കുറിപ്പുകള്‍ തരംതിരിച്ച്

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Thursday, August 13, 2015

' യുഗപുരുഷന്‍ '

   രുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യപാദം; ക്രിസ്തു വര്‍ഷം AD-2002-ലെ ഒരു ഡിസംബര്‍ മാസം പതിനെട്ടാം തീയ്യതി. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. എല്ലാവരെയും പോലെ, അയാളും ജീവിതത്തിലെ ആദ്യത്തെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസമാണന്ന്. ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ‘അപ്പ്രന്‍റെിസ്’ ആയിട്ടാണ് ജോലി. അതായത് ‘തൊഴില്‍ പരിശീലനം’. നാട്ടിലെ  ‘പോളിടെക്നിക്കില്‍’ പഠിച്ചതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആ ജോലിയിലേക്കുള്ള അയാളുടെ പ്രവേശനവും പരിശീലനവും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘പ്യൂവര്‍ ടെക്നികല്‍ ഫെല്ലോ’ !! അങ്ങനെ സംഭവ ബഹുലമായ ദിവസങ്ങള്‍ കടന്നു പോയി. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവിടുത്തെ ആണ്‍--പെണ്‍ ജീവനക്കാരുടെ കണ്ണിലുണ്ണിയായി മാറാന്‍ അയാള്‍ക്ക് കഴിഞ്ഞു.


അയാള്‍- ഗോപികുമാര്‍ ആയിരുന്നു. നാട്ടിലെ ആദ്യത്തെ ടെക്നിക്കല്‍ പേഴ്‌സണ്‍; സര്‍വ്വോപരി ഏവരുടെയും കണ്ണിലുണ്ണി, പരോപകാരി, സാമൂഹ്യസേവകന്‍ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങളുള്ള വ്യക്തി.  ചിലര്‍ക്ക് അയാള്‍ ‘ഗോപി’-യാണ്. ചിലര്‍ക്ക് ഓണ്‍ളി ‘ഗോ’ ; കൂട്ടുകാര്‍ക്ക് ‘ബ്രോ-ഗോ’ ; വീട്ടില്‍ അമ്മ ‘ഗോപ്യേ’ –ന്നു നീട്ടിവിളിക്കും. പെങ്ങള്‍ക്ക് സ്വന്തം ‘ഗോപ്യേട്ടന്‍’ 

ഒരാഴ്ചയ്ക്ക് ശേഷം മാനേജര്‍ അയാളെ വിളിപ്പിച്ചു; എന്നിട്ട് പറഞ്ഞു.

“നിന്‍റെ ജോലിയോടുള്ള ആത്മാര്‍ഥതയിലും കഴിവിലും നാം സംപ്രീതനാണ്; അതുകൊണ്ട് ഇനി മുതല്‍ ഇവിടെയുള്ള കമ്പ്യൂട്ടെര്‍ ജോലികള്‍ കൂടി നീ ചെയ്യണം, അപ്പോള്‍ ഇന്ന് മുതല്‍ തുടങ്ങിക്കോ.”

കമ്പ്യൂട്ടര്‍ എന്നു കേട്ടതേ, ഗോപിയുടെ കൈകാലുകള്‍ കിടു കിടേ വിറയ്ക്കാന്‍ തുടങ്ങി, കാരണം ആ ‘സാധനവുമായി’ ഇതുവരെ ഒരു ബന്ധവും അയാള്‍ക്കില്ലായിരുന്നു. പോളിടെക്നിക്കില്‍ നിന്നും സായത്തമാക്കിയ മെക്കാനിക്കല്‍ സംബന്ധിയായ വര്‍ക്കുകളില്‍ മാത്രമായിരുന്നു ഇതുവരെയുള്ള അയാളുടെ പ്രവര്‍ത്തനവും പരിചയവും. മാത്രവുമല്ല കമ്പ്യൂട്ടര്‍ അയാളുടെ ഒരു വര്‍ഗ്ഗശത്രു കൂടിയായിരുന്നു.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഗോപി തന്‍റെ ന്യായം ബോധിപ്പിച്ചു.

“സര്‍, എനിക്ക് കമ്പ്യൂട്ടെര്‍ അറിയില്ല; മാത്രമല്ല അതു കൈ കൊണ്ട് ഞാന്‍ തൊടില്ല”

“വൈ - അതെന്താ”  -മാനേജര്‍

“സര്‍, അത് എന്‍റെ പ്രസ്ഥാനത്തിനു എതിരാണ് “

മാനേജര്‍ കുറച്ചു സമയം ഒന്നും മിണ്ടാതെ അയാളെ നോക്കി; എന്നിട്ട് പറഞ്ഞു

“ഒരു മാസത്തിലെ ഏറ്റവും നല്ല ദിവസം അല്ലെങ്കില്‍ തിയ്യതി എതാന്നറിയ്യോ”” ?

“സര്‍, അത്....അത്....ഒന്നാം തീയതി അല്ലെ സര്‍, അന്നല്ലേ ശമ്പളം കിട്ടുന്നത്”– അയാള്‍ പറഞ്ഞു. (1400 ഉറുപ്പികയ്ക്കും ശമ്പളം എന്ന് പറയും)

“ഗുഡ്, വളരെ ശരി; അപ്പോള്‍ നിനക്ക് കാര്യങ്ങളെ കുറിച്ചൊക്കെ അറിയാം” മാനേജര്‍ തുടര്‍ന്നു.

“നിനക്ക് ശമ്പളം തരുന്നത് ഈ കമ്പനി ആണ്, നീ പറഞ്ഞ നിന്‍റെ പ്രസ്ഥാനം അല്ല, അതുകൊണ്ട് കമ്പ്യൂട്ടെര്‍ ജോലികള്‍ കൂടി നീ ചെയ്തെ പറ്റൂ; മാത്രമല്ല, ഇത് മാനേജ്മെന്‍റ് തീരുമാനം കൂടിയാണ്.”

“അപ്പോള്‍ സാറ് പാര്‍ട്ടിക്കാരനല്ലേ”  എന്ന് അയാള്‍ ചോദിച്ചതും

“ഗെറ്റ് ഔട്ട്‌” എന്നൊരു ആക്രോശവും ഒന്നിച്ചായിരുന്നു.

തന്‍റെ കര്‍ണ്ണപുടങ്ങള്‍ അവിടെ തന്നെ ഉണ്ടോ എന്ന് അയാള്‍ ‘ഈര്‍ക്കിലി’ ഇട്ടു കുത്തി നോക്കി. ‘ഹോ രക്ഷപ്പെട്ടു’ ഒന്നും പറ്റിയിട്ടില്ല; എന്തൊരു അലര്‍ച്ചയായിരുന്നു അതു. !!

അയാള്‍ വികാരഭരിതനായി !! മിനിട്ടുകളും മണിക്കൂറുകളും തള്ളിനീക്കി അവിടെ തന്നെ ചുറ്റിതിരിഞ്ഞു നടന്നു. ഇനിയിപ്പോള്‍ എന്ത് ചെയ്യും എന്ന ചിന്ത ഉള്ളില്‍ കിടന്നു നീറിപ്പുകയാന്‍ തുടങ്ങി.

കമ്പ്യൂട്ടെര്‍ തൊട്ടാല്‍ എന്താകും നാട്ടിലെ തന്‍റെ സ്ഥിതിയെന്നു നൂറുവട്ടം കൂട്ടിയും കുറച്ചും അവന്‍ ആലോചിച്ചു. നാട്ടില്‍ ആരും ഇതുവരെ ആ സാധനം കണ്ടിട്ടുകൂടിയില്ല. അങ്ങനെ വരുമ്പോള്‍ ആ സാധനം താന്‍ ഉപയോഗിച്ചു എന്ന് വന്നാല്‍ നാട്ടില്‍ നിന്നും അടി ഉറപ്പ് ! മാതമല്ല; പ്രസ്ഥാനം തന്‍റെ ഈ അപരാധം ഒരിക്കലും പൊറുക്കില്ല ! ഉറപ്പ്.  

പിന്നെയും ചിന്തിച്ചു; ഇപ്പോഴാണെങ്കില്‍ ചിലവിനുള്ള വക കണ്ടത്തണമെങ്കില്‍ ശമ്പളം കൂടിയേ തീരൂ !! എന്തു ചെയ്യും; ഒരു പോംവഴിയും ഉദിച്ചുവരുന്നില്ല !

