Friday, May 31, 2013

അവര്‍

എത്ര കാലമായി ഇങ്ങനെ;
സ്വപ്നങ്ങളുടെ പൂവിളികളില്ലാതെ,
തലോടലിന്‍റെ മാസ്മരികതയില്ലാതെ,
തീക്ഷ്ണമായ ചുംബനങ്ങളില്ലാതെ,
ഈ മൌനവും, ദു:ഖത്തിന്‍റെ-
ഘനീഭവിച്ച സാന്ദ്രതയും പേറിനടക്കുന്നു.
ഇനി നമുക്കു നിര്‍ത്താം ഈ പ്രണയത്തെ,
വേണ്ട; കഴുത്തു ഞെരിച്ചു കൊല്ലാം...

അതിന്‍റെ പ്രാണനിലലിഞ്ഞ് നമുക്കുമില്ലാതാവാം.

പുകവലി ഒരു ശീലമല്ല; അത് പ്രാകൃതമായ ഒരു കീഴടങ്ങലാണ്:- May-31 World Tobacco Day.

‘പുകയില വിരുദ്ധദിനം’ എന്നാല്‍ ‘പുകവലി വിരുദ്ധദിനം’ എന്നുമാത്രമല്ല അര്‍ത്ഥമാക്കുന്നത്; പുകയില ഉല്പന്നങ്ങളെ ഒന്നടങ്കം നിര്‍ത്തലാക്കാനും മനുഷ്യരില്‍ നിന്നും അകറ്റുവാനുള്ള ഒരാഹ്വാനമാണത്.

പരോക്ഷമായെങ്കിലും പുകവലിക്കുന്നവരോട് എനിക്ക് വെറുപ്പാണ്. അവര്‍ സ്വയം നശിക്കുന്നു എന്നതുകൊണ്ടല്ല; അവര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ. സ്വന്തം കുടുംബത്തിനും സമൂഹത്തിനും പരിസ്ഥിതിക്കും ശാപവും തീരാബാദ്ധ്യതയുമാണ്‌ പുകവലിശീലമാക്കിയ ഒരാള്‍ എന്നകാരണം കൊണ്ടുകൂടിയാണത്. ബോധമുള്ളവര്‍ മനസിലാക്കട്ടെ!!
ഉപദേശിക്കാന്‍ ഞാനാളല്ലാത്തതുകൊണ്ട് അപേക്ഷിക്കാറുണ്ട് “വലിക്കരുതേ......” എന്ന്.

നാട്ടിലെ കടത്തിണ്ണയില്‍ നിന്ന് ഒരിക്കല്‍ ‘സിഗരറ്റ്’ വലിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്തിനെ “താങ്കള്‍ വലിച്ചുവിടുന്ന പുക മറ്റുള്ളവരെ കൂടിയല്ലേ ബാധിക്കുന്നത്” എന്ന ‘ഡയലോഗുമായി’ ഉപദേശിക്കാന്‍ ചെന്ന ഒരാളോട് “എന്നാല്‍ സാറ് വലിക്ക് ഞാന്‍ ശ്വസിക്കാം” എന്ന് മറുപടി നല്‍കിയ സുഹൃത്തിനെ ഇവിടെ പ്രത്യേകം ഓര്‍മ്മിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലേ!!

ഓരോ വര്‍ഷവും ഏകദേശം 6 മില്യണ്‍ ആളുകള്‍ പുകയില സംബധമായ രോഗങ്ങള്‍മൂലം മരണപ്പെടുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് നിസാരമായി കാണേണ്ട ഒന്നല്ല. അതില്‍തന്നെ 6 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നത് നേരത്തെ പറഞ്ഞതുപോലെ ‘പരോക്ഷമായ പുകവലി’ കാരണമാണെന്നത് ഇനിയും ചിന്തിക്കാന്‍ വൈകിക്കൂടാ. അപ്പോള്‍ ഇത്രയും ഭീകരമായ ഒരു വസ്തുവിനെ നമ്മള്‍ കൂടെ കൊണ്ടുനടക്കണോ ....???????????
ചിന്തിക്കൂ......................

പുകവലി ഒരു ശീലമല്ല; അത് പ്രാകൃതമായ ഒരു കീഴടങ്ങലാണ്. !!! 
(Mukesh)

Thursday, May 30, 2013

ഒരു സ്വതന്ത്ര (ലുലു) ചിന്ത:-

ഒരു ‘ദിനേശ് ബീഡി’ പോലും സ്വന്തമായി ഉണ്ടാക്കാന്‍ അറിയാത്ത ഞാന്‍ ലുലു ഗ്രൂപ്പിനെ കുറിച്ചും ‘പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച  ശ്രീ. യുസഫലിയെ കുറിച്ചും ചിന്തിക്കാനോ എഴുതാനോ അര്‍ഹനല്ല. എങ്കിലും  വെറുതേ ഒരു ‘പോത്തു ചിന്ത’

ലുലു ഗ്രൂപ്പിന് ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്സ്റ്റിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചില്ലറ (Retail) മേഖലയിലെ സംരഭങ്ങള്‍ ഉണ്ട്. പക്ഷെ അതൊന്നും പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടങ്ങളില്‍ അല്ല. ഇത്രയും വലിയ നിലയില്‍ അന്യരാജ്യങ്ങളില്‍ ബിസിനെസ്സ് സംരഭങ്ങള്‍ നടത്തുമ്പോള്‍, സ്വന്തം രാജ്യത്ത് എന്തുകൊണ്ട് ഇത് പരീക്ഷിക്കുന്നില്ല എന്ന് ചില അടുത്ത ബിസിനെസ്സ് സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആണ് ശ്രീ. യുസഫലിയും അക്കാര്യത്തെക്കുറിച്ച് ഗഹനമായ രീതിയില്‍  ചിന്തിച്ചുതുടങ്ങിയത്. അങ്ങനെ അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ Retail ശ്രിഖലയുടെ ഒരു ബ്രാഞ്ച് ഇന്ത്യയില്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി പ്രമുഖ മെട്രോ നഗരങ്ങളില്‍ സര്‍വ്വേ നടത്തി, അവസാനം കൊച്ചിയില്‍ സ്വന്തം കെട്ടിടത്തില്‍ ഹൈപ്പെര്‍ മാര്‍ക്കെറ്റും അതോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ്‌ വിസ്മയവും ഒരുക്കാന്‍ തീരുമാനികുകയും ചെയ്തു. തൃശൂര്‍ ആണ് സ്വന്തം ജില്ല എങ്കിലും അടുത്തുള്ള എറണാകുളം തിരഞ്ഞെടുക്കാനുള്ള കാരണം, ചെറിയ ഒരു  ബിസിനെസ്സ് ബുദ്ധി ആയിരിക്കാം എന്നു കരുതാം.

