വര്‍ഷങ്ങള്‍ വളരെയധികം പുറകിലോട്ടു പോകേണ്ടതുണ്ട്; അത്ര
സുഖകരമല്ലാത്ത ഒരു ബാല്യകാലത്തിലേക്കുള്ള മടക്കയാത്ര. തിരിച്ചുവരാന്‍ ചിലപ്പോള്‍ വൈകിയേക്കാം
!! കാരണം ഓര്‍മ്മകളുടെ പച്ചക്കയങ്ങള്‍ താണ്ടിയുള്ള ദുര്‍ഘടമായ യാത്രയാണത്. വഴിയില്‍
കണ്ടുമറന്ന ഒരുപാട് മുഖങ്ങളുണ്ട്; അവരോടു കുറഞ്ഞപക്ഷം, ഒരു ‘ഹായ്’ എങ്കിലും പറയേണ്ടേ
! വേണം !! കൈതക്കൊല്ലിയെ കുറിച്ചുള്ള ചിതറിക്കിടക്കുന്ന കുറെ ഓര്‍മ്മകള്‍, വ്യാകുലചിത്തനായി
കഴിച്ചുകൂട്ടിയ ഒരു കാലഘട്ടത്തിന്റെ തിരിച്ചറിവുകള്‍ കൂടിയായിരുന്നു.
അവയിലൂടെയുള്ള ഒരു സഞ്ചാരം; അതു നല്കുന്ന കുളിര്; പ്രശാന്തത; വിരസമായ ചില നിമിഷങ്ങളെ
അസുലഭമാക്കുന്ന ഒരു മാസ്മരികത; എല്ലാം അങ്ങോട്ടു വിളിച്ചുകൊണ്ടുപോകുന്നുണ്ട്
മനസ്സിനെ വീണ്ടും വീണ്ടും.
‘കൈതക്കൊല്ലി’ എന്നത് നാട്ടിലെതന്നെ ഒരു ചെറിയ ഗ്രാമത്തിന്റെ
അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം ജനങ്ങള്‍ അധിവസിക്കുന്ന ഒരു സ്ഥലത്തിന്റെ
പേരാണ്. എന്തുകൊണ്ട് ആ സ്ഥലത്തിന് അങ്ങനെ ഒരു പേര് വന്നു എന്നത്, ചെറുപ്പം മുതലേയുള്ള
എന്റെ വലിയ സംശയങ്ങളില്‍ ഒന്നായിരുന്നു. അമ്മയോട് ചോദിച്ചു നോക്കി ഒരിക്കല്‍;-
‘മനുഷ്യരെ-പ്രത്യേകിച്ചും കുട്ടികളെ കൊല്ലുന്ന സ്ഥലമാണത്’ എന്നായിരുന്നു ഉത്തരം
ലഭിച്ചത്. എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഇത്രയധികം മനുഷ്യരെ എന്തിനു അവിടെ
വെച്ച് കൊല്ലണം, അതും എന്ത് കാരണത്തിന് ? എന്റെ സംശയങ്ങളുടെ ചുരുളുകള്‍ അമ്മയുടെ മുന്‍പിലേക്ക്
ഞാന്‍ നിവര്‍ത്തി വെച്ചു. അമ്മ കയ്യോങ്ങി; “കുട്ടികള്‍ ആവശ്യമുള്ള ചോദ്യങ്ങള്‍
മാത്രം ചോദിച്ചാല്‍ മതി” അതൊടെ എന്റെ സംശയങ്ങള്‍ എല്ലാം തന്നെ പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അതുകൊണ്ട് തന്നെ കൈതക്കൊല്ലി എന്ന സ്ഥലം എന്റെ ബാല്യകാല
പേടിസ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.
ചെറുപ്പത്തില്‍ മഹാ ‘കൊസ്രാക്കൊള്ളിയും’ ‘കുരുത്തക്കേടും’
ആയിരുന്ന എന്നെ 'ഒതുക്കുവാന്‍' ഉള്ള അമ്മയുടെ ഒരേയൊരു പോംവഴി എന്നെ പലതും പറഞ്ഞു ഭയപ്പെടുത്തുക
എന്നതായിരുന്നു. രാത്രിയില്‍ ഞാന്‍ വീടിനു പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ‘ഭൂതം’,
‘പ്രേതം’, പിശാച്, യക്ഷി, മറുത, മായ, മരീചിക ഈ വക പേരുകള്‍ പറഞ്ഞു ഭയപ്പെടുത്തി
എന്നെ തടഞ്ഞിരുന്നു. പകല്‍ ആ നയം നടക്കില്ല എന്നത് കൊണ്ട് ‘കയമ’ യുടെ പേര്
പറഞ്ഞാണ് എന്നെ ഭയപ്പെടുത്തിയിരുന്നത്.
