Thursday, June 27, 2013

ഗൂഗിള്‍ പ്ലസ്സ് വരുത്തിയ വിന !!

‘ബ്ലോഗ്ഗെറും’, ‘ഗൂഗിള്‍ പ്ലസ്സും’, ഒരേ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടും, (പ്രായം കൊണ്ട് ‘ബ്ലോഗ്ഗര്‍’ ചേട്ടനും, പ്ലസ്‌ അനിയനും ആയി കരുതാം) രണ്ടു പേരും തമ്മില്‍, പരസ്പരം ഒരുപാടു സാദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടും, ഈ രണ്ടു ബാധ്യതകളേയും പരസ്പരം ചെറുതായി ഒന്ന് ലയിപ്പിച്ചു കളയാം എന്ന് കുടുംബത്തിലെ മൂത്ത കാരണവരായ ‘ഗൂഗിള്‍’ അമ്മാവന് തോന്നിയത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ ഇവര്‍ രണ്ടുപേരും പരസ്പരം ലയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ അമ്മാവന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യത്തില്‍ ചെറിയ സംശയവും ഇല്ലാതില്ല.

പറഞ്ഞു വരുന്നത്, ഇവരുടെ രണ്ടുപേരിലൂടെയും കൈമാറപ്പെടുന്ന ‘വാക്കുതര്‍ക്കങ്ങള്‍’ (Comments) ഒന്നിപ്പിച്ചു കൊണ്ടുള്ള ഗൂഗിളിന്‍റെ പുതിയ ‘പരീക്ഷണം’ (അത്ര പുതിയതല്ല; എന്നാലും..) പലരേയും പോലെ എന്നെയും വെട്ടിലാക്കി എന്നതാണ് സംഭവത്തിന്‍റെ സാരം. 

ഇത് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. അത് എന്താണെന്നു ഇതിന്‍റെ അവസാന ഭാഗത്തില്‍ പറയാം.

അപ്പോള്‍ സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ:-  
ഈയടുത്ത കാലത്ത്, ഒരു സുപ്രഭാതത്തില്‍ പുതിയ ഒരു സൃഷ്ടി (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) പോസ്റ്റാന്‍ വേണ്ടി ബ്ലോഗ്‌ തുറന്നപ്പോള്‍, “താങ്കള്‍ക്ക് ഗൂഗിള്‍ പ്ലസ്സുമായി ലയിക്കാന്‍ താല്‍പര്യമുണ്ടോ?” എന്നും ചോദിച്ച് ഒരു കത്ത്; അമ്മാവന്‍ കൊടുത്തു വിട്ടതാണ്. അങ്ങനെ ലയിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന കുറെ നേട്ടങ്ങളെ പറ്റിയും പറയുന്നുണ്ട് അതില്‍. അതായത്;

1)  വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.
2) ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉടനടി, ബ്ലോഗില്‍ വച്ചുതന്നെ പ്ലസ്സിലെക്കും      തള്ളിവിടാം.
3)  ഗൂഗിളിന്‍റെ എല്ലാ ബാധ്യതകളിലും ഒരേ പേരില്‍ അറിയപ്പെടാം,
4)  ആളുകള്‍ പെട്ടന്ന് താങ്കളെ തിരിച്ചറിയും

ഇങ്ങനെപോയി മോഹന വാഗ്ദാനങ്ങളുടെ ആ നീണ്ട പട്ടിക. (ദൂഷ്യവശങ്ങളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.) ഇതെല്ലാം കേട്ട്, എന്‍റെ ബ്ലോഗിലേക്ക് ഒഴുകിയെത്തി, വായിക്കാന്‍ വേണ്ടി ‘ക്യൂ’ നില്‍ക്കുന്ന വായനക്കാരെയും, കുമിഞ്ഞു കൂടുന്ന കമന്റുകളും സ്വപനം കണ്ട്, മുന്നും പിന്നും ഒന്നും ആലോചിക്കാതെ പ്ലസ്സിലേക്ക് ‘മലക്കം മറിഞ്ഞു'.

