Thursday, April 11, 2013

രുദ്രപൂര്‍ -ഒരോര്‍മ്മ !! (ഒരനുഭവ കഥ)


   ചിത്രത്തില്‍, സുഹൃത്ത്‌ ഷാലറ്റ് കുര്യാക്കോസ് ആണ്. ജനുവരി മാസത്തിലെ ഒരു പ്രഭാതം ആണ് ഈ കാണുന്നത്. സംഭവ സ്ഥലം ഇന്നത്തെ ഉത്തരാഖണ്ട് സംസ്ഥാനത്തിലെ രുദ്രാപുര്‍. ക്യാമറയുടെ കുഴപ്പം കൊണ്ടല്ല ഈ ചിത്രം ഇങ്ങനെ മങ്ങി ഇരിക്കുന്നത്. മൂടല്‍ മഞ്ഞാണ്. രാവിലെ പത്തു മണി ആയാലും ഇതാണ് ശൈത്യ കാലത്തെ ഇവിടുത്തെ അവസ്ഥ. കിടു കിടാ വിറയ്കുന്ന തണുപ്പ്. കണ്ണൂരിലെ തണുപ്പ് നമുക്കറിയാം, രാവിലെ പച്ച വെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ അതങ്ങ് മാറും, അല്ലെങ്കില്‍ അമ്പല കുളത്തില്‍ ഒരു മുങ്ങി കുളി. അങ്ങനെ ഉള്ള , പ്രത്യേകിച്ച് കണ്ണൂരിലെ തണുപ്പ് മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക്  രുദ്രപൂരിലെ അതിശൈത്യവും ഇങ്ങനെ ഉള്ള കാഴ്ചകളും വളരെ അതികം അല്ഭുതാവഹവും അതേസമയം കഠിനവും ആയിരുന്നു. ഇത് കാണാന്‍ വേണ്ടി മാത്രം അതി രാവിലെ എണീറ്റ്‌ ഷാലറ്റിന്‍റെ മൊബൈലില്‍ ഉള്ള (അന്നത്തെ മികച്ച) ക്യാമറയും എടുത്തു നടന്നിട്ടുണ്ട്. അതില്‍ പതിഞ്ഞ ഒന്നാണ് ഈ ചിത്രവും. രണ്ടു കമ്പിളി കൊണ്ടായിരുന്നു രാത്രികള്‍ കഴിച്ചു കൂട്ടിയിരുന്നത്. കയ്യുടെയോ കാലിന്‍റെയോ ഏതെങ്കിലും, ഭാഗങ്ങള്‍ പുറത്തായാല്‍, പിന്നെ നോക്കേണ്ട, ആ ഭാഗം ഒരാഴ്ചത്തേക്ക് അനങ്ങില്ല.


ഉത്തരേന്ത്യയിലെ, ശീതകാലത്ത്  സാമാന്യം നല്ല തണുപ്പ് അനുഭവപെടാറുള്ള സ്ഥലങ്ങള്‍ ആണ് നൈനിറ്റാല്‍, ഹല്ദ്വാനി, രുദ്രപൂര്‍ എന്നിവിടങ്ങള്‍. തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രി വരെ ഒകെ പോകും താപനില സൂചിക. ഉത്തരാഖണ്ട്ന്‍റെ എഴുപതു ശതമാനത്തോളം വനപ്രദേശങ്ങള്‍ ആണ്. ബാക്കി മുപ്പതു ശതമാനം മാത്രമേ ജനവാസ മേഖലകള്‍ ഉള്ളു. അത്തരത്തില്‍ ഉള്ള ഒരു പ്രദേശമാണ് രുദ്രപൂര്‍. ഇന്ത്യാ വിഭജന കാലത്ത് പാക്കിസ്ഥാന് വിട്ടുകൊടുക്കേണ്ടി വന്ന പ്രദേശങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവരാണ് ഇന്നത്തെ  ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളുടെ കഠിനാദ്വാനത്തിന്‍റെ ഫലമായി നേടിയെടുത്ത സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബങ്ങളിലും തെളിഞ്ഞു കാണാം. ടെറാഡൂണ്‍ ആണ് ഉത്തരാഖണ്ട്ന്‍റെ തലസ്ഥാനം. ഹരിദ്വാര്‍, ഋഷികേഷ്, എന്നീ തീര്‍ഥാടന കേന്ദ്രങ്ങളും ഇന്നത്തെ ഉത്തരഖണ്ടിന്‍റെ ഭാഗമാണ്.


(ബാന്‍ഗ്ലൂര്‍ റയില്‍വേ സ്റ്റേഷനിലെ യാത്രയയപ്പ്)
2008-ലെ ഒരു മെയ്‌ മാസത്തില്‍ ആണ് രുദ്രപൂരില്‍ ആദ്യമായി എത്തുന്നത്‌. കമ്പനി വക ഉള്ള ഒരു ട്രാന്‍സ്ഫര്‍ ആയിരുന്നു അത്. ശമ്പളം കൂട്ടിതരാമെന്ന് പറഞ്ഞപ്പോള്‍ ചാടി പുറപ്പെടതാണ് ഞാനും ഷാലറ്റും. കണ്ണൂരില്‍ നിന്നു രണ്ടര ദിവസം വേണം അവിടെ എത്താന്‍, രണ്ടു ദിവസം ഡല്‍ഹിക്ക്, പിന്നെ അര ദിവസം രുദ്രപൂരിലത്താന്‍. പക്ഷെ ആദ്യ യാത്ര, ബംഗ്ലൂരില്‍ നിന്നായിരുന്നു. ടിക്കറ്റ്‌ ഫ്രീ കമ്പനി വക, യാത്ര പതിവ് പോലെ ട്രൈനില്‍ തന്നെ. ശരി എന്നാല്‍ പിന്നെ ‘രാജധാനിയില്‍’ തന്നെ ആയികോട്ടെ എന്നായി ഞങ്ങള്‍. അങ്ങനെ ആ ദിവസം വന്നു, ബാഗ്ലൂരിനോടു ഞങ്ങള്‍ വിടപറയുന്ന ദിവസം. ഞങ്ങളെ യാത്രയാക്കാന്‍  സഹപ്രവര്‍ത്തകര്‍ ആയ ഒരുപാടു നല്ല സുഹൃത്തുക്കള്‍ വന്നിരുന്നു റെയില്‍വേ സ്റ്റേഷനില്‍, കാരണം അന്നു ബംഗ്ലൂരിലെ ഫാക്ടറിയില്‍ നിന്നു ആദ്യമായിട്ട് ട്രാന്‍സ്ഫെര്‍ വാങ്ങി അതും ഉത്തരഘണ്ട് എന്ന കാട്ടിലേക്ക് പോകുന്ന ഞങ്ങളെ അവസാനമായി ഒരുനോക്ക് കാണാന്‍ എല്ലാവര്‍ക്കും നല്ല ‘ത്രില്‍’ ആയിരുന്നു. മനസ്സില്‍ “ഹാ ഈ ‘എട്ടിന്‍റെ പണി’ വാങ്ങിക്കേണ്ട വല്ല കാര്യവും ഉണ്ടോടാ മക്കളേ..” എന്നെ സഹതാപവും. അവിടുത്തെ സാഹചര്യങ്ങളെ പറ്റി നേരത്തെ ഫാക്ടറി പണികള്‍ ഒകെ നോക്കി നടത്താന്‍ പോയിട്ടുള്ള അഭിലാഷ് ഭായി ശരിക്കും ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള മുന്‍ വിധിയോടെ ആയിരുന്നു എല്ലാവരുടേയും പെരുമാറ്റം. 

