡ്രൈവർ പെട്ടെന്നുണ്ടായ ഒരു ഷോക്കിൽ എടുത്തു ചാടിയതിന് അയാളെ മാത്രം‌കുറ്റം പറയാൻ ഒക്കുമോ?

  ReplyDelete
  Replies
  1. അന്‍പതിലതികം യാത്രക്കാരെ വെച്ചു ഒരു പൊതുവാഹനം കൈകാര്യം ചെയ്യുന്നയാള്‍ ചെയ്യേണ്ട കാര്യമല്ല അയാള്‍ ചെയ്തത്. ഡ്രൈവെര്‍ തന്നെയാണ് കുറ്റക്കാരന്‍.

   Delete
  2. ശരിയായിരിക്കാം. പക്ഷേ ഇങ്ങനെ ചിന്തിക്കണമെങ്കിൽ അയാൾക്ക് experience അല്ലെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറണമെന്ന training-ഓ കിട്ടണം. അത് ഉറപ്പ് വരുത്തുന്നുണ്ടോ എന്നായിരിക്കണം നാം ആദ്യം ശ്രദ്ധിക്കേണ്ടത്.

   Delete
  3. പ്രവര്‍ത്തന പരിചയവും വിദ്യാഭ്യാസ യോഗ്യതയും നോക്കിതന്നെയാണ് KSRTC ഡ്രൈവര്‍മാരെ നിയമിക്കുന്നത്. മാത്രവുമല്ല ഇതുപോലെയുള്ള ദുര്‍ഘടമായ റൂട്ടുകളിലും, രാത്രി യാത്രകളിലും നിലവിലുള്ള ഡ്രൈവെര്‍മാരില്‍ നിന്നും വീണ്ടും സ്ക്രീനിംഗ് നടത്തിയാണ് റൂട്ടുകള്‍ തരംതിരിച്ചു കൊടുക്കുന്നത്. പിന്നെ അപകട ഘട്ടങ്ങളെ നേരിടാനുള്ള പരിശീലനം, അത് കേരളത്തില്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നല്‍കുന്നതായി അറിവില്ല. (പോലീസും, ഫയര്‍ ഫോഴ്സും ഒഴിച്ച്)

   Delete
 11. പുറം ലോകം അറിയേണ്ട കാര്യങ്ങള്‍.

  ReplyDelete
  Replies
  1. അതെ' പക്ഷെ, പുറംലോകം അറിയാതെ പോകുന്നു പലപ്പോഴും ഇത്തരം വാര്‍ത്തകള്‍.

   Delete
 12. ദുരന്ത വാര്‍ത്തകള്‍ക്കാണല്ലോ വാര്‍ത്താമാധ്യമങ്ങള്‍ക്ക് പ്രിയം..!

  പ്രേമചന്ദ്രന്‍ ചേട്ടന്ന്‍ ഒരായിരം അഭിനന്ദനങ്ങള്‍ ... :)

  ReplyDelete
  Replies
  1. ഇത്തരം ധീരകൃത്യങ്ങളെ എത്ര അഭിനന്ദിച്ചാലും അതികമാവില്ല.

   Delete
 13. ശരിയാണ് മുകേഷ്, ആ അവസരത്തില്‍ വിപദിധൈര്യത്തോടെ പ്രവര്‍ത്തിച്ച പോലിസ് സുഹൃത്തിനും (ശ്രി.അനില്‍ ), ആ കണ്ടക്ടര്‍ സുഹൃത്തിനും (ശ്രി.പ്രേമചന്ദ്രന്‍) എത്ര അഭിനന്ദിച്ചാലും മതിയാകില്ല .ഡ്രൈവര്‍ അദ്ദേഹത്തില്‍ നിഷിപ്തമായിരുന്ന ഉത്തരവാദിത്വം നിര്‍വഹിച്ചില്ല എന്നത് സത്യം -പക്ഷെ , അതില്‍ അജിത്തേട്ടന്‍ സൂചിപ്പിച്ചത് പോലെ നമ്മള്‍ ശ്രധികേണ്ട ഒരു കാര്യമുണ്ട് - പ്രതീക്ഷിക്കാത്ത രീതിയിലുള്ള അപകടങ്ങള്‍ അല്ലെങ്കില്‍ അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നുള്ളത് നമ്മുടെ രാജ്യത്ത് ഒട്ടും ശ്രദ്ധ കൊടുക്കാത്ത ഒരു മേഖല ആണെന്നുള്ളതാണ്. അങ്ങനെ ഉള്ള ഒരു സാഹചര്യതിനെ കുറിച്ചും കേട്ടു കേള്‍വി പോലും ഇല്ലാത്ത ആള്‍ക്കാര്‍ ആകുമ്പോള്‍ ആണ് എങ്ങനെ ഇതില്‍ നിന്ന് അധികം അപകടങ്ങള്‍ ഇല്ലാതെ രക്ഷപ്പെടാം എന്നലോചിക്കാതെ സ്വന്തം തടി രക്ഷിച്ചു ഓടുന്നത്.

