ഭാഗം-1 : രാജീവ് ഗാന്ധിയും ഞാനും-നാട്ടിലെ ആദ്യ ടെലിവിഷനും (തമ്മിലുള്ള ബന്ധം)
ഭാഗം-2 : ബാല്യകാല സൌഹൃദ ത്തിലെ അറിയപ്പെടാതെ പോയ ഒരേട്!
ഭാഗം-I : രാജീവ് ഗാന്ധിയും ഞാനും-നാട്ടിലെ ആദ്യ ടെലിവിഷനും (തമ്മിലുള്ള ബന്ധം)
മാധ്യമ
രംഗത്ത് ‘ഓള്‍ ഇന്ത്യ റേഡിയോ’ (AIR) കൊടികുത്തി വാഴുന്ന കാലം. ‘താടിപ്പാറ’-യില്‍, നാട്ടിലെ
ആദ്യത്തെ ‘ടെലിവിഷന്‍’ എത്തി. ഇത് 1980-90 കാലഘട്ടം
ആണ്. ടെലിവിഷന്‍ എന്ന ശബ്ദ-ദ്രിശ്യ സംവിധാനം പ്രചാരത്തിലായി വരുന്നതെയുള്ളൂ. ഇന്ന്
മിനിമം രണ്ടു ടി.വികള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലെന്നുതന്നെ പറയാം.
‘താടിപ്പാറ’ എന്നത്
ഒരു വീട്ടുപേരാണ്; പേര് പോലെതന്നെ ആ വീടിന്‍റെ ചുറ്റും നിറയെ വലിയ പാറക്കൂട്ടങ്ങള്‍
ആയിരുന്നു. അതുകൊണ്ടാണത്രേ ആ വീടിനു അങ്ങനെ ഒരു പേര് വന്നത്. പക്ഷെ പാറകള്‍ ഒകെ
ഉണ്ടെങ്കിലും അതൊരു ‘താടി’യുടെ രൂപത്തിലാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.
എന്തുതന്നെയായാലും ഈ സ്ഥലത്തോടും, അവിടെയുള്ള കൂറ്റന്‍ പാറകളോടും എനിക്ക് പണ്ട്
മുതലേ ഭയങ്കര പേടിയായിരുന്നു. പടുകൂറ്റന്‍ കാട്ടുവൃക്ഷങ്ങളും, യക്ഷിപനകളും, തിങ്ങിനിറഞ്ഞു
വളരുന്ന കുറ്റിക്കാടുകകളും, ഇടയ്ക്ക് വളരുന്ന അപൂര്‍വ്വം ചില നാട്ടുമരങ്ങളും
ഒകെയായി ആകെക്കൂടി ഒരു ഭയാനകമായ അന്തരീക്ഷം എപ്പോഴും അവിടെ തളംകെട്ടി
നിന്നിരുന്നു. ഈ സ്ഥലത്തിന്‍റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലുള്ള വിശാലമായ
പാടങ്ങള്‍ ഇതിന്‍റെ മറ്റൊരു പ്രത്യേകതയായിരുന്നു. അതുകൂടാതെ പലതരത്തിലുള്ള ചെറുതും
വലുതുമായ പക്ഷികളുടെ ഒരു സങ്കേതം തന്നെയായിരുന്നു അന്നീപ്രദേശം. (ഇന്നു പക്ഷി
പോയിട്ട്, ഒരു കാക്കയെപ്പോലും നാട്ടിലെങ്ങും കാണാനില്ല.)
എന്‍റെ വീടിനടുത്തുള്ള
(ഏകദേശം അര കിലോമീറ്റര്‍) ‘തൊടീക്കളം ശിവക്ഷേത്രത്തില്‍’ എത്തിചേരാനുള്ള ഒരു ചെറിയ
‘കുറുക്കു വഴി’ ഈ സ്ഥലത്തിനു നടുവിലൂടെ ഒരു ‘തലവര’ പോലെ കടന്നുപോയിരുന്നു.
ക്ഷേത്രത്തില്‍ പോകുമ്പോള്‍ അമ്മയുടെ കൈ മുറുകെപിടിച്ചുകൊണ്ട്, ഈ വഴിയിലൂടെ, എന്‍റെ
ചെറുപ്പകാലങ്ങളില്‍ ഭീതിയോടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ‘പേടി’ അന്നെന്‍റെ
‘കൂടപ്പിറപ്പ്’ ആയതുകൊണ്ട്, ഒറ്റയ്ക്ക് അമ്പലത്തില്‍ പോകുന്ന അവസരങ്ങളില്‍ (പരീക്ഷ
തുടങ്ങുന്ന ദിവസവും, റിസള്‍ട്ട് വരുന്ന ദിവസവും മാത്രം) ഞാന്‍ ആ വഴി
തിരഞെടുക്കാറില്ല. ‘താടിപ്പാറ-യുടെ തൊട്ടു-തെക്കുവശത്തായി പഴയ ഒരു ക്ഷേത്രത്തിന്‍റെ
അവശിഷ്ടങ്ങള്‍ അന്നു കാണാമായിരുന്നു. കേരള മുന്‍ മുഖ്യമന്ത്രി യശശരീരനായ ‘കണ്ണോത്ത്
കരുണാകരന്‍ നമ്പ്യാരുടെ’ കുടുംബ ക്ഷേത്രമായിരുന്നത്രേ അത്. (ഈ ക്ഷേത്രത്തിനു
പിന്നീട് അദ്ധേഹത്തിന്‍റെ മകന്‍ പുനര്‍ജീവന്‍ നല്‍കി, ഇന്ന് ‘തൊടീത്തളി’-യില്‍
ദേവി ക്ഷേത്രം എന്നറിയപ്പെടുന്നു). ഇതാണ് ‘താടിപ്പാറയുടെ’ ഒരേകദേശ രൂപം.
ടെലിവിഷന്‍ ഒകെ
ഉണ്ടെങ്കിലും ‘താടിപ്പാറ’-യില്‍ അത്കാണാന്‍ അക്കാലത്തു നാട്ടുകാരില്‍ ആരെങ്കിലും
പോകാറുള്ളതായി എനിക്കറിവില്ല. കാരണം അന്നു അവിടെ സ്ത്രീകള്‍ മാത്രമായിരുന്നു
താമസം.(ഇന്നും). ഇത്രയും ഭയാനകമായ ചുറ്റുപാടില്‍ ജീവിക്കുന്ന അവരെ ലോകത്തിലെ
ഏറ്റവും ധൈര്യശാലികളായി ഞാനന്നു കരുതിപോന്നു. എനിക്കവരോട് വളരെയതികം ബഹുമാനവും
ആദരവും തോന്നി.(ഇന്നും അങ്ങനെ തന്നെ). ഇതിനൊക്കെ പുറമേ താടിപ്പാറയില്‍ നിന്നുള്ള
ജ്യോതിലക്ഷ്മി, സേതുലക്ഷ്മി എന്നീ കുട്ടികള്‍ ഞാന്‍ പഠിക്കുന്ന അതേ സ്കൂളിലായിരുന്നു
പഠിച്ചിരുന്നത്. (കോളയാട് സെന്റ്.സേവിയേര്‍സ്സ് യു.പി സ്കൂള്‍). ജ്യോതിലക്ഷ്മി
(ജ്യോതിയേച്ചി എന്നാണ് ഞാന്‍ വിളിച്ചിരുന്നത്) എന്‍റെ സീനിയറും, സേതുലക്ഷ്മി എന്‍റെ
ജൂനിയറും ആയിരുന്നു. ഈ സ്കൂള്‍ എന്‍റെ നാട്ടില്‍ നിന്നും ഏകദേശം എട്ടു
കിലോമീറ്ററോളം അകലെയാണ്. അക്കാലത്ത് നാട്ടില്‍നിന്നും ഈ രണ്ടു കുട്ടികളും, ഞാനും
മാത്രമായിരുന്നു, ഇത്രയും ദൂരെയുള്ള ഈ സ്കൂളില്‍ പോയി പഠിക്കുന്ന മൂന്നേ-മൂന്നു കുട്ടികള്‍.