ഇന്ന് ലുലുവും ശ്രീ.യുസഫലിയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തികച്ചും വ്യക്തതയില്ലാത്ത ചില ആരോപണങ്ങളുടെ പേരിലാണ്. ഒരു കിണര്‍ കുഴിക്കാന്‍ പോലും പഞ്ചായത്തിന്റെ അനുമതി തേടേണ്ട കേരളത്തിലെ ഇന്നത്തെ ചുറ്റുപാടില്‍ ഇന്ത്യയിലെ തന്നെ മികച്ചത് എന്ന് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന ഒരു വലിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിക്കുമ്പോള്‍ നീതിരഹിതമായ എന്തെങ്കിലും തട്ടിപ്പുകള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടാവും എന്ന് വിശ്വസിക്കാന്‍ പ്രയാസമാവുന്നു. അതും ലുലുവിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ‘പ്രോജെക്റ്റ്‌’ എന്ന നിലയിലും കേരളത്തിലെ രാഷ്ട്രീയക്കാരെയും നിലവാര തകര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന  നാലാംകിട പത്രമാധ്യമ രംഗത്തെയും നന്നായി മനസ്സിലാകിയ ഒരാള്‍ എന്ന നിലയിലും ശ്രീ.യുസഫലിയും അംഗങ്ങളും ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകൊടുത്തുകാണും എന്നുവേണം കരുതാന്‍. അതിലേക്കു കൂടുതല്‍ കടക്കുന്നില്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ നീതിബോധമുള്ള ഏതെങ്കിലും ‘ഓഫീസ്സര്‍’ അതന്വേഷിക്കട്ടെ. ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് മറ്റുചിലതാണ്.

കേരളത്തില്‍ ശ്രീ.യുസഫലിയെ കൂടാതെ ഒരുപാട് പ്രമുഖ വ്യവസായ സംരംഭകര്‍ വേറയുമുണ്ട്. അവരെല്ലാം  കേരളത്തിലും പുറത്തും ഒരുപോലെ പ്രവര്‍ത്തങ്ങള്‍ നടത്തുന്നവരുമാണ്. ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി(വി.ഗാര്‍ഡ് & വണ്ടര്‍ലാ), ശ്രീ. സി.പി.കൃഷ്ണന്‍ നായര്‍(ലീല ഗ്രൂപ്പ്), ശ്രീ. എം.ജി. ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ്), ശ്രീ. ഗോകുലം ഗോപാലന്‍(ഗോകുലം ഗ്രൂപ്പ്), ശ്രീ. ജോയ് ആലുക്കാസ് & ജോസ് ആലുക്കാസ് (ആലുക്കാസ് ജ്വേല്ലെര്സ്), ശ്രീ. പി.എന്‍.സി. മേനോന്‍ (ശോഭ ഗ്രൂപ്പ്), ശ്രീ.രവി പിള്ള(N.S.H Corporation), ശ്രീ. സുനില്‍ ശിവാനന്ദ്( Acette Technologies) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇവരിലാരും ഇന്ന് ശ്രീ. യുസഫലി അഭിമുഖീകരിക്കുന്ന രീതിയിലുള്ള  സമാനമായ പ്രതിസന്ധികളെ നേരിട്ടതായോ അത്തരം പ്രശ്ങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുള്ളതായോ നേരെത്തെ അറിവില്ല. അതിനുള്ള ഒരു പ്രധാനകാരണം ഇവരൊക്കെ കമ്മ്യൂണിസ്റ്റ്‌ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ വിസ്വസിക്കുന്നവരോ അംഗത്വമുള്ളവരോ അല്ലെങ്കില്‍ തത്വത്തില്‍ പാര്‍ട്ടിയെ പൊതുവായി അംഗീകരിക്കുന്നവരോ ആണെന്നുള്ള വസ്തുത മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. ഇത് ഒരു പുതിയ കാര്യമല്ല; കേരളത്തില്‍ എന്നല്ല ഇന്ത്യയിലെവിടെയും ബിസിനെസ്സ് ചെയ്യാന്‍ രാഷ്ട്രീയ  പാര്‍ട്ടികളുടെ പിന്തുണ കൂടിയേതീരൂ. മാസാമാസങ്ങളില്‍ പാര്‍ട്ടികളിലേക്കുള്ള തുക കൃത്യമായി ഓഫീസ്സുകളില്‍ എത്തണം. അതാണ് നിയമം. ഒരു തരം ‘ഗുണ്ടാ പിരിവ്’ എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ ശ്രീ.യുസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരെ ഒരു പ്രമുഖകക്ഷിയിലെ  അംഗങ്ങള്‍ ആരോപണവുമായി വരുമ്പോള്‍ ഇവര്‍ക്കിടയിലെ ഇത്തരം സമവാക്യങ്ങളില്‍ എവിടെയോപെട്ടു കലങ്ങിമറിഞ്ഞു പൊട്ടിയൊലിക്കുന്ന വ്രണലാവകളാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. അതല്ലെങ്കില്‍ ശ്രീ.യുസഫലിയുടെ ഉയര്‍ച്ചയില്‍ അസൂയമൂത്ത ഏതോ എതിരാളികള്‍ ഇതിനടിയില്‍ തുരങ്കം വെയ്ക്കാന്‍ പാര്‍ട്ടിയെ ഉപയോഗിച്ചു എന്നും കരുതാം. എങ്ങനെയായാലും ഇവിടെ രണ്ടു ചേരിയിലും നഷ്ടങ്ങള്‍  വന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നത്‌കൊണ്ട് ഈ ആരോപണങ്ങള്‍ ലുലുവിനുണ്ടാക്കിയ നഷ്ടങ്ങള്‍ ഒരിക്കലും ചെറുതല്ല. അതേസമയം ഒരു ‘പബ്ലിസിറ്റി’ എന്നനിലയില്‍ ആണെങ്കില്‍ പോലും പാര്‍ട്ടിയും ഇതിനെ സമീപിച്ച രീതിയില്‍ പിഴവുകള്‍ പറ്റി എന്ന്‍ വൈകിയെങ്കിലും അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കണം. അണികള്‍ക്കിടയില്‍ പ്രതിച്ഛായ നഷ്ട്ടപ്പെട്ട്, തൊഴുത്തില്‍കുത്തും തമ്മിലടിയും കൊണ്ട് വീര്‍പ്പുമുട്ടുന്ന പാര്‍ട്ടിയുടെ കടയ്ക്കല്‍ ‘വളം’ വച്ചരീതിയില്‍ ആയിപോയി ഈ അനുബന്ധ സംഭവങ്ങള്‍. ബോധമുള്ളവര്‍ മനസ്സിലാക്കട്ടെ !!    