ഒരു നിമിഷത്തെ നിശബ്ധത; ബ്ലോഗും പ്ലസ്സും അതാ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. ഓരോ സൃഷ്ടികളുടെ അടിയിലും, പരമ്പരാഗത കമന്റ്‌ കോളത്തിനു പകരം, പ്ലസ്സിന്‍റെ വൃത്തിയും വെടിപ്പുമുള്ള കമന്റ് കോളം, കണ്ടാല്‍ ഒരിക്കലും മോശം പറയാനാകില്ല. കൂടാതെ പ്ലസ്സിലെ കൂട്ടാളികളുടെ എണ്ണവും അവരുടെ ചിത്രങ്ങളും വിവരങ്ങളും എല്ലാം ബ്ലോഗിലും കാണിക്കുന്നുണ്ട്. ഞാന്‍ സന്തോഷം കൊണ്ട് ചാടി തുള്ളി. ആകെയുള്ള ഒരു വിഷമം, ബ്ലോഗ്‌ പേജിന്‍റെ വലത്തേ മൂലയിലുള്ള ‘എന്നെ കുറിച്ച്’ എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച ‘കുനിഷ്ട്‌’ ഡയലോഗുകള്‍ കാണാനില്ല; ‘ഈശ്വരാ, അതുപോയോ’ കാരണം ആ ഡയലോഗില്‍ ആണ് മെയിന്‍ ആയി പിടിച്ചുനില്‍ക്കുന്നത്. തപ്പിപ്പിടിച്ച് നോക്കിയപ്പോള്‍ ആ ഭാഗം അനിയന്‍ പ്ലസ്സിന്‍റെ അധികാരപരിധിയിലാണ്. അനിയന്‍റെ സമ്മതത്തോടെ അവിടെ വീണ്ടും ‘എന്നെ കുറിച്ച്’ വിശദമായി തന്നെ പൂരിപ്പിച്ചു.

അങ്ങനെ ബ്ലോഗിനെയും, പ്ലസ്സിനെയും ഊട്ടിയും ഉറക്കിയും സംഭവബഹുലമായ ദിവസങ്ങള്‍ കടന്നുപോയി. പുതിയ സൃഷ്ടികള്‍ ഓരോന്നോരോന്നായി ബ്ലോഗ്‌ പേജുകളെ സമ്പുഷ്ടമാക്കി. വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷെ പ്ലസ്സിന്‍റെ കമന്റ് കോളം മാത്രം, നെഞ്ചും വിരിച്ചങ്ങനെ നിന്നതല്ലാതെ അഭിപ്രായങ്ങളുടെ പെരുമഴയൊന്നും കാണുന്നില്ല. എന്‍റെ സംശയങ്ങള്‍ക്ക് ബലം വച്ചു. ‘ഇനി സൃഷ്ടികളുടെ ഗുണമേന്മയാണോ പ്രശ്നം’ എന്ന ചിന്ത എന്നെ ഉള്ളാലെ അലട്ടി. സൃഷ്ടികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ഹേയ് അത്രവലിയ മോശം പറയാനൊന്നും ഇല്ല’ എന്തായാലും സംശയം തീര്‍ക്കാനായി സൃഷ്ടികളുടെ ഗുണമേന്മ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓരോന്നോരോന്നായി ഗുണമേന്മ പരിശോധന കേന്ദ്രമായ ISO-യുടെ ഓഫീസ്സിലേക്കയച്ചു. ഉടനടി പരിശോധനാഫലവും സര്‍ട്ടിഫിക്കറ്റും വന്നു. ബ്ലോഗിനും സൃഷ്ടികള്‍ക്കും ISO-9001-2013 സര്‍ട്ടിഫികേഷന്‍. വീണ്ടും ആഹ്ലാദം. അപ്പോള്‍ പ്രശ്നം സൃഷ്ടികള്‍ക്കല്ല. പിന്നെന്ത്.....??????