'ആക്ച്വലി' രണ്ടു കയമമാര്‍ ഉണ്ട് ഒന്ന് ‘വല്യ കയമ’, രണ്ടാമത്തേത്
‘കുഞ്ഞി കയമ’ അഥവാ ‘ചെറിയ കയമ’ !! നാട്ടിലെ ട്രൈബല്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു
കുടുബത്തിലെ അംഗങ്ങള്‍ ആയിരുന്നു ഇവര്‍. ( കയമ എന്നാ പേരിന്റെ അര്‍ഥം ഇന്നും
എനിക്കറിയില്ല, അതുകൊണ്ട് അത് മാത്രം ചോദിക്കരുത്.) വലിയ ചോരക്കണ്ണുകള്‍;
വെറ്റിലയും ചുണ്ണാമ്പും കൂടി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും നാവും, കയ്യില്‍ എപ്പോഴും
ഒരു വടിയും കൊടുവാളും, ഇരുണ്ട നിറം, മുഷിഞ്ഞ വേഷങ്ങള്‍, (പലപ്പോഴും ഷര്‍ട്ട്
ധരിക്കാറില്ല), എന്നുവേണ്ട സിനിമയിലെ വില്ലന്മാരെ വെല്ലുന്ന രൂപ-ഭാവ-വേഷാധികളാല്‍ കണ്മുന്നില്
പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന അവര്‍ എന്റെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല
അക്കാലത്ത് മുറിപ്പെടുത്തിയത്. ഈ രണ്ടു കയമമാരെ കൂടാതെ, മറ്റൊരു വ്യക്തിയെ കൂടി
ഇടയ്ക്ക് ഇവരുടെ കൂടെ കാണാറുണ്ട്. ‘വെളുക്കന്’ എന്നായിരുന്നു ആ വ്യക്തിയുടെ
പേര്. അതായത് കയമമാരുടെ ഗോഡ്ഫാദര് !! പേര് ‘വെളുക്കന്’ എന്നാണെങ്കിലും ആള്
കറുത്തിട്ടായിരുന്നു. രൂപവും മട്ടും ഭാവവും ഒന്നും മറ്റുരണ്ടു കയമമാരില്‍ല്‍
നിന്നും വ്യത്യസ്തമല്ല.
ഇവര്‍ മിക്കവാറും ദിവസങ്ങളില്‍ എന്റെ വീടിന്റെ മുന്‍വശത്തു
കൂടിയുള്ള പൊതുവഴിയിലൂടെ കടന്നുപോകുക പതിവായിരുന്നു. പലപ്പോഴും അവരുടെ തലയില്‍
വലിയ ഓലക്കെട്ടുകളും കാണാമായിരുന്നു. ഇവരാണ്
കൈതക്കൊല്ലിയില്‍ ആളുകളെ പിടിച്ചുകൊണ്ടുപോയി കൊല്ലുന്നത് എന്നായിരുന്നു അമ്മയുടെ
വാദം!! കുരുത്തക്കേട് കളിക്കുന്ന കുട്ടികളെയാണത്രേ ഇവര്‍ പിടിച്ചുകെട്ടി അവിടെ കൊണ്ടുപോയി
കുരുതികൊടുക്കുന്നത്. അവരുടെ തലയിലെ വലിയ ഓലക്കെട്ടുകളില്‍ നിന്നും കുട്ടികളുടെ
ദീനരോദനം കേള്‍ക്കുന്നുണ്ടോ എന്നു പലപ്പോഴും ഞാന്‍ ചെവിയോര്‍ത്തുനിന്നു.
