പ്രിയപ്പെട്ടവരുടെ വേര്‍പാട്; അതു ജീവിതത്തിലുണ്ടാക്കുന്ന
നഷ്ടങ്ങള്‍; ഒരിക്കലും നികത്താനാവാത്ത അത്തരം നഷ്ടങ്ങളുടെ കണക്കുകള്‍ പലരും
പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിച്ചറിയുന്നത് ഇതാദ്യമാണ്. ഈ മാസം
പതിനാലാം തീയ്യതി (14/05/2013) പുലര്‍ന്നത് അത്തരം ഒരു വലിയ വേര്‍പാടിന്റെ വാര്‍ത്ത
എന്‍റെ മുന്നിലേക്ക് തുറന്നുവച്ചുകൊണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട
അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) മരണവാര്‍ത്തയായിരുന്നു അത്. എല്ലാവരെയും പോലെ
എനിക്കും അമ്മൂമ്മ വളരെ പ്രിയപ്പെട്ടതും; എന്‍റെ ജീവിതത്തോട് വളരെയതികം
അടുത്തുനില്‍ക്കുന്ന വ്യക്തികളില്‍ ഒരാളുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മൂമ്മയുടെ
വേര്‍പാട് എന്നിലുണ്ടാക്കിയ ദു:ഖവും സങ്കടവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതായി
മാറി. റിയാദിലേക്ക് വരുന്നതിന് ഒരാഴ്ചമുന്‍പാണ് ബംഗ്ലൂരില്‍ മാമന്‍റെ
കൂടെയായിരുന്ന അമ്മൂമ്മയെ അവസാനമായി പോയി കണ്ടത്. വാത സംബന്ധമായ ചില ചെറിയ
അസുഖങ്ങളൊഴിച്ചാല്‍ ആരോഗ്യത്തിനു മറ്റു പ്രത്യേകിച്ച് ഒരു കുഴപ്പവും
ഉണ്ടായിരുന്നില്ല ആ സമയത്ത്. ഇപ്പോള്‍ ഏകദേശം നാലു മാസത്തോളമായി. രണ്ടു ദിവസം മുന്‍പ്
ചെറിയ ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്നു അവിടെ അടുത്തുതന്നെയുള്ള ആശുപത്രിയില്‍
കൊണ്ടുപോയി എന്ന് അമ്മ വിളിച്ചുപറഞ്ഞപ്പോള്‍, മടക്കയാത്ര ശ്വാസം നിലച്ചരീതിയില്‍
ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മരണം അങ്ങനെയാണ്; അത്
മുന്നറിയിപ്പില്ലാതെ കടന്നുവരും; ക്ഷണിക്കാതെ എത്തുന്ന ഒരഥിതിയെപ്പോലെ; ഒരുപാടു
മുറിവുകള്‍ സമ്മാനിച്ചു പതിയെ കടന്നുപോകും; നമ്മുടെ പ്രിയപ്പെട്ടവരെയും കൂട്ടി.
വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മാറി; എങ്ങനെയും
നാട്ടില്‍ എത്തി അവസാനമായി അമ്മൂമ്മയെ കാണണം എന്ന ചിന്ത എന്റെ ചലനങ്ങള്‍ക്ക് ആക്കം
കൂട്ടി. റിയാദില്‍ നിന്നും പെട്ടന്ന് നാട്ടിലെത്തുക എന്നത് അത്ര നിസാരമായ
കാര്യമല്ല. 6 മണിക്കൂര്‍ വിമാനയാത്ര തന്നെയുണ്ട്; കൂടാതെ പോകാനുള്ള രേഖകള്‍
ശരിയാക്കുക എന്നത് അതിലും വലിയ കടമ്പയാണ്. ഓഫീസ്സില്‍ രാവിലെ തന്നെ പോയി
കാര്യങ്ങള്‍ അറിയിച്ചു. കമ്പനിയുടെ GM ദുബായില്‍ ആണ് എന്ന മറുപടി എന്നെ ആദ്യം നിരാശപ്പെടുത്തിയെങ്കിലും
അദ്ദേഹത്തിന്റെ മൊബൈലില്‍ ഒരു മെസ്സേജ് കൊടുത്തതോടു കൂടി പോകാനുള്ള അനുമതിയായി.
