Sunday, February 23, 2014

‘ഒരുനാള്‍ വരും'

     
   അന്നത്തെ അവന്‍റെ ചിന്തകള്‍, ബ്ലോഗ്ഗര്‍മാരുടെ, സ്വപ്‌നങ്ങള്‍ പൂവണിയുന്ന, ഒരു കാലത്തെ കുറിച്ചായിരുന്നു. എന്നും അവജ്ഞയും അവഗണയും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടു കഴിയുന്ന താനടക്കമുള്ള ഒരു വിഭാഗത്തിന്‍റെ എങ്ങും എത്താതെയുള്ള അക്ഷരപ്രയാണത്തില്‍ കാലാനുസൃതമായി സംഭവിക്കേണ്ട മാറ്റങ്ങള്‍ പോലും അന്യം നിന്നുപോകുന്നു എന്ന വ്യഥ കുറച്ചൊന്നുമല്ല അവനെ വേട്ടയാടിക്കൊണ്ടിരിന്നത്.   അവര്‍ ഇന്ന് അവഗണനയുടെ വക്കിലാണ്; അവലംഭ ഹീനരാണ്; അവകാശ പരാശരരാണ്; വംശനാശ ഭീഷണിയിലാണ്. ആലോചനാഗര്‍ത്തത്തിലാണ്ടുപോയ അവന്‍ സ്വചിന്തകള്‍ക്ക് തീ പിടിച്ചത് പോലും അറിയാതെ പോയി. കണ്ണുകള്‍ പകലിനെ വകഞ്ഞുമാറ്റി വൃഷ്ടിപ്രദേശങ്ങള്‍ തേടി യാത്ര തുടങ്ങി.

ലക്ഷ്യങ്ങള്‍ മുറിഞ്ഞു, ദിക്കറിയാതെ നടന്നു തീര്‍ത്ത ഏതോ വഴികളില്‍, ഇടയ്ക്ക് കയറികൂടിയ അക്ഷര രശ്മികളുടെ ആകെത്തുകയായി എന്നോ പതിച്ചു കിട്ടിയ ഒരു ‘ലേബല്‍’ ആണ് ‘ബ്ലോഗ്ഗര്‍’ എന്നത്. പിന്നീട് അത് ഒരു ലഹരിയായി അവന്‍റെ ചിന്തകളിലൂടെ ഇരച്ചുകയറി. അക്ഷരകൂട്ടങ്ങളുടെ ഒരു മായാപ്രപഞ്ചത്തില്‍ ‘മോഡറേറ്റര്‍’ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആണവ റിയാക്റ്റര്‍ പോലെ അക്ഷര വികിരണങ്ങള്‍  അനര്‍ഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്നു. അന്നുതൊട്ടിന്നോളം അവന്‍ ആ ലേബല്‍ നെഞ്ചോട്‌ ചേര്‍ത്തുവെച്ചു; സ്വയം അഭിമാനിച്ചു. എങ്കിലും എവിടെയോ ആര്‍ത്തിരമ്പി നിന്ന ഒരു കടല്‍ ഇടയ്ക്കിടയ്ക്ക് വലിയ സുനാമി തിരമാലകള്‍ തന്‍റെ ഉള്ളില്‍ ഉയര്‍ത്തിവിടുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു.

സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ പോലെ ബ്ലോഗര്‍മാര്‍ക്കും വേണം ചിലതൊക്കെ; അവരും പോരാടണം, അവകാശസംരക്ഷണത്തിനു വേണ്ടി പോരാടി വീരമൃത്യു വരിക്കണം !! ചിന്തകള്‍ക്ക് ആക്കം കൂടിയത് അവന്‍ അറിഞ്ഞില്ല; കാലത്തിനുമപ്പുറം പുനര്‍ജ്ജനിക്കുന്ന ബ്ലോഗ്ഗര്‍മാരുടെതു മാത്രമായ മറ്റൊരു ലോകത്തിലേക്ക്‌ അവന്‍റെ ചിന്തകള്‍ യാത്ര തുടങ്ങി.  