(ഞങ്ങള്‍ പുറപ്പെട്ടു)
എന്തായാലും തീവണ്ടി പുറപ്പെട്ടപോള്‍ ഞങ്ങള്‍ക്കും ആകെ ടെന്‍ഷന്‍ ആയിരുന്നു. “ദൈവമേ എന്തൊകെ ഇനി കാണേണ്ടി വരും” എന്നാ ഒരാധി. പഞ്ചാബി സിങ്ങും, മോളും ഉള്ളത് കൊണ്ട്  ട്രൈനിലെ യാത്ര ബോറടിക്കാതെ ഡല്‍ഹി വരെ പോയി. ‘രാജധാനി എക്സ്പ്രസ്സില്‍’ ഫുഡ്‌ ഫ്രീ ആണെന്ന് ആ യാത്രയിലാണ് മനസിലായത്. രാജധാനിയിലെ ശീതീകരിച്ച കമ്പാര്‍ട്ട്മെന്ടില്‍ നിന്നും ഡല്‍ഹിയുടെ ചുട്ടു പൊള്ളുന്ന ആ പകലിലേക്ക് ഉള്ള ലാണ്ടിംഗ് ഞങ്ങളെ വല്ലാതെ അംബരപ്പിച്ചു. അടുപ്പില്‍ മുഖം കൊണ്ട് വച്ച പോലെ ഉള്ള അവസ്ഥ. ഈ വെയിലില്‍ എന്‍റെ ഉള്ള ‘ഗ്ലാമര്‍’ കമ്പ്ലീറ്റ്‌ ഉരുകി ഒലിച്ചു പോകുമോ എന്ന് ഒരു വേള ഞാന്‍ ചിന്തിച്ചു പോയി. ‘നിസാമുധീന്‍’ എന്നത്  ഒരാളുടെ പേര് മാത്രമല്ല, ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി ആണെന്ന് ഞാന്‍ അന്നു മനസിലാക്കി. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള മിക്കവാറും എല്ലാ തീവണ്ടികളും ഇവിടെ നിന്നാണത്രേ പുറപെടുന്നതും, എത്തിച്ചേരുന്നതും. ഒരു ‘കച്ചറ’ സ്റ്റേഷന്‍. ഡല്‍ഹിയെ പറ്റിയുള്ള എന്‍റെ എല്ലാ സങ്കല്‍പ്പങ്ങളും അതോടെ പോയി. എന്‍റെ  ചിന്ത ഇങ്ങനെ വീണ്ടും നീണ്ടു നീണ്ടു പോകുമ്പോള്‍, “മുകേഷേ വാ’ എന്ന് വിളിച്ചുകൊണ്ട് ഷാലറ്റ് പെട്ടികളൊക്കെ എടുത്തു നടന്നു തുടങ്ങിയിരുന്നു. അവിടെ ഹോട്ടലില്‍ ഒരു ദിവസം തങ്ങി. പിറ്റേന് രാവിലെ രുദ്രപൂരിലേക്കുള്ള യാത്ര. പേരില്‍ മാത്രം “ലെക്ഷ്വറി” ഉള്ള ഒരു ബസ്സ്‌.

(കമ്പനി)
ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ പ്രസ്തുത സ്ഥലത്തെത്തി. നമ്മുടെ ‘കൂത്തുപറമ്പ്’ ഒക്കെ പോലെയുള്ള ഒരു ചെറിയ സിറ്റി. അതികം വീതി ഇല്ലാത്ത റോഡുകള്‍. റോഡിനു ഇരു വശങ്ങളിലുമായി നല്ല ഉയരത്തിള്‍ വളരുന്ന അക്കേഷ്യ മരങ്ങള്‍ ധാരാളം. അവിടെ പപ്പേട്ടന്‍ ഞങ്ങളെ കാത്തു ടൌണില്‍ തന്നെ ഉണ്ടായിരുന്നു, ഒരു ടാറ്റാ സുമോ വണ്ടിയുമായി. സ്ഥലത്തെ പറ്റിയും, അവിടുത്തെ ആളുകളെ പറ്റിയും, വണ്ടിയില്‍ പോകുമ്പോള്‍ തന്നെ പപ്പേട്ടന്‍ വളരെ വിശദമായി തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു. പപ്പേട്ടന്‍ ഇവിടെ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി. അദ്ദേഹവും അഭിലാഷ് ഭായിയുടെ കൂടെ വന്നതാണ്. അങ്ങനെ ഞങ്ങള്‍ പുതിയ ഓഫീസില്‍ എത്തി. ‘’സിട്കുല്‍” (SIDCUL-State Industrial Development Corporation-Utharakhand Limited) എന്ന് ഓമന പേരുള്ള ഒരു വലിയ വ്യവസായ സ്ഥലത്താണ് ഞങളുടെ ഈ പുതിയ കമ്പനി. പത്തു വര്‍ഷത്തേക്കു ‘Excise Tax’ ഉള്‍പ്പന്നങ്ങള്‍ക്കു ബാധകമല്ല എന്നതായിരുന്നു മറ്റനേകം കമ്പനികളെ പോലെ ഈ കമ്പനിയേയും ഒരു പുതിയ ഫാക്ടറി ഈ സംസ്ഥാനത്തു തുടങ്ങാന്‍ പ്രേരിപ്പിച്ച ഘടകം. മാരുതി, നെസ്റ്റ്ല, ബ്രിട്ടാനിയ, വോള്‍ട്ടാസ് അങ്ങനെ നീളുന്ന വമ്പന്‍ കമ്പനികളുടെ ഇവിടുത്തെ ഫാക്ടറികളുടെ മുന്‍പില്‍ നമ്മുടെ ഫാക്ടറി വളരെ ചെറുതാണെന്ന് എനിക്ക് തോന്നി.  എന്തായാലും പുതിയ ഓഫീസും, ചുറ്റുപാടും ആളുകളും ഞങ്ങള്‍ ആസ്വദിച്ചു. അന്നു തന്നെ ജോയിന്‍ ചെയ്തു.