‘ജെറ്റ് എയര്‍വേയ്സ്’-ന്‍റെ രാത്രി 11.20-ന്, റിയാദില്‍ നിന്നും മുബൈയിലേക്കുള്ള
വിമാനത്തില്‍ ഒരു ടിക്കെറ്റും കമ്പനിതന്നെ തരപെടുത്തി തന്നു. വൈകുന്നേരം 4 മണി
ആയപ്പോഴേക്കും പാസ്പോര്‍ട്ടും പോകാനുള്ള മറ്റു രേഖകളും ഏറ്റുവാങ്ങുമ്പോള്‍ കൈ
വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു; ഇവിടെ എത്തിയിട്ട് നാലുമാസമേ ആയുള്ളൂ;
അതിനുള്ളില്‍ ഇങ്ങനെ ഒരവസ്ഥയിലുള്ള തിരിച്ചുപോക്ക് ഒട്ടും പ്രതീക്ഷിച്ചതേയല്ല!!
പിറ്റേന്ന് രാവിലെ 6 മണിയോടു കൂടി
മുംബൈയിലെത്തി; എയര്‍പോര്‍ട്ടിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് അടുത്ത വിമാനം പിടിച്ച്
ബംഗ്ലൂരില്‍ എത്തുമ്പോള്‍ മണി ഉച്ച 12 ആകാറായി. അടുത്ത ബന്ധുക്കളും നാട്ടുകാരില്‍
ചിലരും നേരെത്തെ തന്നെ എത്തിയിട്ടുണ്ട്. എല്ലാവരും എനിക്കു വണ്ടി കാത്തുനില്‍ക്കുകയായിരുന്നു;
അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍.ഞാന്‍ വേഗം തന്നെ വീടിനുള്ളിലേക്കു നടന്നു. കാലുകള്‍ക്ക്
വേഗം വളരെ കുറവായിരുന്നു. ആരോ പിന്നോട്ട് വലിക്കുന്നത് പോലെ. കുറെ ആളുകള്‍
ചുറ്റിലുമുണ്ട്; അവരിലൊന്നും എന്റെ കണ്ണുകള്‍ ഉടക്കിയില്ല. മുറിയില്‍ തൂവെള്ള
വസ്ത്രം പുതപ്പിച്ചു മൊബൈല്‍ ഫ്രീസറില്‍ കിടത്തിയിരിക്കുന്ന എന്‍റെ എല്ലാമെല്ലാമായിരുന്ന
അമ്മൂമ്മയെ കുറേനേരം നോക്കിനിന്നു. മുഖത്തെ തേജസ്സ് ഇപ്പോഴും അതേപടിയുണ്ട്. ‘ഒന്നു
കണ്ണുതുറന്ന് എന്നെയൊന്നു നോക്കിയിരുന്നെങ്കില്‍; ആ കൈകള്‍കൊണ്ട് എന്നെയൊന്നു
തലോടിയിരുന്നെങ്കില്‍’ എന്ന്
ആഗ്രഹിച്ചുപോയി. പതുക്കെ ഞാന്‍ ആ കാലുകളില്‍ തൊട്ടു. തണുത്തു മരവിച്ചിരിക്കുന്നു;
ആ തണുപ്പ് എന്നിലേക്കും പടരുന്നതായി എനിക്കുതോന്നി; ശരീരം തളരുന്നത്പോലെ. തണുത്തുറഞ്ഞ ആ
ചില്ലുപെട്ടിക്കുള്ളില്‍ കണ്ണടച്ചു കിടക്കുന്നത് എന്നെ ഇന്നലെവരെ കാണാന്‍
കൊതിച്ച; സ്നേഹലാളനകള്‍കൊണ്ടു എന്നെ വീര്‍പ്പുമുട്ടിച്ച എന്‍റെ പ്രിയപ്പെട്ട
അമ്മൂമ്മയാണെന്നുള്ള ചിന്ത മനസ്സിന്‍റെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച്
കണ്ണുകളിലൂടെ ധാരയായി ഒഴുകുന്നത് ഞാന്‍ അറിഞ്ഞു. അതുവരെ സങ്കടം അടക്കിപ്പിടിച്ചു നിര്‍ത്തിയ