അന്ന്:-

ബ്ലോഗ്ഗര്‍മാര്‍ക്ക് വേണ്ടി ഒരു ടി.വി. ചാനല്‍ സംപ്രേക്ഷണമാരംഭിക്കപ്പെടും; അതില്‍ നിന്നും ലിങ്കുകളും ബ്ലോഗ്‌ പേജുകളും മാത്രം സംപ്രേക്ഷണം ചെയ്യും. അതുവഴി അവരുടെ രചനകളും സൃഷ്ടികളും തത്സമയം കൂടുതല്‍ വായനക്കാരിലേക്ക് എത്തപ്പെടും. വായന നിര്‍ത്തിയ ചില ബ്ലോഗ്ഗര്‍മാര്‍ക്കെങ്കിലും അതൊരു സഹായവുമാകും.

ബ്ലോഗ്ഗര്‍മാരുടെ വിവരങ്ങളും, വിശേഷങ്ങളും പ്രസിദ്ധീകരിക്കാന്‍ വേണ്ടി മാത്രം ഒരു ‘ബ്ലോഗേഴ്സ് ദിനപത്രം’ ആരെങ്കിലും തുടങ്ങുമായിരിക്കും.

ബ്ലോഗ്ഗര്‍മാരുടെ കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു ‘ബ്ലോഗേര്‍സ് കോളനി’ തീര്‍ച്ചയായും ഉണ്ടാവും. കോളനിയില്‍ സൌജന്യമായി Wi.Fi-യോ ബ്രോഡ്ബാന്റ് സൌകര്യങ്ങളോ സര്‍ക്കാര്‍ ചിലവില്‍ ഏര്‍പ്പെടുത്തും.

‘ISRO’ ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ഒരു സാറ്റലൈറ്റ് നിര്‍മ്മിക്കും. ഓരോ ബ്ലോഗ്ഗെര്‍മാരുടെയും വിവരങ്ങളും ലിങ്കുകളും തദാസമയം അപ്ഡേറ്റ് ചെയ്യാന്‍ ഭൂതല നിരീക്ഷണ നിലയങ്ങളും ഉദ്യോഗസ്ഥരെയും നിയമിക്കും.

ഭൂമി കൈമാറ്റ വ്യവസ്ഥകളില്‍ പെട്ട് അലയുന്ന ബ്ലോഗ്ഗെര്‍മാരെ സഹായിക്കാന്‍ ‘ബ്ലോഗേഴ്സ് റിയല്‍ എസ്റ്റെറ്റ്’ നിര്‍ബന്ധമായും വേണം.

പ്രവാസി ബ്ലോഗ്ഗര്‍മാരുടെ യാത്ര-ദുരിതങ്ങള്‍ക്ക് പരിഹാരമായി ‘ഫ്ലൈ ബ്ലോഗേഴ്സ്’ എന്നപേരില്‍ ഒരു യാത്രാവിമാന സര്‍വീസ് അത്യാവശ്യമാണ്. ബ്ലോഗ്ഗര്‍മാരെ പിഴിയുന്ന വിമാന കമ്പനികള്‍ക്കുള്ള ഒരു താക്കീത് കൂടിയായിരിക്കണം അത്.

ബ്ലോഗ്ഗര്‍മാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ റയില്‍വേ തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. നിലവിലുള്ള വണ്ടികളില്‍ പ്രത്യേകം അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തും.  നഗരങ്ങളില്‍ ‘ബ്ലോഗേഴ്സ് മെട്രോ’ സര്‍വ്വീസും വേണ്ടിവരും.

സര്‍ക്കാര്‍/സ്വകാര്യ ബസ്സുകളില്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് പ്രത്യേകം സീറ്റുകളും, റിസര്‍വേഷനും, കണ്‍സഷനും ഉണ്ടാവും. കൂട്ടത്തില്‍ യാത്രക്കാര്‍ക്ക് ലിങ്കുകള്‍ കൈമാറ്റം ചെയ്യാനുള്ള ‘ലിങ്ക് ഓണ്‍ ട്രാവല്‍’ (Link-on-Travel) സംവിധാനവും ഏര്‍പ്പെടുത്തും.

ബിസിനസ്സില്‍ തല്‍പ്പരരായ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനായി ഒരു ‘ബ്ലോഗേര്‍സ് ബിസിനസ് സെന്റര്‍’ എന്തായാലും വേണം.