വ്യാവസായിക വളര്‍ച്ച ഒരു രാജ്യത്തിന്‍റെ വിവിധമേഖലകളെ എങ്ങനെ പിടിച്ചുനിര്‍ത്തുന്നുവെന്നും അത് ഒരു രാജ്യത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും ജീവിതരീതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കാന്‍ കേരളത്തിലെ വിദ്യാസമ്പന്നരെന്നു അഹങ്കരിക്കുന്ന ഒരു ജനത ഇനിയും വൈകിയാല്‍, നഷ്ടമാകുന്നത് വരാനിരിക്കുന്ന ഒരുപാട് സുവര്‍ണ്ണാവസരങ്ങളും, അടുത്ത തലമുറയിലേക്കുവരെ നീണ്ടുപോകാവുന്ന സാമ്പത്തിക ഭദ്രതകളുമാണ്. കാലഹരണപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റപ്പെടേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ ആശയങ്ങള്‍ ക്രോടീകരിച്ചുകൊണ്ട് മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു ജനത അനിവാര്യമായി രൂപപ്പെടെണ്ടിയിരിക്കുന്നു. ലുലു ഗ്രൂപ്പും പാര്‍ട്ടികളും സര്‍ക്കാരും  തമ്മിലുള്ള പ്രശ്നങ്ങള്‍ ഒരുപക്ഷേ നാളെ പരിഹരിക്കപ്പെട്ടേക്കാം. പക്ഷേ ഈ ഒരു പ്രശ്നം കേരളത്തിലെ അല്ലെങ്കില്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടുള്ള  വ്യവസായികള്‍ക്കിടയില്‍ ഉണ്ടാക്കിയ തിരിച്ചറിവ് എത്രകാലം കഴിഞ്ഞാലും മാറ്റാന്‍ കഴിയാതെ വന്നേക്കാം. ഇതിന്‍റെ പേരില്‍ ലുലു ‘ബോള്‍ഗാട്ടി’ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു എന്ന വാര്‍ത്ത‍ മാത്രമാണ് ഇന്ന് ഇതിനോട് ചേര്‍ത്തുവായിക്കാന്‍ പറ്റുന്നത്. നാളെ മറ്റു പ്രമുഖ വ്യവസായകരും കേരളത്തിലെ വരാനിരിക്കുന്ന അവരുടെ പ്രോജെക്റ്റുകളില്‍ നിന്നും പിന്മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

(Mukesh)   

(NB: ഈ പോസ്റ്റില്‍ രാഷ്ട്രീയ വിരുദ്ധതയില്ല. സംഭവങ്ങളുടെയും സന്ദര്‍ഭങ്ങലുടെയും ഒരവലോകനം മാത്രം)   

Tuesday, May 28, 2013

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ !!

പ്രിയപ്പെട്ടവരുടെ വേര്‍പാട്‌; അതു ജീവിതത്തിലുണ്ടാക്കുന്ന നഷ്ടങ്ങള്‍; ഒരിക്കലും നികത്താനാവാത്ത അത്തരം നഷ്ടങ്ങളുടെ കണക്കുകള്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിച്ചറിയുന്നത് ഇതാദ്യമാണ്. ഈ മാസം പതിനാലാം തീയ്യതി (14/05/2013) പുലര്‍ന്നത് അത്തരം ഒരു വലിയ വേര്‍പാടിന്റെ വാര്‍ത്ത‍ എന്‍റെ മുന്നിലേക്ക്‌ തുറന്നുവച്ചുകൊണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) മരണവാര്‍ത്ത‍യായിരുന്നു അത്. എല്ലാവരെയും പോലെ എനിക്കും അമ്മൂമ്മ വളരെ പ്രിയപ്പെട്ടതും; എന്‍റെ ജീവിതത്തോട് വളരെയതികം അടുത്തുനില്‍ക്കുന്ന വ്യക്തികളില്‍ ഒരാളുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മൂമ്മയുടെ വേര്‍പാട്‌ എന്നിലുണ്ടാക്കിയ ദു:ഖവും സങ്കടവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതായി മാറി. റിയാദിലേക്ക് വരുന്നതിന് ഒരാഴ്ചമുന്‍പാണ് ബംഗ്ലൂരില്‍ മാമന്‍റെ കൂടെയായിരുന്ന അമ്മൂമ്മയെ അവസാനമായി പോയി കണ്ടത്. വാത സംബന്ധമായ ചില ചെറിയ അസുഖങ്ങളൊഴിച്ചാല്‍ ആരോഗ്യത്തിനു മറ്റു പ്രത്യേകിച്ച് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ആ സമയത്ത്. ഇപ്പോള്‍ ഏകദേശം നാലു മാസത്തോളമായി. രണ്ടു ദിവസം മുന്‍പ് ചെറിയ ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്നു അവിടെ അടുത്തുതന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് അമ്മ വിളിച്ചുപറഞ്ഞപ്പോള്‍, മടക്കയാത്ര ശ്വാസം നിലച്ചരീതിയില്‍ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മരണം അങ്ങനെയാണ്; അത് മുന്നറിയിപ്പില്ലാതെ കടന്നുവരും; ക്ഷണിക്കാതെ എത്തുന്ന ഒരഥിതിയെപ്പോലെ; ഒരുപാടു മുറിവുകള്‍ സമ്മാനിച്ചു പതിയെ കടന്നുപോകും; നമ്മുടെ പ്രിയപ്പെട്ടവരെയും കൂട്ടി.

വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മാറി; എങ്ങനെയും നാട്ടില്‍ എത്തി അവസാനമായി അമ്മൂമ്മയെ കാണണം എന്ന ചിന്ത എന്റെ ചലനങ്ങള്‍ക്ക് ആക്കം കൂട്ടി. റിയാദില്‍ നിന്നും പെട്ടന്ന് നാട്ടിലെത്തുക എന്നത് അത്ര നിസാരമായ കാര്യമല്ല. 6 മണിക്കൂര്‍ വിമാനയാത്ര തന്നെയുണ്ട്; കൂടാതെ പോകാനുള്ള രേഖകള്‍ ശരിയാക്കുക എന്നത് അതിലും വലിയ കടമ്പയാണ്. ഓഫീസ്സില്‍ രാവിലെ തന്നെ പോയി കാര്യങ്ങള്‍ അറിയിച്ചു. കമ്പനിയുടെ GM ദുബായില്‍ ആണ് എന്ന മറുപടി എന്നെ ആദ്യം നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൊടുത്തതോടു കൂടി പോകാനുള്ള അനുമതിയായി. ‘ജെറ്റ് എയര്‍വേയ്സ്’-ന്‍റെ രാത്രി 11.20-ന്, റിയാദില്‍ നിന്നും മുബൈയിലേക്കുള്ള വിമാനത്തില്‍ ഒരു ടിക്കെറ്റും കമ്പനിതന്നെ തരപെടുത്തി തന്നു. വൈകുന്നേരം 4 മണി ആയപ്പോഴേക്കും പാസ്പോര്‍ട്ടും പോകാനുള്ള മറ്റു രേഖകളും ഏറ്റുവാങ്ങുമ്പോള്‍ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു; ഇവിടെ എത്തിയിട്ട് നാലുമാസമേ ആയുള്ളൂ; അതിനുള്ളില്‍ ഇങ്ങനെ ഒരവസ്ഥയിലുള്ള തിരിച്ചുപോക്ക് ഒട്ടും പ്രതീക്ഷിച്ചതേയല്ല!!