പലരുടെയും കരച്ചില്‍ ഉച്ചത്തിലായി. ആരോ എന്നെ പുറത്തുതട്ടി തിരിച്ചുവിളിച്ചു
മുറ്റത്തേക്ക് കൊണ്ടുപോയി. കണ്ണുകളച്ച് കുറച്ചുസമയം അവിടെയിരുന്നു. നെഞ്ചിനുള്ളിലെ
ഭാരം ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തെ വലിക്കുന്നതായി തോന്നി. വല്ലാത്തൊരു
പിരിമുറുക്കം!! അമ്മൂമ്മയെകുറിച്ചുള്ള കഴിഞ്ഞുപോയ സംഭവങ്ങളും ഓര്‍മ്മകളും
കണ്ണിനുമുന്‍പിലൂടെ ഒന്നിനുപുറകെ ഒന്നായി മിന്നിമറഞ്ഞുകൊണ്ടിരുന്നു. അടക്കിപ്പിടിച്ച
വിതുമ്പലുകള്‍ അകത്തുനിന്നും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് ഒന്നരയോടെ പ്രാര്‍ത്ഥനയോടു കൂടി
അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. എസ്.എന്‍.ഡി.പി.-യുടെ പ്രാര്‍ത്ഥനാസംഘം
നേരെത്തെതന്നെ അവിടെ എത്തിയിരുന്നു. ഏകദേശം അരമണിക്കൂര്‍ നേരത്തെ ചടങ്ങുകള്‍ക്കു
ശേഷം ജീവനറ്റ ആ ശരീരവുമായി ഞങ്ങള്‍ ഇന്ദിരാനഗറിനടുത്തുള്ള ഇലക്ട്രിക് ക്രിമിയേഷന്‍
സെന്‍ററിലേക്കു പുറപ്പെട്ടു. അവിടെ മരണത്തിന്‍റെ തണലില്‍ ജീവിതം
പച്ചപിടിപ്പിക്കുന്ന കുറെ ആളുകളെ കണ്ടു; അവിടുത്തെ ജോലിക്കാര്‍. ഓരോ മരണവും അവര്‍ക്ക്
പുതിയ പ്രതീക്ഷകളാണ്. അന്നും അവിടെ കുറെയതികം മൃതശരീരങ്ങള്‍ ഉണ്ടായിരുന്നു;
മണ്ണിനോടലിഞ്ഞു ചേരാന്‍ കാത്തുനില്ക്കുന്നവ. ചുട്ടുപഴുത്തു നില്‍ക്കുന്ന
ഇലക്ട്രിക് മെഷീനിന്‍റെ ഉള്ളിലേക്ക് അമ്മൂമ്മയുടെ ജീവന്‍റെ അംശം ഒട്ടും
ബാക്കിയില്ലാത്ത ആ ശരീരം എടുത്തുവെയ്ക്കുമ്പോള്‍ എന്‍റെ കൈ വല്ലാതെ
വിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ ചേര്‍ത്തുപിടിച്ചു താലോലിച്ച ആ കൈകള്‍ ഞാന്‍
ഒന്നുകൊടി തൊട്ടു. അന്ത്യചുംബനത്തിനായി തല താഴോട്ടുതാഴ്ത്തി; ആ നെറ്റിയില്‍
ഒരഗ്നിക്കും ദഹിപ്പിക്കാന്‍ കഴിയാത്ത സ്നേഹത്തിന്‍റെ മുത്തം നല്‍കി. ‘എന്നെ
കണ്ണുതുറന്ന് ഒന്നു നോക്കൂ; ഒരിക്കല്‍ മാത്രം; അവസാനമായി; ഞാന്‍ ഒന്നുകൂടി ആ
കണ്ണുകള്‍ ഒന്ന് കണ്ടോട്ടെ; എന്നെ കാണണം എന്നാഗ്രഹിച്ചപ്പോഴോന്നും
എനിക്കടുത്തുവരാന്‍ കഴിഞ്ഞില്ല; ഇന്ന് ഞാന്‍ ഇവിടെ തൊട്ടടുത്തുണ്ട്; കണ്ണുതുറക്കൂ;
ഒരിക്കല്‍മാത്രം......!!!” അതുവരെ കടിച്ചമര്‍ത്തിപ്പിടിച്ച ഗദ്ഗദങ്ങള്‍ ഞാനറിയാതെ
