ഇന്നലെ
‘മെയ് ദിനം’ (May Day) അറിയാതെ കടന്നുപോയി. പതിവു പോലെ തന്നെ ഓഫീസ്സ്, സൈറ്റ്,
ജോലി, ടെന്‍ഷന്‍;...അങ്ങനെ നീളുന്ന ദിവസചിട്ടകള്‍, ഒരു മാറ്റവുമില്ല. ആദ്യമായിട്ടാണ്
‘തൊഴിലാളി ദിനത്തില്‍’ പണിയെടുക്കുന്നത്. നാട്ടിലാണെങ്കില്‍ ഒരവധി ദിവസം, വീട്ടില്‍
സ്വസ്ഥമായിരുന്നു ഉറങ്ങി, യഥാസമയങ്ങളില്‍ ഭക്ഷണം കഴിച്ചു, ടി.വി.യിലെ സിനിമയും
കണ്ടു, രസിച്ചുകഴിയേണ്ട ഒരു ദിവസം. ബംഗ്ലൂരില്‍ ആണെങ്കില്‍, 11-മണിക്ക്
എഴുന്നേറ്റ്, വണ്ടിയുമെടുത്ത് ചെറിയ ഒരു കറക്കം, ലാല്‍ബാഗ്, മെജസ്റ്റിക്ക്,
മന്ത്രി മാള്‍, വഴി ചുറ്റിത്തിരിഞ്ഞ്, വൈകിട്ടോടെ റൂമിലേക്ക്. പക്ഷെ ഇവിടെയിന്നു,
സാധാരണ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ജോലി ചെയ്തപോലെ തോന്നി. തലെദിവസം
ഓഫീസ്സ് വിട്ടു റൂമിലേക്ക് പോകുന്ന വഴിയില്‍ വണ്ടിയില്‍ വച്ച് ബോസ്സിനെ ഒന്നോര്‍മ്മിപ്പിച്ചു.
“Sir, tomorrow
is May Day” അഥവാ ചുളുവില്‍ ഒരു ലീവ് കിട്ടിയാലോ !! “So what.....”
ബോസ്സിന്‍റെ മറുപടി. “Sir, it is international day for labors, we should
not do any work…..” ഞാന്‍ എന്‍റെ പ്രസംഗം തുടര്‍ന്നു. എല്ലാം
കേട്ടുകഴിഞ്ഞ ശേഷം ബോസ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു; “Mukesh…you are in
Saudi Arabia, not in India” ദേഷ്യത്തോടെ; എല്ലാം മനസ്സിലായി
എന്നമട്ടില്‍ ഞാന്‍ ഒന്നമര്‍ത്തി മൂളി. “Sir, I am a communist, I can’t do
work tomorrow” എന്നുപറയാന്‍ വന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല.
അപ്പോഴാണ് ഞാനും അക്കാര്യം ശരിക്കും ഓര്‍ത്തത് ‘ഓ ഞാനിപ്പോള്‍ സൗദി അറേബ്യ-യില്‍
ആണല്ലോ’, ഇവിടെയെന്തു ലേബര്‍ ഡേ, എന്തു മെയ് ദിനം !! സ്വന്തമായി തൊഴിലാളികള്‍
ഉള്ള രാജ്യത്തിനല്ലേ അങ്ങനെ ഒരു ദിവസത്തിന്‍റെ ആവശ്യമുള്ളൂ !! ഞാന്‍ ഉള്‍പ്പെടെയുള്ള
ഇന്ത്യക്കാരനും, ബംഗ്ലാദേശിയും, പാക്കിസ്ഥാന്‍കാരനും, ഫിലിപ്പീനിയുമൊക്കെയാണ്
ഇവിടുത്തെ തൊഴിലാളി വര്‍ഗ്ഗങ്ങള്‍. അവരില്‍ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്.
ഒരു ദിവസം ഇവിടെ കിട്ടുന്ന വേതനവും, അതു ഇന്ത്യയുടെ രൂപയുമായി ഗുണിച്ചു കിട്ടുന്ന
തുകയെ വീണ്ടും സ്വന്തം കടബാധ്യതകള്‍ കൊണ്ട് ഹരിച്ച്, ബാക്കി വരുന്ന തുച്ചമായ ശിഷ്ടകണക്കുകളെ കുറിച്ചോര്‍ത്താല്‍ ലീവ് എടുക്കുന്നത് പോയിട്ട്,
സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും പറ്റാത്തവരാണ് മിക്കവാറും എല്ലാ തൊഴിലാളികളും.