ഇതികര്‍ത്തവ്യതാമൂഡനായി ഇരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  മനേജറുടെ ഒരു കുറിപ്പുമായി ഒരാള്‍ കടന്നുവന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

‘കമ്പ്യൂട്ടെര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ റെഡി ആണെങ്കില്‍ മാത്രം നാളെ മുതല്‍ ജോലിക്ക് വന്നാല്‍ മതി’ – എന്‍റെ ദൈവമേ പണി പിന്നെയും പാളുകയാണല്ലോ !!! 

ഇത് കൂടി കണ്ടതോടെ അതുവരെ മുല്ലപ്പെരിയാര്‍ പോലെ അണകെട്ടിനിര്‍ത്തിയ  അയാളുടെ സകലവിധ നിയന്ത്രണങ്ങളും പൊട്ടിയൊഴുകാന്‍ തുടങ്ങി. അയാള്‍ ഉറങ്ങിക്കിടന്ന  അബോധമനസിനെ ഉണര്‍ത്തി. സങ്കീര്‍ണ്ണമായ പ്രതിസന്ധികളില്‍ പലപ്പോഴും അവനാണ് സഹായിച്ചിട്ടുള്ളത്‌. അവനോടു ചോദിച്ചുനോക്കാം.

“ഡാ എന്ത് ചെയ്യണം, എന്താ നിന്‍റെ ഒരു അഭിപ്രായം”

“എടോ, പ്രസ്ഥാനോം  കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍  കഞ്ഞി കുടി മുട്ടും,  അതുകൊണ്ട്, വേഗം പോയി മാനേജറുടെ കാലില്‍ വീണു മാപ്പ് പറഞ്ഞിട്ട് നാളെ മുതല്‍ പണി തുടങ്ങിക്കോ.”

അവന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.

ഗോപി പതുക്കെ മനജേരുടെ മുറി ലക്ഷ്യമാക്കി നടന്നു. മുറിയുടെ മുന്നില്‍ എത്തി; ചില്ല് വാതിലില്‍ പതുക്കെ രണ്ടു കൊട്ട് കൊട്ടി- ‘ടക് ടക്’

‘കം ഇന്‍’ –

ഉള്ളില്‍ കടന്നതും മുഖത്തേക്ക് നോക്കാതെ തന്നെ, നേരത്തെ റെഡിയാക്കി വെച്ചതു പോലെയുള്ള ആ  ചോദ്യശരം മാനേജര്‍ അവനിലേക്ക്‌ എയ്തുവിട്ടു.

“ഉം, എന്താ, എന്ത് തീരുമാനിച്ചു ?” മാനജേരുടെ കലിപ്പ് ഇനിയും മാറിയിട്ടില്ല !!

“സര്‍, നാളെ മുതല്‍ ഞാന്‍ കമ്പ്യൂട്ടെര്‍ എന്നല്ല, സര്‍ പറയുന്ന ഏതു പണിയും ചെയ്തോളാം” വിനയം മുഖവുരയാകി അവന്‍ മൊഴിഞ്ഞു. 

“ഉം; എന്നാ ശരി, പൊയ്ക്കോ”

“ശരി രാജാവേ” എന്ന് പറയാന്‍ വന്നെങ്കിലും അവന്‍റെ ശബ്ദം മാത്രം പുറത്തുവന്നില്ല.

അങ്ങനെ പിറ്റേന്നു മുതല്‍ കമ്പ്യൂട്ടെറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി; മൌസില്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും കുറെ തപ്പി കളിച്ചതല്ലാതെ പ്രത്യേകിച്ച് ജോലികള്‍ ഒന്നും ആ ദിവസം ചെയ്യാനായില്ല. കമ്പ്യൂട്ടെര്‍ അവനെ നോക്കി കൊഞ്ഞനം കുത്തി. തന്നെക്കാള്‍ ബുദ്ധി കൂടതല്‍ ആണല്ലോ ‘ഇതിന്’ എന്ന ചിന്ത ആ സാധനത്തിന്‍റെ മുന്നില്‍ ഇരിക്കുമ്പോള്‍ അവനെ വല്ലാതെ ഉന്മത്തനാക്കി. 

‘ഇങ്ങനെ പോയാല്‍ ശരിയാവില്ല; ഇവനെ എന്‍റെ വഴിക്ക് കൊണ്ടുവന്നേ മതിയാകൂ’

എന്ന് അവന്‍ ഉറച്ച തീരുമാനമെടുത്തു. വൈകിട്ട് ജോലിയും കഴിഞ്ഞ് അടുത്തുള്ള സിറ്റിയില്‍ പോയി, കൂണ് പോലെ മുളച്ചു പൊങ്ങിയിരിക്കുന്ന കുറെ കമ്പ്യൂട്ടെര്‍ പഠനകേന്ദ്രങ്ങളില്‍ ഒന്ന് തിരഞ്ഞെടുത്തു; ഈവിനിംഗ് ക്ലാസിനു ചേര്‍ന്നു. മൂന്ന്‍ മാസത്തെ ഒരു കോഴ്സ്.

വൈകുന്നേരത്തെ ആ കമ്പ്യൂട്ടെര്‍ ക്ലാസ്, അവന് വെറും ഒരു ക്ലാസ് മാത്രമായിരുന്നില്ല; അവന്‍റെ സൌന്ദര്യവും തലയെടുപ്പും കഴിവുകളും പ്രദര്‍ശിപ്പിക്കാനുള്ള ഒരിടം കൂടിയായിരുന്നു അത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവിടെയും, പ്രത്യേകിച്ച് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ അവന്‍ താരമായി മാറി. കോഴ്സ് പഠിപ്പിക്കുന്ന ടീച്ചര്‍, കമ്പ്യൂട്ടെര്‍ ‘ജീനിയസ്’ ആയ ‘ജാനു’ അവന്‍റെ മേല്‍ അനുരിക്തയായി. ക്ലാസ്സില്‍ ജാനു 'ടീച്ചര്‍' ആണെങ്കിലും പ്രായത്തില്‍ അവര്‍ സമാസമം ആയിരുന്നു. അവരുടെ മനസ്സുകള്‍ തമ്മില്‍ ഒന്നിച്ചു; കീ ബോര്‍ഡുകളില്‍ അവരുടെ പ്രണയത്തിന്‍റെ കഥകള്‍ വിരിഞ്ഞു. മൌസുകള്‍ അവര്‍ക്ക് വഴികാട്ടിയായി. ഒരിക്കലും തമ്മില്‍ പിരിയാന്‍ പറ്റാത്തവിധം ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ആയി ഇതിനകം അവര്‍ മാറികഴിഞ്ഞു. മൂന്ന് മാസത്തെ കോഴ്സ്, ആറു മാസം കൊണ്ടും തീര്‍ന്നില്ല !! 

കമ്പ്യൂട്ടെര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അയാള്‍ ഓഫീസിലെ കമ്പ്യൂട്ടരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. മുന്‍പ് അവനെ നോക്കി പുച്ഛത്തോടെ കൊഞ്ഞനം കുത്തിയിരുന്ന ഓഫീസിലെ കമ്പ്യൂട്ടെര്‍ അവന്‍റെ മുന്നില്‍ വിനീത വിധേയനായി അച്ചടക്കത്തോടെ ഇരിക്കാന്‍ തുടങ്ങി. അവന്‍ അഹങ്കാരത്തോടെ അതിന്‍റെ മുന്നില്‍ തലയുയര്‍ത്തി ഇരുന്നു. തന്‍റെ തലയിലെ ‘ചളികള്‍’ ഒന്നൊന്നായി അതിനുള്ളിലേക്ക് കുത്തിനിറച്ചു. അത് വേദനയോടെ കരഞ്ഞു. കണ്ണീര്‍ പൊഴിച്ചു.   