പിറ്റേന്ന് രാവിലെ 6 മണിയോടു കൂടി മുംബൈയിലെത്തി; എയര്‍പോര്‍ട്ടിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അടുത്ത വിമാനം പിടിച്ച് ബംഗ്ലൂരില്‍ എത്തുമ്പോള്‍ മണി ഉച്ച 12 ആകാറായി. അടുത്ത ബന്ധുക്കളും നാട്ടുകാരില്‍ ചിലരും നേരെത്തെ തന്നെ എത്തിയിട്ടുണ്ട്. എല്ലാവരും എനിക്കു വണ്ടി കാത്തുനില്‍ക്കുകയായിരുന്നു; അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍.ഞാന്‍ വേഗം തന്നെ വീടിനുള്ളിലേക്കു നടന്നു. കാലുകള്‍ക്ക് വേഗം വളരെ കുറവായിരുന്നു. ആരോ പിന്നോട്ട് വലിക്കുന്നത് പോലെ. കുറെ ആളുകള്‍ ചുറ്റിലുമുണ്ട്; അവരിലൊന്നും എന്റെ കണ്ണുകള്‍ ഉടക്കിയില്ല. മുറിയില്‍ തൂവെള്ള വസ്ത്രം പുതപ്പിച്ചു മൊബൈല്‍ ഫ്രീസറില്‍ കിടത്തിയിരിക്കുന്ന എന്‍റെ എല്ലാമെല്ലാമായിരുന്ന അമ്മൂമ്മയെ കുറേനേരം നോക്കിനിന്നു. മുഖത്തെ തേജസ്സ് ഇപ്പോഴും അതേപടിയുണ്ട്. ‘ഒന്നു കണ്ണുതുറന്ന് എന്നെയൊന്നു നോക്കിയിരുന്നെങ്കില്‍; ആ കൈകള്‍കൊണ്ട് എന്നെയൊന്നു തലോടിയിരുന്നെങ്കില്‍’ എന്ന് ആഗ്രഹിച്ചുപോയി. പതുക്കെ ഞാന്‍ ആ കാലുകളില്‍ തൊട്ടു. തണുത്തു മരവിച്ചിരിക്കുന്നു; ആ തണുപ്പ് എന്നിലേക്കും പടരുന്നതായി എനിക്കുതോന്നി; ശരീരം തളരുന്നത്പോലെ.  തണുത്തുറഞ്ഞ ആ ചില്ലുപെട്ടിക്കുള്ളില്‍ കണ്ണടച്ചു കിടക്കുന്നത്‌ എന്നെ ഇന്നലെവരെ കാണാന്‍ കൊതിച്ച; സ്നേഹലാളനകള്‍കൊണ്ടു എന്നെ വീര്‍പ്പുമുട്ടിച്ച എന്‍റെ പ്രിയപ്പെട്ട അമ്മൂമ്മയാണെന്നുള്ള ചിന്ത മനസ്സിന്‍റെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കണ്ണുകളിലൂടെ ധാരയായി ഒഴുകുന്നത് ഞാന്‍ അറിഞ്ഞു.  അതുവരെ സങ്കടം അടക്കിപ്പിടിച്ചു നിര്‍ത്തിയ പലരുടെയും കരച്ചില്‍ ഉച്ചത്തിലായി. ആരോ എന്നെ പുറത്തുതട്ടി തിരിച്ചുവിളിച്ചു മുറ്റത്തേക്ക് കൊണ്ടുപോയി. കണ്ണുകളച്ച് കുറച്ചുസമയം അവിടെയിരുന്നു. നെഞ്ചിനുള്ളിലെ ഭാരം ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തെ വലിക്കുന്നതായി തോന്നി. വല്ലാത്തൊരു പിരിമുറുക്കം!! അമ്മൂമ്മയെകുറിച്ചുള്ള കഴിഞ്ഞുപോയ സംഭവങ്ങളും ഓര്‍മ്മകളും കണ്ണിനുമുന്‍പിലൂടെ ഒന്നിനുപുറകെ ഒന്നായി മിന്നിമറഞ്ഞുകൊണ്ടിരുന്നു. അടക്കിപ്പിടിച്ച വിതുമ്പലുകള്‍ അകത്തുനിന്നും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് ഒന്നരയോടെ പ്രാര്‍ത്ഥനയോടു കൂടി അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. എസ്.എന്‍.ഡി.പി.-യുടെ പ്രാര്‍ത്ഥനാസംഘം നേരെത്തെതന്നെ അവിടെ എത്തിയിരുന്നു. ഏകദേശം അരമണിക്കൂര്‍ നേരത്തെ ചടങ്ങുകള്‍ക്കു ശേഷം ജീവനറ്റ ആ ശരീരവുമായി ഞങ്ങള്‍ ഇന്ദിരാനഗറിനടുത്തുള്ള ഇലക്ട്രിക്‌ ക്രിമിയേഷന്‍ സെന്‍ററിലേക്കു പുറപ്പെട്ടു. അവിടെ മരണത്തിന്‍റെ തണലില്‍ ജീവിതം പച്ചപിടിപ്പിക്കുന്ന കുറെ ആളുകളെ കണ്ടു; അവിടുത്തെ ജോലിക്കാര്‍. ഓരോ മരണവും അവര്‍ക്ക് പുതിയ പ്രതീക്ഷകളാണ്. അന്നും അവിടെ കുറെയതികം മൃതശരീരങ്ങള്‍ ഉണ്ടായിരുന്നു; മണ്ണിനോടലിഞ്ഞു ചേരാന്‍ കാത്തുനില്ക്കുന്നവ. ചുട്ടുപഴുത്തു നില്‍ക്കുന്ന ഇലക്ട്രിക്‌ മെഷീനിന്‍റെ ഉള്ളിലേക്ക് അമ്മൂമ്മയുടെ ജീവന്‍റെ അംശം ഒട്ടും ബാക്കിയില്ലാത്ത ആ ശരീരം എടുത്തുവെയ്ക്കുമ്പോള്‍ എന്‍റെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ ചേര്‍ത്തുപിടിച്ചു താലോലിച്ച ആ കൈകള്‍ ഞാന്‍ ഒന്നുകൊടി തൊട്ടു. അന്ത്യചുംബനത്തിനായി തല താഴോട്ടുതാഴ്ത്തി; ആ നെറ്റിയില്‍ ഒരഗ്നിക്കും ദഹിപ്പിക്കാന്‍ കഴിയാത്ത സ്നേഹത്തിന്‍റെ മുത്തം നല്‍കി. ‘എന്നെ കണ്ണുതുറന്ന് ഒന്നു നോക്കൂ; ഒരിക്കല്‍ മാത്രം; അവസാനമായി; ഞാന്‍ ഒന്നുകൂടി ആ കണ്ണുകള്‍ ഒന്ന് കണ്ടോട്ടെ; എന്നെ കാണണം എന്നാഗ്രഹിച്ചപ്പോഴോന്നും എനിക്കടുത്തുവരാന്‍ കഴിഞ്ഞില്ല; ഇന്ന് ഞാന്‍ ഇവിടെ തൊട്ടടുത്തുണ്ട്; കണ്ണുതുറക്കൂ; ഒരിക്കല്‍മാത്രം......!!!” അതുവരെ കടിച്ചമര്‍ത്തിപ്പിടിച്ച ഗദ്ഗദങ്ങള്‍ ഞാനറിയാതെ തന്നെ അണപൊട്ടിയൊഴുകി. ശക്തമായ ഏതോ കരങ്ങള്‍ എന്നെ പിടിച്ചുമാറ്റി. സാവധാനം ആ ശരീരം ചുട്ടുപഴുത്തു നില്‍ക്കുന്ന ബര്ണ്ണറിനുള്ളിലേക്കെടുക്കപ്പെറ്റു. അതിന്‍റെ വാതിലുകള്‍ പതിയെ അടഞ്ഞു. ഇനി ഒന്നും കാണാന്‍ വയ്യ; ഒരു കാലഘട്ടം തന്നെയാണ് അതിനുള്ളില്‍ എരിഞ്ഞമരുന്നത്; കൂടെ പറയാന്‍ ബാക്കിവച്ച കുറെ കാര്യങ്ങളും, ജീവിതത്തിന്‍റെ നഷ്ടകണക്കുകള്‍ എഴുതിതീരാതെപോയ പുസ്തകത്തിന്‍റെ ചില താളുകളും.