അമ്മയുടെ ഈ (കു)തന്ത്രം, അക്കാലത്തു എന്നെ വരുതിയില്‍ നിര്‍ത്താന്‍
അമ്മയെയും വീട്ടുകാരെയും ഏറെ സഹായിച്ചു. എന്റെ ഇളം മനസ്സില്‍ പേടിയുടെ വിത്തുകള്‍
പാകി മുളപ്പിക്കാന്‍ ഈ കഥകളൊക്കെ ധാരാളമായി. അങ്ങനെ കയമമാരെ കാണുമ്പോള്‍ ഞാന്‍ ഓടിഒളിക്കുക
പതിവായി. വീടിനു പുറത്തേക്കുള്ള വിശാലമായ ലോകത്തിലേക്ക് പറന്നു നടക്കാന്‍ കൊതിച്ച
എന്റെ ഓരോദിവസവും വീടും-ചുറ്റുപാടും എന്ന ചെറിയ ലോകത്തില്‍ ഒതുങ്ങികൊണ്ടിരുന്നു. മാത്രമല്ല; ഈ മൂന്നു ഭീകരര്‍ എന്റെ രാത്രികളെ
അലോസരപ്പെടുത്തികൊണ്ട്, സുന്ദരമായ സ്വപ്നങ്ങളില്‍ രാക്ഷസരായി പ്രത്യക്ഷരാവുക
പതിവായി. വലുതായാല്‍ ഇവരെ എങ്ങനെയെങ്കിലും ഉന്മൂലനാശം ചെയ്യുക എന്നത് എന്റെ വലിയ
ലക്ഷ്യങ്ങളില്‍ ഒന്നാക്കി ഞാന്‍ കാത്തുസൂക്ഷിച്ചു. വരും തലമുറകളിലെ നിഷ്കളങ്കരായ
കുട്ടികളെയെങ്കിലും ഇവരില്‍ നിന്നും രക്ഷപ്പെടുത്തിയേ മതിയാകൂ എന്ന സ്വാഭാവിക ചിന്ത!! അതോടൊപ്പം തന്നെ കൈതക്കൊല്ലി എന്ന ഗ്രാമത്തെയും ഞാന്‍ വെറുക്കാന്‍ തുടങ്ങി.
ഒന്നു മുതല്‍ ഏഴു വരെ പഠിച്ച സ്കൂള്‍, നാട്ടില്‍ നിന്നും കുറച്ചകലെ
ആയതിനാല്‍ നാട്ടിലെ കുട്ടികളുമായി എനിക്ക് വലിയ സംസര്‍ഗ്ഗം ഒന്നും
ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മുതല്‍ 'പറിച്ചുനട്ട' പഞ്ചായത്തിലെ ഏക ഹൈസ്കൂളില്‍
നാട്ടിലെ കുറെ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സിലെ ആദ്യദിവസങ്ങളില്‍ തന്നെ കൈതക്കൊല്ലിയില്‍
നിന്നുമുള്ള സഹപാഠികളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കയമമാരുടെ കയ്യില്‍ നിന്നും
രക്ഷപ്പെട്ടു ഇത്രയും കാലം കഴിച്ചുകൂട്ടിയ അവരോടു എനിക്ക് വളരെയധികം ബഹുമാനം
തോന്നി.
അവസരം ഒത്തുവന്നപ്പോള്‍, മുന്‍പ് അമ്മയോട് ചോദിച്ച് ഉത്തരം
കിട്ടാതെ പോയ കൈതക്കൊല്ലിയെ കുറിച്ചുള്ള എന്റെ സംശയങ്ങള്‍ ഞാന്‍ അവരോടും ചോദിച്ചു.
ചിരിയടക്കിപ്പിടിച്ചു എല്ലാം കേട്ടുനിന്ന അവര്‍, കൈതക്കൊല്ലിയെന്ന സുന്ദരമായ ഒരു
ദേശത്തിന്റെ കഥകളാണ് എനിക്ക് പറഞ്ഞു തന്നത്. അതോടെ കൈതക്കൊല്ലിയില്‍ എന്നെങ്കിലും
ഒരിക്കല്‍ പോകണം എന്ന് ഞാന്‍ തീരുമനിച്ചുറപ്പിച്ചു. വീട്ടിലെത്തി കുറച്ചു
ഗൌരവത്തില്‍ തന്നെ അമ്മയോട് സ്കൂളിലെ കൂട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു.
മുഖത്തറിയാതെ വന്നുപോയ ചിരിയെ ഉള്ളിലേക്ക് മടക്കിവിളിച്ച്; “'കല്ലിവല്ലി'; ഇതാണോ
ഇത്ര വലിയ കാര്യം, നാളെ സയന്‍സ് പരീക്ഷയാ, വേഗം പോയി പഠിക്കാന്‍ നോക്ക്” എന്നും
പറഞ്ഞു അമ്മ ലാഘവത്തോടെ അടുപ്പില്‍ വെച്ച പരിപ്പുകറിയില്‍ ഒരു ഗ്ലാസ് വെള്ളം കൂടി
കോരിയൊഴിച്ചു. ‘ഈശ്വരാ, ഇന്നും പരിപ്പ് കറിയോ’ ഒരു നെടുവീര്‍പ്പോടെ ഞാന്‍
തിരിഞ്ഞുനടന്നു. പുസ്തകങ്ങളും ചോറ്റുപാത്രവും അടങ്ങിയ അലുമിനിയം പെട്ടി ചുമരില്‍
ചാരി നിര്‍ത്തി, കുളിക്കാനായി കിണറ്റിന്‍കരയിലെക്കോടി.
പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ എന്റെ ചിന്തമുഴുവന്‍
കൈതക്കൊല്ലിയെ കുറിച്ചായിരുന്നു; സുഹൃത്തുക്കളില്‍ നിന്നും കേട്ടറിഞ്ഞ അവിടുത്തെ നല്ലവരായ
ആളുകളെ കുറിച്ചായിരുന്നു. അതോടൊപ്പം തന്നെ ആ സ്ഥലത്തെക്കുറിച്ചുള്ള മനസ്സില്‍
പതിഞ്ഞുപോയ പഴയചിത്രം മാറ്റിയെടുക്കാന്‍ കൂടിയായി എന്റെ ശ്രമം. ആ ശ്രമം ഏറെകുറെ വിജയിച്ചു എന്നുതന്നെ പറയാം. എങ്കില്‍കൂടി, കൈതക്കൊല്ലിയെ കുറിച്ചുള്ള ധാരണകള്‍
മാറുമ്പോള്‍ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില വ്യക്തികളെ
കുറിച്ചുള്ള ധാരണകള്‍ കൂടി മാറേണ്ടതുണ്ട്. അതെ; അവര്‍ തന്നെ ആ മൂന്നു ഭീകരര്‍!! കൈതക്കൊല്ലിയില്‍
കുട്ടികളെ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുന്ന
രാക്ഷസജന്മങ്ങള്‍!!!! ഒരു വെളുക്കനും രണ്ടു കയമമാരും!! അവരെ കുറിച്ചും ഞാന്‍
അന്വേഷിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ; എന്നെ അമ്പരപ്പിക്കുന്നതായിരുന്നു അവരെ
കുറിച്ച് ഞാന്‍ കണ്ടെത്തിയ ഓരോ അറിവുകളും.
നാട്ടിലെ പാവംപിടിച്ച, സമൂഹത്തില്‍ നിന്നും തികച്ചും
അകന്നുമാറി നില്ക്കുന്ന, സര്‍ക്കാരിനാലും പൊതുജനത്താലും അവഗണനകള്‍ ഏറ്റുവാങ്ങി,
പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന, ഒരു ട്രൈബല്‍ കുടുംബത്തിലെ വളരെ
നിഷ്കളങ്കരായ മനുഷ്യര്‍ മാത്രമായിരുന്നു അവര്‍. അവരുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്റെ
അടയാളങ്ങളായിരുന്നു; അവരുടെ കണ്ണിലെ തീക്ഷണത സമൂഹത്തോടുള്ള അവജ്ഞയുടേതായിരുന്നു; മറ്റുള്ളവരില്‍
നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ ഭീതിയായിരുന്നു അവരുടെ മുഖത്ത് കണ്ട
ഭാവങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കി.

ഒരുദിവസം ഞാന്‍ അവര്‍
താമസിക്കുന്ന സ്ഥലത്തേക്ക് പോയി. കവുങ്ങും മരക്കമ്പുകളും തെങ്ങോലകളും കുത്തനെവെച്ചുണ്ടാക്കിയ
ചുമരിനുമേലെ മുളകള്‍ പാകി, ഓലയും കച്ചിയും കൊണ്ട് മേഞ്ഞ കുറേ കൂരകള്‍ അവിടെ കണ്ടു.
മുറ്റത്ത് കല്ലുകള്‍ വെച്ച് അടുപ്പ് കൂട്ടിയാണ് പാചകം. ചെറിയ മുറ്റത്തിനരികിലായി
കുറച്ചാടുകളെ കെട്ടിയിട്ടിട്ടുണ്ട്. മനുഷ്യന് ഇത്രയും പരിതാപകരമായ സാഹചര്യത്തില്‍
ജീവിക്കുവാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു എന്റെ ഉള്ളിലപ്പോള്‍. അവിടെ ഞാന്‍
മുന്‍പ് കണ്ടുപരിചയമുള്ള വെളുക്കനും, കയമമാരും കൂടാതെ, ഞാന്‍ ഇതുവരെ
കണ്ടിട്ടില്ലാത്ത കുറെ പേര് കൂടിയുണ്ടായിരുന്നു. കയമമാരുടെ അമ്മ- ചെമ്പി, അതായത്
വെളുക്കന്റെ ഭാര്യ, അവരുടെ പെണ്മക്കള്-- ‘വെള്ളച്ചി’, ‘മഞ്ഞള’, ‘കറുത്ത’, അവരുടെ
ഭര്ത്താക്കന്മാര്, കുട്ടികള്‍, അങ്ങനെ കുറച്ചു പേര്.