(Ranikhet Express)
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ റോഡിലൂടെ വാഹനങ്ങള്‍ ഓടുന്നതായിരുന്നു ഞങ്ങളെ അമ്പരപ്പിച്ച അവിടുത്തെ മറ്റൊരു കാഴ്ച. കുറച്ചു ദിവസത്തെ ഹോട്ടലിലുള്ള താമസത്തിനു ശേഷം ഞങ്ങള്‍ ഒരു വാടക വീട്ടിലേക്ക് മാറി. നഗരത്തിന്‍റെ തിരക്കില്‍ നിന്നും കുറച്ചു മാറി ഒരു ചെറിയ ഗ്രാമം പോലെ തോന്നിക്കുന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ഈ താമസം. വിശ്രമജീവിതം നയിക്കുന്ന ഒരു പോലീസ്സുദ്യോഗസ്ഥന്‍റെ വീട്. പ്രായം ഒരു അറുപത് വയസ്സിനു മുകളില്‍ വരും. ഞങ്ങള്‍ അദ്ധേഹത്തെ സ്നേഹപൂര്‍വ്വം “ദാദാജീ” എന്ന് വിളിച്ചു. അദ്ധേഹത്തിന്‍റെ ഭാര്യ ഞങ്ങള്‍ക്ക് “ദാദി” ആയി. അവരെ കൂടാതെ അദ്ധേഹത്തിന്‍റെ രണ്ട് ആണ്മക്കളും കുടുംബവും കൂടെ ആ വീട്ടില്‍ അംഗങ്ങളായി ഉണ്ട്. ഇളയ മകന്‍ പോലീസ് സേനയില്‍ തന്നെ അച്ഛനെ പോലെ. വീടിനോട് തൊട്ടുപുറകില്‍ ആയി റെയില്‍വേ പാളം ആണ്. രാത്രി പത്തരയ്ക്ക് ഇത് വഴി കടന്നു പോകുന്ന ‘റാണിഖേത് എക്സ്പ്രസ്സ്’ പോയതിനു ശേഷമാണ് ഞങ്ങള്‍ എന്നും ഉറങ്ങാന്‍ കിടക്കുക. ട്രൈന്‍ വൈകിയാല്‍ ഉറക്കവും വൈകും. അന്നു ഏഷ്യനെറ്റില്‍ ജനപ്രീതി നേടി, ഹൌസ്ഫുല്‍ ആയി ഓടികൊണ്ടിരിക്കുന്ന ‘രഹസ്യം’ സീരിയലിന്‍റെ ഓരോ ദിവസത്തെയും അവസാനഭാഗങ്ങള്‍ ഈ ട്രൈനിന്‍റെ ശബ്ദം കാരണം പലപ്പോഴും ഞങ്ങള്‍ ‘നോക്കികാണുക’ മാത്രം ചെയ്തു. ‘റാണിഖേത്’ ഹല്‍ദ്വാനിക്കടുത്തുള്ള ഒരു സ്ഥലമാണ്. ഹല്‍ദ്വാനിയാണ് ട്രൈനിന്‍റെ അവസാനത്തെ സ്റ്റോപ്പ്‌. അത് കഴിഞ്ഞാല്‍ പിന്നെ പാളം ഇല്ല. വലിയ ഉയരത്തില്‍ ഉള്ള കുന്നിന്‍ പ്രദേശങ്ങള്‍ ആണ് അവിടുന്നങ്ങോട്ട്‌. സന്ദര്‍ശകരുടെ സ്വപ്നഭൂമിയായ ‘നൈനിറ്റാല്‍’ അതിനും മുകളിലാണ്. നൈനിറ്റാളില്‍ നിന്നും നോക്കിയാല്‍ ഹിമാലയത്തിന്‍റെ മഞ്ഞു മൂടിക്കിടക്കുന്ന ഒരു ഭാഗം കാണാം. 




( രാജേന്ദ്രന്‍ മാഷ്‌, സയന, ഞാന്‍ )

സൈക്കിള്‍ റിക്ഷയിലായിരുന്നു അന്നത്തെ ഞങ്ങളുടെ ഓഫീസ്സിലേക്ക് ദിവസേനയുള്ള യാത്ര-രുദ്രപൂര്‍ സിറ്റി വരെ. അവിടുന്നങ്ങോട്ട് ഓട്ടോറിക്ഷയില്‍ പോകണം. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഓഫീസ്സിലെ ഡെപ്യൂട്ടി പ്രൊടക്ഷന്‍ മാനേജര്‍ രാജേന്ദ്രന്‍ മാഷും ഞങ്ങളുടെ കൂടെ കൂടി. (ഞങ്ങളെക്കാള്‍ പ്രായം കൂടുതല്‍ ആയതുകൊണ്ടാണ് പേരിനോടൊപ്പം “മാഷ്‌” എന്നു കൂട്ടിവിളിക്കുന്നത്-അല്ലാതെ സ്കൂളില്‍ പഠിപ്പിച്ചത് കൊണ്ടല്ല.)  പ്രമോഷനും ശമ്പളവും എന്ന് കേട്ടു അബദ്ധത്തില്‍ ബാംഗ്ലൂരില്‍ നിന്നും  ചാടി പുറപ്പെട്ടതാണ് രാജേന്ദ്രന്‍ മാഷും. അദ്ദേഹവും ഇവിടെ എത്തിയിട്ട് ഏകദേശം ഒരു മാസത്തോളമായി. അഭിലാഷ് ഭായിയുടെ കൂടെ കമ്പനി ഗസ്റ്റ്‌ ഹൌസില്‍ ആയിരുന്നു ഇതുവരെ താമസം. ഫ്രീ!!. അഭിലാഷ് ഭായി അടുത്ത ആഴ്ച തിരിച്ചുപോകുകയാണ് ബാംഗ്ലൂരിലേക്ക്. മാഷിനു അപ്പോള്‍ മാറിയേ പറ്റൂ, അങ്ങനെ ആണ് ഞങളുടെ കൂടെ കൂടുന്നത്. രാജേന്ദ്രന്‍ മാഷ്‌ വന്നതിനു ശേഷം ഞങ്ങളുടെ ഓഫീസ്സില്ലെക്കുള്ള യാത്ര മാഷിന്‍റെ ബുള്ളറ്റില്‍ ആയി. മാഷിന്‍റെ ‘സന്തത സഹചാരി’ ആണ് ഈ കേരള രജിസ്ട്രേഷന്‍ ബുള്ളറ്റ്. ബുള്ളറ്റ് ഇല്ലാത്ത ഒരു യാത്ര മാഷിനു ആലോചിക്കാന്‍ പോലും കഴിയില്ല.