ഒരു ദിവസം ഒരു പുരാനാ ദോസ്ത് സുക്കന്‍ സായിപ്പിന്‍റെ ചാറ്റില്‍, വിശേഷങ്ങള്‍ക്കിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ബലം പ്രയോഗിച്ച് കുത്തിക്കയറ്റി.
“ഡേയ് കഷ്ട്ടപ്പെട്ട് ഈയുള്ളവന്‍ എഴുതിയുണ്ടാക്കുന്ന സൃഷ്ടികളൊന്നും നീ കാണാത്തതാണോ; അതോ മനപ്പൂര്‍വ്വം കമെന്റുകള്‍ ഇടാത്തതോ?” ഞാന്‍ ചോദിച്ചു.
“ഭായി, എന്താണ് നിങ്ങ ഈ പറേണത്, നിങ്ങയുടെ സൃഷ്ടിയെല്ലാം കിടിലനല്ലേ, (ഞാന്‍ രണ്ടടി പൊങ്ങി), ബട്ട്‌, മ്മടെ പ്രതികരണം ഒന്നും ഇടാന്‍ പറ്റുന്നില്ല, എന്തോ പ്രശ്നമുണ്ട് ഭായി”
“ശരി മുത്തേ, പിന്നെ കാണാട്ട” എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി. ഗൂഗിളിന്‍റെ എല്ലാ ലിങ്കുകളും ‘Sign Out’ ചെയ്ത് എന്‍റെ ബ്ലോഗിലേക്ക് ഒരന്യനായി ഞാന്‍ കടന്നു ചെന്നു.
ഹൃദയത്തില്‍ ആരോ കരിങ്കല്ലുകൊണ്ടു കുത്തുന്ന അവസ്ഥ. സ്വന്തം വീട്ടില്‍ ഒരന്യനായി കടന്നു ചെല്ലുക. വിധിയുടെ ബലിമൃഗമായി ഞാന്‍ മുന്നോട്ടു നടന്നു. ‘എന്‍റെ ബ്ലോഗ്‌ ദൈവങ്ങളേ എന്നോടെന്തിനീ പരീക്ഷണം’.

“സന്യാസിനീ..നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ..
ആരും തുറക്കാത്ത  പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ..”

പാട്ട് മുഴുവനാവാതെ തൊണ്ടയില്‍ കുടുങ്ങി. കണ്ണുകള്‍ കലങ്ങി മറിഞ്ഞു, നിറഞ്ഞു തുളുമ്പി ഒഴുകി.
പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു. സൃഷ്ടികളെ ഒന്നൊന്നായി നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഉച്ചസമയം; ഊണു കഴിഞ്ഞുള്ള ഉറക്കമാണ്. വിളിച്ചുണര്‍ത്തി വെറുതെ ശല്യപ്പെടുത്തേണ്ട. കതകടച്ചു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് കമെന്റ് പെട്ടിയില്‍ ഒന്ന് കുത്തി. അനങ്ങുന്നില്ല. വീണ്ടും മുറുക്കി കുത്തി. നോ രക്ഷ; മൂന്നാമത്തെ കുത്തില്‍ ഒരു ലിങ്ക്. അതില്‍ ഇങ്ങനെ പറയുന്നു “ആദ്യം പ്ലസ്സില്‍ പോയി ദേഹപരിശോധന കഴിഞ്ഞ് വന്നാല്‍ മാത്രമേ ഇവിടെ കുത്താന്‍ അനുമതിയുള്ളൂ’ എന്നാണ് ലിങ്കിലെ അക്ഷരങ്ങളുടെ രത്നചുരുക്കം.

“ഡാ, മോനേ അനിയാ, ഞാന്‍ ഈ ബ്ലോഗിന്‍റെ മുതലാളിയാണ്, എന്നെ കടത്തിവിടടാ..”
“ഏതു കോപ്പനായാലും പ്ലസ്സില്‍ പോയിട്ടു വന്നാമതി” മറുപടി.

