കുറിപ്പുകള്‍ തരംതിരിച്ച്

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, April 12, 2017

വിലയ്ക്ക് വാങ്ങിയ ‘ചൂട്’ !!

പണ്ട്-
നമുക്ക് ഓടിട്ട വീടുകള്‍ ഉണ്ടായിരുന്നു.
വീടിനു ചുറ്റും-
ഉയരത്തില്‍ മരങ്ങള്‍ ഉണ്ടായിരുന്നു.
കുംഭത്തിലും മീനത്തിലും-
അന്നും ചൂട് ഉണ്ടായിരുന്നു;
മരങ്ങള്‍ തടുത്തിരുന്നു.
ഓട് വേഗത്തില്‍ ചൂടാകും;
വേഗത്തില്‍ തണുക്കും !
രാത്രികള്‍ സുഖമുള്ളതായിരുന്നു !

ഇന്നലെ-
നമ്മള്‍ ഓടുകള്‍ മാറ്റി-
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പണിയാനുള്ള- 
നെട്ടോട്ടത്തിലായിരുന്നു.
'സ്റ്റാറ്റസ്സുകള്‍' ‘ലോ’-യില്‍ നിന്നും
‘ഹൈ’ -ലേക്കു മാറി.
ഒറ്റനിലകള്‍ ബഹു നിലകള്‍ ആയി.
മരങ്ങള്‍ വെട്ടി –
വീടിനു മോടി കൂട്ടി.
കൂട്ടുകുടുംബങ്ങളില്‍ നിന്നും-
അണുകുടുംബങ്ങളായി.
ചുമരോട്-ചുമരുകള്‍ ചേര്‍ന്ന്
പുത്തന്‍ മന്ദിരങ്ങള്‍ പൊങ്ങി.
മണ്ണിനു മേലെ പരവതാനി വിരിച്ച്-
സിമന്‍റ് ഫലകങ്ങള്‍ നിരന്നു.
കുംഭത്തിലും മീനത്തിലും-
ചൂട് വീണ്ടും വന്നു.
അടുത്ത കുംഭത്തില്‍ കുറയുമെന്ന്
സമാധാനിച്ചു- ഒരു ഫാനു വാങ്ങി !!
രാത്രികള്‍ അത്ര സുഖമുള്ളതായിരുന്നില്ല !!

ഇന്ന്
നമ്മള്‍ ഓടുകള്‍ തിരഞ്ഞുള്ള ഓട്ടത്തിലാണ്.
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് മേലെ-
ഓടുകള്‍ പാകിയാല്‍-
ചൂട് കുറയുമെന്ന് ആരോ പറഞ്ഞത് പോലെ !!
സ്റ്റാറ്റസ്സ് കൂടിയപ്പോള്‍ -
തറവാട്ടില്‍ ഉപേക്ഷിച്ച,
അപ്പച്ചനായിരുന്നു അത്.
ഓടുകള്‍ എങ്ങും കിട്ടാനില്ല !!
തല്‍കാലം എ.സി. വാങ്ങാം
വീട് തണുക്കട്ടെ !!
ആ തണുപ്പില്‍
ഇനി കുംഭവും മീനവും
വരാതിരിക്കാനുള്ള വഴികള്‍ തിരയാം.


----------


Sunday, February 19, 2017

വീട്
















ഒരു വീട് വേണമെനിക്ക്.
ചായം മുക്കിയ എന്‍റെ സ്വപ്‌നങ്ങളെ
ഓരോ മുറികളിലായി
താഴിട്ടു പൂട്ടിയോതുക്കി വെക്കുവാന്‍

ഒരു വീട് വേണമെനിക്ക്;
മഞ്ഞുപെയ്യുന്ന രാത്രികളില്‍
മൌനമായ് ഇരുന്നു എന്‍റെ
നൊമ്പരങ്ങളെ താലോലിക്കുവാന്‍
പിന്നെ;
ഒന്നുറക്കെ കരയുവാന്‍.