(കമ്പനിയിലെ ഒരു സമ്മാനദാന ചടങ്ങ്)
നമ്മുടെ ദാദാജിയുടെ സുഹൃത്തായ ഒരു പോലിസ്സുകാരനും കുടുംബവും ആയിരുന്നു ഞങ്ങളുടെ തൊട്ടടുത്ത വീട്ടില്‍. അദ്ധേഹത്തിന്‍റെ മോള്‍ക്ക് (സോണിയ) ഷാലറ്റിനോട് എന്തോ ‘ഒരിത്’ ഉണ്ടെന്നായിരുന്നു അവന്‍റെ വെയ്പ്. ആ കുട്ടിക്ക് എന്നേക്കാള്‍ ഉയരം കൂടുതല്‍ ആണെന്ന് പറഞ്ഞ്, എന്നെ അവന്‍ വളരെ വിധഗ്ദമായി അവളുടെ കണ്ണില്‍പെടാതെ മാറ്റിനിര്‍ത്തിയിരുന്നു. അതോടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. അപോഴാണ് ആ കാഴ്ച എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഞങ്ങളുടെ വീടിന്‍റെ എതിര്‍വശത്തെ വലിയ ആ വീട്ടിലെ ടെറസ്സില്‍, മാലാഖയെ പോലെ പാല്‍പുഞ്ചിരി വിടര്‍ത്തി, നിര്‍ന്നിമേഷയായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന രത്തന്‍ സിംഗിന്‍റെ മകള്‍ ‘പ്രിയ’. ആദ്യം തന്നെ അവളുടെ ഉയരം ഞാന്‍ കണ്ണുകള്‍ കൊണ്ടളന്നു. “കുഴപ്പമില്ല” ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ഹൃദയം പ്രിയയ്ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.(ഇതുവരെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല).
എന്‍റെ സ്വപ്നങ്ങളില്‍ പ്രിയ അതിഥിയായി വരാന്‍ തുടങ്ങി. ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടേയിരുന്നു. രാജേന്ദ്രന്‍ മാഷ് ആകട്ടെ ഇതിലൊന്നും പങ്കു ചേരാതെ, ഒരു മൂലയ്ക്‌, നാട്ടിലെ അദ്ധേഹത്തിന്റെ ഭാര്യയോടു എപ്പോഴും രുദ്രപൂരിലെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. കല്യാണത്തിനു ശേഷം ആദ്യമായി ഗള്‍ഫില്‍ വന്ന ഒരു ഭര്‍ത്താവിന്‍റെ അവസ്ഥ ആയിരുന്നു മാഷിന്‍റെതു. അങ്ങനെ സംഭവ ബഹുലമായ ദിവസങ്ങള്‍, രാത്രികള്‍, .മാസങ്ങള്‍ !!.
(കമ്പനിയിലെ ഒരു സമ്മാനദാന ചടങ്ങ്)
ഓണവും, ബക്രീതും വിഷുവും, ക്രിസ്മസും, റംസാനും ഞങ്ങള്‍ അവിടെ വളരെ ഉല്സാഹപൂര്‍വ്വം കൊണ്ടാടി. രുദ്രപൂരിലെ അന്നത്തെ ജീവിതം കുറെ നല്ല മറ്റു സുഹൃത്തുക്കളെ കൂടി എനിക്ക് സമ്മാനിച്ചു. ശ്രീനിവാസ്, കപില്‍ദേവ് (ക്രിക്കെറ്റ് കളിക്കാരന്‍ അല്ല), വിപിന്‍, രാമദാസ്‌, സജീവ്‌, ദീരജ്കുമാര്‍, വിവേക്, ചന്ദ്രശേഖര്‍, അനീഷ്‌, ഷങ്കര്‍, ജിമ്മി, .എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഒമാനകുട്ടന്‍ മാഷിന്‍റെ പേര് പറയാതിരിക്കാന്‍ വയ്യ. 






അങ്ങനെ ഇരിക്കെ ഒരു ദിവസം രാജേന്ദ്രന്‍ മാഷിനു ദുബായില്‍ പോകാന്‍ ഉള്ള ഒരു ഓഫര്‍ വന്നു. ഒരു സുപ്രഭാതത്തില്‍ പുള്ളി അങ്ങനെ ഞങ്ങളെ വിട്ടു പോയി. ആകെ ഒരു അസ്വസ്ഥത, ബുള്ളറ്റ് കൂടെയില്ലാത്ത മാഷിന്‍റെ ആദ്യത്തെ യാത്രയായിരുന്നു അത്. അതിന്‍റെ വിഷമം മാഷിന്‍റെ മുഖത്ത് പ്രത്യേകം എടുത്തുകാട്ടി. വണ്ടി എത്രയും പെട്ടന്ന് നാട്ടിലേക്ക് കേറ്റിവിടാം എന്ന് ഞങ്ങള്‍ മാഷിനു ഉറപ്പുനല്‍കി. അപോഴും ഈ വണ്ടി എങ്ങനെ ഓടിച്ചു പാര്‍സല്‍ ഓഫീസ്സ് വരെ എത്തിക്കും എന്ന ചിന്ത ഒരു വലിയ ചോദ്യചിന്ഹമായി നിന്നു. കാരണം രണ്ടു പേര്‍ക്കും ബൈക്ക് ഓടിക്കാന്‍ അറിയില്ല. പിന്നെ ആ ബുള്ളറ്റ് ഒരു ട്രെയിനിംഗ് സ്കൂള്‍ ആയി ഞങ്ങള്‍ ഉപയോഗിച്ചു. അങ്ങനെ ഞാനും ബൈക്ക് ഓടിക്കാന്‍ പഠിച്ചു. (പിന്നീട് കുറെ കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍, ”ഞാന്‍ ബുള്ളറ്റിലാ മോനെ ബൈക്ക് ഓടിക്കാന്‍ പഠിച്ചേ, നിന്‍റെ ‘പള്‍സര്’ വച്ചുള്ള കളിയൊന്നും എന്‍റെടുത്തു ഇറക്കല്ലേ..”  എന്ന് നാട്ടിലെ പിള്ളേരോട് നല്ല ഗമയില്‍ പറയുമായിരുന്നു.)

ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ നാട്ടില്‍ വന്നു. പതിനഞ്ചു ദിവസത്തെ ലീവ്. ലീവ് കഴിഞ്ഞു തിരിച്ചു രുദ്രപൂരില്‍ എത്തിയപ്പോള്‍, ഒരു ദുഃഖ വാര്‍ത്ത ആയിരുന്നു എന്നെ എതിരേറ്റത്. ഞങ്ങളുടെ ഓഫീസിലെ അട്മിനിസ്ട്രെഷന്‍ മാനേജര്‍ ആയിരുന്ന ഹരീഷ് കന്വ്വാളിനെ  ആരോ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുന്നു. കാരണം വ്യക്തമല്ല. ഓഫീസ്സിലെ തന്നെ ചിലരെ ബന്ധപ്പെടുത്തി പല ഊഹാപോഹങ്ങളും പുറത്തു വരുന്നുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഞാന്‍ ആകെ ടെന്‍ഷനിലായി. വൈകുന്നേരം ഞാനും ഷാലറ്റും കൂടി അദേഹത്തിന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹല്ദ്വാനിയില്‍ ഉള്ള വീട്ടില്‍ പോയി. അദേഹം ഞങ്ങളോട് വളരെയധികം അടുപ്പമുള്ള ഓഫീസ്സില്‍ ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു. ഒരിക്കല്‍ ഞാനും രാജേന്ദ്രന്‍ മാഷും അദേഹത്തിന്‍റെ ആ വീട്ടില്‍ പോകുകയും ചെയ്തിട്ടുണ്ട്. അദേഹത്തിന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും എന്നെ നന്നായി അറിയാം. ഞങ്ങളെ കണ്ടതോടു കൂടി അവരുടെ കരച്ചില്‍ ഉച്ചത്തിലായി. കാര്യങ്ങള്‍ അവിടെ നല്ല പന്തി അല്ല എന്ന് കണ്ടതോടു കൂടി, പെട്ടന്ന് തന്നെ മടങ്ങാന്‍ ബോസ്സിന്‍റെ ഓര്‍ഡര്‍ വന്നു. കാരണം അവിടുത്തെ നാട്ടുകാര്‍, ഈ കൊലയുടെ ഉത്തരവാദികള്‍ ഓഫീസ്സിലുള്ള ചിലരാണെന്ന് ഉറച്ചു വിശ്വസിക്കുകയും, ഓഫീസ്സില്‍ നിന്നും ആരുവന്നാലും ‘കൈകാര്യം’ ചെയ്തിട്ടേ വിടാവൂ എന്ന തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തിരുന്നു. എന്നാലും അങ്ങനെ തിരിച്ചുവരുന്നത് കൂടുതല്‍ സംശയങ്ങക്ക് ഇടനല്‍കും എന്നാ കാരണത്താല്‍ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നത്‌ വരെ അവിടെ തന്നെ നില്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.

(ഹരീഷ് കന്‍വാളും കുടുംബവും)
ചിതയ്ക്ക് തീ കൊളുത്തിയതും, ഞങ്ങള്‍ ജീവനും കൊണ്ടോടി. തൊട്ടടുത്ത ദിവസങ്ങളിലും പോലീസിന്‍റെ ചോദ്യം ചെയ്യലും, കാര്യങ്ങളും ഒകെആയി ആകെ ഒരു മൂകത എങ്ങും, കമ്പനിയില്‍ ആരും പണി ഒന്നും ചെയ്യുന്നില്ല. ഷാലറ്റിനേയും പോലീസ് കൊണ്ടുപോയി ചോദ്യം ചെയ്യാന്‍. അദേഹം മരിക്കുന്നതിനു മുന്‍പ് അവസാനമായി ഫോണില്‍ വിളിച്ചത് ഷാലറ്റിനെ ആയിരുന്നത്രെ. എന്‍റെ സംശയങ്ങള്‍ വര്‍ധിച്ചു.....”ഹേയ് ഷാലറ്റ് അങ്ങനെ ചെയ്യോ”.. ഞാന്‍ സമാധാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൊലയാളികളെ പോലീസ് പിടിച്ചു. ഒരു മോഷണ ശ്രമത്തിനിടെ വെടി ഏറ്റതാണെന്നാണ് പുതിയ കണ്ടെത്തല്‍.! അങ്ങനെ ആ കേസ് തീര്‍ന്നു. ഹരീഷ് കന്വ്വാളിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു!!