‘ടെക്കികളായ’ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനും, ഏതൊരു സാമ്പത്തിക പ്രതിസന്ധിയിലും ജോലിസ്ഥിരത ഉറപ്പുവരുത്തന്നതുമായ ഒരു ‘ബ്ലോഗേര്‍സ് ഐ.ടി പാര്‍ക്ക്‌’ ഉണ്ടാവുമായിരിക്കും !

ബ്ലോഗ്ഗെര്‍മാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ‘ബ്ലോഗേഴ്സ് സ്കൂളുകള്‍ ജില്ലകള്‍ തോറും ഉണ്ടാവണം; അവിടെ കുട്ടികള്‍ക്ക് സൗജന്യമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. ക്രമേണ കോളേജുകളും ഉപരി പഠനത്തിനുള്ള സാഹചര്യങ്ങളും കൂടി ഏര്‍പ്പെടുത്തണം.

ഒരു ‘ലിങ്ക്’ എങ്കിലും സ്വന്തമായുള്ള എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നല്‍കുമായിരിക്കും !

അന്താരാഷ്‌ട്ര തലത്തില്‍ ബ്ലോഗ്ഗെര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും അവകാശസംരക്ഷണത്തിനും വേണ്ടി ‘ഇന്‍റര്‍നാഷണല്‍ ബ്ലോഗേര്‍സ് ഫോറം’ രൂപവല്‍ക്കരിക്കും.

‘പോസ്റ്റ്‌ കള്ളന്മാരെ’ പിടികൂടാന്‍ ‘ബൂലോക പോലീസ് സേന’ രൂപവല്‍ക്കരിക്കേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചിരിക്കുന്നു. കള്ളന്മാരുടെ രൂക്ഷമായ ശല്യം കാരണം അടച്ചുപൂട്ടിയ ബ്ലോഗ്ഗുകള്‍ എത്രയാണ്.! സേനയുടെ ‘ചിഹ്നം’ പതിച്ച എല്ലാ ബ്ലോഗ്ഗുകളിലും അവരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന നടപടികളും എത്രയും വേഗം ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു ‘ബൂലോക കോടതിയും’ അത്യന്താപേക്ഷികം തന്നെ. അത്രയ്ക്കുണ്ടല്ലോ !!

അവശത അനുഭവിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു കൈത്താങ്ങായി ‘ബ്ലോഗേഴ്സ് സഹായ നിധി’ ഉണ്ടാവണം. അത് കൈകാര്യം ചെയ്യാന്‍ ‘മുങ്ങല്‍ വിദഗ്ദരല്ലാത്ത’ ഏതെങ്കിലും ബ്ലോഗ്ഗര്‍മാരെ തന്നെ ഏല്‍പ്പിക്കണം !!

അന്ന് ബ്ലോഗ്ഗേര്‍സിനു വേണ്ടി, സര്‍ക്കാര്‍ തലത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. തൊണ്ണൂറു വയസ്സിനു മുകളില്‍ പ്രായമായ എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും മാസാമാസം നിശ്ചിത തുക ജീവനാംശ പെന്‍ഷന്‍ ആയി നല്‍കപ്പെടും.

ബ്ലോഗ്ഗര്‍മാരുടെ വിവാഹങ്ങള്‍ മംഗളകരമായി നടത്തികൊടുക്കാന്‍ ‘ബ്ലോഗേഴ്സ് മാട്രിമോണി’ സര്‍വ്വീസും അഭികാമ്യം തന്നെ !

മദ്യപാന്‍മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് അത്താണിയായി ‘ബ്ലോഗ്ഗേര്‍സ് ബാര്‍’ പഞ്ചായത്തുകള്‍ തോറും തുടങ്ങാനുള്ള പദ്ധതി, പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പില്‍വരുത്തും.

അന്ന്, ഏതൊക്കെ വയലുകള്‍ നികത്തിയിട്ടായാലും, ഏതൊക്കെ കുന്നുകള്‍ ഇടിച്ചു നിരത്തിയിട്ടായാലും, ഇനി അതല്ല, അറബികടലിന്‍റെ ഒരു ഭാഗം വറ്റിച്ചിട്ടായാലും, പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് സ്വസ്ഥമായി വന്നിറങ്ങാന്‍ ജില്ലകള്‍ തോറും ഓരോ കൊച്ചു വിമാനത്താവളങ്ങള്‍ നിര്‍ബന്ധമായും വേണം.

മരണമടയുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക്, ഇടയ്ക്കുള്ള ‘ചെക്ക് പോസ്റ്റുകളില്‍’ ഒന്നും കുടുങ്ങാതെ ഭൂമിയില്‍ നിന്നും നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ ഒരു പ്രത്യേക ഇടനാഴിയും പ്രവേശന വാതിലും ഉണ്ടാവുമായിരിക്കും. അവിടെ ഓരോ ബ്ലോഗ്ഗറേയും കാത്ത് സുന്ദരികളായ മാലാഖമാര്‍ കാത്തുനില്‍ക്കുന്നുണ്ടാവും.

................................................................

തീ പിടിച്ച ചിന്തകളില്‍ നിന്നും മടങ്ങിവന്ന അവന്‍റെ നെഞ്ചിനുള്ളില്‍ ഒരു പിടച്ചില്‍അനുഭവപ്പെട്ടത് പെട്ടന്നായിരുന്നു. തന്‍റെ സ്വപ്‌നങ്ങള്‍ ഒരിക്കലും പ്രാവര്‍ത്തികമാകില്ല എന്ന തിരിച്ചറിവ് ഹൃദയഭിത്തികളെ തകര്‍ത്തു കളഞ്ഞത് അവന്‍ പോലും അറിഞ്ഞില്ല. മൂകമായി മരണത്തെ പുല്‍കിയ ഒരു ‘ബ്ലോഗാത്മാവ്’ ശരീരം വിട്ടൊഴിഞ്ഞു ആകാശ സീമകള്‍ ലംഘിച്ചു, സ്വര്‍ഗ്ഗലോകം തേടി യാത്ര തുടങ്ങി. അരുണ കിരണങ്ങള്‍ വെളിച്ചം തൂകിയ നീലാകാശ വീഥികളില്‍ പാറിനടന്ന ആ ബ്ലോഗാത്മാവിന് തൂവെള്ള വസ്ത്രധാരികളായ മാലാഖമാര്‍ വഴികാട്ടികളായി. ഒടുക്കം വെണ്ണക്കല്ശിലകളാല്‍ തീര്‍ത്ത, പൂക്കളും വര്‍ണ്ണകൊടിതോരണങ്ങളും കൊണ്ടലങ്കരിച്ച ഒരു വലിയ ഗോപുര വാതിലിന്‍റെ മുന്നില്‍ ആ യാത്ര ചെന്നവസാനിച്ചു. അതിനു മുകളിലായി വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

‘ബ്ലോഗേഴ്സ് ഒണ്‍ലി’ ..... ’ബ്ലോഗ്ഗര്‍മാര്‍ മാത്രം’ .... !!!


--End--


Tuesday, January 7, 2014

അസ്തമയത്തിനു മുന്നേ ...!!

എന്‍റെ,
പ്രണയത്തിന്, വേഗത
കൂടുതലാണെന്നു പറഞ്ഞ്,
ഒരു ‘വേഗപ്പൂട്ട്‌’ ഘടിപ്പിക്കാന്‍
നിര്‍ദേശിച്ചത് അവളായിരുന്നു.

മറ്റൊരിക്കല്‍,
എന്‍റെ പ്രണയം ജീവസ്സുറ്റതല്ലെന്നു പറഞ്ഞ്
സിരകളിലേക്ക് ചില ‘ഹോര്‍മോണുകള്‍’
കുത്തിവെച്ചു തന്നതും അവള്‍ തന്നെ.

പ്രണയം,
ഹൃദയങ്ങളുടെ മാത്രം ഭാഷയല്ല,
ശരീരങ്ങളുടെതു കൂടിയാണെന്നു
മനസിലാക്കിത്തരാനും
അവള്‍ക്കു തന്നെയായിരുന്നു ധൃതി.

