Tuesday, January 7, 2014

അസ്തമയത്തിനു മുന്നേ ...!!

എന്‍റെ,
പ്രണയത്തിന്, വേഗത
കൂടുതലാണെന്നു പറഞ്ഞ്,
ഒരു ‘വേഗപ്പൂട്ട്‌’ ഘടിപ്പിക്കാന്‍
നിര്‍ദേശിച്ചത് അവളായിരുന്നു.

മറ്റൊരിക്കല്‍,
എന്‍റെ പ്രണയം ജീവസ്സുറ്റതല്ലെന്നു പറഞ്ഞ്
സിരകളിലേക്ക് ചില ‘ഹോര്‍മോണുകള്‍’
കുത്തിവെച്ചു തന്നതും അവള്‍ തന്നെ.

പ്രണയം,
ഹൃദയങ്ങളുടെ മാത്രം ഭാഷയല്ല,
ശരീരങ്ങളുടെതു കൂടിയാണെന്നു
മനസിലാക്കിത്തരാനും
അവള്‍ക്കു തന്നെയായിരുന്നു ധൃതി.

ഒരിക്കല്‍,
പ്രണയങ്ങളില്‍ മാലിന്യങ്ങള്‍ കലരുന്നുവെന്ന്  
അവള്‍ പരിഭവിച്ചു; സംശുദ്ധമായി
പ്രണയങ്ങള്‍ സംസ്ക്കരിച്ചെടുക്കാന്‍
ഒരു ശുദ്ധീകരണശാല വേണമെന്ന ആവശ്യം
അവള്‍ ഉന്നയിച്ചതും അന്നുതന്നെയായിരുന്നു.

എന്നെങ്കിലും ഒരിക്കല്‍,
പ്രണയങ്ങള്‍ക്ക് വാര്‍ദ്ധക്യം പിടിപെടുമെന്നും
അവള്‍ ഭയപ്പെട്ടിരുന്നു.
അവയെ അകറ്റി നിര്‍ത്തുവാന്‍,
പ്രണയ വൃദ്ധഗോപുരങ്ങള്‍ പണിയിച്ചതും

അവളല്ലാതെ മറ്റാര് !

ഇടയ്ക്കെപ്പോഴോ,
അവളുടെ സ്വകാര്യ പ്രണയങ്ങളെ,
ഒരു ‘മെമ്മറി കാര്‍ഡിലാക്കി’ ഞാനറിയാതെ,
സൂക്ഷിച്ചുവെക്കാനും അവള്‍ മറന്നില്ല.

പിന്നീട്,
മൌനവും ഒരു ഭാഷയാണെന്ന്,
അവളെന്നെ പഠിപ്പിച്ചു.
ഒരിക്കലും അവസാനിക്കാത്ത,
മൌനങ്ങളുടെ അക്ഷരമാലകള്‍ എനിക്കുവേണ്ടി,
അവള്‍ പ്രത്യേകം തയ്യാറാക്കിവെച്ചു.

മറ്റൊരിക്കല്‍,
പ്രണയവേദനകള്‍ അകറ്റാനുള്ള,
വേദനസംഹാരികളെ കുറിച്ച്,
അവള്‍ വാചാലയായി.
അവയുമെപ്പോഴോ മേശവലിപ്പിനുള്ളില്‍,
സ്ഥാനംപിടിച്ചു.

ഒടുവില്‍,
എല്ലാം പിഴുതെറിഞ്ഞ്,
നടന്നകലുന്നതിനു മുന്‍പ്,
എന്‍റെ പ്രണയത്തെ ഒരു വലിയ താഴിനാല്‍,
ബന്ധിച്ചതും അവള്‍ തന്നെയായിരുന്നു.

പ്രണയങ്ങള്‍,
ബന്ധനങ്ങളില്‍ നിന്നും മുക്തമല്ലെന്ന്,
അതിനുമെപ്പോഴോ മുന്‍പ്, ഞാനറിയാതെ തന്നെ,
അവളെന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

പക്ഷേ,
ഒന്നവള്‍ മറന്നു; ഞാന്‍  
എന്‍റെ പ്രണയം രചിച്ചിരുന്ന ആ ചുവന്ന മഷിപേന.
എന്‍റെ ഹൃദയരക്തത്തോളം ചുവപ്പുവരുമതിനു !!
അതുമാത്രം കൈക്കലാക്കി മുനയൊടിച്ചു കളയാന്‍,
അവള്‍ എന്തേ മറന്നുപോയി ?

ഇനി,
അവള്‍ ബാക്കിവെച്ചുപോയ
എന്‍റെ ആ ചുവന്ന മഷിപേന;
ഞാനതില്‍ മഷി നിറയ്ക്കട്ടെ !!
അസ്തമയത്തിനു മുന്നെ,
എന്‍റെ പ്രണയം രചിക്കട്ടെ !!


ചിത്രം: കടം.

....................................End............................................

26 comments:

 1. പ്രണയം...നല്ല കവിത ആശംസകൾ.........