  എന്തായാലും ഈ വാര്‍ത്ത‍ ഞങ്ങളിലേക്കും എത്തിച്ച മുകേഷിനും നന്ദി അഭിനന്ദനങ്ങള്‍ ..

  ReplyDelete
  Replies
  1. സുരക്ഷയെകുറിച്ചുള്ള അവബോധം, നമ്മുടെ നാട്ടില്‍ പൊതുവേ കുറവാണ് എന്ന് പറയാം. പക്ഷെ ഡ്രൈവിംഗ് പോലെയുള്ള ഒരു തൊഴില്‍/സ്വകാര്യ മേഖലയില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെ അനിലും, പ്രേമചന്ദ്രനും ഒരു വലിയ കാര്യം തന്നെയാണ് ചെയ്തത്; ഇല്ലെങ്കില്‍ ഉള്ള അവസ്ഥ, ആലോചിക്കാന്‍ കൂടി പേടിയാവുന്നു.
   നന്ദി.

   Delete
 14. This news gives a lot of pleasure. At least some people are ready to help others, with out bothered about themselves. Congratulations to Prem & Anil.

  V.K. S
  Kannur

  ReplyDelete
  Replies
  1. Yes Sir, you are very true; other wise it would be a big tragedy.
   Thanks for coming here.

   Delete
 15. നാടറിയാത്ത ഇത്തരം പല വാർത്തകളും
  മാലോകരെ അറിയിക്കുക എന്നുള്ള ഒരു ദൌത്യം
  ബൂലോകമാധ്യമങ്ങളിൽ കൂടി നടത്തി , നിയമ നടപടികൾ
  പാലിക്കാത്തവരെ പുറത്തുകൊണ്ട് വന്ന ഒരു കടമയാണ് ഭായ്
  ഇവിടെ നിർവ്വഹിച്ചിരിക്കുന്നത്

  അഭിനന്ദനങ്ങൾ..

  ReplyDelete
  Replies
  1. മുരളിയേട്ട,
   അങ്ങനെ ഒരു ധര്‍മ്മം കൂടി ഒരു ബ്ലോഗ്ഗെര്‍ക്ക് ഉണ്ടല്ലോ; മറഞ്ഞു കിടക്കുന്ന പല കാര്യങ്ങളും പുറത്തു കൊണ്ടുവരിക എന്നത്. എന്തെങ്കിലും 'മിറാക്കിള്‍' ഉണ്ടാക്കാന്‍ വേണ്ടിയല്ല; എങ്കില്‍ കൂടി നമ്മുടെയെല്ലാം അറിവിലേക്കായി !!
   ലണ്ടന്‍ വായനയ്ക്ക് ഒരു നല്ല നന്ദി. @@

   Delete
 16. ഒരുപക്ഷെ ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചു വാഹനം നിര്‍ത്താം എന്ന തിരിച്ചറിവ് പ്രേമചന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ അവസ്ഥ എത്ര ഭീകരമായിരിക്കുമായിരുന്നു എന്ന് ആലോചിക്കാന്‍ പോലും പ്രയാസമാകുന്നു..... Vaasthavam!