ഇതെന്തൊരു തിട്ടൂരം, ബ്ലോഗ്‌ മുതലാളിയായ എനിക്കു തന്നെ ഒരു അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പാവം വായനക്കാരുടെ അവസ്ഥയോ. ബ്ലോഗായ ബ്ലോഗെല്ലാം ഓടി നടന്നു വായിച്ച് വായിച്ച് തളര്‍ന്നുവരുന്ന ഒരു വായനക്കാരന്‍/കാരി  ഇത്രയും കഷ്ടപ്പെട്ട് ഒരു കമെന്റ് എഴുതാന്‍ ഒരിക്കലും മെനക്കെടില്ല എന്നുറപ്പ്. അപ്പോള്‍ ഇതുവരെ പ്ലസ്സിലെ പെട്ടിയില്‍ വന്നു വീണ കമെന്റുകളെല്ലാം ഗൂഗിളിലൂടെയോ പ്ലസ്സിലൂടെയോ വന്നവ മാത്രം. പുറത്തുനിന്ന് വന്നവര്‍ വായിച്ചു കഴിഞ്ഞ് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാതെ നിരാശരായി മടങ്ങിപ്പോയിട്ടുണ്ടാകും.

ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. പ്ലസ്സിന്‍റെ ഈ തിട്ടൂരം ഇങ്ങനെ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന് തീരുമാനിച്ചു. നേരെ ബ്ലോഗ്ഗില്‍ പോയി, പ്ലസ്സുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി. അവന്‍ വേദനയോടെ കരഞ്ഞു. എന്നാലും എനിക്ക് വലുത് എന്‍റെ വായനക്കാരും അവരുടെ അഭിപ്രായങ്ങളും തന്നയാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു.

തിരിച്ച് സൃഷ്ടികള്‍ നോക്കുകുത്തികള്‍ പോലെ ചാരിവച്ച മെയിന്‍ പേജില്‍ എത്തിയപ്പോള്‍ അവിടെ ‘No Comments’ എന്ന ബോര്‍ഡുമായി പരമ്പരാഗത കമെന്റ് പെട്ടി എന്നെ നോക്കി കൊഞ്ഞനം കുത്തി നില്‍ക്കുന്നു; ‘നിനക്ക് ഇങ്ങനെ തന്നെ വേണം’ എന്ന പുച്ഛഭാവത്തോടെ. ഞാന്‍ ആകെ നിരാശനായി. ആകെ ഉണ്ടായിരുന്ന കമന്റുകള്‍ ഗൂഗിള്‍ പ്ലസ്സ് വഴി വന്നവയാണ്. ഇപ്പോള്‍ അതു കാണാനുമില്ല; പഴയതില്‍ കമന്റുകളൊന്നുമില്ലതാനും. ‘കടിച്ചതും ഇല്ല പിടിച്ചതും ഇല്ല’ എന്ന അവസ്ഥ. എന്താണ് ഒരു പോംവഴി......................... ??????