 |
(ചെമ്പിയെപോലെ ) |
വാര്‍ദ്ധക്യത്തിന്റെ
അവശതകള്‍ വെളുക്കന്റെ ദേഹത്ത് നന്നായിതന്നെ കാണാം. ചെമ്പിയും പ്രായം ചെന്ന ഒരു
സ്ത്രീ തന്നെയായിരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എനിക്ക് അവരുടെ ഭാഷ
വ്യക്തമായി മനസിലായില്ല. കുറെ നേരം സ്തബ്ധനായി അതെല്ലാം നോക്കിനില്ക്കാനല്ലാതെ
അവരോടു അരക്ഷരം പോലും ഉരിയാടാന്‍ എനിക്കായില്ല. “ഏറ്റവും മോശമായ ഹിംസയാണ്
ദാരിദ്ര്യം” എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍, മുന്‍പ്
പുസ്തകത്തില്‍ വായിച്ചത് എന്റെ ഓര്‍മ്മയിലേക്കോടിയെത്തി. കൂടുതല്‍ നേരം അവിടെ
ചിലവഴിക്കാനാവാതെ ഞാന്‍ വീട്ടിലേക്കു മടങ്ങി.
തിരിച്ചു വീട്ടിലേക്കുള്ള വഴിയത്രയും എന്റെ ചിന്തകള്‍ ആ
കുടുംബത്തെയും അവിടുത്തെ ആളുകളെയും കുറിച്ചായിരുന്നു. അറിവില്ലായ്മ
കൊണ്ടാണെങ്കിലും, ഇവരെയാണല്ലോ ഭാവിയില്‍ വകവരുത്താന്‍ ആലോചിച്ചതെന്ന് ഞാന്‍
അവജ്ഞയോടുകൂടി ഓര്‍ത്തു. എനിക്ക് അവരോടു എന്തെന്നില്ലാത്ത സഹതാപവും സഹാനുഭൂതിയിയും തോന്നി.
അവരുടെ ജീവിതവും എന്റെ ജീവിതവും തമ്മില്‍ വെറുതെയൊരു താരതമ്യം ഞാന്‍ നടത്തിനോക്കി;
ദൈവത്തിനോട് നന്ദി പറഞ്ഞു!! അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും, അവര്‍ക്കിടയിലേക്ക്
ഇറങ്ങിചെല്ലാനും ആരെങ്കിലുമൊക്കെ മുന്നോട്ടുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ
മറ്റൊന്നിനും എനിക്കന്നു കഴിയുമായിരുന്നില്ല.
കൈതക്കൊല്ലി കാണാനുള്ള മോഹം അപ്പോഴും പൂര്‍ത്തിയാകാതെ തന്നെ
നിന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ഒരുപാട് തവണ അവിടേക്ക് വിളിച്ചെങ്കിലും പോകാന്‍
കഴിഞ്ഞില്ല. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം, സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനായി
കൈതക്കൊല്ലിയിലും പോകാനുള്ള അവസരമൊരുങ്ങി. വാഹന സൌകര്യം ഇല്ലാത്തതിനാല്‍
നടന്നുതന്നെയാണ് പോയത്. അമ്മയും കൂടെയുണ്ടായിരുന്നു.
 |
കൈതക്കൊല്ലിയിലേക്കുള്ള വഴി |
ദൂരെ നിന്നെ കൈതക്കൊല്ലിയുടെ സൌന്ദര്യം ദൃശ്യമായിതുടങ്ങി.
മൂന്നു ഭാഗം ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശം, കുന്നിന്
മുകളില്‍ നിന്നും താഴോട്ട് നിര്‍ഗ്ഗളിച്ചൊഴുകുന്ന
അരുവികള്‍ കൈതക്കൊല്ലിയ്ക്ക് വെള്ളിച്ചിലങ്കകളിട്ട മാദകസുന്ദരിയുടെ അഴകേകി. അവയെല്ലാം
താഴെ കുന്നിന് ചെരുവില്‍ കൂടിച്ചേര്‍ന്ന് ഒരു വലിയ തോടായി ഒഴുകുന്നുണ്ട്.
ഞാന്‍ ചുറ്റിലും കണ്ണോടിച്ചു.
നാട്ടില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍വയലുകള്‍
അവിടെ ഞാന്‍ കണ്ടു.
