Wednesday, April 17, 2013

ചില ‘ചൂടന്‍’ ചര്‍ച്ചകള്‍ !!


ചൂട് കൂടി, വൈദ്യുതി ക്ഷാമം, വരള്‍ച്ച, കുടിവെള്ളക്ഷാമം; എക്കാലത്തെയുമെന്നപോലെ ഇത്തവണത്തെ വേനലും മനുഷ്യനും ജന്തുജീവജാലങ്ങള്‍ക്കുമെതിരെ മുഷ്ടി ചുരുട്ടി രംഗത്തുവന്നു കഴിഞ്ഞു. മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച വാര്‍ത്തകളും ചര്‍ച്ചാവിഷയങ്ങളും സജീവം. ഇതിനെല്ലാം കാരണം മന്ത്രിമാരും ജനപ്രതിനിധികളുമാണെന്നു കുറ്റപെടുത്തിയുള്ള ലേഖനങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കും കുറവില്ല. ഈ പ്രശ്നങ്ങളെല്ലാം ആരെങ്കിലും പ്രത്യേക താല്പര്യമെടുത്ത് സൃഷ്ടിക്കുന്നതാണോ? അല്ലെങ്കില്‍ ഇതിന്‍റെയെല്ലാം ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നത് മനുഷ്യര്‍ മാത്രമാണോ? മനുഷ്യരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങു കൂടുതലുള്ള മറ്റു സസ്യ-ജന്തു-ജീവജാലങ്ങള്‍ ഇത്തരം പ്രതിസന്ധികളെ എങ്ങനെയാണു നേരിടുന്നത്? എന്താണ് ഇത്തരം പ്രതിഭാസങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാവാനുള്ള കാരണം ? ചിന്തിക്കാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും നമ്മള്‍ ഇനിയും വൈകിക്കൂട !!
ഒരു നിമിഷം ചിന്തികുകയാണെങ്കില്‍ ഇതിനെല്ലാമുള്ള ശരിയായ ഉത്തരം കിട്ടുകയും, ഇനിയും വൈകാതെ പരിഹാര മാര്‍ഗ്ഗങ്ങളിലേക്കു കടക്കുകയും ചെയ്യാം. മുകളില്‍ പറഞ്ഞ പ്രശ്ങ്ങള്‍ അഥവാ പ്രതിഭാസങ്ങള്‍ ഒന്നുംതന്നെ ഇതാദ്യമായിട്ടല്ല ഉണ്ടാകുന്നത്, അതുമല്ലങ്കില്‍, ഇതിലും കൂടുതലായി ലോകത്തിന്‍റെയോ, ഇന്ത്യയുടെ തന്നെയോ പലപ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാത്രവുമല്ല, ഇതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് നോക്കുമ്പോള്‍, അത് വിരല്‍ ചൂണ്ടുന്നത് നമ്മളില്‍ ഓരോരുത്തരിലേക്കുമാണ് എന്നത് യാദ്രിശ്ചിതകള്‍ക്കപ്പുറം വാസ്തവമായി നിലനില്‍ക്കുന്നു.
സുഖ-സൗകര്യങ്ങള്‍ തേടിപ്പോകുന്ന ഓരോ മനുഷ്യനും പ്രകൃതിക്കുമേല്‍ ബാക്കി വയ്കുന്ന കടങ്ങളാണ് ഇത്തരം പ്രതിഭാസങ്ങളായി തിരിച്ചടിക്കുന്നത് എന്ന കാര്യം നിസംശയം പറയാം. കേരളത്തില്‍ പോയ വര്‍ഷം ലഭിച്ച മഴയുടെ അളവില്‍, വര്‍ഷാവര്‍ഷം ലഭിക്കേണ്ട അനുപാതത്തില്‍ നിന്നും ഏകദേശം 40 ശതമാനത്തോളം കുറവിണ്ടായി. മഴയുമായി ബന്ധപെട്ട എല്ലാ കാര്യങ്ങള്‍ക്കും തല്ഫലമായി അതെ തോതില്‍ കുറവുണ്ടായി. മഴ കുറയാനുള്ള ഒരു പ്രധാന കാരണം വന നശീകരണവും, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും തന്നെയാണെന്നു ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ത്യയിലെ വനങ്ങള്‍ പ്രതിവര്‍ഷം എട്ടു ശതമാനത്തോളം നശിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങളും പ്രകൃതിയുടെ നിലനില്‍പ്പിനു തന്നെ ദോഷംചെയ്യുന്ന രീതിയില്‍ ക്രമാതീതമമായി വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു.

സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഈ ആവശ്യത്തിനു മാത്രമായി, ലക്ഷക്കണക്കിന്‌ മരങ്ങളാണ് ഓരോ ദിവസവും കോടാലികള്‍ക്കിരയാവുന്നത്. വീട് പണിയാനുള്ള സാമ്പത്തിക സഹായം ‘ലോണ്‍’ എന്ന രൂപത്തില്‍ നമ്മള്‍ ബാങ്കില്‍ നിനും കടമായാണ് എടുക്കുന്നത്. അത് എല്ലാവരും കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്, അഥവാ തിരിച്ചടച്ചില്ലെങ്കില്‍ തന്നെ ബാക്കി കാര്യം ബാങ്കുകള്‍ നോക്കികൊള്ളും. പണമൊഴികെ ബാക്കിയെല്ലാം പ്രകൃതി തരുന്നു; പലിശയില്ലാതെ!! അവിടെയും നമ്മള്‍ ‘കടക്കാരന്‍’ തന്നെ. എത്രപേര്‍ ‘തിരിച്ചടയ്ക്കുന്നു’? വീട്ടാവശ്യത്തിനുവേണ്ടി മുറിക്കപ്പെടുന്ന മരങ്ങള്‍ നമ്മളില്‍ എത്രപേര്‍ വീണ്ടും വച്ചുപിടിപ്പിക്കുന്നു? വികസനത്തിന്‍റെ പേരിലുള്ള ചൂഷണങ്ങള്‍ പ്രകൃതിയുടെ നൈസര്‍ഗിഗമായ അവസ്ഥയില്‍ വലിയ മാറ്റങ്ങലാണ് സൃഷ്ടിക്കുന്നത്. രാജ്യപുരോഗതിക്ക് വികസനം അനിവാര്യം തന്നെ; പക്ഷേ ഇത്തരം വിഷയങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചു നടപ്പിലാക്കുമ്പോള്‍ ആണ് അത് യഥാര്‍ത്ഥ വികസനമായി കണക്കാക്കപ്പെടുന്നത്. പ്രകൃതിക്കും അതിന്‍റെ നിലനില്‍പ്പിനും കോട്ടം തട്ടാതെയുള്ള ഒരുപാടു മാതൃകാപരമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു പരിധിവരെ, പ്രകൃതി സ്വയം നശിച്ചുകൊണ്ടിരിക്കുന്നവയെ പു:നസൃഷ്ട്ടിക്കുന്നു. പക്ഷേ അതിനും ഒരു പരിധിയില്ലേ !! പ്രകൃതി എങ്ങനെ ഈ പ്രശ്നങ്ങളെ നേരിടും !! നമ്മുടെ പൂര്‍വികര്‍ അല്ലെങ്കില്‍, പ്രകൃത്യാ ഉണ്ടായ സമ്പത്തുകളിന്‍ മേലിലാണ് നമ്മള്‍ ‘കസര്‍ത്ത്’ കളിക്കുന്നത്. മനുഷരുടെ നിത്യേനയുള്ള ജീവിതാവശ്യങ്ങള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ അത്യന്താപേക്ഷികം തന്നെ, അതോടൊപ്പം അതു നിലനിര്‍ത്തേണ്ട ഒരു ഉത്തരവാദിത്വം കൂടി നമുക്കെല്ലാവര്‍ക്കും ഉണ്ട്.