ഇവരുടെ അച്ഛന്‍ കടലിനക്കരെ ഉള്ള “ഗള്‍ഫ്” എന്ന സ്ഥലത്താണെന്ന് അമ്മ പറയുന്നതു
കേട്ടിട്ടുണ്ട്. ‘തലശേരി’ കടലിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നു അന്നാണ് ഞാന്‍
ആദ്യമായി മനസ്സിലാക്കിയത്.
ടി.വി.യില്‍ ‘എന്തെങ്കിലും’
കാണുക എന്നത്, ചെറുപ്രായത്തില്‍, ഏതൊരു കുട്ടിയേയും പോലെ എന്‍റെയും വലിയ
ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. പക്ഷേ
അതിനുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും അന്നു വളരേ കുറവായിരുന്നു. അങ്ങനെ
നീണ്ട കാത്തിരിപ്പിനു ശേഷം ഒടുവില്‍ ആ
ദിവസം വന്നുചേര്‍ന്നു. ഞാന്‍ സന്തോഷിച്ച ദിവസം; ഞാന്‍ ഒഴികെ മറ്റെല്ലാവരും ദു:ഖിച്ച
ദിവസം. കൃത്യമായി പറഞ്ഞാല്‍ 1991-May-21. ഭാരതീയനായ ഒരാള്‍ക്കും മറക്കാന്‍ പറ്റാത്ത ആ
കരിദിനത്തില്‍ ഞാന്‍ മാത്രം സന്തോഷിച്ചത് തികച്ചും യാദ്രിശ്ചികം മാത്രം. (എന്നെ
ഒരു ‘കുലം കുത്തി’ യായി കാണരുത് എന്നപേക്ഷ)
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി- രാജീവ്
ഗാന്ധി കൊല്ലപ്പെട്ട ദിവസമായിരുന്നു അന്ന്. ഞാന്‍ അന്ന് രണ്ടാം ക്ലാസ്സില്‍,
അക്ഷരങ്ങളോടും അക്കങ്ങളോടും മല്ലിട്ട്കൊണ്ട് പഠനം തള്ളിനീക്കുന്ന കാലം. എനിക്ക്
ആദ്യം കാര്യങ്ങള്‍ ഒന്നും വ്യക്തമായില്ല; ആരോ ഒരാള്‍ മരിച്ചിരിക്കുന്നു; അതിനെന്തിനാണ്
ഇത്രയും വലിയ പുകില്‍; ഞാന്‍ അമ്മയുടെ മുന്‍പില്‍ എന്‍റെ സംശയങ്ങളുടെ ചുരുളഴിച്ചു.
അമ്മ വളരെ ചുരുക്കി എന്തൊക്കെയോ പറഞ്ഞു,
അപ്പോഴും എനിക്ക് കാര്യങ്ങള്‍
വ്യക്തമല്ലായിരുന്നു, ഇനിയും ചോദിച്ചാല്‍ അമ്മ ‘വള്ളിതണ്ട്’ പൊട്ടിക്കും (അന്നു
‘കുരുത്തക്കേട്’ കളിച്ചാല്‍ കുരുമുളകിന്‍റെ വള്ളി പൊട്ടിച്ചെടുത്താണ് അമ്മ എന്‍റെ
കയ്യിലും കാലിലും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നത്. കുരുമുളകിന്‍റെ വള്ളിയുടെ
കണ്ണൂര്‍ പരിഭാഷയാണ് ‘വള്ളിതണ്ട്’. വള്ളിതണ്ടു കൊണ്ടുള്ള അടിക്ക് നല്ല വേദനയാണ്)
എന്നുറപ്പുള്ളത് കൊണ്ടു ഞാന്‍ മുതിര്‍ന്നില്ല. പക്ഷെ അവസാനം പറഞ്ഞ കാര്യം എനിക്കു
പിടികിട്ടി. “താടിപ്പാറയില്‍ ടി.വി. കാണാന്‍ പോകണം, വേഗം പോയി കുളിച്ചിട്ടു
വാ”-അമ്മ പറഞ്ഞു നിര്‍ത്തി.
എന്‍റെ ഉള്ളില്‍ വലിയ ഒരു ‘ലഡ്ഡു’ പൊട്ടി, എങ്കിലും ഉള്ളിലെ സന്തോഷം ഞാന്‍ പുറത്തു കാണിച്ചില്ല;
അഥവാ കൂടെ കൂട്ടിയില്ലെങ്കിലോ എന്ന് ഞാന്‍ ഭയന്നു. പറഞ്ഞതു പോലെ ഞാന്‍ വേഗം തന്നെ ഒരു
‘കാക്ക കുളി’ നടത്തി റെഡിയായിനിന്നു.
അപ്പോഴേക്കും രാഗേഷ്.പി.കെ വീട്ടില്‍ വന്നു.
(അന്നത്തെ എന്‍റെ ഒരേ ഒരു സുഹൃത്തും അയല്‍വാസിയും). രാഗേഷ്.പി.കെയിലൂടെ
സംഭവങ്ങളുടെ ഒരു രൂപരേഖ എനിക്കു ലഭിച്ചു. ഞങ്ങള്‍
പോകാനിറങ്ങി. “ഞാന്‍ ‘ചങ്ങായി’മാരുടെ കൂടെവരാം”- എന്ന്പറഞ്ഞ് രാഗേഷ്.പി.കെ വേറെ
വഴിക്കുപോയി. (രാഗേഷ്.പി.കെ-യ്ക്ക് എന്നെ കൂടാതെ വലിയ ഒരു സൗഹ്രിദ ശ്രിംഗല
തന്നെയുണ്ട് നാട്ടില്‍.-സന്ദീപ്, സനീഷ്, സുരേഷ്, സിനീഷ്, സുഭാഷ്, രഞ്ജിത്ത്,
രേജീഷ്, സുമേഷ്, ജിതേഷ്, പ്രകാശ്, എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം). ഞാനും
അമ്മയും ‘താടിപ്പാറ’ ലക്ഷ്യമാക്കി നീങ്ങി.
ദൂരെനിന്നേ
താടിപ്പാറയില്‍ നിന്നുള്ള ആളുകളുടെ ബഹളം എന്‍റെ കാതുകളില്‍ അലയടിച്ചെത്തി. ഒരു
വലിയ ജനക്കൂട്ടം തന്നെ അവിടെ അന്നുണ്ടായിരുന്നു. തൊടീക്കളം, ഓത്തിയോട്,
കൈതക്കൊല്ലി, മോടോളി, കൂടല്‍, ലൂട്ടീസ്സ് എന്നീ അടുത്തുള്ള പ്രദേശങ്ങളിലെ
മിക്കവാറും എല്ലാവരും തന്നെ, തങ്ങളുടെ പ്രധാനമന്ത്രിയെ അവസാനമായി ടി.വി-യിലൂടെ
എങ്കിലും ഒരുനോക്കു കാണാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. എങ്ങും തിങ്ങിനിറഞ്ഞ്
‘ജനസമുദ്രം’.