വണ്ടി നേരെ ടോപ്‌ ഗിയറില്‍ ബ്ലോഗ്ഗിന്‍റെ അന്താരാഷ്ട്ര പരീക്ഷണശാലയിലേക്ക് വിട്ടു. അവിടെ അരിച്ചു പെറുക്കി. അവസാനം ഒരു കച്ചിത്തുരുമ്പു കിട്ടി. ബ്ലോഗ്ഗിലെ പരമ്പരാഗതമായ കമന്റ് കോളവും ഗൂഗിള്‍ പ്ലസ്സിലെ കമെന്റു കോളവും ഒരേ സമയം ബ്ലോഗ്‌ പേജില്‍ ക്രമീകരിച്ച്, വിജയം കണ്ട ഒരു  പരീക്ഷണത്തിന്‍റെ ലിങ്ക്. ഒരു നിധി കിട്ടിയ ആവേശത്തോടെ, ലിങ്കില്‍ പറയുന്നപോലെ കാര്യങ്ങള്‍ ബ്ലോഗിലേക്ക് പകര്‍ത്തി. സംഭവം കൊള്ളാം!! പക്ഷെ എന്‍റെ പ്രശ്നം അപ്പോഴും തീരുന്നില്ല. ഇവിടെ പ്ലസ്സിലെ കമെന്റുകള്‍ക്കു മുന്‍കാല പ്രാഭല്യമില്ല. ബ്ലോഗ്ഗിലെ പഴയ കമന്റുകള്‍ നഷ്ട്ടപ്പെടാതെ, ഗൂഗിള്‍ പ്ലസ്സിലൂടെ വരുന്ന പുതിയ കമന്റുകള്‍ കൂടി ചേര്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കുകമാത്രമാണ് ഈ ക്രമീകരണത്തിലൂടെ ലഭിക്കുന്നത്. എന്‍റെ സൃഷ്ടികളിലാണെങ്കില്‍ പഴയ കമെന്റുകള്‍ ഒന്നും ഇല്ലതാനും. വീണ്ടും ‘No Comments’ എന്ന ബോര്‍ഡുമായി സൃഷ്ടികള്‍ എന്‍റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. പക്ഷെ കമെന്റുകള്‍ വീണ്ടെടുക്കാന്‍ വേണ്ടി പ്ലസ്സിലേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ ഇനി വരാനുള്ള പുതിയ വായനക്കാരെ അത് സാരമായി ബാധിക്കും. അതുകൊണ്ടു പഴയ രീതി നില നിര്‍ത്തുകയേ വഴിയുള്ളൂ. ഇനിയുള്ള വായനക്കാരെങ്കിലും ഉത്സാഹത്തോടെ അഭിപ്രായങ്ങള്‍ എഴുതി തൃപ്തരാവട്ടെ...........................................................!!!!!


അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ കാര്യം ഇവിടെ പ്രസിദ്ധീകരിച്ചതിന്‍റെ ഔന്നത്യം എന്താണെന്നു ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുപിന്നില്‍.

1)    മുന്‍പുള്ള പോസ്റ്റുകളില്‍ പലതിലും ഗൂഗിള്‍ പ്ലസ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരും ഒരുപക്ഷെ വീണ്ടും ഈ വഴി വരാനിടയായാല്‍, അവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ‘ഡിലീറ്റ്’ ചെയ്തതാണ് എന്ന തെറ്റിധാരണ ഒഴിവാക്കുക.
2)    ഈയൊരു കാരണത്തിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുവന്ന ഒരുപാട് (ഒരുപാടൊന്നും ഇല്ല, എന്നാലും കുറച്ച്) നല്ലവരായ വായനക്കാരെയും സുഹൃത്തുക്കളെയും ബ്ലോഗിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ വിവരം അറിയിക്കുക. കാരണം അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

ഇനിമുതല്‍ പ്രതികരണ പെട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രതികരിക്കാം, പേരുവച്ചോ, വെക്കാതെയോ, അജ്ഞാതനായോ എങ്ങനെ വേണമെങ്കിലും. തല്‍ക്കാലത്തേക്ക് ഇത് ഇവിടെ നിര്‍ത്തി; ഞാന്‍ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിലേക്ക് പോകുന്നു.
 I am the going (ഞാന്‍ പോയി.) 

34 comments:

 1. സത്യത്തില്‍ കര്‍ശനമായ നിബന്ധനകളോടെ ഗൂഗിള്‍ മുതലാളിമാര്‍ ബ്ലോഗ്ഗിനെയും പ്ലസ്സിനേയും കൂട്ടിക്കലര്‍ത്തിയത്, ബ്ലോഗ്ഗിന് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പറയുന്നുണ്ടെങ്കിലും, അതികമാരും തിരിഞ്ഞു നോക്കാത്ത പ്ലസ്സിലെ അംഗബലവും പ്രചാരണവും കൂട്ടുക എന്ന ഗൂഡലക്ഷ്യമാണ് ഈ ലയിപ്പിക്കലിനു പിന്നിലെന്ന്‍ ഒരു പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞാല്‍ ലളിതമായി മനസിലാക്കാവുന്നതേയുള്ളൂ !!

  ReplyDelete
 2. അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ!
  സംഗതി ഇതികര്ത്താഹേ !!