ഒരു വീട് വേണമെനിക്ക്;
തിരക്കൊഴിഞ്ഞ പകലുകളോടോത്തു-
കഥകള്‍ പറഞ്ഞുല്ലസിക്കുവാന്‍
കരിനിഴല്‍ വീണ സന്ധ്യകളെ
ഉമ്മറത്തൊരു ദീപം തെളിയിച്ച്-
നാമം ചൊല്ലി വരവേല്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
പിന്നിട്ട വഴികളില്‍ എവിടെയോ കണ്ടുമുട്ടിയ
പ്രണയത്തെ-
ഏകനായ് കാത്തിരിക്കുവാന്‍ !
ആരും വിരുന്നു വരാനില്ലാത്ത
നടവഴികളെ നോക്കി-
ഒന്നു നെടുവീര്‍പ്പിടുവാന്‍ !

ഒരു വീട് വേണമെനിക്ക്;
അസ്തമന സൂര്യന്‍ അണയും മുന്നേ
വടക്കിനി തിണ്ണയില്‍ ഇരുന്നു
പഴമയുടെ ചുണ്ണാമ്പ് മണമുള്ള
ഒരു മുത്തശ്ശി കഥ കൂടി കേള്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷ മഴയില്‍
നടുമുറ്റത്തിറങ്ങി നനഞ്ഞു കുതിരുവാന്‍
പിന്നെ-
ഒരു പനിചൂടില്‍ ചുരുണ്ടു കൂടി
നെറ്റിയിലെ അമ്മതുണിയുടെ തണുപ്പറിയുവാന്‍ !

ഒരു വീട് വേണമെനിക്ക്.
കാലം കാത്തുവെച്ച കല്പനകളെ കതോര്‍ത്ത്
മറ്റൊരു രാത്രിയിലേക്കലിഞ്ഞിറങ്ങി
വീണ്ടുമൊരായിരം സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ഇനിയൊരു പകലെത്തുവോളം-
ഓര്‍മ്മകളുടെ താരാട്ടു പാട്ട് കേട്ടുറങ്ങുവാന്‍.

--- xxx ---

Wednesday, January 4, 2017

പുഞ്ചിരി

നിന്നെയോര്‍ക്കുന്ന നിമിഷങ്ങള്‍;
നിന്നിലലിയാന്‍ കൊതിച്ച രാവുകള്‍;
നിന്‍റെ  പ്രണയം; 
നീ പകര്‍ന്ന മാധുര്യം; 
അതൊന്നും നഷ്ടമാകാതിരിക്കാന്‍     
എന്‍റെ നൊമ്പരങ്ങള്‍ക്കിടയിലും
നിനക്ക് -
ഞാന്‍ നല്കിയതെന്‍റെ പുഞ്ചിരിയായിരുന്നു !!


Saturday, December 31, 2016

വരവേല്‍ക്കാം 2017 -നെ !!

പുത്തന്‍ പുലരികള്‍ തേടിയുള്ള  യാത്രയില്‍
ഒരു ഡിസംബര്‍ കൂടി പടിയിറങ്ങുന്നു..
ദുരന്തങ്ങളും, യുദ്ധങ്ങളും, ഭീതിയും,  
നിറഞ്ഞാടിയ ഒരു വര്‍ഷംകൂടി കടന്നുപോകുന്നു.
നന്മയുടെയും ആഹ്ലാദത്തിന്‍റെയും
വെളിച്ചം എങ്ങോ കണ്ടതുപോലെ ..!!
സ്നേഹമിഴികള്‍ തുറക്കുമ്പോള്‍ 
ആരോ കുത്തിക്കെടുത്തുന്നതു പോലെ !!
വീണുടഞ്ഞ കണ്ണുനീരുകള്‍ക്ക് 
പകരം വെക്കാനൊന്നുമില്ല.
ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍ 
ഇനി കടന്നുവരാനുമില്ല.
നഷ്ടമായ നിമിഷങ്ങള്‍ ഒരു വേദനയായി തന്നെ
തുടരുന്നു.