ഞങ്ങള്‍ പതുക്കെ വീടിന്‍റെ പുറകുവശത്തെത്തി തങ്കമണി ടീച്ചറെ
വിളിച്ചു.(തങ്കമണി ടീച്ചര്‍ എന്‍റെ സഹപാഠികളുടെ ഇളയമ്മയാണ്-കോളയാട് ഹൈസ്കൂളിലെ
ഹിന്ദി അദ്ധ്യാപിക). ടീച്ചര്‍ ഒരു വിടര്‍ന്ന പുഞ്ചിരിയോടെ വാതില്‍ തുറന്നുതന്നു,
ഞാനും അമ്മയും അകത്തേക്കു കയറി. ടീച്ചര്‍, ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍
ഉള്ള ഒരു പ്രത്യേകതരം ‘ചോക്ലേറ്റ്’ എനിക്കുതന്നു. (പത്തു പൈസക്ക് രണ്ടെണ്ണം
കിട്ടുന്ന നാരങ്ങ മുട്ടായി ആയിരുന്നു അതുവരെ ഞാന്‍ കഴിച്ചിട്ടുള്ളതില്‍ വച്ചു
ഏറ്റവും മുന്തിയത്) മടിച്ചു മടിച്ചു ഞാന്‍ ടീച്ചര്‍ തന്ന സാധനം കഴിക്കാന്‍
തുടങ്ങി.
ആ വീട്ടില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാലും, ഞാന്‍ അവരുടെ വീട്ടിലെ കുട്ടികളുടെ
സഹപാഠിയായിരുന്നതിനാലും ടീച്ഛര്‍ക്ക് എന്നോടു വലിയ വാത്സല്യമായിരുന്നു. “മോന്‍ വാ”
–ടീച്ചര്‍ എന്നെ പുറത്തുതട്ടി വിളിച്ചു. ഞാന്‍ തിരിഞ്ഞ് അമ്മയെ
നോക്കി, “ചെല്ലൂ”,- അമ്മ തലയാട്ടി.
അവരെന്നെ വീടിനുള്ളിലേക്ക്
കൊണ്ടുപോയി. “മോന്‍ ഈ സാധനം കണ്ടിട്ടുണ്ടോ” ടീച്ചറുടെ ചോദ്യം. ഞാന്‍ അങ്ങോട്ടു
നോക്കി, അക്കങ്ങള്‍ പ്രിന്‍റ് ചെയ്തിട്ടുളള എന്തോ ഒരു ഉപകരണം, ടീച്ചര്‍ അതിന്‍റെ
ഒരു ഭാഗം എടുത്ത് എന്‍റെ ചെവിയില്‍ വച്ചുതന്നു. “ബീപ്”.ഞാന്‍ ആ ശബ്ധം ശ്രദ്ധിച്ചു.
“ഇതെന്തു കുന്തം, ടി.വി. കാണാന്‍ വന്ന എന്നെ ഇവരെന്തിനു ഇതു കാണിക്കുന്നു” ഞാന്‍
മനസ്സില്‍ ദേഷ്യത്തോടെ ചിന്തിച്ചു. “ഇതാണ് മോനെ ‘ടെലഫോണ്‍’..ടീച്ചര്‍ അതിനെ
കുറിച്ചു വിശദമായി വിവരിക്കാന്‍ തുടങ്ങി.
ടീച്ചറുടെ സംസാരരീതി മറ്റുള്ളവരില്‍
നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഓരോ വാക്കുകളും പെറുക്കിയെടുത്തു, വാക്കുകളുടെ
അര്‍ത്ഥത്തിനനുസരിച്ച് ശബ്ധത്തിന്‍റെ ‘ഫ്രീക്വന്സി’-യില്‍ മാറ്റംവരുത്തി വളരെ
താളാത്മകതയോടെയും, തന്‍മ്വയത്തത്തോടുകൂടിയുമാണ് ടീച്ചര്‍ സംസാരിക്കുക.
ടീച്ചറുടെ ടെലഫോണിനെകുറിച്ചുള്ള വിവരണത്തിലുള്ള
എന്‍റെ താല്പര്യമില്ലായ്മ മനസ്സിലാക്കിയ ടീച്ചര്‍ നീട്ടിവിളിച്ചു:- “രാജം......”
മറ്റൊരു മുറിയില്‍ നിന്നും ആരോ വിളികേട്ടു. ‘രാജന്‍’- പുരുഷന്‍റെ പേരാണ്, ‘രാജി’-യാണെങ്കില്‍
സ്ത്രീ, ഈ “രാജം’ ഏതുതരത്തില്‍ ഉള്ള ജീവിയായിരിക്കുമെന്നു ഞാന്‍ ചിന്തിച്ചു. നല്ല
വെളുത്ത് ഉയരമുള്ള ഒരു സ്ത്രീ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ശാന്തയുടെ
മോനാ” ടീച്ചര്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി. “നിനക്കു മനസ്സിലായോ മോനേ, ഇതാണ്
ജ്യോതിലക്ഷ്മിയുടെയും, സേതുലക്ഷ്മിയുടെയും അമ്മ, ‘രാജലക്ഷ്മി’..” ടീച്ചറുടെ ശബ്ദം
വീണ്ടും.
ഒരു നിമിഷം; ഈ മൂന്നുപേരുകളും എന്‍റെ മനസ്സിലൂടെ മിന്നിമറഞ്ഞു. പേരിന്‍റെ
കൂടെ അച്ഛന്റെ പേര് മാത്രമല്ല, അമ്മയുടെ പേരും ‘സര്‍നെയിം” ആയി കൂട്ടിച്ചേര്‍ക്കാം,
എന്ന് ഞാനന്നു മനസ്സിലാക്കി. പിന്നീടു ഈയടുത്ത കാലത്ത്, മോഹന്‍ലാലിന്‍റെ ‘ബാബാ
കല്യാണി’ സിനിമ കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം പ്രത്യേകം ഓര്‍ത്തു. (ആ സിനിമയില്‍
മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേരിലുള്ള ‘കല്യാണി’ അമ്മയുടെ പേരായിരുന്നു.
പക്ഷേ ഇപ്പോള്‍ ഇതുരണ്ടും മാറി, ജാതിപ്പേരുകള്‍ കൂട്ടിച്ചേര്‍ത്തു തുടങ്ങി.
നായരും, നമ്പ്യാരും, മേനോനും, നമ്പൂതിരിയും, പേരിന്‍റെ കൂടെ വാലുകളായി.) അപ്പോള്‍
എനിക്കു കാര്യങ്ങള്‍ പിടികിട്ടി, എന്‍റെ സഹപാഠികളുടെ അമ്മ, എന്‍റെ അമ്മയെപോലെ
തന്നെ. ഞാന്‍ അവരെ ‘രാജമ്മ’ എന്നുവിളിക്കാന്‍ ഇഷ്ടപ്പെട്ടു. അവര്‍ എന്‍റെ
നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മവച്ചു.
തങ്കമണി ടീച്ചര്‍
എന്നെ ടി.വി. വച്ചിരിക്കുന്ന മുറിയിലേക്ക് കൂട്ടികൊണ്ടു പോകാന്‍ ഒരു ശ്രമം നടത്തി.