  ReplyDelete
  Replies
  1. അതെ വാര്യരെ, എന്തു ചെയ്യാം, 'കമന്റുകള്‍ ഇല്ലാത്ത ഒരു പോസ്റ്റ്' അത് ഞമ്മക്ക് സ്വപ്നം കാണാന്‍ കൂടി പട്ടുഒ....
   അതുകൊണ്ടു മാത്രം. .

   Delete
 3. ഞാനും ചില ബ്ലൊഗ്ഗുകളുറ്ടെ തുറക്കാത്ത കമന്റ് ബൊക്സുകൾക്ക് മുന്നിൽ മൂകനായി നിന്നു

  ReplyDelete
  Replies
  1. ഇവിടെ ഇനി കമന്റ്‌ പെട്ടി എല്ലാരുടെ മുന്നിലും തുറക്കപ്പെടും... ..

   Delete
 4. ഇത്തരം ഊരാക്കുടുക്കിലെത്തി ഇതികര്‍ത്തവ്യഥാമൂഢനായി ഇരുന്നിട്ടുണ്ട്.......
  ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ് തങ്കപ്പന്‍ ചേട്ടാ, എന്നാലും ഗൂഗിളില്‍ നിന്ന് ഇത്തരം ഒരു തിരിച്ചടി നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ....
   എന്തായാലും ഇപ്പോഴാണ്‌ സമാധാനമായാത്. നമ്മക്ക് പഴയപടി തന്നെ മതി.

   Delete
 5. നിന്‍റെ ഈ പോസ്റ്റ് കണ്ടാല്‍ തോന്നും, പഴയ ഏതാണ്ട് 500-ല്‍ അതികമുള്ള കമന്റുകളാണ് നഷ്ടമായതെന്നു.

  ReplyDelete
  Replies
  1. അഞ്ഞൂറ് ആയാലും അഞ്ച് ആയാലും നഷ്ടം, നഷ്ടം തന്നെയല്ലേ അനിയാ....

   Delete
 6. എനിക്ക് ബ്ലോഗിനെക്കുറിച്ച് അതികം ഒന്നും അറിയില്ല കൊറേ പഠിക്കാന്‍ ഉണ്ട് ,എന്‍റെ ബ്ലോഗില്‍ കമെന്റ്‌ ഇടാന്‍ പട്ടുനില്ല എന്ന് പലരും പരാതികള്‍ പറയാറുണ്ട്

  ReplyDelete
  Replies
  1. ബ്ലോഗിനെ കുറിച്ച് കൂടുതല്‍ അറിയാനും, പഠിക്കാനും ഇവിടെ പോയാല്‍ മതി.
   http://www.mybloggerlab.com/

   ആവശ്യമായ എല്ലാ വിവരങ്ങളും ഉണ്ട്

   Delete
 7. പലരുടെയും പോസ്റ്റുകള്‍ വായിച്ചു മിണ്ടാതെ പോകേണ്ടി വന്നിട്ടുണ്ട്.ഞാനും എന്‍റെ ബ്ലോഗും ഏതവസ്ഥയിലാനെന്നു പോലും ഒരു പിടീമില്ല.ഇതിടാന്‍ വേണ്ടി മനുഷ്യനാണെന്നു തെളിയിക്കെണ്ടിയും വന്നു.

  ReplyDelete
  Replies
  1. ഹ ഹ .. ഒരു അഭിപ്രായം പറയാന്‍ മിനിമം ഒരു മനുഷ്യനെങ്കിലും ആയല്ലേ പറ്റൂ. പക്ഷേ പലപ്പോഴും ഒന്നിനും പറ്റാത്ത അവസ്ഥയിലായിരുന്നു എന്‍റെ ബ്ലോഗ്‌ പേജ്, നേരത്തെ, ഗൂഗിള്‍ പ്ലസ്സ് എന്ന കാട്ടാളന്‍റെ കൈകളില്‍. ഇപ്പോള്‍ എല്ലാം ശുഭം.
   തിരക്കുകള്‍ക്കിടയിലും ഇവിടം വരെ വന്നതിനു നന്ദി.

