Sunday, February 19, 2017

വീട്
















ഒരു വീട് വേണമെനിക്ക്.
ചായം മുക്കിയ എന്‍റെ സ്വപ്‌നങ്ങളെ
ഓരോ മുറികളിലായി
താഴിട്ടു പൂട്ടിയോതുക്കി വെക്കുവാന്‍

ഒരു വീട് വേണമെനിക്ക്;
മഞ്ഞുപെയ്യുന്ന രാത്രികളില്‍
മൌനമായ് ഇരുന്നു എന്‍റെ
നൊമ്പരങ്ങളെ താലോലിക്കുവാന്‍
പിന്നെ;
ഒന്നുറക്കെ കരയുവാന്‍.

ഒരു വീട് വേണമെനിക്ക്;
തിരക്കൊഴിഞ്ഞ പകലുകളോടോത്തു-
കഥകള്‍ പറഞ്ഞുല്ലസിക്കുവാന്‍
കരിനിഴല്‍ വീണ സന്ധ്യകളെ
ഉമ്മറത്തൊരു ദീപം തെളിയിച്ച്-
നാമം ചൊല്ലി വരവേല്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
പിന്നിട്ട വഴികളില്‍ എവിടെയോ കണ്ടുമുട്ടിയ
പ്രണയത്തെ-
ഏകനായ് കാത്തിരിക്കുവാന്‍ !
ആരും വിരുന്നു വരാനില്ലാത്ത
നടവഴികളെ നോക്കി-
ഒന്നു നെടുവീര്‍പ്പിടുവാന്‍ !

ഒരു വീട് വേണമെനിക്ക്;
അസ്തമന സൂര്യന്‍ അണയും മുന്നേ
വടക്കിനി തിണ്ണയില്‍ ഇരുന്നു
പഴമയുടെ ചുണ്ണാമ്പ് മണമുള്ള
ഒരു മുത്തശ്ശി കഥ കൂടി കേള്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷ മഴയില്‍
നടുമുറ്റത്തിറങ്ങി നനഞ്ഞു കുതിരുവാന്‍
പിന്നെ-
ഒരു പനിചൂടില്‍ ചുരുണ്ടു കൂടി
നെറ്റിയിലെ അമ്മതുണിയുടെ തണുപ്പറിയുവാന്‍ !

ഒരു വീട് വേണമെനിക്ക്.
കാലം കാത്തുവെച്ച കല്പനകളെ കതോര്‍ത്ത്
മറ്റൊരു രാത്രിയിലേക്കലിഞ്ഞിറങ്ങി
വീണ്ടുമൊരായിരം സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ഇനിയൊരു പകലെത്തുവോളം-
ഓര്‍മ്മകളുടെ താരാട്ടു പാട്ട് കേട്ടുറങ്ങുവാന്‍.

--- xxx ---