രാജേന്ദ്രന്‍ മാഷിന്‍റെ ഒഴിവിലേക്ക്, ഞങ്ങളുടെ വീട്ടില്‍ ആയിടയ്ക്ക് ഒരു പുതിയ അന്തേവാസി കൂടി വന്നു.- വര്‍ക്കി ചാക്കോ; നല്ല വെളുത്തു സുന്ദരനായ ഒരു പയ്യന്‍! വാടകയുടെ വീതം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു അവനെ ഞങ്ങള്‍ ‘മടയിലേക്ക്’ ക്ഷണിച്ചത്. ശാലട്ടിന്‍റെ ബുദ്ധിയില്‍ ഉദിച്ച ആദ്യത്തെ നല്ല കാര്യം!! ‘ഡ്രൈവര്‍-കം-ഓഫീസ് അസിസ്റ്റന്റ്’--അതായിരുന്നു അവന്‍റെ കമ്പനിയിലെ ജോലി. രാവിലേയും വൈകിട്ടും കമ്പനിയുടെ ‘ബൊലേറോ’ ജീപ്പില്‍ ആളുകളെ കൊണ്ട്പോകുക, ബാക്കി സമയം ഓഫീസ്സില്‍ വെറുതേ കുത്തിയിരിക്കുക, ഇതാണ് വര്‍ക്കിയുടെ ജോലിയുടെ ഒരു സ്വഭാവം. അതോടെ ഞങ്ങള്‍ ഓഫീസ്സിലേക്ക് ബുള്ളറ്റില്‍ ഉള്ള പോക്കുവരവ് നിര്‍ത്തി, ബൊലേറോ വണ്ടിയില്‍ സുഖിച്ചു പോകാന്‍ തുടങ്ങി.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം, കമ്പനിയുടെ വരവ് ചിലവ് കണക്കുകളുടെ ഗ്രാഫ് താഴോട്ടു പോയപ്പോള്‍, ആ യൂനിറ്റ് അടച്ചുപൂട്ടാന്‍ മുതലാളിമാര്‍ തീരുമാനിച്ചു. ചെറിയ ചില സമരങ്ങളും, ഉരസലുകളും ഒകെ തൊഴിലാളികളുടെ ഭാഗത്ത്നിന്നും ഉണ്ടായെങ്കിലും, പൂട്ടാനുള്ള തീരുമാനവുമായി കമ്പനി മുന്നോട്ടു തന്നെ പോയി. താല്പര്യമുള്ള തൊഴിലാളികളെ ബാഗ്ലൂരിലുള്ള ഫാക്ട്രിയിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു പറഞ്ഞയക്കാം  എന്ന ആശയം കമ്പനി മുന്നോട്ടു വച്ചു. ഭൂരിഭാഗം പേരും ആ നാടുകാര്‍ ആയതു കൊണ്ട് ആരും അതു സ്വീകരിക്കാന്‍ തയ്യാറായില്ല. കുറച്ചുപേര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കമ്പനി കൊടുത്ത നഷ്ടപരിഹാര തുകയും വാങ്ങി സ്ഥലം വിട്ട് വേറെ ഇടങ്ങളില്‍ ജോലിക്ക് ചേര്‍ന്നു. ബാക്കിയുള്ള തൊഴിലാളികള്‍ സമരം തുടര്‍ന്നു.

തൊഴിലാളികളുടെ സമരങ്ങള്‍ക്ക് ശക്തി വളരേ കുറവായിരുന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍ ! മുദ്രാവാക്യങ്ങള്‍ ഇല്ല; കൊടികള്‍ ഇല്ല; കമ്പനിയുടെ ചില്ലുകള്‍ എല്ലാം അതേപടി ഉണ്ട്, “ഇതെന്തു സമരം”, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇവരില്‍ ചിലരെ കണ്ണൂരില്‍ കൊണ്ടുപോയി കുറച്ചു ‘ട്രൈനിങ്ങ്’ കൊടുത്താലോ എന്ന് ഒരു വേള ഞാന്‍ ചിന്തിച്ചു. മുതലാളിമാര്‍ അങ്ങോട്ടു വരാതെയായി, കമ്പനി ഏതാണ്ട് പ്രവര്‍ത്തനരഹിതമായി. “ഹാ കമ്പനി പൂട്ടി, ഇനി ബാഗ്ലൂര്‍ക്കു തിരിച്ചു പോകാം” എന്ന് ഞങ്ങള്‍ ആശ്വസിച്ചു.

രണ്ടു മൂന്നു ദിവസത്തിനു ശേഷം എനിക്ക് ബാഗ്ലൂരിലെ ഹെഡ്ഓഫീസ്സില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. “നീ അവിടെ പണിയൊന്നും ഇല്ലാതെ ‘തേരാപാര’ നടന്നു ശമ്പളം വാങ്ങണ്ട, തിങ്കള്ഴ്ച പോയി ഡല്‍ഹി ഓഫീസ്സില്‍ ജോയിന്‍ ചെയ്യ്, കൂടുതല്‍ കാര്യങ്ങള്‍ മേയ്ജോ നിന്നോടു പറയും”-ഫോണ്‍ കട്ട്‌ ആയി. അമ്പരന്നു നിന്നുപോയ എന്‍റെ ഫോണിലേക്ക് അടുത്ത വിളി വന്നു-മേയ്ജോ മാഷ്......!!!  

മേയ്ജോ മാഷ്  ക്വാളിറ്റി ടിപ്പാര്‍ട്ട്മെന്റ്റിന്‍റെ അഖിലേന്ത്യ മാനജെര്‍ ആണ്. ആദ്യം സുഖവിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ മാഷ്‌ പതുക്കെ കാര്യത്തിലേക്കു കടന്നു. വളരെ പതിഞ്ഞ സ്വരത്തില്‍, സൗമ്യമായി, ഒരു മിനുട്ട് കൊണ്ട് പറയേണ്ട കാര്യങ്ങള്‍ ഒരു മണിക്കൂറെടുത്തു പറയുന്നതായായിരുന്നു മാഷിന്‍റെ പൊതുവേ ഉള്ള സംസാര രീതി. ഞാന്‍ എല്ലാം ശ്രദധയോടെ കേട്ടു. ജോലി എന്താണെന്ന് മനസ്സിലായി- ‘ഫീല്‍ഡ് ക്വാളിറ്റി ഓടിറ്റര്‍’; ‘പണി ഇല്ലാത്തവര്‍ക്ക് കൊടുക്കുന്ന പണി’-അതായിരുന്നു ആ ജോലിയെപറ്റി പൊതുവേയുള്ള അഭിപ്രായം. കമ്പനിയുടെ ഉള്‍പ്പന്നങ്ങള്‍ കസ്റ്റമറിന്‍റെ സെന്‍റെറില്‍ ശരിയായ രീതിയില്‍ അസ്സംബ്ലി ചെയ്യുന്നുണ്ടോ എന്ന് പോയി ‘കണ്ണുകള്‍ കൊണ്ട് മാത്രം’ നോക്കുക. കസ്റ്റമര്‍ പറയുന്ന കുറ്റങ്ങള്‍ എല്ലാം ഒരു നോട്ട് ബുക്കില്‍ എഴിതിയെടുക്കുക. നല്ല കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ‘പൂഴ്ത്താന്‍’ പ്രത്യേകം നിര്‍ധേശം ഉണ്ട്. ഒരു ക്യാമറ കയ്യില്‍ തരും, അതില്‍ ചിത്രങ്ങള്‍ പകര്‍ത്തണം (കുറ്റങ്ങളുടെ മാത്രം), എന്നിട്ട് ഇതെല്ലാം ചേര്‍ത്തി ഒരു ഇ-മെയില്‍, മുതലാളിമാര്‍ക്കെല്ലാം കോപ്പിയും വച്ച് അയക്കണം. ഇതാണ് ജോലിയുടെ പ്രത്യക്ഷത്തില്‍ ഉള്ള സ്വാഭാവം. തിങ്കളാഴ്ച ജോലിക്ക് ഡല്‍ഹിയില്‍ എത്തിചേരാം എന്ന് പറഞ്ഞു ഒരുവിധത്തില്‍ മാഷിനെ കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്യിപ്പിച്ചു. അങ്ങനെ എന്‍റെ രുദ്രപൂര്‍ ജീവിതത്തിനു ആ ഞാറാഴ്ച്ചയോടെ വിരാമമായി. പറഞ്ഞത്പോലെ തന്നെ ആ തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസ്സില്‍ എത്തിചേര്‍ന്ന് പുതിയ ജോലി ആരംഭിച്ചു. 