   Delete
 8. പ്ലസായാലും മൈനസായാലും വായിച്ചാല്‍ മതി

  (വേര്‍ഡ് വെരിഫികേഷന്‍ എടുത്തുമാറ്റിയില്ലെങ്കില്‍ ഇനി ഇവിടെ കമന്റെഴുതണമോ എന്ന് മൂന്ന് തവണ ആലോചിക്കും. അതോണ്ട് ആ മാരണം ഡിസേബിള്‍ ചെയ്യൂ!!!)

  ReplyDelete
  Replies
  1. വേര്‍ഡ് വെരിഫികേഷന്‍റെ കാര്യം ഞാനും ശ്രദ്ധിച്ചിരുന്നില്ല. വളരെ ഉപകാരം അജിതേട്ട, ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനു.
   മാറ്റിക്കഴിഞ്ഞു.

   Delete
 9. നന്നായി അവതരിപ്പിച്ചു.... ഇപ്പോള്‍ സുഖമായി കമന്റ്‌ എഴുതാം...

  ReplyDelete
 10. Same pinch.... njaanum ithu kure anubhavichu.... enthaayaalum ezhuthinu nandi.

  ReplyDelete
  Replies
  1. പലരും പ്ലസ്സിന്റെ ഈ കെണിയില്‍ വീണുപോയിട്ടുണ്ട്. സന്തോഷ്‌ ഭായി. ചിലര്‍ കരകയറി, ചിലര്‍ ഇപ്പോഴും പിടിയില്‍ തന്നെ,
   :) :)

   Delete
 11. അത് ശെരി അപ്പൊ അതായിരുന്നു അല്ലെ എന്‍റെ പ്രശ്നം.....,ഞാനും വിചാരിച്ചു ഒരു 10-1000 കമന്റ്‌ കിട്ടേണ്ട പോസ്റ്റിനു എന്തേ ഇടയ്ക്ക് വെച്ച് വളര്‍ച്ച മുരടിച്ച് പോയോ എന്ന്.....ഇപ്പോഴാല്ലേ കാര്യം മനസിലായത്. :) ;)


  നന്നായി എഴുതി....,ആശംസകള്‍. :)

  ReplyDelete
  Replies
  1. ഇപ്പോള്‍ എല്ലാം മനസിലായില്ലേ.... ഈ 1000 എന്നുള്ളത് കുറയുമോ...
   :)

   Delete
 12. ഈ ബുദ്ധി ചെയ്തതിന്റെ ഫലമായി കുറെ കമന്റുകൾ എനിക്കും നഷ്ടമായി ;) . വളരെ ഉപകാര പ്രദമായ പോസ്റ്റ്‌ മങ്ങാട.... അനുമോദനങ്ങൾ

  ReplyDelete
  Replies
  1. കമെന്റുകള്‍ നഷ്ടമാകില്ല, ഇവിടെ കാണാന്‍ കഴിയില്ല എന്നേയുള്ളൂ. രണ്ടും ഒരേസമയം കാണാന്‍ കഴിയുന്ന വിദ്യയും ഇറങ്ങി. അതൊന്നു പരീക്ഷിക്കാവുന്നതെയുള്ളൂ.
   ലിങ്ക് ഈ പോസ്റ്റില്‍ ഉണ്ട്.
   നന്ദി.

   Delete
 13. മിനി പിസിJuly 1, 2013 at 5:06 PM

  ന്തായാലും എന്നെപോലുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത്തരത്തില്‍ ക്രമീകരണം നടത്തിയതില്‍ വളരെ സന്തോഷം !

  ReplyDelete
  Replies
  1. ആദ്യം തന്നെ, ഇങ്ങനെ ഒരു പ്രശ്നം ഈ ബ്ലോഗില്‍ ഉണ്ട് എന്ന് പറഞ്ഞ് എന്‍റെ കണ്ണുതുറപ്പിച്ചതിനു നന്ദി. അവിടെ നിന്ന് തുടങ്ങി എന്‍റെ പരീക്ഷണങ്ങള്‍. ഒടുവില്‍ ഇവിടെ തന്നെ എത്തി.
   :)

