Wednesday, June 19, 2013

ഉത്തരമില്ലാത്ത 'ഉത്തരവുകള്‍' (16 വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം)

1999-ല്‍ പത്താം ക്ലാസ്സിലെ അവസാനത്തെ വാര്‍ഷിക പരീക്ഷയും കഴിഞ്ഞുള്ള യാത്രയയപ്പു ചടങ്ങില്‍, സൌഹൃദങ്ങളെ വിട്ടുപിരിയുന്നത്തിന്‍റെയും, സുരഭിലമായ സ്കൂള്‍ ജീവിതത്തോടു വിടപറയുന്നതിന്‍റെയും വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍, ക്ലാസിലെ ഡെസ്ക്കില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു കരയുന്ന ഒരു പെണ്‍കുട്ടിയെ ഇന്നും ഓര്‍മ്മയുണ്ട്. അന്നവള്‍ക്ക് കരയാന്‍ ഒരു കാരണമുണ്ടായിരുന്നു. അടുത്ത ഞാറാഴ്ച അവളുടെ 'നിക്കാഹ്' ആയിരുന്നു. 'മധുര പതിനേഴ്‌' എന്ന്‍ പറയാന്‍ പോലും ആയിട്ടില്ലാത്ത പ്രായം!!  15 വയസ്സ് തികയാന്‍ പോകുന്നതേയുള്ളൂ. എന്താണ് ഒരു വിവാഹം എന്ന് പോലും തിരിച്ചറിവെത്തിയിട്ടില്ലായിരുന്നു ആ കുട്ടിക്കന്ന്. മണവാളന്‍ ഒരു 29 വയസ്സുകാരന്‍; ദുബായില്‍ കച്ചവടം. അവളുടെ സമ്മതത്തോടെയല്ല വിവാഹം എന്ന് പകല്‍ പോലെ വ്യക്തം.  സത്യത്തില്‍ ആ കുട്ടിയുടെ രക്ഷിതാക്കളോട് വെറുപ്പാണ് അന്ന് തോന്നിയത്. ഞാനടക്കമുള്ള കുട്ടികളെല്ലാവരുംഅടുത്ത പഠന പദ്ധതികളെ കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും സംസാരിച്ചു പിരിയുമ്പോള്‍, വരാനിരിക്കുന്ന  ഭീകരമായ ‘മണിയറയെ’ കുറിച്ച് ചിന്തിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ ആലോചിക്കാന്‍ തന്നെ ഭയമായിരുന്നു. വളരെ പാടുപെട്ടാണ് ഞങ്ങള്‍ അന്നവളെ വീട്ടിലേക്ക് പറഞ്ഞയച്ചത്.

15 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മുസ്ലീം വിവാഹ നിയമ ബേധഗതി, വീണ്ടും ആ പഴയ കാല ചിത്രങ്ങളിലേക്കാണ്  ഓര്‍മ്മകളെ കൊണ്ടുപോകുന്നത്. ഇന്ത്യയിലുടനീളം സമ്മിതിധാനാവകാശം പോലും 18 ആണെന്നിരിക്കെ, ഒരു സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആകി കുറയ്ക്കാന്‍ ഒരു ഉത്തരവിലൂടെ എങ്ങനെ കഴിയും ? ബ്രിട്ടീഷുകാരുടെ കാലത്ത്തന്നെ  നിര്‍ത്തലാക്കിയ ശൈശവ വിവാഹത്തിന്‍റെ അരോചകത്വത്തിലേക്കും, അതുവഴി വെറുപ്പുളവാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരാനുമാണോ ഈ ഭേദഗതി ലക്ഷ്യമിടുന്നത് ? എത്ര തന്നെ കാരണങ്ങള്‍ നിരത്തി വ്യാഖ്യാനിച്ചാലും, തീര്‍ച്ചയായും ഒരു തെറ്റായ സന്ദേശം തന്നെയാണ് ഇത് സമൂഹത്തിന് നല്‍കുന്നത്. പുതിയ ഉത്തരവ് പ്രകാരം, പുരുഷന്‍മാര്‍ക്ക് 21 വയസ്സ് തികയാതെയും, സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിനു മുകളില്‍) നടന്ന മുസ്ലീം വിവാഹങ്ങള്‍ ബന്ധപ്പെട്ട മതാധികാര സ്ഥാപനങ്ങള്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ രെജിസ്റെര്‍ ചെയ്യാം എന്നാണ് പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെതാണ് ഈ ഉത്തരവ്.