ഉമ്മറത്തെ ‘ഓഫീസ് മുറി’-യിലായിരുന്നു ടി.വി. വച്ചിരുന്നത്. (അന്നത്തെ വീടുകളില്‍
ഉമ്മറത്തു നിന്നുമാത്രം പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന
മുറികളെയാണ് ‘ഒഫീസ്സ് റൂം’ എന്ന ഓമനപേരില്‍ വിളിച്ചിരുന്നത്, വീട്ടില്‍ വരുന്ന
അതിഥികളെ സല്ക്കരിച്ചിരുത്തുവാന്‍ ഉള്ള ഒരിടം. അതാണ് ഈ മുറിയുടെ പ്രധമോദ്യേശ്യം,
‘ഗസ്റ്റ് റൂം’ എന്നും വിളിക്കും) അവിടെ
തടിച്ചുകൂടിയിരുന്ന നൂറുകണക്കിനു ജനങ്ങള്‍ക്കിടയിലൂടെ അങ്ങോട്ടു പോകുക
അസാധ്യമാണെന്ന് എനിക്കു തോന്നി. ഞാന്‍ ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കി.
ടി.വി-യില്‍ എന്താണെന്നു കാണുവാനുള്ള വ്യഗ്രതയിലാണ് എല്ലാവരും. ആകെ തിക്കും
തിരക്കും. ആ വീടിന്‍റെ വീതിയും നീളവും കുറഞ്ഞ ചെറിയ ഉമ്മറത്തിരുന്നുകൊണ്ട്,
മുറിയുടെ വാതിലിന്‍റെ മാത്രം ‘ഗ്യാപ്പിലൂടെ’ അത്രയും ജനങ്ങള്‍ക്ക് ടി.വി.
കാണുകയെന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി. അതോടെ
ടി.വി, മുറ്റത്ത് ഒരു ഉയരം കൂടിയ ബെഞ്ചിന്‍റെ മുകളില്‍ വയ്ക്കാന്‍ ടീച്ചറും
കുടുംബവും മനസ്സില്ലാ-മനസ്സോടെ നിര്‍ബന്ധിതാരായി.
ഇപ്പോള്‍ എന്‍റെ മുന്നിലുള്ള
തടസ്സങ്ങള്‍ നീങ്ങി. ഞാന്‍ അടുത്തേക്കു നടന്ന് ടി.വി യിലേക്ക് ഉറ്റുനോക്കി. ആരോ
സ്വിച്ച് ഓണ്‍ ചെയ്തതും, വലിയ ശബ്ധത്തോടെ ടി.വി. പ്രവര്‍ത്തനമാരംഭിച്ചു, പക്ഷേ
ചിത്രങ്ങള്‍ ഒന്നും വരുന്നില്ല, കുറേ വെള്ള-കറുപ്പ് നിറങ്ങളിലുള്ള കുത്തുകളും,
മഴപെയ്യുന്ന പോലെയുള്ള ശബ്ദവും.
“വരുന്നുണ്ടോ’ മുകളില്‍ നിന്നും വന്ന ഒരു ശബ്ദം
എന്റെ ശ്രദ്ധയെ അങ്ങോട്ടുതിരിച്ചു. അപ്പോഴാണ് ഞാന്‍ ആ കാഴ്ചകണ്ടത്. വീടിന്‍റെ
തെക്കുവശത്തെ പ്ലാവില്‍ ഒരാള്‍; പ്ലാവില്‍ ഉയരത്തില്‍ കെട്ടിയിരിക്കുന്ന ഒരു വലിയ
കമ്പി; കമ്പിയുടെ അറ്റത്ത് നെടുകയും, കുറുകെയും വെളുത്ത കമ്പികള്‍ വീണ്ടും, ആ
കമ്പിയില്‍നിന്നും ഒരു കറുത്ത വയര്‍ (കേബിള്‍) ടി.വി.യിലോട്ടു വന്നിരിക്കുന്നു.
അയാള്‍ ആ കമ്പിയെ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുകയാണ്.. എനിക്കൊന്നും
മനസ്സിലായില്ല. ഞാന്‍ അടുത്തു നില്‍ക്കുന്ന ഒരാളോട് ആന്ഗ്യഭാഷയില്‍ അങ്ങോട്ടു
ചൂണ്ടി ചോദിച്ചു. “ആന്റിന” അയാള്‍ ഒറ്റവാക്കില്‍ ഉത്തരം നല്‍കി. കൂടുതല്‍
കാര്യങ്ങള്‍ വീട്ടിലെത്തിയിട്ട് അമ്മയോടു ചോദിക്കാം എന്ന്‍ മനസ്സില്‍ പറഞ്ഞ് ഞാന്‍
വീണ്ടും ടി.വി-യിലേക്ക് നോക്കി.
ഇപ്പോള്‍ ചിത്രങ്ങള്‍ കാണാം, ഞാന്‍ വളരെയധികം
ജിജ്ഞാസയോടെ അതുനോക്കിയിരുന്നു. പ്രധാനമന്ത്രി കൊല്ലപ്പെടാന്‍ ഇടയായ
സാഹചര്യങ്ങളും, സംഭവസ്ഥലവും, അതിനോടനുബന്ധിച്ചുള്ള ദ്രിശ്യങ്ങളും വാര്‍ത്തകളുമാണ്
ടി,വി-യില്‍ കാണിച്ചുകൊണ്ടിരുന്നത്. വളരെ ഉല്സാഹത്തോടെ എല്ലാം ഞാന്‍ ശ്രദ്ധയോടെ
വീക്ഷിച്ചു.
അടുത്ത ദിവസങ്ങളിലും ഏതാണ്ട് ഇതേതരത്തില്‍ ഉള്ള രംഗങ്ങള്‍
‘താടിപ്പാറ’യിലുണ്ടായി. (പ്രധാനമന്ത്രിയുടെ അവസാനവട്ട സംസ്കാര ചടങ്ങുകള്‍
ആയിരുന്നു ആ ദിവസങ്ങളില്‍ ടി.വി-യില്‍ സംപ്രേഷണം ചെയ്തിരുന്നത്) ഞാനും അമ്മയും
കാഴ്ചക്കാരായി അന്നും ഉണ്ടായിരുന്നു അവിടെ. അങ്ങനെ എന്‍റെ ആദ്യത്തെ ടെലിവിഷന്‍
കാണുക എന്ന സ്വപനം സഫലമായി. ഏറെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്കു നടന്നു.
വീട്ടിലേക്കു നടക്കുന്ന വഴിയില്‍ വച്ചുതന്നെ എന്‍റെ
സംശയങ്ങളുടെ ചുരുളുകള്‍ അമ്മയുടെ മുന്നിലേക്ക് ഞാന്‍ നിരത്തി. “അമ്മേ എങ്ങനെയാണ്
ടി.വി. പ്രവര്‍ത്തിക്കുന്നത്” അമ്മ ഒന്നും മിണ്ടിയില്ല!! “അമ്മയ്ക്ക് ഞാന്‍
ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ, അല്ലെങ്കില്‍ ഉത്തരം അറിയാതിരിക്കുമോ” ഞാന്‍
ശങ്കിച്ചു.
വീട്ടിലെത്തിയതും അമ്മ എന്നെ അക്കാലത്ത് വീട്ടില്‍ ഉണ്ടായിരുന്ന
ഒരേയൊരു ഉപകരണമായിരുന്ന ‘ഫിലിപ്സ് റേഡിയോ’-യുടെ അടുത്തു കൊണ്ടുപോയി അതിന്‍റെ
കറുത്ത ‘ബട്ടണില്‍’ തിരിച്ചു. പ്രധാനമന്ത്രിയുടെ നിര്യാണത്തോടനുബന്ധിച്ചുള്ള
ദു:ഖാചരണം ആയതിനാല്‍ ഒരു പ്രത്യേകതരത്തിലുള്ള സംഗീതവും വാര്‍ത്തയും അല്ലാതെ
മറ്റൊന്നും അതില്‍ നിന്നും പുറത്തുവന്നില്ല.