ഇന്നു ഞാന്‍ മരണമെന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം മനസിലാക്കുന്നു; അത് ഒരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നും, നൈമിഷികമായ ഇന്നത്തെ ജീവിതവും നാളത്തെ മരണവും ഒരേ പുസ്തകത്തിന്‍റെ അടുത്തടുത്ത താളുകളാണെന്നും മനസിലാക്കുന്നു. ജീവിതവും മരണവും തമ്മിലുള്ള ദൂരം ഒരു നിമിഷത്തിന്‍റെതു മാത്രമാണ്. അതിനപ്പുറം മരണത്തിന്‍റെ ലോകം വിശാലമാണ്. നമ്മള്‍ ഓരോരുത്തരുടെയും ആത്യന്തികമായ ലക്ഷ്യവും അതുതന്നെ. ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോള്‍ അടുത്തേക്ക് വരുന്നത് ആ ദിവസമാണ്; ഇവിടെ നേടിയതിനോടും, സ്വന്തമാക്കാന്‍ ആഗ്രഹിച്ചതിനോടും, ബന്ധങ്ങളോടും അറിവുകളോടും എല്ലാം  വിടപറഞ്ഞകലേണ്ട ആ ദിവസം.  

അമ്മൂമ്മയുടെ വേര്‍പാട്‌ ഞങ്ങളുടെ കുടുംബത്തിലുണ്ടാക്കിയ വ്യസനത്തിന്‍റെ ആഴം ഒരിക്കലും ചെറുതല്ല; എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യത്തേതുമാണ്. ഒരുതരത്തില്‍ എഴുതപ്പെടാതെ പോയ പഴയ ഒരു കാലഘട്ടമാണ് അമ്മൂമ്മയോടൊപ്പം ഇല്ലാതായത്; അതോടൊപ്പം ബന്ധങ്ങളുടെ വിളക്കിചേര്‍ത്തു വച്ച കുറേ നല്ല ഓര്‍മ്മകളും; കടുത്ത പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടുനയിച്ച ആ പഴയജീവിത സാഹചര്യങ്ങളെ ഞങ്ങളുമായി ചേര്‍ത്തുവച്ച ഒരു വലിയ കുടുംബത്തിന്‍റെ വിളക്കുമാണ് അസ്തമയത്തിലേക്ക് അലിഞ്ഞുപോയത്.


അമ്മൂമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ; എന്നെന്നും !!

Sunday, May 5, 2013

മാര്‍ക്സ്; അനശ്വരനായ കാമുകന്‍ !!


"WORKERS OF ALL LANDS UNITE" 
കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ അവസാനത്തെ വാചകമാണിത്. ഇന്ന് ഈ വാചകം ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.  മാനിഫെസ്റ്റോയുടെ പിതാവായ 'കാറല്‍ മാര്‍ക്സ്'-ന്‍റെ ജന്മദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ്‌ ചിന്തകളിലും, അതിന്‍റെ ആളിപ്പടരുന്ന പ്രസ്ഥാനചിട്ടകളിലും മാര്‍ക്സിനു ഇന്ന് വലിയ സ്ഥാനമൊന്നുമില്ല. കാലാനുസൃതമായി വന്ന മാറ്റങ്ങളില്‍ അതും വളരെ സാധാരണമായ ഒരു കാര്യമായി മാറി. മാനിഫെസ്റ്റോയിലെ കമ്മ്യൂണിസത്തിനും ഇന്നത്തെ കമ്മ്യൂണിസത്തിനും ഇടയില്‍പ്പെട്ട് എത്രയോ തവണ മാര്‍ക്സും ഏയിജല്‍സും, ഒരു കമ്മ്യൂണിസ്റ്റുകാരനും ഓര്‍ക്കാന്‍ കഴിയാത്തവിധം ജനിച്ചു-മരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും അന്നും ഇന്നും ഒരു ശക്തിക്കും നിഷേധിക്കാനോ മായ്ക്കാനോ കഴിയാത്ത അദ്ധേഹതിന്റെ അനശ്വരമായ പ്രണയത്തെകുറിച്ചെങ്കിലും ഈ ദിവസം നമ്മള്‍ ഓര്‍ക്കെണ്ടേ !!
മാര്‍ക്സ്, അദേഹത്തിന്‍റെ പ്രണയിനിയും പിന്നീട് ജീവിത പങ്കാളിയുമായ  'ജെനി വോണിനു' അയച്ച ഒരു പ്രണയ ലേഖനം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. 
Manchester, June 21, 1865

"My heart’s beloved:

I am writing you again, because I am alone and because it troubles me always to have a dialogue with you in my head, without your knowing anything about it or hearing it or being able to answer…

Momentary absence is good, for in constant presence things seem too much alike to be differentiated. Proximity dwarfs even towers, while the petty and the commonplace, at close view, grow too big. Small habits, which may physically irritate and take on emotional form, disappear when the immediate object is removed from the eye. Great passions, which through proximity assume the form of petty routine,grow and again take on their natural dimension on account of the magic of distance. So it is with my love. You have only to be snatched away from me even in a mere dream, and I know immediately that the time has only served, as do sun and rain for plants, for growth.