പച്ചപുതപ്പ് വിരിച്ച് നിരന്നുകിടന്ന വയലുകളുടെ വശ്യമനോഹാരിത
ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു; ആവേശഭരിതനായി. എന്റെ വീടിനടുത്തുള്ള വയലുകളെല്ലാം നികത്തി,
അപ്പോഴേക്കും റബ്ബര്‍തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു.
പാടത്തും വരമ്പിലും ഒറ്റക്കാലില്‍ നിന്ന് തവള കുഞ്ഞുങ്ങളെ
കൊത്തിത്തിന്നുന്ന വെളുത്തു നീണ്ട കൊക്കുകളെ അവിടെ ഞാന്‍ കണ്ടു !!
ചൂളം വിളിച്ചുകൊണ്ട് പാറി പറക്കുന്ന ചീവീടുകളെ അവിടെ ഞാന്‍
കണ്ടു.
വേങ്ങ മരപ്പൊത്തില്‍ നിന്നും വെള്ളിക്കണ്ണു തുറന്ന്
തുറിച്ചുനോക്കുന്ന മൂങ്ങകളെ അവിടെ ഞാന്‍ കണ്ടു.
പ്രാവും, പുള്ളും, ചെമ്പോത്തും, മീന്‍കള്ളത്തിയും
പാറിപ്പറക്കുന്ന ഒരാകാശം ഞാനവിടെ കണ്ടു.
ഇവിടെ മാത്രം എങ്ങനെ ഇത്രയും പക്ഷികള്‍ എന്ന്
തെല്ലൊരമ്പരപ്പോടെ ഞാന്‍ ചിന്തിച്ചു; എന്റെ മൊബൈലിലേക്ക് നോക്കി, സിഗ്നല്‍
കാണിക്കുന്ന വരകള്‍ അതില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. അതെ; ആകാശം മുട്ടെ
ഉയരത്തിലുള്ള മൊബൈല്‍ ടവറുകള്‍ അവിടെ ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങള്‍
അതാഗ്രഹിച്ചുമില്ല !!
എങ്ങും പ്രകൃതിയുടെ തനത് പച്ചപ്പുമാത്രം. കുംഭമാസത്തിലെ
കൊടും ചൂടിലും അവിടെ അനുഭവപ്പെട്ട കുളിര്‍മ എന്റെ മനസ്സും ശരീരവും ഒരുപോലെ
തണുപ്പിച്ചു. അരുവികരകളില്‍ ധാരാളമായി വളരുന്ന ‘കൈത’ എന്ന പേരില്‍ അറിയപ്പെടുന്ന, നീണ്ട
ഇലകളും, ഇലകളുടെ അരികുകളില്‍ ചെറിയ മുള്ളുകളും ഉള്ള ഒരു പ്രത്യേക തരം ചെടി എന്റെ
ശ്രദ്ധയാകര്‍ഷിച്ചു. ചെറിയ കൊട്ടകള്‍ മടയാന്‍ ഈ ചെടിയുടെ നീണ്ടുകിടക്കുന്ന ഇലകള്‍
ആ കാലത്ത് ഉപയോഗിച്ചിരുന്നു. ഇന്ന് കൈതയോലകള്‍ കൊണ്ടു മടഞ്ഞ കൊട്ടകള്‍ക്ക് പകരം
റബ്ബര്‍ കൊട്ടകള്‍ വിപണി പിടിച്ചടക്കി; ഒരു പഴയകാല തൊഴില്‍ മേഖലയും അതോടെ
നിലച്ചുപോയി. ഈ ഇലകള്‍ ശേഖരിക്കാനായിരുന്നു ‘കയമമാര്‍’ ദിവസവും അങ്ങോട്ട്
പോയിക്കൊണ്ടിരുന്നത്, അല്ലാതെ അമ്മ എന്നെ പറഞ്ഞു ഭയപ്പെടുത്തിയ പോലെ മനുഷ്യരെ
ആരെയെങ്കിലും കുരുതികൊടുക്കാനല്ലായിരുന്നു.