 കേരളത്തിലെ മുസ്ലീം സമുധായത്തിലും, അവരുടെ ചിന്തകളിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് തന്നെ പറയാം. പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹങ്ങള്‍ ഇന്ന് വളരെ കുറവാണ്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിട്ടു പഠിപ്പിക്കുന്നുണ്ട്; ഉപരിപഠനത്തിലൂടെ നിലവാരമുള്ള തൊഴില്‍ മേഖലകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുടുംബാസൂത്രണം അവരുടെ വീടുകളിലും ചെന്നെത്തി. കലയും  സാഹിത്യവും അവര്‍ ആസ്വദിക്കുന്നു; അതില്‍ ഭാഗഭാക്കാവുന്നു. ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നു. അതുകൊണ്ടു തന്നെ മുസ്ലീം സമുദായം ഇന്ന് ന്യൂനപക്ഷമോ, പിന്നോക്ക വിഭാഗമോ അല്ല. മതത്തിന്‍റെ മതില്‍കെട്ടുകള്‍ക്കപ്പുറം, സമൂഹത്തില്‍ വ്യകതതയോടുകൂടിയും നിഷ്പക്ഷമായും ഇടപെടുലുകള്‍ നടത്തികൊണ്ട് മുന്‍നിരയില്‍ തന്നെയുണ്ട് ഇന്നവര്‍. മുസ്ലീം വനിതകളും, ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’ വന്നു തുടങ്ങി. അങ്ങനെയുള്ള ഇന്നത്തെ ചുറ്റുപാടില്‍, മതം അനുശാസിക്കുകയും, നിയമം പരിരക്ഷ നല്‍കുകയും ചെയ്യുന്ന, നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ഒരു വിവാഹക്കച്ചവടത്തിന് കൂട്ടുനില്കാന്‍ പ്രബുദ്ധരായ ഒരു മുസ്ലീം ജനതയക്ക്‌ കഴിയുമോ !! കഴിയില്ല എന്ന് തന്നെ വിശ്വസിക്കാം.

കണ്ണീരൊലിപ്പിച്ചുകൊണ്ട് അന്ന് ഞങ്ങളുടെ മുന്നിലൂടെ തലതാഴ്ത്തി നടന്നുപോയ എന്‍റെ സഹപാഠിയെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്‍പില്‍ നോക്കുകുത്തികളായി അക്കാലത്ത് വാര്‍ത്തെടുക്കപ്പെട്ടിരുന്നു. പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ പലതും ചെന്ന് കലാശിച്ചത് പവിത്രമായ ബന്ധങ്ങളുടെ തകര്‍ച്ചയിലെക്കായിരുന്നു. ആ മുന്‍വിധികള്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് അന്നായില്ല; അല്ലെങ്കില്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചില്ല. നിയമ പരിരക്ഷ ഇല്ലാതിരുന്നിട്ടു കൂടി, അത്തരം ഒരു സമ്പ്രദായത്തിനുനേരെ ചെറുവിരലനക്കാന്‍ ഭരണാധികാരികള്‍ക്കോ, കോടതികല്‍ക്കോ ആയില്ല. മതവികാരം വ്രണപ്പെടുത്താന്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ മതത്തിന്‍റെ സത്ത മനുഷ്യന്‍റെ നാഡീഞരമ്പുകല്‍ക്കുള്ളില്‍ അത്രയേറെ വേരുറപ്പിച്ചിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല; മതങ്ങളുടെ പൊള്ളയായ വശങ്ങളെയും, അന്ധവിശ്വാസങ്ങളേയും തിരിച്ചറിയാനുള്ള കഴിവ് ഇന്നത്തെ പൊതു സമൂഹത്തിനുണ്ട്. പെണ്‍കുട്ടികളെ ഒരു ബാധ്യതയായികണ്ട പ്രാകൃത ചിന്താഗതിയില്‍ നിന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, സ്വന്തം കുട്ടികളെ ജീവന്‍റെ ഒരംശമായി കാണാന്‍ പഠിച്ച ഇന്നത്തെ അഭ്യസ്ത വിദ്യരായ രക്ഷിതാക്കളെ ഈ പുതിയ നിയമവ്യവസ്ഥ ഒരിക്കലും ബാധിക്കാതിരികട്ടെ എന്നു പ്രത്യാശിക്കാം. അതോടൊപ്പം, ഈ മാനദണ്ടങ്ങളെ പൊളിച്ചെഴുതാന്‍ മതപുരോഹിതന്മാര്‍ തന്നെ മുന്നോട്ടു വന്നു കൊണ്ട്; പൊള്ളയായ വാദങ്ങള്‍ തച്ചുടച്ചുകൊണ്ട്, സമൂഹത്തിനു മുന്നില്‍ ഒരു മാതൃക കാട്ടാന്‍ അവര്‍ക്കും കഴിയട്ടെ.      

4 comments:

 1. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളപ്പോള്‍ കെട്ടട്ടെ.
  അല്ല പിന്നെ!

  ReplyDelete
  Replies
  1. അതെ, കണ്ണുകള്‍ മൂടിക്കെട്ടി നമുക്കും ഇരിക്കാം..

   നന്ദി, കണ്ണൂരാനേ....

   Delete
 2. ഉത്തരവിന് മാറ്റം വന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ അനിവാര്യമായ മാറ്റം !!!
   നന്ദി ചേട്ടാ.

   Delete