The moment you are absent, my love for you shows itself to be what it is, a giant, in which are crowded together all the energy of my spirit and all the character of my heart. It makes me feel like a man again, because I feel a great passion; and the multifariousness, in which study and modern education entangle us, and the skepticism which necessarily makes us find fault with all subjective and objective impressions, all of these are entirely designed to make us all small and weak and whining. But love - not love for the Feuerbach-type of man, not for the metabolism, not for the proletariat - but the love for the beloved and particularly for you, makes a man again a man…

There are many females in the world, and some among them are beautiful. But where could I find again a face, whose every feature, even every wrinkle, is a reminder of the greatest and sweetest memories of my life? Even my endless pains, my irreplaceable losses I read in your sweet countenance, and I kiss away the pain when I kiss your sweet face…

Good-bye, my sweet heart. I kiss you and the children many thousand times.

Yours, Karl " 

Friday, May 3, 2013

സരബ്ജിത് സിംഗ്; നിങ്ങള്‍ സ്വതന്ത്രനായില്ലേ !!


സരബ്ജിത് സിംഗ്-ന്‍റെ കൊലപാതകത്തിലെ രോഷം എനിക്ക് ഇവിടെയുള്ള പാക്കിസ്ഥാന്‍ സുഹൃത്തിനോടു പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “നിങ്ങളുടെ ആളുകള്‍ ഞങ്ങളുടെ സരബ്ജിത് സിങ്ങിനെ കൊന്നില്ലേ, എന്തൊരു ക്രൂരതയാണിത്‌” ഞാന്‍ രോഷത്തോടെ അവനോടു ചോദിച്ചു. ഫ്ലാറ്റിലെ താഴത്തെ നിലയിലാണ് അഫ്സലും കുടുംബവും; പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ളവരാണ് അവര്‍. ഇന്നു വെള്ളിയാഴ്ച ആയതുകൊണ്ട് എല്ലാവരും റൂമില്‍ തന്നെയുണ്ട്. “സര്‍ എന്തു പറ്റി, ആരായിരുന്നു അയാള്‍” ഹിന്ദിയിലുള്ള അഫ്സലിന്‍റെ മറുചോദ്യം. അവര്‍ ഈ കഥകളൊന്നും അറിഞ്ഞമട്ടില്ല; എല്ലാം എനിക്ക് വിവരിക്കേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞിട്ടും മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റങ്ങളൊന്നും ഇല്ലാതെ അവന്‍ പറഞ്ഞു, “സര്‍ ഇതൊക്കെ അവിടെ നിത്യസംഭവങ്ങള്‍ ആണ്. സിംഗ് ഒരിന്ത്യക്കാരനായതുകൊണ്ട് പുറം ലോകം അറിഞ്ഞു. അങ്ങനെ അറിയപെടാതെ എത്രയോപേര്‍ പാക്‌ ജയിലുകളില്‍ മാത്രമല്ല, തെരുവുകളിലും ദിവസേന ആക്രമണങ്ങള്‍ക്ക് ഇരയാവുന്നു; കൊല്ലപ്പെടുന്നു.” അഫ്സല്‍ സംസാരം തുടര്‍ന്നു. അഴിമതിയും തൊഴുത്തില്‍കുത്തും കൊണ്ടു നിറഞ്ഞ പാക്-ഭരണ കൂടത്തിനോ സര്‍ക്കാരിനോ ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഒന്നുമില്ല. പേരിന് ഒരു ‘ജനാധിപത്യം’ ഭരിക്കുന്നത്‌ പട്ടാളം. ഇതാണ് പാക്-ഭരണ സംവിധാനം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും സര്‍ക്കാരിനെതിരാണ്. അതിന്‍റെ പ്രതികരണമാണ് പലയിടത്തായി അടിക്കടി ഉണ്ടാകുന്ന സ്ഫോടങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ സ്ഫോടനം നടത്തുന്നത് സര്‍ക്കാര്‍ തന്നെ. പ്രതിഷേധത്തെ നേരിടാന്‍. മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചു ഒരു ‘റോളും’ ഇല്ല; അവ സര്‍ക്കാരിന്റെ പ്രതിനിധികള്‍ മാത്രം.
സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് ‘കയ്യും കണക്കുമില്ല, എന്നു അഫസല്‍ പറയുന്നു. അവന്‍റെ സഹോദരി ഇപ്പോള്‍ ചികിത്സയിലാണത്രേ!! ഒന്നര വര്‍ഷം മുന്‍പ് ആരോ നടത്തിയ ‘ആസിഡ്’ ആക്രമണത്തില്‍ മുഖവും ശരീരഭാഗങ്ങളും വികൃതമാക്കപ്പെട്ട്; ഇപ്പോള്‍ മരണത്തോട് മല്ലടിക്കുന്ന സഹോദരിയുടെ അവസ്ഥ നിറകണ്ണുകളോടെ അവന്‍ വിവരിച്ചപ്പോള്‍ മുഴുവന്‍ കേട്ടുനില്ക്കാന്‍ എനിക്കായില്ല. അവസാനമായി അഫ്സല്‍ ഒരു കാര്യം കൂടി കൂട്ടിചേര്‍ത്തു. “സര്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനില്‍ ജീവിക്കേണ്ട; എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ ഞങ്ങള്‍ ഹിന്ദുസ്ഥാനിലേക്കു വരാം; അവിടെ ആരെയും ഭയക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാം.” അത് അഫസലിന്റെ മാത്രം വാക്കുകളല്ല; ഒരു ജനതയുടെ മുഴുവന്‍ വികാരമാണ് അവന്‍റെ വാക്കുകളില്‍ കൂടി പുറത്തുവന്നതെന്ന് ഞാന്‍ മനസിലാക്കി. അതിനു മറുപടിയൊന്നും പറയാതെ, അഫ്സലിന്‍റെ ‘ബീവി’ തന്ന ‘സുലൈമാനി’-യും വാങ്ങികുടിച്ചു യാത്രപറഞ്ഞിറങ്ങിറങ്ങും മുന്‍പ് ഒരു ‘സോറി’ പറയാന്‍ ഞാന്‍ മറന്നില്ല; അവന്‍റെ സഹോദരിയുടെ കാര്യം ഓര്‍മ്മിപ്പിച്ചതിന്.

സരബ്ജിത് സിംഗിന്റെ കൊലപാതകം, ഒരു വ്യക്തിയുടെ ജീവന്‍ എന്നതിലുപരി, ഇന്ത്യയുടെ അഭിമാനതിനേറ്റ ക്ഷതം കൂടിയാണ്. നിരപരാധിയായി തുറുങ്കിലടക്കപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരിനോ ജനപ്രതിനിധികള്‍ക്കോ ആയില്ല. കാരണങ്ങള്‍ ഒരുപാടുണ്ടാകാം നിരത്തിവയ്ക്കാന്‍. എങ്കിലും അതൊന്നും ഒരു ജീവന്‍റെ വിലയേക്കാള്‍ മുകളില്‍ അല്ലല്ലോ !!