ഇതിനിടയില്‍ ഗോപി  കമ്പ്യൂട്ടെര്‍ വിദഗ്ധനായ വിവരം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. പ്രസ്ഥാനം ഇളകി മറിഞ്ഞു. ‘ലോക്കല്‍’ ആയ ആരോ അടിയന്തിര യോഗം വിളിച്ചുകൂട്ടി. അയാളെ ‘സ്മാര്‍ത്തവിചാരം’ നടത്താന്‍ തീരുമാനിച്ചു. ‘കുലംകുത്തി’-യെന്നും ‘കുലദ്രോഹി’-യെന്നും ‘വഞ്ചകന്‍’ എന്നും പുതിയ പേരുകള്‍ അവന്‍റെ മേല്‍ ചാര്‍ത്തപ്പെട്ടു. ഒടുവില്‍ അയാള്‍ക്ക് ‘ഊരുവിലക്ക്’ കല്‍പ്പന പുറപ്പെടുവിച്ച് യോഗം പിരിഞ്ഞു.

ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട അയാളെ ജാനു അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് പോയി ‘ലിവിംഗ് ടുഗെദര്‍’ ആരംഭിച്ചു.

(അതായിരുന്നു കേരളത്തിലെ ആദ്യ ഔദ്ധ്യോകിക ‘ലിവിംഗ് ടുഗെദര്‍’ )

കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ വിവാഹിതരായി, തങ്ങള്‍ സ്വപ്നം കണ്ട ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.

വര്‍ഷങ്ങള്‍ സുനാമിയേക്കാള്‍ വേഗത്തില്‍ വന്നുപോയിക്കൊണ്ടിരുന്നു. ഗോപി-ജാനു ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. ഗോപിയുടെ കമ്പ്യൂട്ടെര്‍ പരിജ്ഞാനത്തിലും ജോലിയോടുള്ള അവന്‍റെ കൂറും കമ്പനിക്കാര്‍ക്ക് നന്നേ ബോധിച്ചു. അവര്‍ അയാളെ അവിടെ സ്ഥിരപ്പെടുത്തി; ശമ്പളം ഉയര്‍ത്തപ്പെട്ടു; തീര്‍ന്നില്ല, വര്‍ഷാവര്‍ഷം സ്ഥാനകയറ്റം നല്‍കി കമ്പനി അയാളെയെയും അയാളുടെ കഴിവുകളേയും പൂര്‍ണ്ണമായും അംഗീകരിച്ചു.

ഇന്ന് അയാള്‍ കമ്പനിയുടെ സീനിയര്‍ മാനേജരാണ്. പണ്ട് അയാളെ ‘ഗെറ്റ് ഔട്ട്‌’ അടിച്ച അതേ മാനേജരുടെ സീറ്റില്‍. പക്ഷെ അതിന്‍റെ അഹങ്കാരമൊന്നും ഗോപിക്ക് ഇന്നില്ല. അവന്‍ നന്ദിയോടെ ആ പഴയ മാനേജരെ ദിവസവും ഓര്‍ക്കും. തന്നെ താനാക്കി മാറ്റി, ഇന്നത്തെ നിലയിലെത്തിച്ച ആ വലിയ മനുഷ്യനെ എങ്ങനെ അവനു മറക്കാന്‍ കഴിയും !!

ഗോപിയുടെ ഭാര്യ ജാനു-  പദവികളും ജീവിത നിലവാരവും ഉയര്‍ന്നപ്പോള്‍ അവള്‍ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി; ഇന്ന് ‘ജാനിസ്’ ആണ്.  ഒരു മാനേജരുടെ ഭാര്യമാത്രമായി വീട്ടില്‍ ഒതുങ്ങികൂടാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ജാനിസ് അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്നു. ഇന്ന് സിറ്റിയില്‍ അവര്‍ ഒരു ബിസ്സിനെസ്സ് സ്ഥാപനം നടത്തുകയാണ്. ‘ജാനിസ്സ് മീഡിയ’, ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രിന്റിംഗ് ആണ് പ്രധാന ജോലി. കൂടുതലും പ്രിന്റ്‌ ചെയ്യുന്നത് പണ്ട് തന്‍റെ ഭര്‍ത്താവിനു ഊരുവിലക്ക്‌ കല്‍പ്പിച്ച അതേ പ്രസ്ഥാനത്തിന്‍റെ ‘നിലനില്‍പ്പിനു’ വേണ്ടിയുള്ള ബോര്‍ഡുകള്‍ തന്നെ. 

...............................................x x x x x x ..............................................


അനുബന്ധം:-

  ധുനിക യുഗം ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പ്രകൃതി അണിയിച്ചൊരുക്കിയ വൈവിധ്യങ്ങള്‍ക്ക് പുറമേ മനുഷ്യര്‍ കണ്ടെത്തിയതും, നിര്‍മ്മിച്ചതും, കണ്ടെത്തിക്കൊണ്ടിരിക്കുന്നതുമായ ഒട്ടനവധി വിസ്മയത്വങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ച നമ്മളോരോരുത്തരും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്ന കാര്യത്തില്‍ സംശയമശേഷമില്ല. അതേസമയം തന്നെ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതുമാണ് ഇന്നത്തെ ലോകം. തൊഴിലധിഷ്ടിതമായ ജീവിതം നയിക്കുന്നവരാണ്‌ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും. അതുകൊണ്ട് തന്നെ അവരവരുടെ തൊഴില്‍ മേഖലകളില്‍ തികഞ്ഞ വൈദഗ്ധ്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ ജീവിതവിജയം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

കൃഷി, വ്യാപാരം എന്നീ പരമ്പരാഗത ജീവിതമാര്‍ഗങ്ങളില്‍ നിന്നും വ്യസ്ത്യതമായി ടെക്നോളജിക്കാണ് ഇന്ന് പ്രാധാന്യം കൂടുതല്‍. ഭൂരിഭാഗം യുവാക്കളും യുവതികളും ‘ടെക്കി’-കളാവാന്‍ കൊതിക്കുന്നവരാണ്. നാട്ടിലെ ഇടവഴിയിലൂടെ വെറുതെ ഒന്ന് നടക്കാനിറങ്ങിയാല്‍ ആദ്യം കാണുന്ന പത്തുപേരില്‍ ആറുപേരും ടെക്കികളായിരിക്കും. അതേകാരണത്താല്‍ തന്നെ, വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും വിളഞ്ഞുനില്‍ക്കുന്ന രണ്ടു തേങ്ങയിടാന്‍ ചിലപ്പോള്‍ ആളുകളെ കിട്ടിയില്ലെന്നിരിക്കാം; എന്നാല്‍ ഒരു കമ്പ്യൂട്ടറോ മൊബൈലോ റിപ്പയര്‍ ചെയ്യാന്‍ ഞൊടിയിടയ്ക്കുള്ളില്‍ വിദഗ്ധരെ കണ്ടെത്താന്‍ നമുക്കിന്നു ഒരു പ്രയാസവുമില്ല. ആകെ-മൊത്തം-ടോട്ടല്‍ ആയി പറഞ്ഞാല്‍ ആധുനിക യുഗത്തെ ‘ടെക്നിക്കല്‍ യുഗമെന്ന്’ വിളിക്കാം  !!  

ടെക്നിക്കല്‍ യുഗത്തില്‍ കമ്പ്യൂട്ടെര്‍ ആണ് പ്രഥമ സ്ഥാനീയന്‍. ഇന്നത്തെ ലോകത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ കമ്പ്യൂട്ടറില്‍ ആണെന്ന് പറഞ്ഞാലും തെറ്റുപറയാനാകില്ല. കാരണം ഇന്ന് എല്ലാം കമ്പ്യൂട്ടെര്‍ അധിഷ്ടിതമാണ്. വാര്‍ത്താവിനിമയം മുതല്‍, ഗതാഗതം, രാജ്യസുരക്ഷ, വിദ്യാഭ്യാസം, വ്യാവസായികം എന്നുവേണ്ട മത്സ്യബന്ധനം പോലും ഇന്ന് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. ‘സൊ’, ടെക്നിക്കല്‍ യുഗത്തിലെ ‘യുഗപുരുഷന്‍’ കമ്പ്യൂട്ടെര്‍ ആണെന്ന് നിസ്സംശയം അനുമാനിക്കാം. 