വരാനിരിക്കുന്നത് പ്രതീക്ഷകളുടെ ദിവസങ്ങളാവട്ടെ
സ്നേഹവും, നന്മയും,
ആഹ്ലാദവും പുഞ്ചിരിയും
സൌഹൃദവും സാഹോദര്യവും 
നിറഞ്ഞ നാളെകളെ 
സ്വപ്നം കണ്ടുകൊണ്ടു 
ഉണരാം നമുക്ക് 
ഒരു പുതിയ പുലരിയിലേക്ക്. !!


Tuesday, January 7, 2014

അസ്തമയത്തിനു മുന്നേ ...!!

എന്‍റെ,
പ്രണയത്തിന്, വേഗത
കൂടുതലാണെന്നു പറഞ്ഞ്,
ഒരു ‘വേഗപ്പൂട്ട്‌’ ഘടിപ്പിക്കാന്‍
നിര്‍ദേശിച്ചത് അവളായിരുന്നു.

മറ്റൊരിക്കല്‍,
എന്‍റെ പ്രണയം ജീവസ്സുറ്റതല്ലെന്നു പറഞ്ഞ്
സിരകളിലേക്ക് ചില ‘ഹോര്‍മോണുകള്‍’
കുത്തിവെച്ചു തന്നതും അവള്‍ തന്നെ.

പ്രണയം,
ഹൃദയങ്ങളുടെ മാത്രം ഭാഷയല്ല,
ശരീരങ്ങളുടെതു കൂടിയാണെന്നു
മനസിലാക്കിത്തരാനും
അവള്‍ക്കു തന്നെയായിരുന്നു ധൃതി.

ഒരിക്കല്‍,
പ്രണയങ്ങളില്‍ മാലിന്യങ്ങള്‍ കലരുന്നുവെന്ന്  
അവള്‍ പരിഭവിച്ചു; സംശുദ്ധമായി
പ്രണയങ്ങള്‍ സംസ്ക്കരിച്ചെടുക്കാന്‍
ഒരു ശുദ്ധീകരണശാല വേണമെന്ന ആവശ്യം
അവള്‍ ഉന്നയിച്ചതും അന്നുതന്നെയായിരുന്നു.

എന്നെങ്കിലും ഒരിക്കല്‍,
പ്രണയങ്ങള്‍ക്ക് വാര്‍ദ്ധക്യം പിടിപെടുമെന്നും
അവള്‍ ഭയപ്പെട്ടിരുന്നു.
അവയെ അകറ്റി നിര്‍ത്തുവാന്‍,
പ്രണയ വൃദ്ധഗോപുരങ്ങള്‍ പണിയിച്ചതും

അവളല്ലാതെ മറ്റാര് !

ഇടയ്ക്കെപ്പോഴോ,
അവളുടെ സ്വകാര്യ പ്രണയങ്ങളെ,
ഒരു ‘മെമ്മറി കാര്‍ഡിലാക്കി’ ഞാനറിയാതെ,
സൂക്ഷിച്ചുവെക്കാനും അവള്‍ മറന്നില്ല.

പിന്നീട്,
മൌനവും ഒരു ഭാഷയാണെന്ന്,
അവളെന്നെ പഠിപ്പിച്ചു.
ഒരിക്കലും അവസാനിക്കാത്ത,
മൌനങ്ങളുടെ അക്ഷരമാലകള്‍ എനിക്കുവേണ്ടി,
അവള്‍ പ്രത്യേകം തയ്യാറാക്കിവെച്ചു.

മറ്റൊരിക്കല്‍,
പ്രണയവേദനകള്‍ അകറ്റാനുള്ള,
വേദനസംഹാരികളെ കുറിച്ച്,
അവള്‍ വാചാലയായി.
അവയുമെപ്പോഴോ മേശവലിപ്പിനുള്ളില്‍,
സ്ഥാനംപിടിച്ചു.