വളരെ നിസ്സാരവും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്നതും ആയ കാര്യമാണ് നിങ്ങളുടെ വീടിനു ചുറ്റുമുള്ള ഒഴിവു സ്ഥലങ്ങളില്‍ ഓരോ മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നുള്ളത്. മരങ്ങളാണ് പ്രകൃതിയുടെ ഏറ്റവും വലിയ സമ്പത്ത്. നമ്മുടെ നിത്യജീവിതത്തില്‍, പ്രത്യക്ഷമായും, പരോക്ഷമായും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും മരങ്ങളുമായും സസ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. അതില്ലെങ്കില്‍ മറ്റൊന്നിനും നിലനില്‍പ്പില്ല. ഇന്ന് ചൂടും, കുടിവെള്ളക്ഷാമവും, വരള്‍ച്ചയും, നമ്മുടെ മുന്നിലുണ്ട്, നാളെ ഒരുപക്ഷെ നിശ്വാസ വായു പോലും, ഇതേ അവസ്ഥയിലേക്ക് വന്നാലോ!!. ഓക്സിജന്റെ അളവ് അന്തരീക്ഷത്തില്‍ ക്രമാതീതമായി കുറയുന്നു എന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് തന്നു കഴിഞ്ഞു. ഈ അവസ്ഥയ്ക് നമ്മള്‍ ഓരോരുതരും ഉത്തരവാദികളാണ്. ഇനിയും വൈകിയിട്ടില്ല, ഇന്ന് നിങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഓരോ മരങ്ങളും, നാളെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക് അല്ലെങ്കില്‍ വരാനുള്ള തലമുറയ്ക് നിങ്ങള്‍ കൊടുക്കുന്ന ശ്വാസ വായുവാണ്. വരും കാലങ്ങളില്‍ അതെങ്കിലും അവര്‍ക്ക് ലഭിക്കുമെന്നു നമുക്ക് ഉറപ്പുവരുത്തേണ്ടേ !!
(Mukesh M)
(ചിത്രങ്ങള്‍> കടം by ആരോ!)

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. മുകേഷ് വളരെ ഗൗരവമായ ഒരു വിഷയമത്രേ ഇത്
    ഇതേ ചിന്താഗതിയിൽ ഞാനും ചില കുറിപ്പുകളും
    ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്
    കഴിഞ്ഞ ദിവസം Avaaz,org ൽ ഒരു പുതിയ
    campaign തുടക്കമിട്ടു അതിൽ തീർച്ചയായും
    ചേർന്നാലും നമ്മെപ്പോലെ ലൈക്‌ minded
    ആളുകൾ ചേർന്നാൽ ഇത് അനെകരിലേക്ക് എത്തിക്കാൻ
    കഴിയും, ഇവിടെ ആദ്യ കമന്റു മായി വരാൻ കഴിഞ്ഞതിലും
    സന്തോഷം വീണ്ടും കാണാം
    അതേപ്പറ്റിയുള്ള ഒരു കുറിപ്പും ലിങ്കും താഴെ കൊടുക്കുന്നു

    Friends,

    I just created a new petition and I hope you can sign -- it's called: Let us save our trees and other forest resources

    This issue is very important to me, and I’m trying to get to 100 signatures and could use your help.

    Read more about it and sign it here:
    Let Us Save Our Trees And Forests

    Campaigns like this always start small, but they grow when people like us get involved -- please take a second right now to help out by signing and passing it on.

    Thanks so much,

    ReplyDelete
    Replies
    1. സര്‍, വളരെ ഗൌരവമായ വിഷയം എന്നതില്‍ സംശയമില്ല, പക്ഷേ നമ്മളില്‍ പലരും അത് എത്രത്തോളം ഗൌരവത്തില്‍ എടുക്കുന്നു എന്നതാണ് വിഷയം. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് ഒരു പുതിയ മരം എങ്കിലും വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങളെ ഉദിക്കുന്നില്ല. പക്ഷെ പലരും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. വീട് വെക്കാന്‍ വേണ്ടി പറമ്പിലെ മരങ്ങള്‍ എനിക്കും മുറിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്, പകരം ഇരട്ടിയില്‍ അതികം വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷിക്കുന്നു. അവ വളര്‍ന്നു വരുന്നത് കാണുമ്പോള്‍ തന്നെ ഒരു കുളിരാണ് മനസ്സിന്.

      പെറ്റിഷന്‍ ഞാന്‍ ഒപ്പുവച്ചിട്ടുണ്ട്. സാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം കാണട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

      നമ്മള്‍ വളര്‍ത്തി വലുതാക്കിയ മരങ്ങള്‍ നമ്മളെ നോക്കി ചിരിക്കുന്ന; തണലായി നന്ദി ചൊരിയുന്ന ഒരു പുലരിക്കായ്‌ കാത്തിരിക്കാം.

      ധ്വനിയിലെ സാനിധ്യത്തിനു നന്ദി ഒരിക്കല്‍ കൂടി; സ്നേഹം,

      Delete