“കമ്പ്യൂട്ടെര്‍ ഇല്ലങ്കില്‍ എന്താ ഇവിടെ ജീവിക്കാന്‍ പറ്റൂല്ലേ” -  

എന്ന് ഗര്‍വ്വോടെ പണ്ട് വാചകമടിച്ചു നടന്നിരുന്ന ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ വളരെ പെട്ടാന്നയിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആ പറഞ്ഞവരും പിന്നീട് കമ്പ്യൂട്ടര്‍ വിപ്ലവത്തിനു മുന്നില്‍ മുട്ടുമടക്കി നിന്ന കാഴ്ചയും കാണേണ്ടിവന്നു. ഇന്ന്, അത്ര വിദഗ്ധരൊന്നുമല്ലെങ്കിലും, ഒരു സ്ക്രൂ ഡ്രൈവറും സ്പാനറും കിട്ടിയാല്‍  അത്യാവശം ‘വേര്‍ഡും’ ‘എക്സലും’ തുറക്കാനും അടക്കാനും, മലയാളം ടൈപ്പ് ചെയ്യാനും, ഇന്‍റെര്‍നെറ്റില്‍ ചാറ്റ് ചെയ്യാനും, ഭൂരിപക്ഷം മല്ലൂസിനും അറിയാം. മാത്രമല്ല, ആ പഴയ ചോദ്യം- 

‘‘കമ്പ്യൂട്ടെര്‍ ഇല്ലങ്കില്‍ എന്താ, ഇവിടെ ജീവിക്കാന്‍ പറ്റൂല്ലേ”-

എന്ന് ആരെങ്കിലും ഇപ്പോള്‍ എന്നോട് ചോദിച്ചാല്‍ ‘ഒരു മനുഷ്യനായി ജീവിക്കണമെങ്കില്‍ കമ്പ്യൂട്ടെര്‍ എന്തെന്നും, അതിന്‍റെ ശരിയായ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കണം എന്ന് ഞാന്‍ മറുപടി പറയും. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും..!!

ഉദാഹരണത്തിന്-

ഒരു പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍:- 18 മുതല്‍  40 വയസ്സ് വരെ ഇന്ന് വരും, നാളെ വരും (ലോട്ടറി അല്ല; റാങ്ക് ലിസ്റ്റില്‍ പേര്) എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ കേരളീയനും പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടിമാത്രം, ഒരു കമ്പ്യൂട്ടെര്‍ വാങ്ങാനുള്ളത്രയും തുക ‘അക്ഷയ’ സെന്‍ററുകളിലും, ഇന്റര്‍നെറ്റ്‌ കഫെകളിലും വര്‍ഷാവര്‍ഷം കളയുന്നുണ്ട്.

അതുമല്ലെങ്കില്‍ ഒരു ട്രെയിന്‍ യാത്രക്ക് വേണ്ടിയുള്ള ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കെറ്റ് ‘വെയിറ്റ്’ ചെയ്യാതെ ബുക്ക്‌ ചെയ്യാന്‍.

ഒരു വിവാഹ പരസ്യം കൊടുക്കാന്‍

വെറുതേയാണെങ്കിലും ഒരു ബ്ലോഗ്‌ എഴുതി, ലിങ്ക് വിതരണം ചെയ്തു ആളുകളെ വെറുപ്പിക്കാന്‍

വ്യാജ സി.ഡി. ഇട്ട് ‘ഓസി’-യില്‍ ഒരു സിനിമ കാണാന്‍ (സണ്ണി ലിയോണി-യുടെ അല്ല)

ഒരു ബയോഡാറ്റ ഉണ്ടാക്കി ജോലി തെണ്ടാന്‍

അവളുമായി ‘സ്കൈപ്പില്‍’ സൊള്ളാന്‍

കാലിയായ ബാങ്ക് അക്കൌണ്ട് തുറന്നു നോക്കി ഒന്ന് നെടുവീര്‍പ്പിടാന്‍; പിന്നെ ഒന്ന് പുഞ്ചിരിക്കാന്‍ !! 

അങ്ങനെ നിരവധി കാര്യങ്ങള്‍ ഇന്ന് ഒരു കമ്പ്യൂട്ടെര്‍ ഉണ്ടെങ്കില്‍ ‘തുടയിലോ’ ‘ടെസ്ക്കിലോ’ വെച്ച് ചെയ്യാം.

എന്നാല്‍ വളരെ രസകരമായ ഒരു കാര്യത്തെകുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അത് നമ്മുടെ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസ്സുകളുമായി ബന്ധപ്പെട്ടതാണ്. അവര്‍ക്ക് കമ്പ്യൂട്ടെര്‍ എന്ന ഒരു സാധനത്തെ കുറിച്ച് -‘ഒന്നുമേ പുരിയലേ’- എന്ന മട്ടാണ്. നാട്ടിലെ വില്ലേജ് ഓഫീസ്സുകളിലോ തദ്ദേശ സ്വയംഭരണ കാര്യാലയങ്ങളിലോ പോയാല്‍ പേപ്പറുന്തി നടക്കുന്ന കുറെ ‘വിചിത്ര മനുഷ്യരെ’ അവിടെ കാണാന്‍ കഴിയും. അങ്ങ് സെക്രെട്ടെറിയേറ്റ് മുതല്‍ ഇങ്ങ് നാട്ടിലെ ഏതൊരു സര്‍ക്കാര്‍ ഓഫീസ്സ് എടുത്തുനോക്കിയാലും സ്ഥിതിഗതികള്‍ ഏറെക്കുറെ ഒന്നാണ്. കംപ്യുട്ടര്‍ വല്ക്കരണം പൂര്‍ണ്ണമായും നടപ്പാക്കും എന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആണയിട്ടു പറയുന്നുണ്ടെകിലും കാര്യങ്ങള്‍ ഇപ്പോഴും പഴയ ചുവപ്പുനാട നയം തന്നെയാണ്. ഇപ്പോള്‍ തസ്തികകളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചെടുക്കാനുള്ള കാലതാമസത്തെ കുറിച്ചാണ് സര്‍ക്കാര്‍ ഇതിനു നല്‍കുന്ന ന്യായം. എന്നാല്‍ നല്ല വിലപിടിപ്പുള്ള, സാങ്കേതികത്വത്തിന്‍റെ കാര്യത്തില്‍ കമ്പ്യൂട്ടെറിനൊപ്പം വരുന്ന മൊബൈല്‍ ഫോണുകള്‍ ഒട്ടുമിക്കവരുടെയും കൈകളില്‍ ഉണ്ട് താനും.  

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ കേരളമാണ് ഈ കാര്യത്തില്‍ ഏറ്റവും പിന്നിലെന്നു വ്യക്തമാവും. സാക്ഷരതയും സാങ്കേതികതയും കൈമുതലാക്കിയ ഒരു ജനതയുടെ സ്വന്തം നാട്ടിലാണ് ഈ വൈരുദ്ധ്യം. ഒറ്റ ‘ക്ലിക്കില്‍’ അല്ലെങ്കില്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ സാധിച്ചെടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ആഴ്ചകളും മാസങ്ങളും സര്‍ക്കാര്‍ ഓഫീസ്സുകള്‍ കയറി നിരങ്ങേണ്ട ഗതികേടിലാണ് കേരള ജനത ഇന്നും. സ്മാര്‍ട്ട് സിറ്റികളും ഐടി പാര്‍ക്കുകളും ഉയര്‍ന്നു വരുമ്പോഴും, സ്മാര്‍ട്ട് ആവാതെ, മാറ്റത്തിനു വഴിയൊരുങ്ങാതെ, നമ്മുടെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ ഇപ്പോഴും ഒരു നൂറ്റാണ്ടോളം പുറകില്‍ തന്നെ. !! 


.......End...... 

Sunday, February 23, 2014

‘ഒരുനാള്‍ വരും'

     
   അന്നത്തെ അവന്‍റെ ചിന്തകള്‍, ബ്ലോഗ്ഗര്‍മാരുടെ, സ്വപ്‌നങ്ങള്‍ പൂവണിയുന്ന, ഒരു കാലത്തെ കുറിച്ചായിരുന്നു. എന്നും അവജ്ഞയും അവഗണയും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടു കഴിയുന്ന താനടക്കമുള്ള ഒരു വിഭാഗത്തിന്‍റെ എങ്ങും എത്താതെയുള്ള അക്ഷരപ്രയാണത്തില്‍ കാലാനുസൃതമായി സംഭവിക്കേണ്ട മാറ്റങ്ങള്‍ പോലും അന്യം നിന്നുപോകുന്നു എന്ന വ്യഥ കുറച്ചൊന്നുമല്ല അവനെ വേട്ടയാടിക്കൊണ്ടിരിന്നത്.   അവര്‍ ഇന്ന് അവഗണനയുടെ വക്കിലാണ്; അവലംഭ ഹീനരാണ്; അവകാശ പരാശരരാണ്; വംശനാശ ഭീഷണിയിലാണ്. ആലോചനാഗര്‍ത്തത്തിലാണ്ടുപോയ അവന്‍ സ്വചിന്തകള്‍ക്ക് തീ പിടിച്ചത് പോലും അറിയാതെ പോയി. കണ്ണുകള്‍ പകലിനെ വകഞ്ഞുമാറ്റി വൃഷ്ടിപ്രദേശങ്ങള്‍ തേടി യാത്ര തുടങ്ങി.