സരബ്ജിത് സിംഗ്, നിങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രനായി. നിങ്ങള്‍ക്കിനി ആരെയും ഭയക്കേണ്ട; നിങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഇരമ്പഴികളില്ല, ഭീകരതയുടെ മതിലുകളില്ല; അവസാനം ഈശ്വരന്‍ നിങ്ങളോടു കരുണ കാണിച്ചു; നിങ്ങളില്‍ ഒരാളായ ഞങ്ങള്‍ സാധാരണ ഭാരതീയന് നിങ്ങളുടെ ആത്മാവിനു വേണ്ടി നിത്യശാന്തി നേരാന്‍ മാത്രമേ ആയുള്ളൂ !!

(Mukesh M)

Thursday, May 2, 2013

മെയ്‌ ദിനം-2013 (May Day)


ഇന്നലെ ‘മെയ്‌ ദിനം’ (May Day) അറിയാതെ കടന്നുപോയി. പതിവു പോലെ തന്നെ ഓഫീസ്സ്, സൈറ്റ്, ജോലി, ടെന്‍ഷന്‍;...അങ്ങനെ നീളുന്ന ദിവസചിട്ടകള്‍, ഒരു മാറ്റവുമില്ല. ആദ്യമായിട്ടാണ് ‘തൊഴിലാളി ദിനത്തില്‍’ പണിയെടുക്കുന്നത്. നാട്ടിലാണെങ്കില്‍ ഒരവധി ദിവസം, വീട്ടില്‍ സ്വസ്ഥമായിരുന്നു ഉറങ്ങി, യഥാസമയങ്ങളില്‍ ഭക്ഷണം കഴിച്ചു, ടി.വി.യിലെ സിനിമയും കണ്ടു, രസിച്ചുകഴിയേണ്ട ഒരു ദിവസം. ബംഗ്ലൂരില്‍ ആണെങ്കില്‍, 11-മണിക്ക് എഴുന്നേറ്റ്, വണ്ടിയുമെടുത്ത് ചെറിയ ഒരു കറക്കം, ലാല്‍ബാഗ്, മെജസ്റ്റിക്ക്, മന്ത്രി മാള്‍, വഴി ചുറ്റിത്തിരിഞ്ഞ്, വൈകിട്ടോടെ റൂമിലേക്ക്. പക്ഷെ ഇവിടെയിന്നു, സാധാരണ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ജോലി ചെയ്തപോലെ തോന്നി. തലെദിവസം ഓഫീസ്സ് വിട്ടു റൂമിലേക്ക് പോകുന്ന വഴിയില്‍ വണ്ടിയില്‍ വച്ച് ബോസ്സിനെ ഒന്നോര്‍മ്മിപ്പിച്ചു. “Sir, tomorrow is May Day” അഥവാ ചുളുവില്‍ ഒരു ലീവ് കിട്ടിയാലോ !! “So what.....” ബോസ്സിന്‍റെ മറുപടി. “Sir, it is international day for labors, we should not do any work…..” ഞാന്‍ എന്‍റെ പ്രസംഗം തുടര്‍ന്നു. എല്ലാം കേട്ടുകഴിഞ്ഞ ശേഷം ബോസ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു; “Mukesh…you are in Saudi Arabia, not in India” ദേഷ്യത്തോടെ; എല്ലാം മനസ്സിലായി എന്നമട്ടില്‍ ഞാന്‍ ഒന്നമര്‍ത്തി മൂളി. “Sir, I am a communist, I can’t do work tomorrow” എന്നുപറയാന്‍ വന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്പോഴാണ് ഞാനും അക്കാര്യം ശരിക്കും ഓര്‍ത്തത്‌ ‘ഓ ഞാനിപ്പോള്‍ സൗദി അറേബ്യ-യില്‍ ആണല്ലോ’, ഇവിടെയെന്തു ലേബര്‍ ഡേ, എന്തു മെയ്‌ ദിനം !! സ്വന്തമായി തൊഴിലാളികള്‍ ഉള്ള രാജ്യത്തിനല്ലേ അങ്ങനെ ഒരു ദിവസത്തിന്‍റെ ആവശ്യമുള്ളൂ !! ഞാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരനും, ബംഗ്ലാദേശിയും, പാക്കിസ്ഥാന്‍കാരനും, ഫിലിപ്പീനിയുമൊക്കെയാണ് ഇവിടുത്തെ തൊഴിലാളി വര്‍ഗ്ഗങ്ങള്‍. അവരില്‍ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഒരു ദിവസം ഇവിടെ കിട്ടുന്ന വേതനവും, അതു ഇന്ത്യയുടെ രൂപയുമായി ഗുണിച്ചു കിട്ടുന്ന തുകയെ വീണ്ടും സ്വന്തം കടബാധ്യതകള്‍ കൊണ്ട് ഹരിച്ച്, ബാക്കി വരുന്ന തുച്ചമായ  ശിഷ്ടകണക്കുകളെ  കുറിച്ചോര്‍ത്താല്‍ ലീവ് എടുക്കുന്നത് പോയിട്ട്, സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും പറ്റാത്തവരാണ് മിക്കവാറും എല്ലാ തൊഴിലാളികളും. വെള്ളിയാഴ്ച തന്നെ ലീവെടുക്കുന്നത് ഇവിടുത്തെ നിയമം അനുവദിക്കാത്തതു കൊണ്ടുമാത്രമാണ്. എങ്കില്‍ പോലും വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് പണിയെടുക്കുന്ന ചിലരെയെങ്കിലും കാണാറുണ്ട്‌. അങ്ങനെയുള്ള സൗദി അറേബ്യയില്‍ മെയ്‌ ദിനത്തെകുറിച്ചു ചിന്തിച്ചത് പോലും തെറ്റായിപോയി എന്നെനിക്കു തോന്നി. ഞാന്‍ എന്‍റെ ഉള്ളിലെ കമ്മ്യൂണിസ്റ്റുകാരനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.