കൈതകള്‍ നിറയെയുള്ള സ്ഥലം – കൈതക്കൊല്ലി; അങ്ങനെയാണ് ആ പേര്
രൂപം
 |
കൈത ചെടി |
കൊണ്ടത്. ‘കൊല്ലി’ എന്ന വാക്കിന്
ദേശം എന്നര്‍ത്ഥമുണ്ടാത്രേ !! ഉണ്ടോ ? ഞാന്‍ അക്കാര്യം പിന്നെ കൂടുതല്‍
അന്വേഷിച്ചില്ല. അപ്പോഴേക്കും എന്റെ എല്ലാ സംശയങ്ങളും മാറിയിരുന്നു. സത്യത്തില്‍
കൈതയുടെ കൂടെയുള്ള ‘കൊല്ലി’ എന്ന വാക്കാണ്
കുട്ടിക്കാലത്ത് എന്നെ പേടിപ്പെടുത്തിയിരുന്നത്. വെളുക്കന്റെയും
കയമയുടെയും പേരുകള്‍ കൂടി അമ്മ കൈതക്കൊല്ലിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ അത്
ശക്തമായി. ആ സ്ഥലത്തിന് ‘കൈത താഴ്വര’ എന്ന് എന്ത് കൊണ്ട് പേര് വന്നില്ല എന്ന് ഞാന്‍
ആലോചിച്ചു. അങ്ങനെയെങ്കില്‍ ഇന്ന് ഈ കുറിപ്പുകൂടി ഉണ്ടാകുമായിരുന്നില്ല !!
കൈതക്കൊല്ലിയിലെ പരിചയമുള്ള കുറച്ചാളുകളെ വിവാഹത്തിന്
ക്ഷണിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. പക്ഷേ അവിടെ തന്നെയുള്ള, ഞങ്ങളുടെ
വീടുമായി വളരെ നല്ല ഒരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന ‘അതികാരത്ത് വയല്‍’
(വീട്ടുപേരാണ്) ബാബുവേട്ടന്റെ (ചന്ദ്രബാബു എന്നാണു മുഴുവന്‍ പേര്) വീട്ടില്‍
കയറാതെ കൈതക്കൊല്ലി യാത്ര പൂര്‍ത്തിയാകുമായിരുന്നില്ല. അവിടെ ബാബുവേട്ടന്റെ
അമ്മയും സഹോദരിയും ‘കടുകിട്ട്-വറുത്ത ചക്കപ്പുഴുക്കും’ പാല് ചായയും റെഡിയാക്കി
ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കു ശേഷമുള്ള ഒരു
സൌഹൃദ-സംഗമ വേദികൂടിയായി അത്.
നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കൈതക്കൊല്ലിയെ
കുറിച്ചുള്ള മറ്റൊരു അത്ഭുതപ്പെടുത്തുന്ന അറിവ് കൂടി ഞാന്‍ അവിടെനിന്നും
മനസിലാക്കി. അവിടുത്തെ മിക്കവാറും പെണ്‍കുട്ടികള്‍ ആരും തന്നെ ആ നാടുവിട്ടു പുറദേശത്തേക്ക്
വിവാഹം കഴിഞ്ഞു പോയിട്ടില്ല!! അവിടെയുള്ള ആണ്‍കുട്ടികള്‍ തന്നെ അവരെയൊക്കെ വിവാഹം
കഴിച്ചു സസുഖം ജീവിക്കുന്നു. കൂടുതലും പ്രണയവിവാഹങ്ങള്‍ ആയിരുന്നത്രെ !!
എന്തായാലും ആ പ്രവര്‍ത്തി തികച്ചും പ്രോത്സാഹനജനകമാണ്; അഭിനന്ദനാര്‍ഹവുമാണ്. കാരണം
അവരാരും തന്നെ പ്രണയിച്ചു വഞ്ചിതരാക്കപ്പെട്ടില്ല; പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ
ചെയ്യേണ്ടിവന്നില്ല !! ഒരേ നാട്ടുകാര്‍; അറിവും പരിചയവുമുള്ളവര്‍; ഒരുമിച്ചു
ജീവിക്കുന്നു. അവരുടെ സുഖങ്ങളും ദു:ഖങ്ങളും പങ്കുവെച്ചുകൊണ്ട്. കൈതക്കൊല്ലിയില്‍ എനിക്കായി
ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ എന്ന് ഒരുവേള ഞാന്‍ ആലോചിച്ചു. കാരണം അവിടെ
ചിലവഴിച്ച കുറച്ചു സമയം കൊണ്ടുതന്നെ ആ നാടുമായും, അവിടുത്തെ പ്രകൃതിയുമായും ഞാന്‍
പ്രണയബദ്ധനായി കഴിഞ്ഞിരുന്നു !!!!!
വീട്ടിലേക്കുള്ള മടക്കയാത്ര മുഴുവന്‍ കൈതക്കൊല്ലിയിലെ
സുന്ദരമായ കാഴ്ചകളായിരുന്നു എന്റെ കണ്ണുനിറയെ. ബാല്യകാലത്ത് മനസ്സിനുള്ളില്‍
‘ഫ്രെയിം’ ചെയ്തു വെച്ച ആ കറുത്ത കൈതക്കൊല്ലിയുടെ ഭീതിതമായ ചിത്രങ്ങള്‍, പുതിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന
ചിത്രങ്ങളാല്‍ ഞാന്‍ ‘റീപ്ലൈസ്’’ ചെയ്തു. ഇടയ്ക്ക് പഴയ കാല സംഭവങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു;
പണ്ട് പകുതിയില്‍ വെച്ച് നിര്‍ത്തിയ ചിരി ഇന്ന് മുഴുവനായും അമ്മ ചിരിച്ചു. ഞാനും !!!!!!!!!!!!