  ReplyDelete
 2. പ്രണയം എത്ര പാടിയാലും ഇഷ്ടം ഒന്ന് പ്രണയിക്കും വരെ പിന്നെ പ്രണയിച്ചു തീരും വരെ പിന്നെ പ്രണയം മരണം വരെ നല്ല ഒഴുക്കോടെ എഴുതി

  ReplyDelete
 3. ഭാവതീവ്രമായ വരികള്‍
  ആശംസകള്‍

  ReplyDelete
 4. ഹൃദയ രക്തത്തിന്റെ നിറമുള്ള ആ ചുവന്ന മഷിപ്പേന ഇനിയും എഴുതട്ടെ പ്രണയത്തെ ക്കുറിച്ച്

  ReplyDelete
 5. ഇനിയും ഞാനതില്‍ മഷി നിറക്കട്ടെ.
  ഇഷ്ടപ്പെട്ടു പ്രണയ കവിത.

  ReplyDelete
 6. കല്ല്യാണമല്ലേ..ഇനി ഇതുപോൽ
  കൊട്ടപ്പറ പ്രണയ ഗീതങ്ങൾ മുളപൊട്ടും...!

  ReplyDelete
 7. പ്രണയാര്‍ദ്രമായ വരികള്‍...സുന്ദരമായിട്ടുണ്ട് വരികള്‍ മുകേഷ്

  ReplyDelete
 8. മുനയൊടിയാത്തൊരു പേന അവശേഷിക്കുന്നു

  ReplyDelete
 9. നന്നായി എഴുതി

  ആശംസകള്‍

  ReplyDelete
 10. മൌനവും ഒരു ഭാഷയാണെന്ന് പഠിപ്പിക്കുന്നത്‌ ഈ സംഭവം മാത്രമാണ് എപ്പോഴും :)

  ReplyDelete
 11. ഒരിയ്ക്കലും ഉപശമനം ലഭിയ്ക്കാത്ത ശക്തമായ ഒരു അന്തര്‍ദാഹമാണ് പ്രണയം. അതിന് വേഗപ്പുട്ടിടാന്‍ തുനിയുന്നത് തികഞ്ഞ മൗഢ്യമാണ്. അതിന്റെ ശമനത്തിനായി ചില വിഢികള്‍ വിവാഹത്തെ ശിപര്‍ശ ചെയ്യുന്നു.

  ReplyDelete
 12. പ്രിയ ചന്തു സര്‍.
  നന്ദി, ആദ്യ വരവിനും, ആദ്യ അഭിപ്രായത്തിനും.
  ഇഷ്ടത്തോടെ....

  പ്രിയ ബൈജുവേട്ടന്‍,
  പ്രണയം പ്രകൃതിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, എത്ര പാടിയാലും, പറഞ്ഞാലും, അതില്‍ ജീവിച്ചാലും മതി വരാതെ, നമ്മള്‍ ഓരോരുത്തരും സ്വയം അതിനുള്ളില്‍ നാം അറിയാതെ തന്നെ അലിഞ്ഞു ചേരുന്നുണ്ട്. മരണത്തിനുമപ്പുറം സഞ്ചരിക്കുന്ന എത്രയോ പ്രണയങ്ങള്‍ ഉണ്ടിവിടെ... പ്രണയത്തിനു മരണമില്ലല്ലോ.....
  നന്ദിയോടെ, സ്നേഹത്തോടെ....

  പ്രിയ തങ്കപ്പന്‍ ചേട്ടാ...
  പ്രണയത്തിന്‍റെ വരികള്‍, വഴികള്‍ എന്നും തീവ്രമായതല്ലേ.....
  നന്ദി, സ്നേഹം...

  പ്രിയ നിധീഷ് ഭായ്,
  എന്‍റെ പ്രിയപ്പെട്ട ആ പേനയിലെ മഷി ഒരിക്കലും തീരാതിരുന്നെങ്കില്‍ !!
  നന്ദി, നല്ല വാക്കുകള്‍ക്ക്...

  പ്രിയ രാംജിഏട്ടന്‍,
  നന്ദി, ഈ നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിനു....
  സ്നേഹത്തോടെ......

  പ്രിയ മുരളിയേട്ടാ.....
  അങ്ങനെ ഒന്നുണ്ടോ.....പ്രണയം എന്നും മനസ്സില്‍ ഉണ്ടല്ലോ....
  നന്ദി.... സ്നേഹം..

  ReplyDelete
 13. പ്രണയതിന്റെ മഷിപ്പേന എന്നും നിറഞ്ഞിരിക്കട്ടെ.. അല്ലെങ്കിലും അതങ്ങനെ തന്നെയാണല്ലോ.. ല്ലേ..

  നല്ല കവിത..

  ReplyDelete
 14. പ്രണയം അത് പുറത്തേക്ക് ഗമിക്കുന്നൊരൂര്‍ജ്ജമാണ്, അതിനൊരു ഇണയില്ലാതെ തരമില്ല. അതെന്തായിരിക്കണം/ആരായിരിക്കണം/എങ്ങനെയായിരിക്കണം ഇവിടെ മാത്രമാണ് വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെടുന്നത്. അതിനിയെന്തുതന്നെയായാലും പ്രണയം ഏകാപക്ഷീയമല്ല.!