അമ്മ സംസാരം തുടര്‍ന്നു. “ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,
ഇതിനകത്ത് ആരെങ്കിലും ഇരുന്നുകൊണ്ട് പാടുന്നതാണോ; അല്ലല്ലോ, അതേപോലെ തന്നെയാണ്
ടി.വി-യുടെയും പ്രവര്‍ത്തനം. ഇതിനകത്ത് ശബ്ദം മാത്രം തരംഗരൂപത്തില്‍ വായുവിലൂടെ
സഞ്ചരിച്ചു വരുന്നു, ടി.വി-യില്‍ ശബ്ദത്തിനു പുറമേ ചിത്രങ്ങള്‍ കൂടിവരുന്നു.”
അമ്മയുടെ ഉദാഹരണ സഹിതമുള്ള വിവരണത്തിലൂടെ ഏറെകുറെ എന്‍റെ സംശയങ്ങള്‍ മാറി.
അതെല്ലാം ഞനെന്‍റെ അന്നത്തെ കുഞ്ഞു- ‘2 GB മെമ്മറി’-യില്‍ ‘സേവ്’ ചെയ്തു.
അമ്മ എപ്പോഴും അങ്ങനെയാണ് കാര്യങ്ങള്‍ എങ്ങനെയാണോ എനിക്കു ഏറ്റവും കൂടുതല്‍
മനസ്സിലാവുക, ആ രീതിയില്‍ പറഞ്ഞുതരും. അമ്മയുടെ ഉത്തരത്തിലെ ‘തരംഗങ്ങളും, അതിന്റെ
സഞ്ചാരവും അപ്പോഴും എന്‍റെ ഉള്ളില്‍ എവിടെയോ തട്ടി തടഞ്ഞു നിന്നു. പിന്നീട്
ഒരുനാള്‍ ഉമ്മറത്ത് ‘ഇരിത്തി’-യില്‍ (വീടിന്‍റെ ഉമ്മറത്ത് കല്ലോ കട്ടയോ വച്ചു
ഉയരത്തില്‍ കെട്ടി നിര്‍മ്മിക്കുന്ന നീളത്തില്‍ ഉള്ള ഇരിപ്പിടമാണ് ‘ഇരിത്തി’.
ഇതിന്‍റെ പരിഷ്കരിച്ച രൂപമാണ് ഇന്നത്തെ ‘ചാരുപടി’.) വച്ചിരുന്ന എന്‍റെ
എല്ലാമെല്ലാമായ ഫിലിപ്സ് റേഡിയോയുടെ പുറത്ത് കാക്കവന്നിരുന്ന്, താഴെ വീണു
പൊട്ടിത്തകര്‍ന്ന്, അതിന്‍റെ ആന്തരാവയവങ്ങള്‍ കാണാനുള്ള അവസരമുണ്ടായി. അന്നു
കൂടുതല്‍ സംശയങ്ങള്‍ അമ്മയോടു ചോദിക്കണമെന്നു വിചാരിച്ചിരുന്നെങ്കിലും,
‘വള്ളിതണ്ടിന്‍റെ’ കാര്യമോര്‍ത്തു മുതിര്‍ന്നില്ല.
ഒരാഴ്ചക്കു
ശേഷം രാജീവ് ഗാന്ധിയുടെ ചിതാഭസ്മം രാജ്യത്തെ എല്ലാ പുണ്യനദികളിലും ഒഴുക്കുന്നതിന്‍റെ
ഭാഗമായി ‘തിരുനെല്ലി പാപനാശിനി’ പുഴയിലും ഒഴുക്കാന്‍ കൊണ്ടുപോകുന്നു എന്നറിഞ്ഞ്
അമ്മ എന്നെയും കൂട്ടി കണ്ണവത്തു പോയി, (കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന
സംസ്ഥാന പാത കടന്നു പോകുന്ന വളരെ ചരിത്രപ്രസിദ്ധമായ സ്ഥലമാണ് കണ്ണവം; എന്റെ
വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍, അറിയാത്തവര്‍ മമ്മൂട്ടിയുടെ ‘കേരളവര്‍മ്മ
പഴശിരാജ’ സിനിമ കാണുക) കണ്ണവത്തു ഞങ്ങള്‍ ‘ചിതാഭസ്മവും’ വരുന്നത് കാത്തുനിന്നു.
നൂറു
കണക്കിന് ജനങ്ങള്‍ അന്നവിടെയും തടിച്ചു കൂടിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍
ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കടന്നുവന്നു. കുറെ പോലീസ് ജീപ്പുകള്‍,
പുറകെ ഒരു പോലീസ് ബസ്സ്, വീണ്ടും പോലീസ് ജീപ്പുകള്‍. വലിയ ഒച്ചയില്‍ ‘സൈറനുകള്‍’
മുഴങ്ങുന്നുണ്ടായിരുന്നു. ബസ്സില്‍ നിന്നും ഒരു മണ്‍കുടം ഒരാള്‍ ഉയര്‍ത്തികാട്ടി,
“നീ കണ്ടോ” അമ്മ എന്നെ കൈകളില്‍ പൊക്കിയെടുത്ത് കാണിച്ചു, വാഹങ്ങള്‍ വേഗത കുറച്ച്
നിര്‍ത്താതെ ഓടിച്ചുപോയി.
വര്‍ഷങ്ങള്‍
കടന്നപ്പോള്‍ ടെലിവിഷന്‍ വീടുകളില്‍ സര്‍വ്വസാധാരണമായി. കുഞ്ഞിരാമന്‍ ട്രൈവറുടെ
വീട്ടില്‍ നാട്ടിലെ രണ്ടാമത്തെ ടി.വി.-യെത്തി. (അന്നു സ്വന്തമായി ഒരു വാഹനം
(ടെമ്പോ) ഉള്ള നാട്ടിലെ ഒരേയൊരു വീട്) എന്‍റെ വീടിനോടു കുറച്ചു കൂടി
അടുത്തായിരുന്നു ഈ വീട്. ഞാറാഴ്ചകളില്‍ രാവിലെയുള്ള ‘മഹാഭാരതവും’ വൈകുന്നേരങ്ങളില്‍
ഉള്ള ചലച്ചിത്രവും കാണാന്‍ ഞാന്‍ പോയിത്തുടങ്ങി.
കുറെകൂടി കഴിഞ്ഞ് വീടിന്‍റെ
തൊട്ടടുത്തുള്ള മുകുന്ദന്‍ മാസ്റ്ററുടെ വീട്ടില്‍ ടി.വി.വന്നത് മുതല്‍ രാത്രി
കാലങ്ങളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ജയ് ഹനുമാനും’ എനിക്ക്
പ്രിയപ്പെട്ടതായി.