ലക്ഷ്യങ്ങള്‍ മുറിഞ്ഞു, ദിക്കറിയാതെ നടന്നു തീര്‍ത്ത ഏതോ വഴികളില്‍, ഇടയ്ക്ക് കയറികൂടിയ അക്ഷര രശ്മികളുടെ ആകെത്തുകയായി എന്നോ പതിച്ചു കിട്ടിയ ഒരു ‘ലേബല്‍’ ആണ് ‘ബ്ലോഗ്ഗര്‍’ എന്നത്. പിന്നീട് അത് ഒരു ലഹരിയായി അവന്‍റെ ചിന്തകളിലൂടെ ഇരച്ചുകയറി. അക്ഷരകൂട്ടങ്ങളുടെ ഒരു മായാപ്രപഞ്ചത്തില്‍ ‘മോഡറേറ്റര്‍’ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആണവ റിയാക്റ്റര്‍ പോലെ അക്ഷര വികിരണങ്ങള്‍  അനര്‍ഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്നു. അന്നുതൊട്ടിന്നോളം അവന്‍ ആ ലേബല്‍ നെഞ്ചോട്‌ ചേര്‍ത്തുവെച്ചു; സ്വയം അഭിമാനിച്ചു. എങ്കിലും എവിടെയോ ആര്‍ത്തിരമ്പി നിന്ന ഒരു കടല്‍ ഇടയ്ക്കിടയ്ക്ക് വലിയ സുനാമി തിരമാലകള്‍ തന്‍റെ ഉള്ളില്‍ ഉയര്‍ത്തിവിടുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു.

സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ പോലെ ബ്ലോഗര്‍മാര്‍ക്കും വേണം ചിലതൊക്കെ; അവരും പോരാടണം, അവകാശസംരക്ഷണത്തിനു വേണ്ടി പോരാടി വീരമൃത്യു വരിക്കണം !! ചിന്തകള്‍ക്ക് ആക്കം കൂടിയത് അവന്‍ അറിഞ്ഞില്ല; കാലത്തിനുമപ്പുറം പുനര്‍ജ്ജനിക്കുന്ന ബ്ലോഗ്ഗര്‍മാരുടെതു മാത്രമായ മറ്റൊരു ലോകത്തിലേക്ക്‌ അവന്‍റെ ചിന്തകള്‍ യാത്ര തുടങ്ങി.  

അന്ന്:-

ബ്ലോഗ്ഗര്‍മാര്‍ക്ക് വേണ്ടി ഒരു ടി.വി. ചാനല്‍ സംപ്രേക്ഷണമാരംഭിക്കപ്പെടും; അതില്‍ നിന്നും ലിങ്കുകളും ബ്ലോഗ്‌ പേജുകളും മാത്രം സംപ്രേക്ഷണം ചെയ്യും. അതുവഴി അവരുടെ രചനകളും സൃഷ്ടികളും തത്സമയം കൂടുതല്‍ വായനക്കാരിലേക്ക് എത്തപ്പെടും. വായന നിര്‍ത്തിയ ചില ബ്ലോഗ്ഗര്‍മാര്‍ക്കെങ്കിലും അതൊരു സഹായവുമാകും.

ബ്ലോഗ്ഗര്‍മാരുടെ വിവരങ്ങളും, വിശേഷങ്ങളും പ്രസിദ്ധീകരിക്കാന്‍ വേണ്ടി മാത്രം ഒരു ‘ബ്ലോഗേഴ്സ് ദിനപത്രം’ ആരെങ്കിലും തുടങ്ങുമായിരിക്കും.

ബ്ലോഗ്ഗര്‍മാരുടെ കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു ‘ബ്ലോഗേര്‍സ് കോളനി’ തീര്‍ച്ചയായും ഉണ്ടാവും. കോളനിയില്‍ സൌജന്യമായി Wi.Fi-യോ ബ്രോഡ്ബാന്റ് സൌകര്യങ്ങളോ സര്‍ക്കാര്‍ ചിലവില്‍ ഏര്‍പ്പെടുത്തും.

‘ISRO’ ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ഒരു സാറ്റലൈറ്റ് നിര്‍മ്മിക്കും. ഓരോ ബ്ലോഗ്ഗെര്‍മാരുടെയും വിവരങ്ങളും ലിങ്കുകളും തദാസമയം അപ്ഡേറ്റ് ചെയ്യാന്‍ ഭൂതല നിരീക്ഷണ നിലയങ്ങളും ഉദ്യോഗസ്ഥരെയും നിയമിക്കും.

ഭൂമി കൈമാറ്റ വ്യവസ്ഥകളില്‍ പെട്ട് അലയുന്ന ബ്ലോഗ്ഗെര്‍മാരെ സഹായിക്കാന്‍ ‘ബ്ലോഗേഴ്സ് റിയല്‍ എസ്റ്റെറ്റ്’ നിര്‍ബന്ധമായും വേണം.

പ്രവാസി ബ്ലോഗ്ഗര്‍മാരുടെ യാത്ര-ദുരിതങ്ങള്‍ക്ക് പരിഹാരമായി ‘ഫ്ലൈ ബ്ലോഗേഴ്സ്’ എന്നപേരില്‍ ഒരു യാത്രാവിമാന സര്‍വീസ് അത്യാവശ്യമാണ്. ബ്ലോഗ്ഗര്‍മാരെ പിഴിയുന്ന വിമാന കമ്പനികള്‍ക്കുള്ള ഒരു താക്കീത് കൂടിയായിരിക്കണം അത്.

ബ്ലോഗ്ഗര്‍മാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ റയില്‍വേ തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. നിലവിലുള്ള വണ്ടികളില്‍ പ്രത്യേകം അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തും.  നഗരങ്ങളില്‍ ‘ബ്ലോഗേഴ്സ് മെട്രോ’ സര്‍വ്വീസും വേണ്ടിവരും.

സര്‍ക്കാര്‍/സ്വകാര്യ ബസ്സുകളില്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് പ്രത്യേകം സീറ്റുകളും, റിസര്‍വേഷനും, കണ്‍സഷനും ഉണ്ടാവും. കൂട്ടത്തില്‍ യാത്രക്കാര്‍ക്ക് ലിങ്കുകള്‍ കൈമാറ്റം ചെയ്യാനുള്ള ‘ലിങ്ക് ഓണ്‍ ട്രാവല്‍’ (Link-on-Travel) സംവിധാനവും ഏര്‍പ്പെടുത്തും.

ബിസിനസ്സില്‍ തല്‍പ്പരരായ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനായി ഒരു ‘ബ്ലോഗേര്‍സ് ബിസിനസ് സെന്റര്‍’ എന്തായാലും വേണം.

‘ടെക്കികളായ’ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനും, ഏതൊരു സാമ്പത്തിക പ്രതിസന്ധിയിലും ജോലിസ്ഥിരത ഉറപ്പുവരുത്തന്നതുമായ ഒരു ‘ബ്ലോഗേര്‍സ് ഐ.ടി പാര്‍ക്ക്‌’ ഉണ്ടാവുമായിരിക്കും !

ബ്ലോഗ്ഗെര്‍മാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ‘ബ്ലോഗേഴ്സ് സ്കൂളുകള്‍ ജില്ലകള്‍ തോറും ഉണ്ടാവണം; അവിടെ കുട്ടികള്‍ക്ക് സൗജന്യമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. ക്രമേണ കോളേജുകളും ഉപരി പഠനത്തിനുള്ള സാഹചര്യങ്ങളും കൂടി ഏര്‍പ്പെടുത്തണം.

ഒരു ‘ലിങ്ക്’ എങ്കിലും സ്വന്തമായുള്ള എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നല്‍കുമായിരിക്കും !