ഒടുവില്‍,
എല്ലാം പിഴുതെറിഞ്ഞ്,
നടന്നകലുന്നതിനു മുന്‍പ്,
എന്‍റെ പ്രണയത്തെ ഒരു വലിയ താഴിനാല്‍,
ബന്ധിച്ചതും അവള്‍ തന്നെയായിരുന്നു.

പ്രണയങ്ങള്‍,
ബന്ധനങ്ങളില്‍ നിന്നും മുക്തമല്ലെന്ന്,
അതിനുമെപ്പോഴോ മുന്‍പ്, ഞാനറിയാതെ തന്നെ,
അവളെന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

പക്ഷേ,
ഒന്നവള്‍ മറന്നു; ഞാന്‍  
എന്‍റെ പ്രണയം രചിച്ചിരുന്ന ആ ചുവന്ന മഷിപേന.
എന്‍റെ ഹൃദയരക്തത്തോളം ചുവപ്പുവരുമതിനു !!
അതുമാത്രം കൈക്കലാക്കി മുനയൊടിച്ചു കളയാന്‍,
അവള്‍ എന്തേ മറന്നുപോയി ?

ഇനി,
അവള്‍ ബാക്കിവെച്ചുപോയ
എന്‍റെ ആ ചുവന്ന മഷിപേന;
ഞാനതില്‍ മഷി നിറയ്ക്കട്ടെ !!
അസ്തമയത്തിനു മുന്നെ,
എന്‍റെ പ്രണയം രചിക്കട്ടെ !!


ചിത്രം: കടം.

....................................End............................................

Monday, December 2, 2013

കാച്ചികുറുക്കിയവ; മൂന്ന്‍ !


കാത്തിരിപ്പ്:-
വിരിയാനാവാതെ വീര്‍പ്പുമുട്ടുന്ന
കുറച്ചു ശ്വേതപുഷ്പ മുകുളങ്ങളുണ്ടിവിടെ,
എന്‍റെ ഈ കൊച്ചു പൂന്തോപ്പില്‍.
നിന്‍റെ വരവിനേയും കാത്തിരിക്കുന്നവ;
നിന്‍റെ പരാഗണരേണുവില്‍ ജനിച്ചവ;
നീ വര്‍ണ്ണച്ചിറകു വിരിച്ചാടിപ്പറന്നു-
പൂമ്പൊടി വിതറി ത്രസിപ്പിച്ചവ.


മുറിവ്
ഞാന്‍, ഇന്നൊരു മുറിവാണ്,
വാക്കിന്‍ വാള്‍ മുനകളാല്‍ നീ-
കോറിവരച്ച്; രക്തം ചിന്തിയ മുറിവ്.
അനേകം രക്തബാഷ്പങ്ങള്‍ ഉറ്റിയുറ്റിപ്പോയിരിക്കുന്നു.
നീ മാത്രം വീണ്ടും 
എന്തിനിവിടെ കട്ടപ്പിടിച്ചിരിക്കുന്നു.


മോക്ഷം:-
കുറച്ചു കനല്‍ തരൂ !!!
എരിയാന്‍ വെമ്പിനില്‍പ്പുമല്‍പ്പം
കരിയിലകളുണ്ടെന്‍- ഈ
കൊച്ചു ഹൃദയത്തുരുത്തില്‍;
പണ്ടെന്നോ, ഞെട്ടറ്റുവീണടിഞ്ഞു
കരിഞ്ഞുണങ്ങി പാകമായത് !!

..................................................................................................................

Wednesday, October 30, 2013

നെടുവീര്‍പ്പ്

എനിക്ക് മുകളില്‍,
മാനത്ത് പാറി പറക്കുന്ന പറവകള്‍
എന്നെ നോക്കി ചിരിക്കുന്നുണ്ട്.

എനിക്ക് കീഴെ, ചലിക്കുന്ന
കൂനനുറുമ്പുകളും,
ചിതലും,  ചീങ്ങയും,
പുഞ്ചിരി തൂകുന്നുണ്ട്.

കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;
മനുഷ്യരവര്‍ !!

..................................................................................