നീണ്ട പതിനേഴു വര്‍ഷത്തെ കാത്തിരിപ്പുതന്നെ വേണ്ടിവന്നു എന്‍റെ
വീട്ടില്‍ ആ ഉപകരണം എത്തിച്ചേരാന്‍. 2008--ലെ ഒരു സെപ്റ്റംബെര്‍ മാസത്തിലാണ് വീട്ടില്‍ ടെലിവിഷന്‍ ആദ്യമായി
കൊണ്ടുവരുന്നത്. പക്ഷെ അപ്പോഴേക്കും, ടെലിവിഷനോടുള എന്‍റെ ഭ്രമം ഏറെക്കുറെ
മാറിയിരുന്നു. പകരം കമ്പ്യൂട്ടറുകളും, മൊബൈലും, ഇന്റര്‍നെറ്റും ജീവിതത്തിന്‍റെ
ഭാഗമായി. ഇടയ്ക്ക് വല്ലപ്പോഴും, വാര്‍ത്തകളും, സിനിമയും മാത്രം കാണാനുള്ള ഒരു
മാധ്യമമായി ടി.വി മാറി.
കുറെ
വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ്‌ഗാന്ധിയെ കുറിച്ചും അദ്ധേഹത്തിന്റെ ഭരണകാലത്തെ
സംഭവങ്ങളെ കുറിച്ചും വായിക്കാനിടയായ സാഹചര്യത്തില്‍, എന്‍റെ കുട്ടിക്കാലത്തുണ്ടായ
അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ സംഭവവും ഞാന്‍ അതിനോടുചേര്‍ത്തു വായിച്ചു.
അദ്ധേഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ഒരു ത്വര അതെന്നിലുണര്‍ത്തി.
അദ്ധേഹതിന്‍റെ ഭരണനേട്ടങ്ങളും, കോട്ടങ്ങളും പരിഷ്കാരങ്ങളും, ജിജ്ഞാസയോടെ ഞാന്‍
വായിച്ചു. ഒരു പ്രധാനമന്ത്രി എന്നതിലുപരി, ശ്രീലങ്ക എന്ന ഒരു ചെറിയ രാജ്യത്തിന്‍റെ
അഭ്യന്തര കാര്യങ്ങളില്‍ ഒരു രാഷ്ട്രം കൈകൊണ്ട ചില നിലപാടുകളുടെ പേരില്‍
ബലിയാടാകേണ്ടി വന്ന ധീരനും പ്രഗള്‍ഭനുമായ ഒരു ചെറുപ്പകാരന്‍റെ മുളയിലേ കരിഞ്ഞു പോയ
ജീവിതത്തെ കുറിച്ചും ജീവിതസ്വപ്നങ്ങളെ കുറിച്ചും ഞാനോര്‍ത്തു. രാജ്യത്തിനും
ജനങ്ങള്‍ക്കും ഒരു പ്രധാനമന്ത്രിയെ നഷ്ടപെട്ടപ്പോള്‍, അദ്ധേഹത്തെ പച്ചയായ ഒരു
മനുഷ്യനായി മാത്രം കാണാന്‍ ആഗ്രഹിച്ച കുടുംബത്തിനു നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത
മറ്റുപലതുമായിരുന്നു.
രാജ്യത്തുടനീളമുണ്ടായ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും,
ദീര്‍ഘവീക്ഷണത്തോടെ, അദ്ദേഹം അന്നു നടപ്പിലാക്കിയ, വിവര, സാങ്കേതിക, വിദ്യാഭ്യാസ,
വ്യോമ, റയില്‍, വാര്‍ത്തവിനിമയ, രംഗങ്ങളിലെ വിപ്ലവകരമായ പരിഷ്കാരങ്ങളുടെ
ഫലമായുണ്ടായതാണ് ഇന്നത്തെ നിലയില്‍ നാം കാണുന്ന നാമുടെ ഭാരതരാജ്യം, എന്നോര്‍ത്തപ്പോള്‍
എനിക്കു വല്ലാത്ത നിരാശ തോന്നി. ആ മാറ്റങ്ങളില്‍ പലതും ഇന്നു നമ്മുടെ ദൈനംദിന
ജീവിതത്തില്‍ പറിച്ചുമാറ്റാനാവാത്ത വിധം ഒരോരുത്തരിലും ഇഴുകിചേര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഒരുപക്ഷെ ആ മഹത് വ്യക്തി ഇന്നു നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍, ലോകരാഷ്ട്രങ്ങള്‍കിടയില്‍
തലയെടുപ്പോടെ നിവര്‍ന്നുനില്ക്കാന്‍ നമ്മുടെ ഭാരതത്തിനാകുമായിരുന്നു, അതിലുപരി,
രാജ്യവികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന, നമുക്കു ചുറ്റിലും ഒന്നു
കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന, ദാരിദ്ര്യ-പട്ടിണി വിഭാഗങ്ങളുടെ ഉന്നമനവും
സംരക്ഷണവും ഒരു പരിധിവരെയെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ അദ്ധേഹത്തിന്റെ
യജ്ഞങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയുമായിരുന്നു.
ഒരിന്ത്യകാരനും മറക്കാന്‍ പറ്റാത്ത
അദ്ധേഹത്തിന്റെ പേര് ഇന്ന് ഇന്ത്യയുടെ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍
എഴുതപ്പെട്ടിരിക്കുന്നു. ഇനിയെത്ര സംവത്സരങ്ങള്‍ കടന്നുപോയാലും അതങ്ങനെ തന്നെ നിലനില്‍കുകയും
ചെയ്യും.
|
(രാജീവ്
ഗാന്ധിയുടെ ശ്രീപെരുമ്പത്തൂരിലെ ഇന്നത്തെ സ്മാരകം)
ഭാഗം II:- ബാല്യകാല സൌഹൃദ ത്തിലെ അറിയപ്പെടാതെ പോയ ഒരേട്!
|
കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിച്ചാല്‍, ഏഴാം ക്ലാസ്സു കഴിഞ്ഞതോടു കൂടി,
കോളയാട്
സെന്റ്.സേവിയേര്‍സ്സ് യു.പി സ്കൂളിലെ എന്‍റെ പഠനത്തിനു വിരാമമായി. എന്നെ
ചിറ്റാരിപറമ്പ ഹൈസ്കൂളിലേക്കു മാറ്റിചേര്‍ത്തു. അതോടെ ‘താടിപ്പാറ’യിലുള്ള എന്‍റെ
സഹപാഠികളുമായുള്ള സൌഹൃദവും ഏതാണ്ടു നിലച്ചരീതിയില്ലായി.
അവര്‍ രണ്ടുപേരും കോളയാട്
തന്നെയുള്ള സെന്റ്. കോര്‍ണലിയസ് ഹൈസ്കൂളിലേക്കു പോയി പഠനം തുടര്‍ന്നു. എങ്കിലും
ഒരേനാട്ടില്‍ ആയതുകാരണം അവരുടെ യഥാസമയങ്ങളില്‍ ഉള്ള വിവരങ്ങള്‍ ഞാന്‍ അറിയുമായിരുന്നു.
പത്താം ക്ലാസു കഴിഞ്ഞതോടു കൂടി സേതുലക്ഷ്മി +2 പഠനത്തിനായി മസ്കറ്റില്‍ ഉള്ള അച്ഛന്റെ അടുത്തേക്കു
പോയി. ജ്യോതിലക്ഷ്മി ബിരുദവും, ബിരുദാനന്തര ബിരുദവും, നാട്ടില്‍ തന്നെയുള്ള
കോളേജുകളില്‍ തുടര്‍ന്നു. +2 പഠനത്തിനിടയ്ക്കുള്ള മസ്കറ്റിലെ അവധിക്കാലത്തും മറ്റും
സേതുലക്ഷ്മി നാട്ടില്‍ വന്നുപോകാറുണ്ടായിരുന്നു. വിമാനങ്ങളില്‍ കയറി യാത്രചെയ്തു
വരുന്ന അവരെ; തലയ്ക്കു മുകളില്‍ ഒരു പൊട്ടുപോലെ പറക്കുന്ന ഒരു യന്ത്രപക്ഷി
എന്നതിലുപരി, വിമാനത്തെകുറിച്ച് ഒരു വിവരവും ഇല്ലാത്ത ഞാന്‍ വളരെ അത്ഭുതത്തോടെയാണ്
അക്കാലത്ത് നോക്കികണ്ടിരുന്നത്.