  ReplyDelete
 17. യാത്രക്കാരുടെ ജീവനുംസ്വത്തിനും വിലകല്‍പ്പിക്കാത്ത ഇത്തരകാർക്ക് മാതൃകാപരമായ ശിക്ഷനല്‍കണം.. ഇനി മുന്നോട്ടുള്ള പ്രേമചന്ദ്രന്‍റെ ഓരോ യാത്രകളിലും ഇതെങ്കിലും ഒരു പ്രചോദനമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം !!

  സസ്നേഹം
  ആഷിക്ക് തിരൂർ

  ReplyDelete
  Replies
  1. അതെ; നമുക്കിടയില്‍ പ്രേമചന്ദ്രന്‍മാര്‍ പുനര്‍ജ്ജനിക്കട്ടേ !!
   നന്ദി; ആഷിക് ഭായ്.

   Delete
 18. അനാസ്ഥയും കെടുകാര്യസ്ഥതയും നമ്മുടെ ജന്മാവകാശം.

  ReplyDelete
  Replies
  1. നമുക്ക് കിട്ടിയ അവകാശങ്ങളില്‍ അങ്ങനെ ചിലത് കൂടി; ഒരിക്കലും മാറാത്തതായി !!
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി നാമൂസ് ഭായ് !

   Delete
 19. കണ്ടക്ടറും ഡ്രൈവറും രണ്ട് ധ്രുവങ്ങളില്‍,
  നിസ്വാര്‍ത്ഥനായ കണ്ട്ക്ടറും, സ്വാര്‍ത്ഥനായ ഡ്രൈവറും..
  കണ്ടക്ടര്‍ ഏറ്റവും മികച്ച രീതിയില്‍ ബസ്സ് കണ്ടക്ട് ചെയ്തുകൊണ്ട് തന്റെ ധര്‍മ്മം നിറവേറ്റി,
  ഡ്രൈവര്‍ കര്‍മ്മഭൂമിയില്‍ നിന്നും പേടിച്ചോടി ഏറ്റവും മികച്ച രീതിയില്‍ അധര്‍മ്മം ചെയ്തു.

  കര്‍മ്മധീരനായ കണ്ടക്ടര്‍ ദൈവത്തിന്റെ പട്ടികയില്‍ ഇടം പിടിയ്ക്കും.

  അപകടങ്ങള്‍ ഒരിയ്ക്കലും ആവര്‍ത്തിയ്ക്കാതിരിയ്ക്കട്ടെ
  എന്നിരുന്നാലും ഈ സംഭവം ഈ ഡ്രൈവറില്‍ പരിവര്‍ത്തനമുണ്ടാക്കട്ടെ.

  ReplyDelete
  Replies
  1. പെട്ടന്നുള്ള 'ഞെട്ടലില്‍' ഡ്രൈവര്‍ അങ്ങനെ ചെയ്തു എന്ന് കരുതാം; എങ്കില്‍ കൂടി,അതൊരു വലിയ അപരാധം തന്നെ. പിന്നീട് ഡ്രൈവര്‍ക്ക് പരിവര്‍ത്തനമുണ്ടായി എന്ന് കേട്ടു.
   നന്ദി; സര്‍.

   Delete
 20. ആ പ്രേമചന്ദ്രനെ ലോകത്തിനു മുന്നില്‍ എത്തിച്ച നാട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍ ...ഇനിയും ഇനിയും നമുക്കിടയില്‍ ഇങ്ങനെ പ്രേമ ചന്ദ്രന്മാര്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം

  ReplyDelete
  Replies
  1. ഈ പുണ്യപ്രവര്‍ത്തിയിലൂടെ പ്രേമേട്ടന്‍ നാട്ടുകാരുടെ പൊന്നോമനയായി. @
   നന്ദി; ദീപ..

   Delete
 21. പ്രേമചന്ദ്രൻ എന്ന ജീവനക്കാരന് പൂച്ചെണ്ടുകൾ ..
  നല്ല ഈ ഓണവാർത്ത പങ്കുവെച്ച താങ്കൾക്കും ആശംസകൾ ..
  എഴുത്തും മനോഹരം .

