Tuesday, July 30, 2013

പരിണാമത്തിലേക്ക് !

           (മിനികഥ) 

      ദൈവം അഗാധമായ ചിന്തയിലായിരുന്നു. മനുഷ്യരുടെ അടുത്ത തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്ത  തലച്ചോറിനെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഭൂമിയിലേക്ക്‌ നോക്കുമ്പോള്‍ ഒരു സമാധാനവുമില്ല; തലങ്ങും വിലങ്ങും ആക്രാന്തപ്പെട്ടു പായുന്ന മനുഷ്യജന്മങ്ങള്‍; അവരുടെ ദുഷ്പ്രവര്‍ത്തികള്‍; ചതി, വഞ്ചന, മാറാവ്യാധികള്‍, പ്രകൃതിചൂഷണം, പ്രതിദിനം എന്നപോലെ ദേവലോകത്തേക്ക് ഭൂമിയില്‍ നിന്നും വരുന്ന കൂര്‍ത്ത മുനകളുള്ള കൂറ്റന്‍ നിരീക്ഷണ യന്ത്രങ്ങള്‍; അവയുണ്ടാക്കുന്ന തടസ്സങ്ങള്‍, അങ്ങനെ നീണ്ടു പട്ടിക. എല്ലാം കൊണ്ടും ദുസ്സഹമായിരിക്കുന്നു ജീവിതം. ‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.


ദൈവം വ്യാകുലചിത്തനായി !

അടുത്ത് വിളിച്ചുകൂട്ടിയ ദേവലോക സഭയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വന്നില്ല. ഭൂമിയിലേക്കയച്ച  അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പുണ്യഗംഗയിലെ പ്രളയത്തില്‍ ഒലിച്ചുപോയി, കാലസമക്ഷം തിരിച്ചെത്തി. അതിനുമുന്നേ പോയവരെ ആരോ കൈവിഷം കൊടുത്ത് മയക്കി, റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കപ്പെട്ടു. കൂടെ അയച്ച സാരഥിയെ ഭൂമിയില്‍ തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി നോക്കുകുത്തിപോലെ മുന്നില്‍ നില്‍ക്കുന്നു !!

ഒരു പരിഹാരം ഉടനെ കാണണം; ഭൂമിയിലെ ഇപ്പോഴത്തെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ രീതിയില്‍ എല്ലാം പു:നസൃഷ്ടിക്കണം.

ആലോചനാനിമഗ്നനായ ദൈവത്തിന്‍റെ ബോധമനസ്സിലേക്ക് പലതരം ഐടിയകള്‍ കടന്നുവന്നു !!!

#  എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.

സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.

പുരുഷന് കാമാസക്തി കുറഞ്ഞ ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.

മരങ്ങള്‍ പു:ന സൃഷ്ടിക്കണം; ഇരുമ്പ് മഴുവിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവ.

മണലുകള്‍ അടിയാത്ത പുഴകള്‍ സൃഷ്ടിക്കണം.

മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്. പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

‘കൂടംകുളത്തെ’ ജനങ്ങളെ ‘യുറേനിയം-ആണവ’ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റണം.

വെള്ളത്തിന്‍റെ രാസഘടനയില്‍ മാറ്റം വരുത്തണം;
മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം; ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.
ഭൂഖണ്ടങ്ങളെ ഇനിയും വിഭജിക്കണം; സമുദ്രങ്ങളുടെ ആഴം കൂട്ടണം.

എവറസ്റ്റ് കൊടുമുടിയെ ഒരഗ്നി പര്‍വ്വതമാക്കണം; അത് പൊട്ടിച്ചിതറി ലാവകളൊഴുകണം

ചോരയുടെ നിറം പച്ചയാക്കണം; മനുഷ്യരുടെ ചോരത്തിളപ്പ് കുറയ്ക്കണം.
ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം. മനുഷ്യന്‍ അവയെ ഭയക്കണം.

മണ്മറഞ്ഞു പോയ ദിനോസറുകളെ പു:നസൃഷ്ടിക്കണം.
കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
മനുഷ്യന് ഇനിയും ഒരു പരിണാമം കണ്ടത്തേണ്ടിവരും !!  

ദൈവത്തിന്‍റെ ചിന്തകള്‍ കാടുകയറി !!

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കുരുക്കഴിക്കാന്‍, അവസാനമായി ദൈവം കാലനെ സമീപിക്കാന്‍ തീരുമാനിച്ചു.

കാലന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു; കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഇങ്ങനെ മൊഴിഞ്ഞു.