തൊടീക്കളം ക്ഷേത്രത്തിലെ ഒരു അഷ്ടമി ഉത്സവനാളില്‍
സേതുലക്ഷ്മിയെ അവിടെ വച്ചു കാണാനിടയായി. പഴയ സഹപാഠിയെ കുറെനാളുകള്‍ക്കു ശേഷം
നേരില്‍ കണ്ടതിലുള്ള സന്തോഷത്തില്‍ ഞാന്‍ അവളോടു പുഞ്ചിരിച്ചു. ഒരു ചെറിയ ചിരി
വരുത്തി എന്ന രീതിയില്‍ ചുണ്ടുകള്‍ കൊണ്ട് ഒരു ‘ഗോഷ്ടി’ കാണിച്ച് അവള്‍
നടന്നുപോയി.
പിന്നീട് കുറേകൂടി കഴിഞ്ഞ് കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും
ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ ഇടയ്ക്ക് രണ്ടു പേരെയും അതിലെ സൌഹൃദ കൂട്ടായ്മകളില്‍
കണ്ടുതുടങ്ങി. തിരക്കിട്ട ജീവിത നെട്ടോട്ടത്തിനിടയില്‍ അവിടെയും, ഒരുപാടു സൗഹൃദങ്ങളില്‍
ഒന്നുപോലെ ഒരു “ഹായ്” പറച്ചിലില്‍ ബന്ധങ്ങളുടെ കണക്കുകള്‍ ഒതുക്കി യാത്രകള്‍ തുടര്‍ന്നു.
ഇന്ന് ഇവര്‍ രണ്ടുപേരും എന്നെ പോലെ തന്നെ പ്രവാസികള്‍ ആണ്. ജ്യോതിലക്ഷ്മി, ബഹറിനില്‍
കുടുംബവുമായി ജീവിതത്തിന്‍റെ ഉച്ചവെയില്‍ തള്ളിനീക്കുന്നു. സേതുലക്ഷ്മി അങ്ങ് ദൂരെ
യൂറോപ്പിലെ മഞ്ഞു മൂടിയെ ഏതോ താഴവരകളില്‍ തണുത്തുറഞ്ഞ ജീവിത-സ്വപ്നങ്ങള്‍ക്ക് കനല്‍
കോരിയിടുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലെ ഒരു
ശനിയാഴ്ച ഞാനും അമ്മയും എന്‍റെ പഴയ സഹപാഠികളുടെ വീട്ടിലേക്കു പോയി. എന്‍റെ ഓര്‍മ്മകളിലെ
പഴയ ‘താടിപ്പാറ’-യിലല്ല ഇന്നവരുടെ താമസം. കുറച്ചു കൂടി തുറസ്സായ, റോഡരികില്‍ ഉള്ള
ഒരു സ്ഥലത്ത് പുതിയ വീട്ടിലാണ് എല്ലാവരും. ‘താടിപ്പാറ’-യുടെ വിജനതയോ ഭയാനകമായ
അന്തരീക്ഷമോ ഇവിടെയില്ല, റോഡില്‍നിന്നും കുറച്ച് ഉയരത്തിലുള്ള ഒരു സ്ഥലത്ത്
വിശാലമായ മുറികളോട് കൂടിയ സാമാന്യം വലിയ ഒരു ഇരുനില വീട്. എനിക്ക് സന്തോഷം തോന്നി !!
എന്‍റെ കര്‍ണ്ണാടക രേജിസ്റ്ററെഷന്‍ ഉള്ള ‘സ്കൂട്ടര്‍’ റോഡരികില്‍ നിര്‍ത്തി ഞങ്ങള്‍
വീട്ടിലേക്കു കയറി ചെന്നു. അവരുടെ അച്ഛന് സുഖമില്ല എന്ന്‍ നേരത്തെ അറിഞ്ഞിരുന്നു. മുന്‍വാതില്‍
തുറന്നു കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ ‘കാളിങ്ങ്’ ബ്ലല്ലടിച്ചു. “ആരാ, അകത്തേക്ക്
വരൂ” എന്‍റെ സഹപാഠികളുടെ അച്ഛന്‍റെ ശബ്ദമാണതെന്നു ഞാന്‍ മനസിലക്കി. ഞങ്ങള്‍
പതുക്കെ സ്വീകരണ മുറിയിലേക്കു കടന്നുചെന്നു.
അവിടെ കണ്ട കാഴ്ച എന്‍റെ മനസ്സിനെ
രണ്ടായി കീറിമുറിക്കുന്നതായി എനിക്ക് തോന്നി. ശരീരമാസകലം മരവിക്കുന്നതു പോലെ;
ഉള്ളിലെക്കെടുത്ത ശ്വാസം എന്‍റെ തൊണ്ടയിള്‍ കുടുങ്ങി. നെഞ്ചില്‍ വല്ലാതെ ഒരു
പിരിമുറുക്കം, എന്‍റെ കണ്ണുകളെ എനിക്കു വിശ്വസിക്കാനായില്ല; ഒരു വീല്‍ ചെയറില്‍
ഇരുന്നുകൊണ്ട് ടി.വി-യിലെ എന്തോ പരിപാടികള്‍ വീക്ഷിക്കുന്ന എന്‍റെ സഹപാഠികളുടെ
അച്ഛന്‍; ഒരു കാള്‍ മുട്ടിനു താഴെവച്ചു മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഞങ്ങളെ
ഒന്നുനോക്കി, ഇരിക്കാന്‍ പറഞ്ഞ്, അദ്ദേഹം വീണ്ടും ടി.വി-യിലേക്കു തന്നെ നോക്കി.
ഞാന്‍ അദ്ധേഹത്തെ ശ്രദ്ധിച്ചു നോക്കി; ഉള്ളില്‍ ഒളിപ്പിച്ച നിര്‍വ്വികാരതയ്ക്കിടയിലൂടെ
ഒരു ചെറിയ ചിരിവരുത്താന്‍ അദ്ദേഹം ശ്രമിച്ചു എന്ന് തോന്നി. മുഖത്ത് മറ്റു
പ്രത്യേകിച്ച് ഒരു ഭാവങ്ങളും ഇല്ല; ഇടയ്ക്ക് റോഡിലേക്ക് ആരെയോ പ്രതീക്ഷിച്ചു
നോക്കുന്നതുപോലെ!! അമ്മയോടു എന്തൊക്കെയോ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു.
അതൊന്നും എന്‍റെ ചെവിയിലേക്കെത്തിയില്ല. അദേഹത്തിന് എന്നെ നേരിട്ട് പരിചയമില്ല,
ഇതുവരെ നേരിട്ട് കണ്ടിട്ടില്ല, ഇവിടെ ഈ അവസ്ഥയില്‍ ഒരു പരിചയപെടുത്തലിനു
പ്രസക്തിയുമില്ല !!