ഒരിക്കല്‍,
പ്രണയങ്ങളില്‍ മാലിന്യങ്ങള്‍ കലരുന്നുവെന്ന്  
അവള്‍ പരിഭവിച്ചു; സംശുദ്ധമായി
പ്രണയങ്ങള്‍ സംസ്ക്കരിച്ചെടുക്കാന്‍
ഒരു ശുദ്ധീകരണശാല വേണമെന്ന ആവശ്യം
അവള്‍ ഉന്നയിച്ചതും അന്നുതന്നെയായിരുന്നു.

എന്നെങ്കിലും ഒരിക്കല്‍,
പ്രണയങ്ങള്‍ക്ക് വാര്‍ദ്ധക്യം പിടിപെടുമെന്നും
അവള്‍ ഭയപ്പെട്ടിരുന്നു.
അവയെ അകറ്റി നിര്‍ത്തുവാന്‍,
പ്രണയ വൃദ്ധഗോപുരങ്ങള്‍ പണിയിച്ചതും

അവളല്ലാതെ മറ്റാര് !

ഇടയ്ക്കെപ്പോഴോ,
അവളുടെ സ്വകാര്യ പ്രണയങ്ങളെ,
ഒരു ‘മെമ്മറി കാര്‍ഡിലാക്കി’ ഞാനറിയാതെ,
സൂക്ഷിച്ചുവെക്കാനും അവള്‍ മറന്നില്ല.

പിന്നീട്,
മൌനവും ഒരു ഭാഷയാണെന്ന്,
അവളെന്നെ പഠിപ്പിച്ചു.
ഒരിക്കലും അവസാനിക്കാത്ത,
മൌനങ്ങളുടെ അക്ഷരമാലകള്‍ എനിക്കുവേണ്ടി,
അവള്‍ പ്രത്യേകം തയ്യാറാക്കിവെച്ചു.

മറ്റൊരിക്കല്‍,
പ്രണയവേദനകള്‍ അകറ്റാനുള്ള,
വേദനസംഹാരികളെ കുറിച്ച്,
അവള്‍ വാചാലയായി.
അവയുമെപ്പോഴോ മേശവലിപ്പിനുള്ളില്‍,
സ്ഥാനംപിടിച്ചു.

ഒടുവില്‍,
എല്ലാം പിഴുതെറിഞ്ഞ്,
നടന്നകലുന്നതിനു മുന്‍പ്,
എന്‍റെ പ്രണയത്തെ ഒരു വലിയ താഴിനാല്‍,
ബന്ധിച്ചതും അവള്‍ തന്നെയായിരുന്നു.

പ്രണയങ്ങള്‍,
ബന്ധനങ്ങളില്‍ നിന്നും മുക്തമല്ലെന്ന്,
അതിനുമെപ്പോഴോ മുന്‍പ്, ഞാനറിയാതെ തന്നെ,
അവളെന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

പക്ഷേ,
ഒന്നവള്‍ മറന്നു; ഞാന്‍  
എന്‍റെ പ്രണയം രചിച്ചിരുന്ന ആ ചുവന്ന മഷിപേന.
എന്‍റെ ഹൃദയരക്തത്തോളം ചുവപ്പുവരുമതിനു !!
അതുമാത്രം കൈക്കലാക്കി മുനയൊടിച്ചു കളയാന്‍,
അവള്‍ എന്തേ മറന്നുപോയി ?

ഇനി,
അവള്‍ ബാക്കിവെച്ചുപോയ
എന്‍റെ ആ ചുവന്ന മഷിപേന;
ഞാനതില്‍ മഷി നിറയ്ക്കട്ടെ !!
അസ്തമയത്തിനു മുന്നെ,
എന്‍റെ പ്രണയം രചിക്കട്ടെ !!


ചിത്രം: കടം.

....................................End............................................

Wednesday, January 1, 2014

ന്യൂ ഇയര്‍; ന്യൂ ലൈഫ് !!

വിടപറഞ്ഞു പോകുന്നതിനു മുന്‍പ് 2013-നല്‍കിയ ഏറ്റവും വലിയ സന്തോഷം, പ്രിയ കൂട്ടുകാരോട് കൂടി ഈ പുതുവര്‍ഷാരംഭതില്‍ പങ്കുവെക്കുന്നു !!

Got Engaged On 27-12-2013 എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!

.................................................................................................