വെള്ളിയാഴ്ച തന്നെ ലീവെടുക്കുന്നത് ഇവിടുത്തെ നിയമം അനുവദിക്കാത്തതു
കൊണ്ടുമാത്രമാണ്. എങ്കില്‍ പോലും വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് പണിയെടുക്കുന്ന
ചിലരെയെങ്കിലും കാണാറുണ്ട്. അങ്ങനെയുള്ള സൗദി അറേബ്യയില്‍ മെയ് ദിനത്തെകുറിച്ചു
ചിന്തിച്ചത് പോലും തെറ്റായിപോയി എന്നെനിക്കു തോന്നി. ഞാന്‍ എന്‍റെ ഉള്ളിലെ
കമ്മ്യൂണിസ്റ്റുകാരനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.
ഇപ്രാവശ്യത്തെ
തൊഴിലാളി ദിനം മറ്റൊന്നുകൂടി സൗദിയിലെ വിദേശികളെ ഓര്‍മ്മപ്പെടുത്തുന്നു. മൂന്നു മാസത്തെ
താല്‍ക്കാലിക നിര്‍ത്തലാക്കലിനു ശേഷം നടപ്പിലാവാന്‍ പോകുന്ന ‘നിതാഖത്’ എന്ന
നിയമനടപടിയെ. കുറേപേര്‍ മൂന്നുമാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ ഇതിനകം തന്നെ
തയ്യാറായി കഴിഞ്ഞു. വലിയ തുക വിസയ്ക്കു വേണ്ടി ഏജെന്‍സികള്‍ക്കു കൊടുത്തു
വന്നവരാണ് ഇവരില്‍ പലരും. പലതുറകളില്‍ നിന്നുള്ളവര്‍ ‘നിതാഖത്’-ന്‍റെ കാലാവധി
നീട്ടാന്‍ വേണ്ടി ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും, സൗദിയെ
സംബന്ധിച്ചിടത്തോളം രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുള്ള ഒരു തീരുമാനം മാത്രമേ
അന്തിമമായി ഉണ്ടാകൂ എന്നുവേണം കരുതാന്‍. മടിയന്‍ മാരായ ഇവിടുത്തെ സ്വദേശികളെ
രാജ്യത്തിനുതകും വിധം ഉത്തമപൌരന്‍മാരായി മാറ്റിയെടുക്കുക എന്നൊതു കൂടി ഗവന്‍മെന്റ്
ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ‘വിസ കച്ചവടം’ ചെയ്യുന്ന മാഫിയകള്‍ക്കും
വലിയ ഒരു തിരിച്ചടിയാണ് ഈ നിയമം.
എന്തായാലും
തൊഴിലാളികളുടെയും അതോടൊപ്പം സൗദിയുടെയും നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ വലിയ
വിഷയത്തെ എങ്ങനെ രാജ്യം കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി
വരും. ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്ന
പ്രതീക്ഷയിലാണ് സൗദിയിലെ വിദേശികള്‍. ‘നിതാഖത്’ പൂര്‍ണ്ണമായും ഒഴിവാക്കാന്‍
കഴിയില്ലെങ്കിലും, രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളെ കൂടി
കണക്കിലെടുത്ത് അവര്‍ക്കു കൂടി അനുകൂലമായ രീതിയില്‍ നിയമത്തില്‍ ബേധഗതികള്‍
വരുത്തിക്കൊണ്ട് നടപ്പിലാക്കാനായാല്‍; അതുതന്നെയായിരിക്കും ഈ ‘തൊഴിലാളി ദിനത്തില്‍’
സൗദി അറേബ്യയ്ക്ക് തൊഴിലാളികള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും
ആശ്വാസവും.
മെയ് ദിനത്തില്‍ ജോലി ചെയ്യേണ്ടിവന്ന എല്ലാ പ്രവാസി
സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു !!
(Mukesh M)
No comments:
Post a Comment