തന്നെ അണപൊട്ടിയൊഴുകി. ശക്തമായ ഏതോ കരങ്ങള്‍ എന്നെ പിടിച്ചുമാറ്റി. സാവധാനം ആ
ശരീരം ചുട്ടുപഴുത്തു നില്‍ക്കുന്ന ബര്ണ്ണറിനുള്ളിലേക്കെടുക്കപ്പെറ്റു. അതിന്‍റെ
വാതിലുകള്‍ പതിയെ അടഞ്ഞു. ഇനി ഒന്നും കാണാന്‍ വയ്യ; ഒരു കാലഘട്ടം തന്നെയാണ് അതിനുള്ളില്‍
എരിഞ്ഞമരുന്നത്; കൂടെ പറയാന്‍ ബാക്കിവച്ച കുറെ കാര്യങ്ങളും, ജീവിതത്തിന്‍റെ
നഷ്ടകണക്കുകള്‍ എഴുതിതീരാതെപോയ പുസ്തകത്തിന്‍റെ ചില താളുകളും.
ഇന്നു ഞാന്‍ മരണമെന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം
മനസിലാക്കുന്നു; അത് ഒരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നും,
നൈമിഷികമായ ഇന്നത്തെ ജീവിതവും നാളത്തെ മരണവും ഒരേ പുസ്തകത്തിന്‍റെ അടുത്തടുത്ത
താളുകളാണെന്നും മനസിലാക്കുന്നു. ജീവിതവും മരണവും തമ്മിലുള്ള ദൂരം ഒരു നിമിഷത്തിന്‍റെതു
മാത്രമാണ്. അതിനപ്പുറം മരണത്തിന്‍റെ ലോകം വിശാലമാണ്. നമ്മള്‍ ഓരോരുത്തരുടെയും
ആത്യന്തികമായ ലക്ഷ്യവും അതുതന്നെ. ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോള്‍ അടുത്തേക്ക്
വരുന്നത് ആ ദിവസമാണ്; ഇവിടെ നേടിയതിനോടും, സ്വന്തമാക്കാന്‍ ആഗ്രഹിച്ചതിനോടും,
ബന്ധങ്ങളോടും അറിവുകളോടും എല്ലാം വിടപറഞ്ഞകലേണ്ട
ആ ദിവസം.
അമ്മൂമ്മയുടെ വേര്‍പാട് ഞങ്ങളുടെ കുടുംബത്തിലുണ്ടാക്കിയ
വ്യസനത്തിന്‍റെ ആഴം ഒരിക്കലും ചെറുതല്ല; എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യത്തേതുമാണ്. ഒരുതരത്തില്‍
എഴുതപ്പെടാതെ പോയ പഴയ ഒരു കാലഘട്ടമാണ് അമ്മൂമ്മയോടൊപ്പം ഇല്ലാതായത്; അതോടൊപ്പം ബന്ധങ്ങളുടെ
വിളക്കിചേര്‍ത്തു വച്ച കുറേ നല്ല ഓര്‍മ്മകളും; കടുത്ത പ്രതിസന്ധികളെ തരണം ചെയ്തു
മുന്നോട്ടുനയിച്ച ആ പഴയജീവിത സാഹചര്യങ്ങളെ ഞങ്ങളുമായി ചേര്‍ത്തുവച്ച ഒരു വലിയ കുടുംബത്തിന്‍റെ
വിളക്കുമാണ് അസ്തമയത്തിലേക്ക് അലിഞ്ഞുപോയത്.
അമ്മൂമ്മയുടെ
ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ; എന്നെന്നും !!
theerchayaayum thaankalodu yojikkunnu...
ReplyDeleteAathmaavinu nithya shaanthi nerunnnu..
എനിക്ക് മുന്നേ ആരും മരിക്കല്ലേ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു...
ReplyDelete