   Delete
 14. പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു.
  “ഇരിക്കൂ” ഒരു സ്ത്രീ ശബ്ദം.
  ‘അയ്യോ ആരാണിത് എന്‍റെ ബ്ലോഗ്ഗില്‍ ഒരു സുകന്യ. ഞാന്‍ അമ്പരപ്പോടെ നോക്കി.
  “ഞാന്‍ കവിത, നിങ്ങള്‍ നിഷ്കരുണം എഴുതി നശിപ്പിച്ച് ഇവിടെ കുടിയിരുത്തിയ കവിത, ഇനിയുമുണ്ട് കുറച്ചു കൂടി കവിതകള്‍ അവരെ കൂടി വിളിക്കട്ടേ......”
  “അയ്യോ വേണ്ട ഞാനിതാ പോയി.

  ReplyDelete
 15. ഗൂഗിളിന്റെ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നത്‌ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ വന്നിട്ടില്ല..
  സൂചിപ്പിച്ചത്‌ എന്തായാലും നന്നായി.
  എപ്പോഴാ മനസ്സ്‌ കൈവിട്ടുപോകുക എന്ന് പറയാന്‍ കഴിയില്ലല്ലോ

  ReplyDelete
  Replies
  1. അതെ, വളരെ ശരിയാണ് ഷൈജു ഭായി, വീണുപോകുന്ന രീതിയിലാണ് ഗൂഗിളിന്‍റെ പല പ്രലോഭനങ്ങളും. ഞാന്‍ ഇപ്പോള്‍ കരകയറി.
   നന്ദി. വായനയ്ക്കും അഭിപ്രായത്തിനും.

   Delete
 16. Replies
  1. നന്ദി; വിജയേട്ട ..

   Delete
  2. This comment has been removed by the author.

   Delete 17. P V ArielJuly 23, 2013 at 8:23 AM

  ഗൂഗിൾ പ്ളസ്സിന്റെ പ്രാലോഭ നത്തിൽ കുടുങ്ങിയ ഒരാളാണ് ഞാനും. എച്ചു്മ ഒരിക്കൽ എൻറെ ബ്ലോഗിൽ കമന്റിടാൻ പറ്റുന്നില്ല എന്ന വിവരം ഇരിപിടടത്ത്തിൽ ഫൈസലിൻറെ ലേഖനത്തിൽ എഴുതിക്കണ്ടു. ഇനി പഴയ പുറത്തേക്ക് പോയാൽ പൊന്നായി കരുതുന്ന പല കമന്റുകളും ചവറ്റുകൊട്ടയിൽ വീഴുമാല്ലോ മാഷേ, ഹത് വേണ്ട ഇങ്ങനെ തന്നേ തുടരട്ടെ. യെന്തായാലും
  വിലയേറിയ ഈ അറിവിനു നന്ദി. മൊബൈലിലൂടെ കുറിച്ചതിനാൽ അക്ഷരപ്പിശകുകൾ നിരവധി. വീണ്ടും കാണാം. ഇവിടെ ഇതാദ്യം.

  ReplyDelete
  Replies
  1. ധ്വനിയിലേക്ക് സ്വാഗതം സര്‍,
   സാറിന്റെ പേജിലും പ്ലസ്സിലെ കമെന്റ് കോളം ആണ് കണ്ടത്. പലരും അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ ഒരവസ്ഥയിലാണ് ഞാന്‍ പഴയതിലോട്ടു തിരിച്ചു പോകാന്‍ നിര്‍ബന്ധിതനായത്, സാറിനു കൂടുതല്‍ കമെന്റ്സും പ്ലസ് വിന്‍ഡോയിലാണ് ഉള്ളത്. ഇത് രണ്ടും സാധ്യമാകുന്ന ഒരു സംവിധാനവുമായി ഗൂഗിള്‍ ഉടനെ തരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി; സ്നേഹം.

   Delete
 18. ദൈർഘ്യമായ പോസ്റ്റ്‌ ആണെങ്കിലും വായിച്ചു.
  എന്തൊക്കെ പുലിവാലുകളാ ല്ലേ???

  ReplyDelete