അന്താരാഷ്‌ട്ര തലത്തില്‍ ബ്ലോഗ്ഗെര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും അവകാശസംരക്ഷണത്തിനും വേണ്ടി ‘ഇന്‍റര്‍നാഷണല്‍ ബ്ലോഗേര്‍സ് ഫോറം’ രൂപവല്‍ക്കരിക്കും.

‘പോസ്റ്റ്‌ കള്ളന്മാരെ’ പിടികൂടാന്‍ ‘ബൂലോക പോലീസ് സേന’ രൂപവല്‍ക്കരിക്കേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചിരിക്കുന്നു. കള്ളന്മാരുടെ രൂക്ഷമായ ശല്യം കാരണം അടച്ചുപൂട്ടിയ ബ്ലോഗ്ഗുകള്‍ എത്രയാണ്.! സേനയുടെ ‘ചിഹ്നം’ പതിച്ച എല്ലാ ബ്ലോഗ്ഗുകളിലും അവരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന നടപടികളും എത്രയും വേഗം ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു ‘ബൂലോക കോടതിയും’ അത്യന്താപേക്ഷികം തന്നെ. അത്രയ്ക്കുണ്ടല്ലോ !!

അവശത അനുഭവിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു കൈത്താങ്ങായി ‘ബ്ലോഗേഴ്സ് സഹായ നിധി’ ഉണ്ടാവണം. അത് കൈകാര്യം ചെയ്യാന്‍ ‘മുങ്ങല്‍ വിദഗ്ദരല്ലാത്ത’ ഏതെങ്കിലും ബ്ലോഗ്ഗര്‍മാരെ തന്നെ ഏല്‍പ്പിക്കണം !!

അന്ന് ബ്ലോഗ്ഗേര്‍സിനു വേണ്ടി, സര്‍ക്കാര്‍ തലത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. തൊണ്ണൂറു വയസ്സിനു മുകളില്‍ പ്രായമായ എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും മാസാമാസം നിശ്ചിത തുക ജീവനാംശ പെന്‍ഷന്‍ ആയി നല്‍കപ്പെടും.

ബ്ലോഗ്ഗര്‍മാരുടെ വിവാഹങ്ങള്‍ മംഗളകരമായി നടത്തികൊടുക്കാന്‍ ‘ബ്ലോഗേഴ്സ് മാട്രിമോണി’ സര്‍വ്വീസും അഭികാമ്യം തന്നെ !

മദ്യപാന്‍മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് അത്താണിയായി ‘ബ്ലോഗ്ഗേര്‍സ് ബാര്‍’ പഞ്ചായത്തുകള്‍ തോറും തുടങ്ങാനുള്ള പദ്ധതി, പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പില്‍വരുത്തും.

അന്ന്, ഏതൊക്കെ വയലുകള്‍ നികത്തിയിട്ടായാലും, ഏതൊക്കെ കുന്നുകള്‍ ഇടിച്ചു നിരത്തിയിട്ടായാലും, ഇനി അതല്ല, അറബികടലിന്‍റെ ഒരു ഭാഗം വറ്റിച്ചിട്ടായാലും, പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് സ്വസ്ഥമായി വന്നിറങ്ങാന്‍ ജില്ലകള്‍ തോറും ഓരോ കൊച്ചു വിമാനത്താവളങ്ങള്‍ നിര്‍ബന്ധമായും വേണം.

മരണമടയുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക്, ഇടയ്ക്കുള്ള ‘ചെക്ക് പോസ്റ്റുകളില്‍’ ഒന്നും കുടുങ്ങാതെ ഭൂമിയില്‍ നിന്നും നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ ഒരു പ്രത്യേക ഇടനാഴിയും പ്രവേശന വാതിലും ഉണ്ടാവുമായിരിക്കും. അവിടെ ഓരോ ബ്ലോഗ്ഗറേയും കാത്ത് സുന്ദരികളായ മാലാഖമാര്‍ കാത്തുനില്‍ക്കുന്നുണ്ടാവും.

................................................................

തീ പിടിച്ച ചിന്തകളില്‍ നിന്നും മടങ്ങിവന്ന അവന്‍റെ നെഞ്ചിനുള്ളില്‍ ഒരു പിടച്ചില്‍അനുഭവപ്പെട്ടത് പെട്ടന്നായിരുന്നു. തന്‍റെ സ്വപ്‌നങ്ങള്‍ ഒരിക്കലും പ്രാവര്‍ത്തികമാകില്ല എന്ന തിരിച്ചറിവ് ഹൃദയഭിത്തികളെ തകര്‍ത്തു കളഞ്ഞത് അവന്‍ പോലും അറിഞ്ഞില്ല. മൂകമായി മരണത്തെ പുല്‍കിയ ഒരു ‘ബ്ലോഗാത്മാവ്’ ശരീരം വിട്ടൊഴിഞ്ഞു ആകാശ സീമകള്‍ ലംഘിച്ചു, സ്വര്‍ഗ്ഗലോകം തേടി യാത്ര തുടങ്ങി. അരുണ കിരണങ്ങള്‍ വെളിച്ചം തൂകിയ നീലാകാശ വീഥികളില്‍ പാറിനടന്ന ആ ബ്ലോഗാത്മാവിന് തൂവെള്ള വസ്ത്രധാരികളായ മാലാഖമാര്‍ വഴികാട്ടികളായി. ഒടുക്കം വെണ്ണക്കല്ശിലകളാല്‍ തീര്‍ത്ത, പൂക്കളും വര്‍ണ്ണകൊടിതോരണങ്ങളും കൊണ്ടലങ്കരിച്ച ഒരു വലിയ ഗോപുര വാതിലിന്‍റെ മുന്നില്‍ ആ യാത്ര ചെന്നവസാനിച്ചു. അതിനു മുകളിലായി വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

‘ബ്ലോഗേഴ്സ് ഒണ്‍ലി’ ..... ’ബ്ലോഗ്ഗര്‍മാര്‍ മാത്രം’ .... !!!


--End--


Thursday, June 27, 2013

ഗൂഗിള്‍ പ്ലസ്സ് വരുത്തിയ വിന !!

‘ബ്ലോഗ്ഗെറും’, ‘ഗൂഗിള്‍ പ്ലസ്സും’, ഒരേ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടും, (പ്രായം കൊണ്ട് ‘ബ്ലോഗ്ഗര്‍’ ചേട്ടനും, പ്ലസ്‌ അനിയനും ആയി കരുതാം) രണ്ടു പേരും തമ്മില്‍, പരസ്പരം ഒരുപാടു സാദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടും, ഈ രണ്ടു ബാധ്യതകളേയും പരസ്പരം ചെറുതായി ഒന്ന് ലയിപ്പിച്ചു കളയാം എന്ന് കുടുംബത്തിലെ മൂത്ത കാരണവരായ ‘ഗൂഗിള്‍’ അമ്മാവന് തോന്നിയത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ ഇവര്‍ രണ്ടുപേരും പരസ്പരം ലയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ അമ്മാവന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യത്തില്‍ ചെറിയ സംശയവും ഇല്ലാതില്ല.

പറഞ്ഞു വരുന്നത്, ഇവരുടെ രണ്ടുപേരിലൂടെയും കൈമാറപ്പെടുന്ന ‘വാക്കുതര്‍ക്കങ്ങള്‍’ (Comments) ഒന്നിപ്പിച്ചു കൊണ്ടുള്ള ഗൂഗിളിന്‍റെ പുതിയ ‘പരീക്ഷണം’ (അത്ര പുതിയതല്ല; എന്നാലും..) പലരേയും പോലെ എന്നെയും വെട്ടിലാക്കി എന്നതാണ് സംഭവത്തിന്‍റെ സാരം. 

ഇത് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. അത് എന്താണെന്നു ഇതിന്‍റെ അവസാന ഭാഗത്തില്‍ പറയാം.