“മനുഷ്യരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കാം; അപ്പോള്‍ എല്ലാത്തിനും ഒരു പരിഹാരമാവും”

കേട്ടപ്പോള്‍ ദൈവത്തിനും അത് ശരിയാണെന്ന് തോന്നി. തല്ക്കാലം അതേയുള്ളൂ വഴി, മാത്രമല്ല സര്‍വ്വപോരായ്മകളും പരിഹരിച്ച്, മാലിന്യമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.

തിരച്ചു പോകുന്നതിനു മുന്‍പ് മനുഷ്യരുടെ ആയുസ്സ് എത്രയില്‍ നിര്‍ത്താം എന്ന കാലന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി, അത് കാലന്‍റെ തന്നെ മനോധര്‍മ്മത്തിനനുസരിച്ചു ചെയ്തു കൊള്ളാന്‍ ദൈവം അനുവാദം നല്‍കി.

ബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍ തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.

അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !! 


Friday, July 5, 2013

Central Monitoring System (CMS) ആശങ്കകള്‍ അവസാനിക്കുന്നില്ല;

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഓരോ പൌരന്‍റെയും നിഷേധിക്കപ്പെടുന്ന ‘സ്വാതന്ത്യ്രത്തിന്‍റെയും പൌരാവകാശത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാനിരിക്കുന്ന സെന്‍ട്രല്‍ മോണിട്ടരിംഗ് സിസ്റ്റം അഥവാ CMS എന്ന തലയ്ക്കു മുകളിലെ ‘വാള്‍’. പേരില്‍ നിന്നു തന്നെ മനസിലാക്കാം നിരീക്ഷണമാണ് ഉദേശമെന്ന്. ‘ബിഗ്‌ ബ്രദര്‍’ (Big Brother); അങ്ങനെയാണ് ഓമനപ്പേര്.  വ്യക്തമായ ധാരണ ഇല്ലായ്മയോ, അല്ലെങ്കില്‍ പിന്നണിയില്‍ അവരുടെ കൂടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് കൊണ്ടോ എന്തോ, രാഷ്ട്രീയതലത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി കാണുന്നില്ല. അല്ലെങ്കിലും സൈബര്‍ നിയമ ബേധഗതികളും പരിഷ്കാരങ്ങളും ചര്‍ച്ചയ്ക്കു പോലും വെക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിച്ച ചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ മണിമാളികയില്‍ ഈയ്യടുത്ത കാലത്ത് പോലും കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഈ കാര്യത്തിലും പുതുമകള്‍ ഒന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ല.


എന്താണ് CMS എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ?
ഇന്ത്യ ഗവന്‍മെന്‍റ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ഒരു സൈബര്‍-ഇലക്ട്രോണിക് നിരീക്ഷണ സംവിധാനമാണ് CMS എന്ന് ചുരുക്കിപ്പറയാം. അതായത്; വ്യക്തികള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍, ചാറ്റ്, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍, ഓരോരുത്തരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, സൌഹൃത സംഭാഷങ്ങള്‍, എന്തിനേറെ പറയുന്നു, മൊബൈല്‍, ടെലെഫോണ്‍ സംഭാഷണങ്ങള്‍, ഫാക്സുകള്‍, ബാങ്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണം, എന്നുവേണ്ട ഇലക്ട്രോണിക് മീഡിയയുമായി ബന്ധപ്പെട്ട സകലമാന വിവരങ്ങളും, യാതൊരുപാധികളുമില്ലാതെ ശേഖരിക്കാനും പരിശോധിക്കാനും GOVT അല്ലെങ്കില്‍ GOVT  നിയമിത സ്വകാര്യ ഏജന്‍സികള്‍ളെ പ്രാപ്തരാക്കുന്ന ഒരു പ്രത്യേകതരം സംവിധാനമാണ് CMS-ലൂടെ ഉദേശിക്കുന്നത്. എന്നുവെച്ചാല്‍ സൈബര്‍ നിയമലംഘനങ്ങള്‍ ഞൊടിയിടക്കുള്ളില്‍ കണ്ടുപിടിക്കപ്പെടുകയും കുറ്റക്കാര്‍ക്ക് ഉടനടി തക്കതായ ശിക്ഷ നല്‍കുകയും ചെയ്യാം എന്ന് സര്‍ക്കാര്‍ വീക്ഷിക്കുന്നു.