അദ്ദേഹം ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന; നാട്ടിലെ ആദ്യത്തെ ടെലിവിഷനും,
പഴയ ആ സംഭവങ്ങളുമെല്ലാം എന്‍റെ ഓര്‍മ്മയിലേക്ക് അറിയാതെ എത്തി. ഞാന്‍ അദ്ധേഹത്തോട്
മനസ്സുകൊണ്ടു നന്ദി പറഞ്ഞു.
ഇടയ്ക്ക് അദ്ദേഹം എന്‍റെ കാലുകളിലേക്കു നോക്കി,
അദ്ധേഹത്തിന്‍റെ കണ്ണുകളിലെ നിരാശയും, നിസ്സഹാവസ്ഥയും ഞാന്‍ വായിച്ചെടുത്തു. വല്ലാത്ത
ഒരു വീര്‍പ്പുമുട്ടല്‍ എനിക്കാമുറികളില്‍ ഇരിക്കുമ്പോള്‍ അനുഭവപ്പെട്ടു. കൂടുതല്‍ സമയം
അവിടെ ചിലവഴിക്കാന്‍ ആയില്ല, “പോകാം” അമ്മയോടു കണ്ണുകൊണ്ടു കാണിച്ചു. അദ്ദേഹത്തോട്
യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.
റോഡരികില്‍ കുറച്ചു മാറി, അവരുടെ തന്നെ റബ്ബര്‍
തോട്ടത്തില്‍ ‘രാജമ്മ’യും ടീച്ചറും ഉണ്ടായിരുന്നു. അവരോടും കുറച്ചു സമയം
സംസാരിച്ചു. “ജ്യോതിയെ കണ്ടിരുന്നു അല്ലേ” ടീച്ചര്‍ എന്നെ ഓര്‍മപ്പെടുത്തി.
“അതെ പോയിരുന്നു” ഞാന്‍ മറുപടി നല്‍കി. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഒരവസരത്തില്‍
‘വാഷി’-യിലുള്ള അവരുടെ വീട്ടില്‍ ഒരു പ്രാവശ്യം ഞാന്‍ പോയിരുന്നു.
രാജമ്മയോടും ടീച്ചറോടും
യാത്ര പറഞ്ഞു ഞങ്ങള്‍ റോഡരികില്‍ വെയിലില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍റെ കറുത്ത
സുന്ദരിയുടെ അടുത്തേക് നടന്നു, “വെയിലുകൊണ്ട് ഇവളുടെ കറുപ്പ് ഒന്ന് കൂടി കൂടിയോ”
ഞാന്‍ സംശയിച്ചു. വണ്ടി സ്റ്റാര്‍ട്ട്
ചെയ്തു ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.
വീട്ടിലേക്കുള്ള യാത്രയില്‍ എന്‍റെ ചിന്ത മുഴുവന്‍,
പഴയ സഹപാഠികളുടെ അച്ഛനെ കുറിച്ചും അദ്ധേഹത്തിന്റെ മുറിഞ്ഞ കാലുകളെ കുറിച്ചുമായിരുന്നു.
നീണ്ട 22 വര്‍ഷത്തെ മസ്കറ്റിലെ പ്രവാസ ജീവിതം സമ്മാനിച്ചതാണ്, അദ്ദേഹത്തിന് ആ മുറിഞ്ഞ
ഒരു കാലും, രണ്ടു ചക്രങ്ങളുള്ള കസേരയും. സ്വന്തം ജീവിതത്തിലെ ഏറിയ പങ്കും
പ്രവാസിയായി, മരുഭൂമിയിലെ കഷ്ടതകള്‍ക്കിടയിലും നാട്ടിലുള്ളവരുടെ ചിരിക്കുന്ന മുഖംമാത്രം
സ്വപ്നം
കണ്ട് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും തള്ളിനീക്കി, അവസാനം നേട്ടങ്ങളുടെ
കണക്കുപുസ്തകം തുറക്കുമ്പോള്‍, ഒരു കാലഘട്ടം തന്നെ ബലികൊടുത്തുകൊണ്ട് സമ്പാദിച്ച
പണത്തിനു കടലാസിന്‍റെ പോലും വിലയില്ലാതാവുന്ന ഒരവസ്ഥ എത്ര ഭായാനകമാണ് !! ‘പ്രാഞ്ചിയേട്ടന്‍
ആന്‍ഡ് ദി സൈന്റ്’ എന്ന സിനിമയിലെ പുണ്യവാളന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മ്മയിലേക്കത്തി,
“നാം നേടിയതെന്ന് കരുതുന്നതൊക്കെ യഥാര്‍ത്ഥത്തില്‍ നമ്മള്‍ നേടിയതാണോ”!!!!
പ്രവാസ
ജീവിതം അങ്ങനെയ്യാണ് ഒരു കത്തിച്ചുവച്ച മെഴുകുതിരി പോലെ, അതുരുകി മറ്റുള്ളവരുടെ
ജീവിതതിലേക്ക് വെളിച്ചം പകരുന്നു; അതോടൊപ്പം സ്വയം ഉരുകി ഇല്ലാതാവുന്നു. അദ്ധേഹത്തിന്‍റെ
വിളറിയ മുഖവും കാലുകളും എന്‍റെ ചിന്തയിലേക്ക് വീണ്ടും വീണ്ടും മാഞ്ഞുപോകാത്ത
ചിത്രങ്ങളായി കടന്നുവന്നു കൊണ്ടിരുന്നു. മനസ്സു വല്ലാതെ പിടയുന്നു. എന്‍റെ കണ്ണുകളിലെ
നനവ് ഞാന്‍ തിരിച്ചറിഞ്ഞു; മുന്നിലെ കാഴ്ച അവ്യക്തമായി, വണ്ടി പതുക്കെ റോടരികിലേക്ക്
ചേര്‍ത്തി ഞാന്‍ നിര്‍ത്തി, “എന്തു പറ്റി” പുറകില്‍ നിന്നും അമ്മ. “ഹേയ് കണ്ണില്‍ ഒരു പൊടി” ഉടുത്ത വെള്ള
മുണ്ടിന്‍റെ ഒരു ‘കോന്തല’-യെടുത്ത് കണ്ണുതുടച്ചുകൊണ്ട് അമ്മയോടു മറുപടി പറഞ്ഞു;
യാത്ര തുടര്‍ന്നു.
രണ്ടു മൂന്നു ദിവസം കൂടി അദ്ധേഹത്തിന്‍റെ ഓര്‍മ്മകള്‍ എന്‍റെ
മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു, പിന്നെ തനിയേ നിത്യജീവിതത്തിന്‍റെ തിരക്കുകളിലേക്കു
വഴുതിവീണപ്പോള്‍ അതും അങ്ങനെ അലിഞ്ഞില്ലാതായി. പക്ഷെ ഇപ്പോഴും ആ ചിത്രങ്ങള്‍
ഹൃദയഭിത്തിക്കുള്ളിലെ ഏതോ ഒരു കോണില്‍ ആണിയടിച്ചുറപ്പിച്ചുവച്ച രീതിയില്‍ നില്‍ക്കുന്നുണ്ട്.
ഇടയ്ക്ക് കണ്ണുകളിലേക്കെത്തുന്ന രക്ത കണികകള്‍ക്കൊപ്പം അതും അങ്ങനെ കണ്ണിനു
മുന്നില്‍ വന്ന് ഒരു വലിയ തിരശ്ശീലയായി നില്‍ക്കും. രംഗബോധമില്ലാതെ......!!!!
+++ End++++