  ReplyDelete
  Replies
  1. സ്വാഗതം കണക്കൂര്‍ മാഷെ.... ആദ്യമായാണല്ലോ ഇവിടം.
   നന്ദി ..വീണ്ടും കാണാം.. !!

   Delete
 22. യാത്രക്കാരുടേയും, താങ്കളുടെ ഈ കുറിപ്പ് വായിച്ചവരുടേയുമൊക്കെ ഹൃദയചന്ദ്രനായി മാറിയ ശ്രീ.പ്രേമചന്ദ്രൻ അവർകൾക്ക് എല്ലാ നന്മയും നേരുന്നു.ഒപ്പം പുറം ലോകമറിയാതെ പോകുമായിരുന്ന ഒരു സദ്പ്രവൃത്തിയെ കൂടുതൽ പേരിലേക്കെത്തിച്ച.ബ്ലോഗർക്കും ഭാവുകങ്ങൾ.  ശുഭാശംസകൾ...

  ReplyDelete
  Replies
  1. സൌഗന്ധികം,
   ധ്വനിയിലെ ഓരോ പോസ്റ്റിലും ഉള്ള താങ്കളുടെ കയ്യൊപ്പ് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു. പ്രേമചന്ദ്രന്‍റെ സദ്‌പ്രവര്‍ത്തി കുറച്ചു പേരിലെക്കെങ്കിലും എത്തിക്കുക എന്നത് എന്‍റെ ഒരു കടമയായി ഞാന്‍ കണ്ടു; അതില്‍ നിന്നാണ് ഈ കുറിപ്പിന്‍റെ ഉത്ഭവം.
   സ്നേഹത്തോടെ @@

   Delete
 23. vipadhi dairyam athu ellavarkkum undaavilla. driver chilappol mattoru sahacharyaththil mattoru tharatththil prathikarichene

  ReplyDelete
  Replies
  1. നന്ദി നിധീഷ് ഭായ്.

   Delete
 24. ആര് മുക്കിയാലും നമ്മുടെയൊക്കെ ഉള്ളിൽ ഉണ്ട് പ്രേമചന്ദ്രൻ
  ചിലപ്പോഴൊക്കെ ദൈവം പ്രേമചന്ദ്രനായും വരും

  ReplyDelete
  Replies
  1. ശിഹാബ് ഭായ്;
   ഇവിടെ ദൈവത്തിന്‍റെ അദൃശ്യകരങ്ങള്‍ തന്നെയാണ്; പ്രേമചന്ദ്രനിലൂടെ പ്രവര്‍ത്തിച്ചത് എന്ന് കരുതാം. !
   നന്ദി.

   Delete
 25. premachandranum anilinum daivam nallathu varuthatte...

  ReplyDelete
  Replies
  1. തീര്‍ച്ചയായും ..
   ആദ്യവരവിനും അഭിപ്രായത്തിനും നന്ദി അശ്വതി.. !

   Delete
 26. അതെ അർഹമായ അംഗീകാരം കൊടുത്താൽ മാത്രമേ ഇനിയും പ്രേമചന്ദ്രന്മാർക്ക് നന്മകൾക്കുള്ള ഉൾവിളിയുണ്ടാവൂ. നാട്ടുകാർക്കും പ്രേമചന്ദ്രനും അഭിനന്ദനങ്ങൾ. മറ്റൊരുകാര്യം യദൃഛയാ തിളച്ചവെള്ളം ദേഹത്തേക്ക് വീണപ്പോൾ സ്വാഭാവികമായുണ്ടായ പ്രതികരണമാവാം പുറത്തെക്കുള്ള ചാട്ടം. ഒരു നിമിഷത്തെ തോന്നൽ. പിന്നെ തിരികെ കയറാൻ പറ്റുമോ?..

  ReplyDelete
  Replies
  1. അതെ, ഇത്തരം നന്മയുള്ളവര്‍ അംഗീകാരവും അര്‍ഹിക്കുന്നു. പിന്നെ, പെട്ടന്നുള്ള ഒരു സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം നേരിടുന്ന കാര്യത്തില്‍ ഡ്രൈവറും പരാജയപ്പെട്ടു എന്ന് പറയാം !!