കേരളം, കര്‍ണാടക, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍ ഗവര്‍മെന്റ് നിയന്ത്രണത്തിലുള്ള C-dot എന്ന സ്ഥാപനമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്, സഹായത്തിന് കേരള പോലീസുമുണ്ടാകും.  ദേശീയ തലത്തില്‍, ഗവന്‍മെന്‍റ് നിയന്ത്രണത്തിലുള്ള Telecom Enforcement, Resource and Monitoring (TREM) വിഭാഗവും, Centre for Development of Telematics (C-DoT) വിഭാഗവുമാണ് വിവരങ്ങളെ ഏകോപിപ്പിക്കുന്നത്. Intelligence Bureau-യ്ക്കാണ് ശേഖരിച്ച വിവരങ്ങളെ പരിശോധിക്കാനുള്ള ചുമതല. അത് കൂടാതെ, Research and Analysis Wing (R&AW), Central Bureau of Investigation (CBI), National Investigation Agency (NIA), Central Board of Direct Taxes (CBDT), Narcotics Control Bureau(NCB), Enforcement Directorate (ED) എന്നീ വിഭാഗങ്ങള്‍ക്കും വിവരങ്ങള്‍ ഏതുസമയത്തും പരിശോധിക്കുള്ള സ്വാതന്ത്ര്യവുമുണ്ട്. മുംബൈ പോലീസ്സില്‍ ഇതിനു മുന്നോടിയായി ഫേസ്ബുക്കും ട്വിട്ടെറും മാത്രം നിരീക്ഷിക്കാന്‍ ‘സോഷ്യല്‍ മീഡിയ ലാബ്‌’ എന്ന ഒരു വിഭാഗം തന്നെ തുടങ്ങിയതായി അറിയുന്നു. 20 പോലീസ്സുകാര്‍ അടങ്ങുന്ന ഒരു സംഘം 24x7 ഈ രണ്ടു സൈറ്റുകളിലും എന്തുസംഭവിക്കുന്നു എന്ന് മാത്രം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്രേ. !! എന്തിനു വേണ്ടി ?  അത്ര എളുപ്പമല്ലാത്തതും, ചിലവേറിയതുമായ CMS എന്ന ഈ ‘നിരീക്ഷണപ്പറവയുടെ’ ഇപ്പോഴത്തെ യഥാര്‍ത്ഥ ആവശ്യം, അത് നടപ്പിലാക്കുന്നവര്‍ക്ക് പോലും അറിയില്ല എന്നത് പരമമായ സത്യം.

പരമ്പരാഗത എഴുത്തുകുത്ത് രീതികള്‍ കാലഹരണപ്പെട്ട ഇക്കാലത്ത്, വ്യക്തിബന്ധങ്ങള്‍ കൂടുതലും നിലനില്‍ക്കുന്നത് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ദിവസേന എണ്ണമറ്റ സന്ദേശങ്ങളാണ് മൊബൈല്‍ ഫോണുകള്‍ വഴി കൈമാറപ്പെടുന്നത്. ഇമെയിലുകള്‍ വഴിയും, ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വഴിയും ആശയവിനിമയങ്ങള്‍ ഒരുപാട് നടക്കുന്നു. ഇതില്‍ കൂടുതലും സ്വകാര്യസന്ദേശങ്ങളാണ് എന്നുവേണം കരുതാന്‍. ഇത്തരത്തിലുള്ള എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കപ്പെടുമ്പോള്‍, ഒരു വ്യക്തിയുടെ സ്വകാര്യത എന്ന വാക്കിന് തന്നെ പ്രസക്തിയില്ലാതാവുന്നു. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. 
ഓരോ വ്യക്തിയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഇതിന്‍റെ പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എന്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു ?
സ്വകാര്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ നിരീക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്താകില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാകും ?
നിയമ ലംഘനമായി കണക്കാക്കപ്പെടുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണ്?
എത്രകാലം ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെടും ?
ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അജ്ഞാതമായി നിലകൊള്ളുന്ന ഒരവസരത്തിലാണ്, വെമ്പല്‍കൊണ്ട് ഈ സംവിധാനം നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് നിസ്സംശയം അനുമാനിക്കാം. ഒരാളുടെ സ്വകാര്യത വെളിപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ മറ്റൊരിടത്ത് നിന്ന്കൊണ്ട് വേറൊരാള്‍ കേള്‍ക്കാനിടയായാല്‍, എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?  ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്.