അപ്പോള്‍ സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ:-  
ഈയടുത്ത കാലത്ത്, ഒരു സുപ്രഭാതത്തില്‍ പുതിയ ഒരു സൃഷ്ടി (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) പോസ്റ്റാന്‍ വേണ്ടി ബ്ലോഗ്‌ തുറന്നപ്പോള്‍, “താങ്കള്‍ക്ക് ഗൂഗിള്‍ പ്ലസ്സുമായി ലയിക്കാന്‍ താല്‍പര്യമുണ്ടോ?” എന്നും ചോദിച്ച് ഒരു കത്ത്; അമ്മാവന്‍ കൊടുത്തു വിട്ടതാണ്. അങ്ങനെ ലയിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന കുറെ നേട്ടങ്ങളെ പറ്റിയും പറയുന്നുണ്ട് അതില്‍. അതായത്;

1)  വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.
2) ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉടനടി, ബ്ലോഗില്‍ വച്ചുതന്നെ പ്ലസ്സിലെക്കും      തള്ളിവിടാം.
3)  ഗൂഗിളിന്‍റെ എല്ലാ ബാധ്യതകളിലും ഒരേ പേരില്‍ അറിയപ്പെടാം,
4)  ആളുകള്‍ പെട്ടന്ന് താങ്കളെ തിരിച്ചറിയും

ഇങ്ങനെപോയി മോഹന വാഗ്ദാനങ്ങളുടെ ആ നീണ്ട പട്ടിക. (ദൂഷ്യവശങ്ങളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.) ഇതെല്ലാം കേട്ട്, എന്‍റെ ബ്ലോഗിലേക്ക് ഒഴുകിയെത്തി, വായിക്കാന്‍ വേണ്ടി ‘ക്യൂ’ നില്‍ക്കുന്ന വായനക്കാരെയും, കുമിഞ്ഞു കൂടുന്ന കമന്റുകളും സ്വപനം കണ്ട്, മുന്നും പിന്നും ഒന്നും ആലോചിക്കാതെ പ്ലസ്സിലേക്ക് ‘മലക്കം മറിഞ്ഞു'.

ഒരു നിമിഷത്തെ നിശബ്ധത; ബ്ലോഗും പ്ലസ്സും അതാ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. ഓരോ സൃഷ്ടികളുടെ അടിയിലും, പരമ്പരാഗത കമന്റ്‌ കോളത്തിനു പകരം, പ്ലസ്സിന്‍റെ വൃത്തിയും വെടിപ്പുമുള്ള കമന്റ് കോളം, കണ്ടാല്‍ ഒരിക്കലും മോശം പറയാനാകില്ല. കൂടാതെ പ്ലസ്സിലെ കൂട്ടാളികളുടെ എണ്ണവും അവരുടെ ചിത്രങ്ങളും വിവരങ്ങളും എല്ലാം ബ്ലോഗിലും കാണിക്കുന്നുണ്ട്. ഞാന്‍ സന്തോഷം കൊണ്ട് ചാടി തുള്ളി. ആകെയുള്ള ഒരു വിഷമം, ബ്ലോഗ്‌ പേജിന്‍റെ വലത്തേ മൂലയിലുള്ള ‘എന്നെ കുറിച്ച്’ എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച ‘കുനിഷ്ട്‌’ ഡയലോഗുകള്‍ കാണാനില്ല; ‘ഈശ്വരാ, അതുപോയോ’ കാരണം ആ ഡയലോഗില്‍ ആണ് മെയിന്‍ ആയി പിടിച്ചുനില്‍ക്കുന്നത്. തപ്പിപ്പിടിച്ച് നോക്കിയപ്പോള്‍ ആ ഭാഗം അനിയന്‍ പ്ലസ്സിന്‍റെ അധികാരപരിധിയിലാണ്. അനിയന്‍റെ സമ്മതത്തോടെ അവിടെ വീണ്ടും ‘എന്നെ കുറിച്ച്’ വിശദമായി തന്നെ പൂരിപ്പിച്ചു.

അങ്ങനെ ബ്ലോഗിനെയും, പ്ലസ്സിനെയും ഊട്ടിയും ഉറക്കിയും സംഭവബഹുലമായ ദിവസങ്ങള്‍ കടന്നുപോയി. പുതിയ സൃഷ്ടികള്‍ ഓരോന്നോരോന്നായി ബ്ലോഗ്‌ പേജുകളെ സമ്പുഷ്ടമാക്കി. വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷെ പ്ലസ്സിന്‍റെ കമന്റ് കോളം മാത്രം, നെഞ്ചും വിരിച്ചങ്ങനെ നിന്നതല്ലാതെ അഭിപ്രായങ്ങളുടെ പെരുമഴയൊന്നും കാണുന്നില്ല. എന്‍റെ സംശയങ്ങള്‍ക്ക് ബലം വച്ചു. ‘ഇനി സൃഷ്ടികളുടെ ഗുണമേന്മയാണോ പ്രശ്നം’ എന്ന ചിന്ത എന്നെ ഉള്ളാലെ അലട്ടി. സൃഷ്ടികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ഹേയ് അത്രവലിയ മോശം പറയാനൊന്നും ഇല്ല’ എന്തായാലും സംശയം തീര്‍ക്കാനായി സൃഷ്ടികളുടെ ഗുണമേന്മ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓരോന്നോരോന്നായി ഗുണമേന്മ പരിശോധന കേന്ദ്രമായ ISO-യുടെ ഓഫീസ്സിലേക്കയച്ചു. ഉടനടി പരിശോധനാഫലവും സര്‍ട്ടിഫിക്കറ്റും വന്നു. ബ്ലോഗിനും സൃഷ്ടികള്‍ക്കും ISO-9001-2013 സര്‍ട്ടിഫികേഷന്‍. വീണ്ടും ആഹ്ലാദം. അപ്പോള്‍ പ്രശ്നം സൃഷ്ടികള്‍ക്കല്ല. പിന്നെന്ത്.....??????

ഒരു ദിവസം ഒരു പുരാനാ ദോസ്ത് സുക്കന്‍ സായിപ്പിന്‍റെ ചാറ്റില്‍, വിശേഷങ്ങള്‍ക്കിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ബലം പ്രയോഗിച്ച് കുത്തിക്കയറ്റി.
“ഡേയ് കഷ്ട്ടപ്പെട്ട് ഈയുള്ളവന്‍ എഴുതിയുണ്ടാക്കുന്ന സൃഷ്ടികളൊന്നും നീ കാണാത്തതാണോ; അതോ മനപ്പൂര്‍വ്വം കമെന്റുകള്‍ ഇടാത്തതോ?” ഞാന്‍ ചോദിച്ചു.
“ഭായി, എന്താണ് നിങ്ങ ഈ പറേണത്, നിങ്ങയുടെ സൃഷ്ടിയെല്ലാം കിടിലനല്ലേ, (ഞാന്‍ രണ്ടടി പൊങ്ങി), ബട്ട്‌, മ്മടെ പ്രതികരണം ഒന്നും ഇടാന്‍ പറ്റുന്നില്ല, എന്തോ പ്രശ്നമുണ്ട് ഭായി”
“ശരി മുത്തേ, പിന്നെ കാണാട്ട” എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി. ഗൂഗിളിന്‍റെ എല്ലാ ലിങ്കുകളും ‘Sign Out’ ചെയ്ത് എന്‍റെ ബ്ലോഗിലേക്ക് ഒരന്യനായി ഞാന്‍ കടന്നു ചെന്നു.
ഹൃദയത്തില്‍ ആരോ കരിങ്കല്ലുകൊണ്ടു കുത്തുന്ന അവസ്ഥ. സ്വന്തം വീട്ടില്‍ ഒരന്യനായി കടന്നു ചെല്ലുക. വിധിയുടെ ബലിമൃഗമായി ഞാന്‍ മുന്നോട്ടു നടന്നു. ‘എന്‍റെ ബ്ലോഗ്‌ ദൈവങ്ങളേ എന്നോടെന്തിനീ പരീക്ഷണം’.

“സന്യാസിനീ..നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ..
ആരും തുറക്കാത്ത  പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ..”