പിന്കുറിപ്പ്:-
2006-ല്‍ ആയിരുന്നു കൈതക്കൊല്ലിയില്‍ ഞാന്‍ ആദ്യമായും അവസാനമായും പോയത്.
അതിനിപ്പുറം ഇന്ന് വര്‍ഷങ്ങള്‍ പലതു കടന്നുപോയിരിക്കുന്നു. അനിവാര്യമായ
മാറ്റങ്ങളില്‍ പലതും ഇന്ന് കൈതക്കൊല്ലിയില്‍ സംഭവിച്ചിട്ടുണ്ടാകണം!!
ഞാന്‍ ഇന്ന് ഭയപ്പെടുന്നു;-
സുന്ദരമായ അവിടുത്തെ നെല്‍വയലുകള്‍ നികത്തി ആരെങ്കിലും
റബ്ബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടാകുമോ?
ഏതു വേനലിലും വറ്റാതെ ഒഴുകിക്കൊണ്ടിരുന്ന അരുവികള്‍
നിശ്ചലരായിട്ടുണ്ടാകുമോ?
അരുവികരകളില്‍ സുലഭമായിരുന്ന ‘കൈത-തൈകളുടെ’ പച്ചപ്പ്
ഇന്നും നിലനില്‍ക്കുണ്ടാകുമോ?
പ്രാവിനും, പുള്ളിനും, ചെമ്പോത്തിനും മാത്രം
സ്വന്തമായിരുന്ന നീലാകാശം മൊബൈല്‍ ടവറുകള്‍ കീഴ്പ്പെടുത്തിയിട്ടുണ്ടാകുമോ ?
സത്യസന്ദമായ പ്രണയങ്ങള്‍ അവിടെ പുനര്‍ജനിക്കുന്നുണ്ടാവുമോ?
ആധുനികതയുടെ കടന്നുകയറ്റം മറ്റെന്തെല്ലാം മാറ്റങ്ങളാണ്
ഒരുപക്ഷെ അവിടെ വരുത്തിവച്ചിട്ടുണ്ടാകുക ?
ഈ ആശങ്കകള്‍ക്കെല്ലാം ഒരുത്തരം
തേടി ഞാന്‍ പുറപ്പെടുന്നില്ല; കാരണം ഒരുപക്ഷെ ആ ഉത്തരങ്ങള്‍ എന്നെ കൂടുതല്‍
ഭയപ്പെടുത്തുമോ എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു.!!
മുകളില്‍ പറഞ്ഞ ട്രൈബല്‍ കുടുംബത്തിനു ഇന്ന് നല്ല വീടുകള്‍
ഉണ്ട്; അവരുടെ കുട്ടികള്‍ ഇന്ന് അഭ്യസ്തവിദ്യരാണ്. അവര്‍ വൃത്തിയും വെടിപ്പുമുള്ള
വസ്ത്രങ്ങള്‍ അണിഞ്ഞു നടക്കുന്നു; നല്ല ഭക്ഷണങ്ങള്‍ കഴിച്ചു ജീവിക്കുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്
എന്നറിയുമ്പോള്‍ അറിയാതെ ഉള്ളില്‍ എവിടെയോ ഒരു സന്തോഷവും തോന്നുന്നുണ്ട്.
ഇടയ്ക്കെപ്പോഴോ ‘വെളുക്കന്റെ’ മരണവാര്‍ത്ത എന്നെ തേടിയെത്തി. അത് ഓര്‍മ്മകളെ
വീണ്ടും ഒരുപാടു ദൂരം പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി. നമുക്ക് ചുറ്റുമുള്ള ഓരോ
ജീവിതങ്ങളും, വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ, നമ്മളെ എത്രമാത്രം
സ്വാധീനിച്ചിട്ടുണ്ട് എന്ന് തിരിച്ചറിവ് വീണ്ടും ഒരു പകലുകൂടി കാണാനുള്ള ത്വരയുടെ
ഭാഗമായിത്തീരുന്നു. നശ്വരമായത് മനുഷ്യന് മാത്രമാണ്. അനശ്വരമായത് പ്രകൃതിയും !!
-The End-
(ചിത്രങ്ങള്‍: കടം)
.