(എ.പി. അബ്ദുള്ളകുട്ടി, ഞാന്‍,  പി. സുധാകരന്‍.)
അങ്ങനെ ‘പടം പിടുത്തവും’ ‘കുറ്റം പറച്ചിലും’ ഒകെയായി എന്‍റെ പുതിയ ജോലി നല്ല രീതിയില്‍ ഡല്‍ഹിയില്‍ പുരോഗമിച്ചു കൊണ്ടിരുന്നു. അപോഴും ഷാലറ്റ് രുദ്രപൂരില്‍ തന്നെ ഉണ്ടായിരുന്നു.  ഏതാണ്ട് ഒന്നര മാസത്തിനു ശേഷം ഒരു ഞാറാഴ്ച്ച ഉച്ചയ്ക്ക്, ഡല്‍ഹി-‘കേരളാ ഹൌസില്‍’ (ഡല്‍ഹിയില്‍ കേരളാ ഹൌസ്സിനടുത്തായിരുന്നു എന്‍റെ താമസം, എല്ലാ ഞാറാഴ്ച്ചകളിലും ഞാന്‍ അവിടുത്തെ ഒരു സന്ദര്‍ശകന്‍ ആയിരുന്നു--നല്ല നാടന്‍ ഫുഡ്‌ കിട്ടും, അതുതന്നെ.) ഊണ് കഴിച്ചു, അന്നവിടെ ഉണ്ടായിരുന്ന കണ്ണൂരിലെ Ex. MP –A.P അബുള്ളകുട്ടിയോട് സംസാരിച്ചിരിക്കുമ്പോഴാണ് (കൂടെ അന്നത്തെ കണ്ണൂര്‍ എം.പി.-കെ. സുധാകരനും ഉണ്ട്.) ഫോണില്‍ ശാലറ്റിന്‍റെ വിളി വന്നത്. “രുദ്രപൂരിലെ നമ്മുടെ ഫാക്ടറിക്ക് തീ പിടിച്ചു” അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ വിശദമായി അവന്‍ പറഞ്ഞു. ഏകദേശം തൊണ്ണൂറു ശതമാനം കത്തിതീര്‍ന്നു എന്നാണ് അറിവായത്. എനിക്കാകെ ഒരു മരവിപ്പ് ആയിരുന്നു. രണ്ടു എം.പി മാരോടും ‘ബൈ’ പറഞ്ഞു ഞാന്‍ കേരളാ ഹൌസില്‍ നിന്നും ഇറങ്ങി, റൂമിലേക്ക്‌ നടന്നു. വരുന്ന വഴിയില്‍ മേയ്ജോ മാഷോട് വിവരം ഫോണില്‍ വിളിച്ചു പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങളില്‍ ചില ‘പടംപിടുത്തങ്ങള്‍’ നേരത്തെ ഉറപ്പിച്ചു വച്ചിരുന്നതിനാല്‍, എനിക്ക് ഉടനെ അങ്ങോട്ടു പോകാന്‍ പറ്റിയില്ല. പിറ്റേആഴ്ചയിലെ ഞാറാഴ്ച്ച ഞാന്‍ രുദ്രപൂരിലേക്ക് പോയി. ഷാലറ്റിനേയും കൂട്ടി കത്തിയ ഫാക്ടറി പോയികണ്ടു. ഹൃദയഭേധകം തന്നെയായിരുന്നു ആ കാഴ്ച. ഞാനിരുന്ന ഓഫീസും, കമ്പ്യൂട്ടറുകളും, വിലപിടിപ്പുള്ള ഒട്ടേറെ യന്ത്രങ്ങളും എല്ലാം കത്തിച്ചാമ്പലായിരിക്കുന്നു. തീയുടെ ചൂടില്‍ പകുതി ഉരുകി നില്‍ക്കുന്ന വലിയ ഇരുമ്പ് കമ്പികള്‍, വിണ്ടുകീറിയ നിലങ്ങള്‍, വല്ലാത്ത ഒരവസ്ഥ. കൂടുതല്‍ നേരം അത് കണ്ടുനില്ക്കാന്‍ എനിക്കായില്ല. ഞങ്ങള്‍ തിരിച്ചുനടന്നു, പഴയ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന ദാദാജിയുടെ വീട്ടിലേക്ക്. കുറെ സമയം ദാദാജിയോടും വീട്ടുകാരോടും, സംസാരിച്ചിരുന്നു. ശാലറ്റിനും ഉണ്ടായിരുന്നു ഒരുപാട് കഥകള്‍ പറയാന്‍. അന്നുരാത്രി അവിടെ താമസിച്ച്, പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ഡല്‍ഹിയിലേക്കുള്ള വണ്ടി കയറി.

