എനിക്കിനിയും പറയുവാനുണ്ട്; കുറേയേറെ,
മറവി ഒരനുഗ്രഹമല്ലേ; പലതും മറന്നേ പറ്റൂ !!
ഇന്നലെ വരെ നമ്മള്‍ ഒരുമിച്ചു
കൈകോര്‍ത്തു പിടിച്ചു നടന്ന വഴികള്‍ ഇന്നില്ല.
വഴികളില്‍ നമ്മള്‍ മുറിച്ചു കടന്ന തോടുകള്‍
ഇതിനകംതന്നെ വറ്റി വരണ്ടു കഴിഞ്ഞു.
ഒരുമിച്ചു നീന്തിക്കടന്ന പുഴകള്‍
ചാലുകളായി മാറിയതും നീ അറിഞ്ഞില്ലേ.
നമുക്കിടയില്‍ ഇന്നലെ വരെ പാറിക്കളിച്ച
നല്പൂമ്പാറ്റകള്‍ നീ തെളിയിച്ച വിളക്കില്‍
ചിറകറ്റു വീണു പിടയുന്നുണ്ട്.
ഇനിയുമെന്തിനവ വേദന തിന്നണം..
തിരിച്ചു നടക്കാന്‍ ഇനി വേറെ-
വഴിയുണ്ടോ എന്നെനിക്കറിയില്ല
എന്‍റെ കണ്ണുകളിലെ അന്ധത നീ കാണുന്നില്ലേ ?
നിനക്കൊരു ഗാന്ധാരി ആവാന്‍ കഴിയില്ല
എന്നു നീ പണ്ട് പറഞ്ഞതോര്‍ക്കുന്നു.
പകരം നിനക്കിന്നു പാഞ്ചാലിയാവാം.
ഈ എരിയുന്ന ചൂട്ട് നീ എടുത്തുകൊല്ക;
ഇരുട്ടകലുന്നത് വരെ വീശി വീശി പോകാം
നാളത്തെ പുലരിയില്‍ നിനക്കു വീണ്ടും
ജനിക്കാം; മറ്റൊരു സന്ധ്യവരെ ജീവിക്കാം.
എന്‍റെയീ നീറുന്ന ഉമിത്തീയില്‍
ഒരുപിടി മണ്ണിട്ടണയ്ക്കുക-
പോകുന്നതിനു മുന്‍പ്.
ഇതാ ഈ മറവിയുടെ ഒരു വിത്ത്;
നിന്‍റെ മനസ്സില്‍ പാകി നീരോഴിച്ചു വളര്‍ത്താന്‍
നിന്‍റെ യാത്രകളില്‍ തണലേകാന്‍
അതൊരു മരമായി പടര്‍ന്നു പന്തലിച്ചോട്ടെ.
അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നത്
എന്നിലൂടെ തന്നെയാണ്.
എന്‍റെ ജീര്‍ണ്ണത അതിനു വളമാകും.
ഇനിയും വൈകേണ്ടതില്ല; യാത്ര തുടരാന്‍
സമയമായി; എന്‍റെ മറവിയുടെ വിത്തുകള്‍
ഞാന്‍ നിനക്കു തന്നു കഴിഞ്ഞു,
ഇനി എനിക്കു മറവിയില്ല;
ഓര്‍മ്മകള്‍ മാത്രം........................
ഓര്‍മ്മകള്‍ മാത്രം........................
(മുകേഷ്)
ഈ 'വിത്ത്' ഒരെണ്ണം എടുക്കാന്‍ ഉണ്ടാകുമോ ? ചിലതൊന്നും മറക്കാന്‍ കഴിയുന്നില്ല. ഈ വിത്തിട്ട് ഒന്ന് പരീക്ഷിക്കാനാ
ReplyDeleteMaraviyekkal sundaram ormakalanu.............
ReplyDelete