  ReplyDelete
 15. മിനി പിസിJanuary 11, 2014 at 4:53 PM

  കൊള്ളാം .

  ReplyDelete
 16. ഇഷ്ടായി ഈ പ്രണയ കവിത ..മുനയൊടിക്കാഞ്ഞത് നന്നായി ....

  ReplyDelete
 17. നല്ല ഭാവന, അവതരണം.
  ആശംസകൾ.

  ReplyDelete
 18. പ്രണയത്തിന്റെ വിവിധ തലങ്ങളെ മനോഹരമായി പകർത്തിയിരിയ്ക്കുന്നു. ഇനിയും രചിയ്ക്കൂ പ്രണയം. മുനയൊടിയാത്ത മഷിതീരാത്ത സ്നേഹത്തൂലികയാൽ. ഭാവുകങ്ങൾ.

  ReplyDelete
 19. പ്രണയത്തിന്റെ മറ്റൊരു ധ്വനി

  ReplyDelete
 20. ലളിതമായ വരികള്‍. കവിത മനോഹരമായി.

  ReplyDelete
 21. ആധുനിക പ്രണയത്തിന് 'വേഗപ്പൂട്ട്' അല്ല; 'പക്വത-പൂട്ട്‌' ആണ് വേണ്ടത്. അപക്വമായ സമീപനങ്ങളിലൂടെ എത്രയോ ഉദാത്തമായ പ്രണയങ്ങളാണ് എങ്ങുമെത്താതെ കെട്ടുപോകുന്നത്.
  വരികള്‍ ഗംഭീരം തന്നെ ഉണ്ണിയേട്ട... ആശംസകള്‍.

  സവ്യ,
  ജോര്‍ദാന്‍.

  ReplyDelete
 22. ഹൃദയരക്തം നിറച്ച ചുവന്നമഷിപ്പേന! :)

  ReplyDelete
 23. പ്രിയ സാജന്‍ ഭായ്,
  നന്ദി ഈ വായനയ്ക്ക്; നല്ല വാക്കുകള്‍ക്കു

  പ്രിയ അജിത്തെട്ടന്‍,
  എല്ലാ പ്രണയങ്ങള്‍ക്കുമോടുവില്‍ അവയുടെ തിരുശേഷിപ്പുകള്‍ ഉണ്ടാവുമല്ലോ...!!
  സ്നേഹത്തോടെ !

  പ്രിയ ഗോപിയേട്ടന്‍,
  നന്ദി; സ്നേഹം..ഈ വരവിനും വായനയ്ക്കും.

  പ്രിയ അനീഷ്‌ ഭായ്,
  പ്രണയവും മൌനവും..എപ്പോഴോ ഇണചെര്‍ന്നുപോയി ! നന്ദി. !

  പ്രിയ സുബ്രമണി സര്‍,
  വിവാഹത്തിലൂടെയും പുനര്‍ജനിക്കുന്ന പ്രണയങ്ങള്‍ ഇല്ലേ; അതിനെ മൗഢ്യമായി കാണേണ്ടതില്ലലോ. നന്ദി.

  ReplyDelete
 24. പ്രിയ മനോജ്‌ ഭായ്,
  നന്ദി, നല്ല വാക്കുകള്‍ക്കു.

  പ്രിയ നാമൂസ് ഭായ്,
  പ്രകൃതിയുടെ ഊര്‍ജ്ജമാണ് പ്രണയം എന്നുകൂടി പറയാം. അത് മനുഷ്യനിലും, മറ്റനേകം ചരാചരങ്ങളിലും എന്നെന്നും സജീവവുമാണ്. വ്യക്തിഗതമായ ഇഷ്ടങ്ങള്‍ അതില്‍ ആപേക്ഷികവും.
  നന്ദി, വിശദമായ വായനയ്ക്കും അഭിപ്രായത്തിനും.

  പ്രിയ മിനിചേച്ചി,
  നന്ദി.

  പ്രിയ അശ്വതി,
  സന്തോഷം. എല്ലാ മുനകളും ഒടിക്കാന്‍ ആരാലും ആവതല്ലല്ലോ.

  പ്രിയ ഡോക്ടര്‍,
  നന്ദി; നല്ല വാക്കുകള്‍ക്ക്.

  പ്രിയ അമ്പിളി,
  പ്രണയത്തിന്‍റെ മുനയൊടിയാത്ത മഷിപേനകള്‍ പലപ്പോഴും സജീവമാകുന്നില്ല.
  വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

  പ്രിയ ശ്രീ.
  നന്ദി. ഈ വരവിനും വായനയ്ക്കും.

  പ്രിയ സവ്യ,
  വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.

  പ്രിയ പുനര്‍ജനി,
  അതെ, ആ ഒരു പേനയില്‍ എല്ലാം ഉണ്ട്. നന്ദി !

  ReplyDelete
 25. അതെ, ആ ഒരു പേനയില്‍ എല്ലാം ഉണ്ട്. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി. ഈ വരവിനും വായനയ്ക്കും. അഭിജിത്ത്

   Delete