വളരെ കുറഞ്ഞ കാലയളവ്‌ (ഏതാണ്ട് ഒന്നര വര്‍ഷം) ആണെങ്കില്‍ പോലും, രുദ്രപൂരിലെ ജീവിതം എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. രുദ്രപൂരില്‍ എത്തിയ ആദ്യകാലങ്ങളില്‍, എത്രയും പെട്ടന്ന് തിരിച്ചുപോകണം എന്ന് ചിന്തിച്ചിരുന്നുവെങ്കിലും, പിന്നീട് അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി ഇഴുകിചേര്‍ന്ന് കഴിഞ്ഞപ്പോള്‍, അവിടുത്തെ ആളുകളോടും, ചുറ്റ്പാടുകളോടും ഉള്ള അടുപ്പം അടര്‍ത്തിമാറ്റാനാവാത്ത വിധം എന്നെ ചുറ്റിവരിഞ്ഞിരുന്നു. ദാദാജിയുടെയും, അവരുടെ വീട്ടുകാരുടെയും, സമാനതകളില്ലാത്ത, സ്നേഹവും ലാളനയും വിസ്മരിക്കാനാവാത്ത ഓര്‍മ്മകളായി ഇന്നും നിലനില്‍ക്കുന്നു. എന്‍റെ ഹൃദയം പകുത്തുനല്കാന്‍ ഞാന്‍ ആഗ്രഹിച്ച പ്രിയ എന്ന പെണ്‍കുട്ടിയെ പിന്നീട് ‘കാന്‍സര്‍’ കാര്‍ന്നു തിന്നു എന്ന് വല്ലാതെ ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു. പിന്നീട് ഡല്‍ഹിയും, ഉത്തരേന്ത്യയും വിട്ട് മുംബൈയിലും ബാഗ്ലൂരിലും ജോലി ചെയ്യുമ്പോഴും, ദാദാജിയെയും കുടുംബത്തെയും ഫോണില്‍ വിളികുക പതിവായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രോഗാവസ്ഥയിലായിരുന്ന ദാദാജിയുടെ മരണവാര്‍ത്ത എന്‍റെ ഓര്‍മ്മകളെ വീണ്ടും രുദ്രപൂരിലേക്ക് കൂട്ടികൊണ്ട്പോയി. രുദ്രപൂരിനോട് പ്രണയബദ്ധനായി ഷാലറ്റ്, ഇന്നും മറ്റൊരു കമ്പനിയിലെ ജീവനക്കാരനായി  അവിടെതന്നെ കഴിയുന്നു. കൂടെ ഇപ്പോള്‍ പ്രിയപത്നി ബിജിയും ഉണ്ട്; ദാദാജിയില്ലാത്ത അതേ വീട്ടില്‍ സസുഖം!! ഓര്‍മ്മകളെ നെഞ്ചിലേറ്റി മറ്റൊരു രുദ്രപൂരിനെ സ്വപ്നം കണ്ടു ഞാന്‍ ഇന്ന് മണലാരണ്യങ്ങളിലെ അടച്ചിട്ട ശീതികരിച്ച മുറികളില്‍ എന്‍റെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി,ജീവിത നൌക തുഴയുന്നു.

(മുകേഷ് : 14/04/2013)


(ഇതൊരു അനുഭവ കഥയായാതിനാല്‍ എന്‍റെ സുഹൃത്തുക്കളായ വ്യക്തികളുടെ യഥാര്‍ത്ത പേരുകള്‍ പലയിടങ്ങളിലും പ്രതിപാദിക്കേണ്ടി വന്നിട്ടുണ്ട്. അത് ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായോ മാനസികമായോ ആരെയെങ്കിലും വിഷമിപ്പിക്കാന്‍ ഇടവരുത്തിയെങ്കില്‍ വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു.) 

5 comments:

  1. രുദ്രപൂര്‍, ഇന്ത്യയുടെ വടക്ക്, നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശമാണ്. ഇവിടെ നിന്നും ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, അന്താരാഷ്ട്ര അതിര്‍ത്തിയായി. സഞ്ചാരികളുടെ സ്വപ്നഭൂമിയായ 'നൈനിട്ടാല്‍' 25 കിലോമീറ്റെര്‍ അകലെ സ്ഥിതിചെയ്യുന്നു. അതിനെ പറ്റി അടുത്ത കഥയില്‍ പറയാം.

    ReplyDelete
  2. Da Kollam...nannayittundu...keep it up.

    ReplyDelete
  3. രുദ്രപ്പൂരിലെ ഓര്‍മ്മകള്‍ വളരെ ഹൃദ്യമായി വിവരിച്ചു. അടുത്ത കഥ ഇനി എപ്പോഴാ.. ?

    ശ്രീലത സുഗുണന്‍,
    മാഹി-കണ്ണൂര്‍

    ReplyDelete
  4. വായന പുരോഗമിക്കുന്തോറും മനോഭാവങ്ങള്‍ മാറിമറിഞ്ഞുവന്നു. അവസാനം പ്രിയ കാന്‍സറിന് ഇരയായി എന്നറിഞ്ഞപ്പോള്‍ സങ്കടവുമായി.

    ReplyDelete
  5. രുദ്രപൂരിലെ ഓര്‍മ്മകള്‍ വായിച്ചപോള്‍ എന്നെ വീണ്ടും നഷ്ടപെട്ടുപോയ ചില
    സൗഹൃദങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോയി,നന്ദി ......
    ചിലപ്പോള്‍ ഞാനും നിങ്ങളില്‍ ഒരാളായി അവിടെ ഉണ്ടാകുമായിരുന്നു ഈ
    ട്രാന്‍സ്ഫര്‍ എന്നിക്കും വന്നിട്ടുണ്ടായിരുന്നു അവസാന നിമിഷത്തില്‍ എന്‍റെ
    പേര് ഇല്ല,എന്‍റെ കൂട്ടുക്കാര്‍ക്ക്‌ ഉണ്ടായിരുന്നു ട്രാന്‍സ്ഫര്‍ അവര്‍ അവിടേക് പോയില്ല പകരം ജോലി രാജി വെച്ചു ,അവര്‍ പോയതോടെ വീണ്ടും ഞാന്‍ ഒറ്റക്കായി അപ്പോള്‍ ചിന്തിക്കുമായിരുന്നു ആ ട്രാന്‍സ്ഫര്‍ എനിക്ക് കൂടി കിട്ടിയിരുന്നെങ്കില്‍,,,,,പിന്നെ ചില സൗഹൃദങ്ങള്‍ എന്നെ തേടി വന്നപ്പോള്‍ ഞാന്‍ മെല്ലെ മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എങ്കിലും ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ വളരെ സന്തോഷം തരുന്നതായിരുന്നു ........
    ഞാന്‍ കണ്ടിടുള്ള ചില നല്ല മനസിന്‍റെ ഉടമകളില്‍ ഒരാളായ പ്രിന്‍സ്ഏട്ടനെ മറന്നുപോയതാണോ അതോ അവിടെ കണ്ടില്ലേ ആളെ അങ്ങനെ ഒരു പേര് കണ്ടില്ല ഈ ഓര്‍മ്മകുറിപ്പില്‍......

    ReplyDelete