   Delete
 27. പ്രേമചന്ദ്രൻ അല്ലെ സ്നേഹം ഉള്ള ആ നല്ല മനുഷ്യന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  ReplyDelete
  Replies
  1. അതെ; എപ്പോഴും ഉണ്ടാകട്ടെ !!

   Delete
 28. പലയിടത്തും ഇത്തരം ആളുകള്‍ ഉണ്ട്,,,,അവരാരും ശ്രദ്ധിക്കപ്പെടുന്നില്ല,,,,

  ReplyDelete
  Replies
  1. സാഹചര്യങ്ങളിലൂടെ പലരും ശ്രദ്ധിക്കപ്പെടുന്നു !!

   Delete
 29. നന്മ വറ്റാത്ത മനസ്സുകൾ ഇപ്പോളും ഉണ്ടെന്നത് എത്ര ആശ്വാസകരമാണ് . നല്ല എഴുത്ത് ശൈലിയാണ്. ആശംസകൾ.

  ReplyDelete
 30. വിപധിധൈര്യം എന്നത് എല്ലാവർക്കും കിട്ടണമെന്നില്ല. പ്രത്യേകിച്ച് ഇക്കാലത്ത് എല്ലാവരും അവനവനിലേക്ക് സ്വയം ചുങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത്, അവനവന്റെ രക്ഷ മാത്രമേ നോക്കൂ... പക്ഷെ, അത്തരക്കാർ ഇത്തരത്തിലുള്ള പൊതു വാഹനങ്ങൾ ഓടിക്കാൻ യോഗ്യരല്ല.
  മാദ്ധ്യമങ്ങൾ തിരസ്ക്കരിച്ചെങ്കിലും ബ്ലോഗിലൂടെ വാർത്തയാക്കാൻ കഴിഞ്ഞിതിന് പ്രേമചന്ദ്രനും അനിലിനും ഒപ്പം താങ്കൾക്കും അഭിനന്ദനങ്ങൾ...

  ReplyDelete
  Replies
  1. അതെ; പക്ഷെ ഇത്തരം തിരിച്ചറിവുകള്‍ നടപടി സ്വീകരിക്കേണ്ടവര്‍ക്ക് ഉണ്ടാകുന്നില്ല എന്നതാണ് നിരാശജനകം !

   Delete
 31. ഇതു പോലെ മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്ന പ്രേമചന്ദ്രന്‍മാരെയാണ് നമ്മുടെ നാടിന് ആവശ്യം. ഇങ്ങനെയുള്ള ഡ്രൈവര്‍മാരെയൊന്നും പിന്നെ സര്‍വീസില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല....ഇത്രയും നല്ലൊരു വാര്‍ത്ത പത്രങ്ങള്‍ തിരസ്കരിച്ചുവെങ്കിലും ഈ ബ്ലോഗിലൂടെ അത് ലോകത്തെയറിയിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ :-)

  ReplyDelete
  Replies
  1. നന്ദി; സംഗീത് ഭായ് !!

   Delete
 32. ഓരോ വ്യക്തിയിലും അതിഷ്ടിതമായ മനസ്സിന്റെ നല്ലതും ചീത്തയും ആയ തോതാണ് അവന്റെ ഓരോ പ്രവൃത്തിയിലും കാണാനാകുന്നത്. ഇവിടെ പെട്ടെന്ന്‍ സ്വയം രക്ഷപ്പെടുക എന്ന ഇടുങ്ങിയ മനസ്സിന്റെ വ്യക്തി തന്നെയായിരുന്നു ആ ഡ്രൈവര്‍ എന്ന് കാണാം. ഞാന്‍ എനിക്ക് എന്ന രീതി കൂടി വരുമ്പോഴും പ്രേമചന്ദ്രന്മാര്‍ പോലുള്ള ചില വ്യക്തിത്വങ്ങളെ കാണാന്‍ കഴിയുന്നതാണ് ആശ്വാസം നല്‍കുന്നത്. അവര്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെങ്കിലും കാണുന്ന സ്വന്തം നാട്ടുകാരുടെ സ്നേഹം വലിയ പ്രാധാന്യം തന്നെ.

  ReplyDelete