പാട്ട് മുഴുവനാവാതെ തൊണ്ടയില്‍ കുടുങ്ങി. കണ്ണുകള്‍ കലങ്ങി മറിഞ്ഞു, നിറഞ്ഞു തുളുമ്പി ഒഴുകി.
പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു. സൃഷ്ടികളെ ഒന്നൊന്നായി നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഉച്ചസമയം; ഊണു കഴിഞ്ഞുള്ള ഉറക്കമാണ്. വിളിച്ചുണര്‍ത്തി വെറുതെ ശല്യപ്പെടുത്തേണ്ട. കതകടച്ചു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് കമെന്റ് പെട്ടിയില്‍ ഒന്ന് കുത്തി. അനങ്ങുന്നില്ല. വീണ്ടും മുറുക്കി കുത്തി. നോ രക്ഷ; മൂന്നാമത്തെ കുത്തില്‍ ഒരു ലിങ്ക്. അതില്‍ ഇങ്ങനെ പറയുന്നു “ആദ്യം പ്ലസ്സില്‍ പോയി ദേഹപരിശോധന കഴിഞ്ഞ് വന്നാല്‍ മാത്രമേ ഇവിടെ കുത്താന്‍ അനുമതിയുള്ളൂ’ എന്നാണ് ലിങ്കിലെ അക്ഷരങ്ങളുടെ രത്നചുരുക്കം.

“ഡാ, മോനേ അനിയാ, ഞാന്‍ ഈ ബ്ലോഗിന്‍റെ മുതലാളിയാണ്, എന്നെ കടത്തിവിടടാ..”
“ഏതു കോപ്പനായാലും പ്ലസ്സില്‍ പോയിട്ടു വന്നാമതി” മറുപടി.

ഇതെന്തൊരു തിട്ടൂരം, ബ്ലോഗ്‌ മുതലാളിയായ എനിക്കു തന്നെ ഒരു അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പാവം വായനക്കാരുടെ അവസ്ഥയോ. ബ്ലോഗായ ബ്ലോഗെല്ലാം ഓടി നടന്നു വായിച്ച് വായിച്ച് തളര്‍ന്നുവരുന്ന ഒരു വായനക്കാരന്‍/കാരി  ഇത്രയും കഷ്ടപ്പെട്ട് ഒരു കമെന്റ് എഴുതാന്‍ ഒരിക്കലും മെനക്കെടില്ല എന്നുറപ്പ്. അപ്പോള്‍ ഇതുവരെ പ്ലസ്സിലെ പെട്ടിയില്‍ വന്നു വീണ കമെന്റുകളെല്ലാം ഗൂഗിളിലൂടെയോ പ്ലസ്സിലൂടെയോ വന്നവ മാത്രം. പുറത്തുനിന്ന് വന്നവര്‍ വായിച്ചു കഴിഞ്ഞ് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാതെ നിരാശരായി മടങ്ങിപ്പോയിട്ടുണ്ടാകും.

ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. പ്ലസ്സിന്‍റെ ഈ തിട്ടൂരം ഇങ്ങനെ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന് തീരുമാനിച്ചു. നേരെ ബ്ലോഗ്ഗില്‍ പോയി, പ്ലസ്സുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി. അവന്‍ വേദനയോടെ കരഞ്ഞു. എന്നാലും എനിക്ക് വലുത് എന്‍റെ വായനക്കാരും അവരുടെ അഭിപ്രായങ്ങളും തന്നയാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു.

തിരിച്ച് സൃഷ്ടികള്‍ നോക്കുകുത്തികള്‍ പോലെ ചാരിവച്ച മെയിന്‍ പേജില്‍ എത്തിയപ്പോള്‍ അവിടെ ‘No Comments’ എന്ന ബോര്‍ഡുമായി പരമ്പരാഗത കമെന്റ് പെട്ടി എന്നെ നോക്കി കൊഞ്ഞനം കുത്തി നില്‍ക്കുന്നു; ‘നിനക്ക് ഇങ്ങനെ തന്നെ വേണം’ എന്ന പുച്ഛഭാവത്തോടെ. ഞാന്‍ ആകെ നിരാശനായി. ആകെ ഉണ്ടായിരുന്ന കമന്റുകള്‍ ഗൂഗിള്‍ പ്ലസ്സ് വഴി വന്നവയാണ്. ഇപ്പോള്‍ അതു കാണാനുമില്ല; പഴയതില്‍ കമന്റുകളൊന്നുമില്ലതാനും. ‘കടിച്ചതും ഇല്ല പിടിച്ചതും ഇല്ല’ എന്ന അവസ്ഥ. എന്താണ് ഒരു പോംവഴി......................... ??????

വണ്ടി നേരെ ടോപ്‌ ഗിയറില്‍ ബ്ലോഗ്ഗിന്‍റെ അന്താരാഷ്ട്ര പരീക്ഷണശാലയിലേക്ക് വിട്ടു. അവിടെ അരിച്ചു പെറുക്കി. അവസാനം ഒരു കച്ചിത്തുരുമ്പു കിട്ടി. ബ്ലോഗ്ഗിലെ പരമ്പരാഗതമായ കമന്റ് കോളവും ഗൂഗിള്‍ പ്ലസ്സിലെ കമെന്റു കോളവും ഒരേ സമയം ബ്ലോഗ്‌ പേജില്‍ ക്രമീകരിച്ച്, വിജയം കണ്ട ഒരു  പരീക്ഷണത്തിന്‍റെ ലിങ്ക്. ഒരു നിധി കിട്ടിയ ആവേശത്തോടെ, ലിങ്കില്‍ പറയുന്നപോലെ കാര്യങ്ങള്‍ ബ്ലോഗിലേക്ക് പകര്‍ത്തി. സംഭവം കൊള്ളാം!! പക്ഷെ എന്‍റെ പ്രശ്നം അപ്പോഴും തീരുന്നില്ല. ഇവിടെ പ്ലസ്സിലെ കമെന്റുകള്‍ക്കു മുന്‍കാല പ്രാഭല്യമില്ല. ബ്ലോഗ്ഗിലെ പഴയ കമന്റുകള്‍ നഷ്ട്ടപ്പെടാതെ, ഗൂഗിള്‍ പ്ലസ്സിലൂടെ വരുന്ന പുതിയ കമന്റുകള്‍ കൂടി ചേര്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കുകമാത്രമാണ് ഈ ക്രമീകരണത്തിലൂടെ ലഭിക്കുന്നത്. എന്‍റെ സൃഷ്ടികളിലാണെങ്കില്‍ പഴയ കമെന്റുകള്‍ ഒന്നും ഇല്ലതാനും. വീണ്ടും ‘No Comments’ എന്ന ബോര്‍ഡുമായി സൃഷ്ടികള്‍ എന്‍റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. പക്ഷെ കമെന്റുകള്‍ വീണ്ടെടുക്കാന്‍ വേണ്ടി പ്ലസ്സിലേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ ഇനി വരാനുള്ള പുതിയ വായനക്കാരെ അത് സാരമായി ബാധിക്കും. അതുകൊണ്ടു പഴയ രീതി നില നിര്‍ത്തുകയേ വഴിയുള്ളൂ. ഇനിയുള്ള വായനക്കാരെങ്കിലും ഉത്സാഹത്തോടെ അഭിപ്രായങ്ങള്‍ എഴുതി തൃപ്തരാവട്ടെ...........................................................!!!!!


അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ കാര്യം ഇവിടെ പ്രസിദ്ധീകരിച്ചതിന്‍റെ ഔന്നത്യം എന്താണെന്നു ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുപിന്നില്‍.

1)    മുന്‍പുള്ള പോസ്റ്റുകളില്‍ പലതിലും ഗൂഗിള്‍ പ്ലസ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരും ഒരുപക്ഷെ വീണ്ടും ഈ വഴി വരാനിടയായാല്‍, അവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ‘ഡിലീറ്റ്’ ചെയ്തതാണ് എന്ന തെറ്റിധാരണ ഒഴിവാക്കുക.
2)    ഈയൊരു കാരണത്തിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുവന്ന ഒരുപാട് (ഒരുപാടൊന്നും ഇല്ല, എന്നാലും കുറച്ച്) നല്ലവരായ വായനക്കാരെയും സുഹൃത്തുക്കളെയും ബ്ലോഗിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ വിവരം അറിയിക്കുക. കാരണം അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

ഇനിമുതല്‍ പ്രതികരണ പെട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രതികരിക്കാം, പേരുവച്ചോ, വെക്കാതെയോ, അജ്ഞാതനായോ എങ്ങനെ വേണമെങ്കിലും. തല്‍ക്കാലത്തേക്ക് ഇത് ഇവിടെ നിര്‍ത്തി; ഞാന്‍ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിലേക്ക് പോകുന്നു.
 I am the going (ഞാന്‍ പോയി.)