രാജ്യസുരക്ഷയുടെ മറവ്:
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ ഭീകരവാദവും, അതിന്‍റെ സന്തതിപരമ്പരകളും, ഇന്റര്‍നെറ്റിനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരായുധമാക്കി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്തര്‍ദേശീയതലത്തില്‍ CMS പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തണം എന്ന ഒരു പൊതു വികാരവും കൂടി ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക, റഷ്യ, ജപ്പാന്‍, അടക്കമുള്ള വമ്പന്‍ ശക്തികള്‍ ഇതിനകം തന്നെ നടപ്പില്‍ വരുത്തുകയും ചെയ്തു. എങ്കിലും ഭീകരവാദികളെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ‘മണല്‍ തരികള്‍ക്കിടയില്‍ കടുകുമണികല്‍ തേടുന്ന’ പ്രതീതിയാണ് അത് ജനിപ്പിക്കുന്നത്. രാഷ്ട്രീയമായുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തില്ല എന്ന് ചിന്തിക്കാതിരിക്കാനും കഴിയില്ല. അനുദിനം വഷളായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍, പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയും നിരവധി എതിരഭിപ്രായങ്ങള്‍ സോഷ്യല്‍ സൈറ്റുകള്‍ വഴി ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടും എന്നത് എക്കാലത്തും സര്‍ക്കാരിന്‍റെ പൊതു അജണ്ടകളില്‍ ഒന്നായിരുന്നു. ഈയടുത്ത കാലത്ത് ബാല്‍ താക്കറയുടെ മരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവവും, സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയ യുവതിക്കെതിരെ ബംഗാളില്‍ കേസെടുത്ത സംഭവവും ദേശീയ ശ്രദ്ധനേടിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തീവ്രവാദം മാത്രമാണ് ഈ ഒരു ആശയത്തിന്‍റെ പിന്നില്‍ എന്ന് നോക്കിക്കാണുവാന്‍ കഴിയാതെവരുന്നു. തത്വത്തില്‍ ജനങ്ങളുടെ ‘വായടപ്പിക്കുക’ എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പേരിന് രാജ്യസുരക്ഷയെന്ന മേമ്പൊടി കൂടി ചേര്‍ത്താല്‍ കാര്യങ്ങള്‍ ശുഭപര്യവസാനിക്കും. ഏതോ ചാണക്യ കുടില തന്ത്രജ്ഞന്‍റെ ബുദ്ധിയിലുദിച്ച ആശയം; ഗംഭീരം. !! ഇതിലും നല്ലത് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളെല്ലാം മരവിപ്പിച്ച് പഴയകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുന്നതാണ്. പഴയ കത്തുകളും, എഴുത്താണി ഓലകളും സര്‍ക്കാര്‍ ആപ്പീസുകള്‍ വഴി വിതരണം ചെയ്യട്ടെ; രാജ്യം സുരക്ഷിതമാവട്ടെ !!!

എന്തുതന്നെയായാലും പൌരാവകാശങ്ങളും ജാനാധിപത്യ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ തന്നെ അപര്യാപ്തമായ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ CMS എന്ന ഒരു വ്യക്തതയുമില്ലാത്ത നിരീക്ഷണ സംവിധാനം തെറ്റായദിശയിലേക്കുള്ള ഒരെടുത്തുചാട്ടമായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.  രാജ്യം സുരക്ഷിതമാവണം എന്ന ഒറ്റ കാരണത്താല്‍ സ്വന്തം ജീവിതാവകാശങ്ങളും സ്വകാര്യതയും പണയപ്പെടുത്തേണ്ട ഭീകരമായ അവസ്ഥയാണ് വരാന്‍ പോകുന്നത്.  വ്യക്തമായ ദിശാബോധവും ധാരണകളുമില്ലാതെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ ജനങ്ങളുടെ സ്വൈര്യമായ ജീവിതരീതികളെ തകിടംമറിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് നിസ്സംശയം പ്രതിപാധിക്കാം

(CMS-നെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട വകുപ്പു മന്ത്രിയെയും തലവന്‍മാരെയും താഴെകൊടുത്ത വിലാസത്തില്‍ അറിയിക്കാവുന്നതാണ്.)

Kapil Sibal,
Minister of Communications and Information Technology
Office Address:         107, 1st Floor, Sanchar Bhawan
Office Phone: +91-11-23739191,  +91-11-23372177
FAX: 011-23372428
E-MAIL: kapilsibal@hotmail.com, meethrm@yahoo.com

MF Farooqui
Chairman, Telecom Commission
Office Address:210, Sanchar Bhawan, Delhi
Office Phone:+91-11-23719898
FAX:+91-11-23711514
E-MAIL:secy-dot@nic.in

Rita Teotia
Additional Secretary
Phone:  +91-11-23717300
FAX:+91-11-23350945
E-MAIL: ast-dot@nic.in

Ram Yagya
Operations Advisor
Phone:+91-11-23036685
FAX: +91-11-23372184
E-MAIL: advo-dot@nic.in

R.K. Bhatnagar
Technology Advisor
Phone:+91-11-23718460
FAX:+91-11-23329525
E-MAIL: advt-dot@nic.in

Ram Narain
Deputy Director General-Security
Phone:+91-11-23716666
FAX:+91-11-23346161
E-MAIL: ramnarain@hotmail.com
CMS-നെതിരെ അണിചേരാന്‍ ഈ ലിങ്കില്‍ ഒരു Petition ലോഗ് ചെയ്യുക; ഇന്നുതന്നെ.