ഇപ്രാവശ്യത്തെ തൊഴിലാളി ദിനം മറ്റൊന്നുകൂടി സൗദിയിലെ വിദേശികളെ ഓര്‍മ്മപ്പെടുത്തുന്നു. മൂന്നു മാസത്തെ താല്‍ക്കാലിക നിര്‍ത്തലാക്കലിനു ശേഷം നടപ്പിലാവാന്‍ പോകുന്ന ‘നിതാഖത്’ എന്ന നിയമനടപടിയെ. കുറേപേര്‍ മൂന്നുമാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞു. വലിയ തുക വിസയ്ക്കു വേണ്ടി ഏജെന്‍സികള്‍ക്കു കൊടുത്തു വന്നവരാണ് ഇവരില്‍ പലരും. പലതുറകളില്‍ നിന്നുള്ളവര്‍ ‘നിതാഖത്’-ന്‍റെ കാലാവധി നീട്ടാന്‍ വേണ്ടി ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും, സൗദിയെ സംബന്ധിച്ചിടത്തോളം രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുള്ള ഒരു തീരുമാനം മാത്രമേ അന്തിമമായി ഉണ്ടാകൂ എന്നുവേണം കരുതാന്‍. മടിയന്‍ മാരായ ഇവിടുത്തെ സ്വദേശികളെ രാജ്യത്തിനുതകും വിധം ഉത്തമപൌരന്‍മാരായി മാറ്റിയെടുക്കുക എന്നൊതു കൂടി ഗവന്‍മെന്റ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ‘വിസ കച്ചവടം’ ചെയ്യുന്ന മാഫിയകള്‍ക്കും വലിയ ഒരു തിരിച്ചടിയാണ് ഈ നിയമം.
എന്തായാലും തൊഴിലാളികളുടെയും അതോടൊപ്പം സൗദിയുടെയും നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ വലിയ വിഷയത്തെ എങ്ങനെ രാജ്യം കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും. ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ വിദേശികള്‍. ‘നിതാഖത്’ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളെ കൂടി കണക്കിലെടുത്ത് അവര്‍ക്കു കൂടി അനുകൂലമായ രീതിയില്‍ നിയമത്തില്‍ ബേധഗതികള്‍ വരുത്തിക്കൊണ്ട് നടപ്പിലാക്കാനായാല്‍; അതുതന്നെയായിരിക്കും ഈ ‘തൊഴിലാളി ദിനത്തില്‍’ സൗദി അറേബ്യയ്ക്ക് തൊഴിലാളികള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും ആശ്വാസവും.

മെയ്‌ ദിനത്തില്‍ ജോലി ചെയ്യേണ്ടിവന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു !!
(Mukesh M)

Wednesday, May 1, 2013

എന്‍റെ കുഞ്ഞുപ്രണയം


ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ‘പ്രണയത്തെപ്പറ്റി’ ചിന്തിക്കുകയോ പറയുകയോ ചെയ്തില്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണം കഴിക്കാത്തതുപോലെയാണ്. അതിനു കാരണം എല്ലാവരെയും പോലെ ഞാനും, പ്രണയം എന്ന അതിശ്രേഷ്ഠമായ വികാരത്തെ മനസ്സില്‍ ഒരു കെടാവിളക്കായി സൂക്ഷിക്കുന്നതുകൊണ്ടാണ്. ഞാന്‍ ആരുമായെങ്കിലും ഇപ്പോഴും പ്രണയബദ്ധനാണ് എന്നീപറഞ്ഞതിനര്‍ത്ഥമില്ല. എങ്കിലും ഈ പ്രകൃതിയില്‍ പൂത്തണിഞ്ഞു നില്‍ക്കുന്ന, സുന്ദരമായ ഒരു പൂന്തോപ്പിലൂടെ പതിയെ നടന്നുപോകുമ്പോള്‍ മനസിനനുഭവപ്പെടുന്ന ഒരു കുളിര്‍മ, പ്രണയം എന്ന ഒരു ചെറിയ വികാരത്തിന്‍റെ മാന്ത്രിക തരംഗങ്ങളിലൂടെ ലഭിക്കുമ്പോള്‍, എങ്ങനെ ആ ചിന്തയെ മനപൂര്‍വ്വം ഒഴിവാക്കാന്‍ പറ്റും!!
സീമകളില്ലാത്ത ആ പ്രവാഹത്തെ എങ്ങെനെ തടയാന്‍ കഴിയും. ഏതു നിമിഷത്തിലും, ഏതു പ്രായത്തിലും, ഏതവസ്ഥയിലും ചിന്തിയിലേക്കു കടന്നുവരുന്ന ഒരേയൊരു വികാരമാണ് പ്രണയം. സത്യത്തില്‍ പ്രണയം ഒരു വ്യക്തിയെ മാലിന്യമുക്തമാക്കുന്നു
ഇന്നത്തെ എന്‍റെ ചിന്തയിലെ പ്രണയം ഇങ്ങനെയായിരുന്നു.!!എന്‍റെ കുഞ്ഞുപ്രണയം

അനിര്‍വചനീയമായ അതിന്‍റെ പൊരുളുകള്‍
ഒരുപക്ഷെ ചിന്തകള്‍ക്കുമപ്പുറമാണ്.
അതില്‍ കാത്തിരിപ്പിന്‍റെ സുഖമുണ്ട്;
വേഴാമ്പല്‍ മഴമുകിലിനെയെന്നപോലെ.
നോവിന്‍റെ കണ്ണുനീരുപ്പുണ്ട്
മൌനത്തിന്റെ അസഹിഷ്ണുതയുണ്ട്.
മരവിപ്പിന്റെ തണുപ്പുണ്ട്
പുലരിയുടെ ഉണര്‍വുണ്ട്
അസ്തമയത്തിന്‍റെ വ്യഥയുണ്ട്.
നൊമ്പരങ്ങളുടെ എരിയുന്ന കനലുകളുണ്ട്
ആയിരം കാതമകലെയിരുന്ന് ഒന്നു മിഴിയനക്കുമ്പോള്‍
ആഴികള്‍ക്കിപ്പുറം അലകള്‍ തീര്‍ക്കുവാനുള്ള കരുത്തുണ്ട്
അതു ചിലര്‍ക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവിന്‍റെ വേദനയാണ്.
ചിലര്‍ക്ക് നിര്‍മ്മലമായ തലോടലാണ്.
മറ്റു ചിലര്‍ക്ക് പുഞ്ചിരിയുടെ പൂച്ചെണ്ടുകളാണ്.
സന്തോഷത്തിന്‍റെ കാലൊച്ചകളാണ്.
ഇന്നത്തെ എന്‍റെ പ്രണയം ഒരു മഞ്ഞുതുള്ളിയോടായിരുന്നു.
എന്‍റെ ഈ പ്രഭാതത്തെ ഒരു മഞ്ഞിന്‍ പുതപ്പില്‍ പൊതിഞ്ഞ്;
ഒരു നനുത്ത സ്പര്‍ശനത്താല്‍ എന്നെ കുളിരണിയിച്ച;
ഒരു കുഞ്ഞു മഞ്ഞുതുള്ളിയോട് !!
എന്‍റെ ചെറിയ ലോകത്തിലേക്ക് മടികൂടാതെ
കടന്നുവന്ന്, എന്‍റെ ചുണ്ടുകളില്‍ തത്തികളിച്ച്;
മണ്ണില്‍ വീണലിഞ്ഞുപോയ ആ മഞ്ഞുതുള്ളി!!
ഇനി എനിക്കാമണ്‍തരിയാകണം,
എന്‍റെ മഞ്ഞുതുള്ളിയോടൊപ്പം
അലിഞ്ഞില്ലാതാവണം.

(മുകേഷ്)